ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം : ധോല-സാദിയ

607
0
Share:

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി തുറന്നു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണ് പാലം രാജ്യത്തിനായി തുറന്നുകൊടുക്കുന്നത്.

9.15 കിലോമീറ്റര്‍ നീളമുള്ള ധോല -സാദിയ പാലം ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്ക് കുറുകെയാണ് നിര്‍മ്മിച്ചിരിക്കുന്നത് . ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ മുംബൈ ബാന്ദ്ര-വോര്‍ളി പാലത്തേക്കാള്‍ 3.55 കിലോമീറ്റര്‍ നീളം കൂടുതലുണ്ട് ധോല-സാദിയ പാലത്തിന്.

അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്ന് 540 കിലോമീറ്റര്‍ അകലെ സാദിയയിലാണ് പാലം തുടങ്ങുന്നത്. അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ധോലയിലാണ് പാലം അവസാനിക്കുന്നത്.

ധോല-സാദിയ പാലം തുറന്നുകൊടുക്കുന്നതോടെ അസമില്‍ നിന്ന് അരുണാചലിലേക്കുള്ള യാത്രാസമയം നാല് മണിക്കൂര്‍ കുറഞ്ഞുകിട്ടും. അസമും അരുണാചലും തമ്മില്‍ ബോട്ട് വഴി മാത്രമേ യാത്രാമാര്‍ഗമുള്ളൂ. പാലം വരുന്നതോടെ ഈ പ്രശ്‌നത്തിന് അറുതിയാവും.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചലിന്റെ ഭാഗങ്ങളില്‍ വേഗത്തിലും, എളുപ്പത്തിലും പ്രവേശിക്കാന്‍ സൈന്യത്തിനും ഇതുവഴി സാധിക്കും. ടാങ്കുകള്‍ക്ക് സഞ്ചരിക്കാനാവും വിധത്തിലാണ് പാലത്തിന്റെ നിര്‍മാണം. ടാങ്കറുകള്‍ക്ക് സഞ്ചരിക്കാന്‍ തക്ക ബലമുള്ള പാലങ്ങള്‍ ഈ ഭാഗത്ത് വേറെയില്ല.

2011 ല്‍ തരുണ്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച പാലം ഏകദേശം 950 കോടി രൂപ ചിലവിട്ടാണ് 13 മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ചത്. അതിര്‍ത്തി സംസ്ഥാനങ്ങളുമായി റോഡ് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2015-ല്‍ 15,000 കോടി രൂപയുടെ പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ പാലത്തിനായി അനുവദിച്ചത്.

രാജ്യത്തിന് മുഴുവന്‍ അഭിമാനിക്കാന്‌വക നല്കുന്നതാണ് ഈ പാലമെന്നും പുതിയ പാലം വഴി സാമ്പത്തിക വിപ്ലവമാണ് വരുന്നതെന്നും ദിനവും 10 ലക്ഷത്തോളം ഇന്ധനം ലാഭിക്കാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

Share: