സര്‍ക്കാര്‍ ശ്രമിക്കുന്നത് തൊഴില്‍ സുരക്ഷ ഉറപ്പാക്കാൻ – മുഖ്യമന്ത്രി

Share:

തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുമാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വ്യവസായ സൗഹൃദാന്തരീക്ഷം ഉറപ്പാക്കി കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ശ്രമിക്കും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആൻഡ് എംപ്ലോയ്‌മെൻറ് (കിലെ) 40 ാം വാര്‍ഷികാഘോഷത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം വി.ജെ.ടി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നിലയില്‍ ആഗോളതലത്തില്‍തന്നെ തൊഴിലാളിവര്‍ഗം പ്രതിസന്ധി നേരിടുന്ന കാലമാണിത്. അക്കാര്യത്തില്‍ വികസിത, വികസ്വര രാജ്യങ്ങളെന്ന വ്യത്യാസമില്ല. തൊഴിലാളികളുടെ കരുത്തായ സംഘടിതശേഷി കുറച്ച് തൊഴില്‍ഭാരം കൂട്ടാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്തും വര്‍ധിക്കുന്നു.

അതേസമയം, കേരളത്തില്‍ തൊഴിലാളികളോട് അനുഭാവപൂര്‍ണമായ സമീപനമാണ് കൈക്കൊള്ളുന്നത്. തൊഴില്‍ സുരക്ഷയും മാന്യമായ വേതനവും ഉറപ്പാക്കാന്‍ ഒട്ടേറെ നടപടികള്‍ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. തൊഴില്‍ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനൊപ്പം പരമ്പരാഗത തൊഴില്‍ മേഖല സംരക്ഷിക്കുന്ന നിലയുമാണ് തുടരുന്നത്. തൊഴിലാളികളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് കേന്ദ്രം പൂട്ടാന്‍ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും ഏറ്റെടുത്ത് നടത്തുന്നത്.

തൊഴിലാളികളെ കുറ്റപ്പെടുത്തുന്ന ഒരുപാട് പ്രചാരണങ്ങളുണ്ട്. എന്നാല്‍, അവരുടെ നടപടി മൂലം ഒരു വ്യവസായ സ്ഥാപനവും അടച്ചുപൂട്ടുന്ന നില അടുത്ത ദശാബ്ദങ്ങളിലൊന്നും ഉണ്ടായിട്ടില്ല. ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്നത് കേരളത്തില്‍ ഒരു തൊഴിലാളി സംഘടനയും അംഗീകരിക്കില്ല. അത്തരം ദുഷ്പ്രവണതകള്‍ക്കെതിരെ കൂടുതല്‍ കര്‍ക്കശമായ നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിലെ പോലുള്ള സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തണം.

തൊഴിലാളികളെ നമ്മുടെ സംസ്ഥാനത്തിലുള്ളവരെന്നോ, ഇതര സംസ്ഥാനക്കാരെന്നോ വേര്‍തിരിക്കാനാവില്ല. ഇതരസംസ്ഥാനക്കാര്‍ക്കും കൃത്യമായ കൂലിയും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. താല്‍പര്യമുള്ളവരെ നമ്മുടെ ഭാഷ പഠിപ്പിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ നിയമം കാര്യക്ഷമമായി അസംഘടിത തൊഴിലാളി മേഖലയില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചിട്ടുമുണ്ട്.

സംസ്ഥാനം വ്യവസായ സൗഹൃദമാക്കാന്‍ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ പോലെ ലളിതമായ നടപടിക്രമങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുണ്ട്. തൊഴിലാളികളും തൊഴിലുടമകളും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ പ്രോത്‌സാഹിപ്പിക്കില്ല. പരസ്പരധാരണയോടെയുള്ള പ്രവര്‍ത്തനമാണ് തൊഴിലാളികളും തൊഴിലുടമകളും തമ്മില്‍ അഭികാമ്യമായുള്ളത്.

തൊഴില്‍രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനങ്ങളിലും മാറ്റം വേണം. വ്യക്തിത്വവികസനത്തിലും നൈപുണ്യവികസനത്തിലും നല്ല രീതിയില്‍ പരിശീലനം നല്‍കി നല്ല സംസ്‌കാരം വളര്‍ത്താന്‍ കഴിയും. ഇക്കാര്യങ്ങളില്‍ കിലെയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള പഠന ഗവേഷണ കേന്ദ്രമായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. പുതിയ തൊഴില്‍ സംസ്‌കാരം വളര്‍ത്താന്‍ ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ നടപടിയെടുക്കും. ഉയര്‍ന്നുവരുന്ന തൊഴില്‍ മേഖലകളില്‍ വ്യവസായ സ്ഥാപനങ്ങളുടെ സഹായത്തോടെ നൈപുണ്യ വികസന പരിശീലനം നല്‍കും. എംപ്ലോയബിലിറ്റി സെന്ററുകള്‍ക്ക് പുറമേ എല്ലാ ജില്ലകളിലും കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ് നേടിയ കെ.കെ. അജയകുമാര്‍, സിനിമാ നടനും, പിന്നണി ഗായകനുമായ അരിസ്റ്റോ സുരേഷ് എന്നീ ചുമട്ടു തൊഴിലാളികളെ ചടങ്ങില്‍ ആദരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബ്രോഷര്‍ പ്രകാശനം ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍ നിര്‍വഹിച്ചു. ആസൂത്രണ ബോര്‍ഡ് അംഗം ഡോ.കെ. രവിരാമന്‍, കിലെ എക്‌സിക്യൂട്ടീവ് അംഗങ്ങഴായ പി.കെ. അനില്‍കുമാര്‍, കെ. മല്ലിക തുടങ്ങിയവര്‍ സംബന്ധിച്ചു. കിലെ ചെയര്‍മാന്‍ വി. ശിവന്‍കുട്ടി സ്വാഗതവും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എസ്. ബിജു നന്ദിയും പറഞ്ഞു.

Share: