‘ഇര’ ഒറ്റപ്പെടുന്നു …

Share:
‘ഇര ‘ എ പ്പോഴും ഒറ്റപ്പെടുന്നു എന്നതാണ് ചരിത്ര യാഥാർഥ്യം.
(‘ഇര’ എന്ന പ്രയോഗത്തോടുള്ള വിയോജനക്കുറിപ്പോടെ )
ഇന്ത്യയിൽ കഴിഞ്ഞ പത്തുവർഷത്തെ സ്ത്രീ പീഢന സംഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാൽ വ്യക്തമായൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്.
ഒറ്റപ്പെടുന്ന ‘ഇര’യുടെ ദയനീയ ചിത്രം.
ഇരയുടെ കുടുംബത്തിൻറെ ; നിസ്സഹായരായ സുഹൃത്തുക്കളുടെ നിറകണ്ണുകൾ.
എല്ലാ സാധാരണക്കാരെയുംപോലെ, ക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടി ഒറ്റപ്പെടുന്ന ക്രൂര ചിത്രമാണ് കഴിഞ്ഞ ദിവസം ‘അമ്മ’ പ്രദർശനത്തിനെത്തിച്ചത്.
ആക്രമിക്കപ്പെട്ട നടിയും  അവരുടെ സുഹൃത്ത് മഞ്ജു വാര്യരും ഒഴികെയുള്ളവരെല്ലാം ആഘോഷിക്കുകയായിരുന്നു.
പലഭാവങ്ങളിൽ, വേഷങ്ങളിൽ ,  ദൃശ്യമാധ്യമങ്ങളിൽ മിന്നിമറഞ്ഞ രൂപങ്ങളിൽ ‘ഇര’യോടുള്ള സഹാനുഭൂതി കാണാൻ സാധാരണക്കാരായ പ്രേക്ഷകർക്ക് കഴിഞ്ഞില്ല.
നിസ്സംഗതയും മൗനവും ആക്രോശങ്ങളും എതിർപ്പുകളും ആർക്കുവേണ്ടിയായിരുന്നു?
കേരളത്തിൻറെ അമ്മമാർ ഹൃദയം കയ്യിലെടുത്തുകൊണ്ടു ചോദിക്കുന്നു.
പീഢിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയോടുള്ള സഹാനുഭൂതി എവിടെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്?
സഹപ്രവർത്തകയായ ഒരു അഭിനേത്രിയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ നടികൾ പോലും തയ്യാറായില്ല എന്നതാണ് സാംസ്ക്കാരിക കേരളത്തിന് സംഭവിച്ച അപചയം.
അതിഭീകരമായ പീഡനത്തിനിരയായ സഹപ്രവർത്തകയോടുള്ള സഹാനുഭൂതി പ്രകടിപ്പിക്കാനായെങ്കിലും , ഒരു ബഹിഷ്ക്കരണമെങ്കിലും നടത്താൻ കഴിയാതെ പോയത് മലയാളി മനസ്സിൻറെ കപട സൗഹൃദത്തിൻറെ ലക്ഷണമായേ കരുതാൻ പറ്റു.
യുവനടിയെ ഭീഷണിപ്പെടുത്തി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തവർ, അതിന്‌ പ്രേരണ നൽകിയവർ ഇനിയും ശിക്ഷിക്കപ്പെടാതെ പോകുന്നുവെങ്കിൽ അത് കേരളത്തിലെ സ്ത്രീ സമൂഹനിനേറ്റ ഏറ്റവും വലിയ മുറിവാണെന്ന് സഹപ്രവർത്തകർ പോലും തിരിച്ചറിയുന്നില്ല എന്നത് ലജ്ജാകരമായ ഒരവസ്ഥയാണ്.
മാദ്ധ്യമങ്ങൾ ‘വളച്ചൊടിക്കുന്നു ‘ എന്ന് എല്ലാവരും പറയുമ്പോഴും , കേരത്തിലെ മാദ്ധ്യമങ്ങൾ മാത്രമാണ് നീതിക്കുവേണ്ടി പോരാടുന്നതെന്ന് തിരിച്ചറിയാൻ സാധാരണക്കാർക്ക് പോലും കഴിയുന്നുണ്ടെന്നുള്ളതാണ് യാഥാർഥ്യം. മാദ്ധ്യമങ്ങൾ കൂടി കൈവെടിഞ്ഞിരുന്നെങ്കിൽ ഈ സംഭവം മറ്റെല്ലാ സ്ത്രീ പീഢന – കൊലപാതക സംഭവങ്ങളെയും പോലെ ‘കാലയവനികക്കുള്ളിൽ ‘ മറഞ്ഞേനെ.
യുവ നടിയെ തട്ടിക്കൊണ്ടു പോകുന്നതിനും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുന്നതിനും ഒന്നരക്കോടി രൂപയുടെ വാഗ്ദാനമാണ് ഉണ്ടായിരുന്നതെന്ന് സംശയിക്കപ്പെടുന്ന കുറ്റവാളി പറയുന്നു. ആരാണ് വാഗ്ദാനം ചെയ്തതെന്ന് വെളിപ്പെടുത്താൻ അയാൾ തയ്യാറാകുന്നില്ല.
ഇതിനുപിന്നിൽ ഗൂഡാലോചനയുണ്ടെന്നും സിനിമയിൽ നിന്നും തന്നെ ഒഴിവാക്കാൻ സിനിമയിലുള്ളവർ തന്നെ യാണ് ശ്രമിക്കുന്നതെന്നും സംശയിക്കപ്പെടുന്ന നടൻ പറയുന്നു. അമ്മയുടെ യോഗത്തിലിരിക്കുമ്പോഴും അത് തുറന്നുപറയാൻ അയാൾക്ക് കഴിയാതെ പോകുന്നു.
“അമ്മയുടെ മക്കൾ” എന്ന് ഭാരവാഹികൾ പറയുമ്പോഴും , മകളുടെ വേദന തിരിച്ചറിയാൻ അമ്മക്ക് കഴിയുന്നുണ്ടോ എന്ന് മനഃസ്സാക്ഷിയോട് ചോദിയ്ക്കാൻ അവർ തയ്യാറാകണം.
നാലുപേർ അറിയുന്ന , പ്രശസ്തയായ ഒരു പെൺകുട്ടി അതിക്രൂരമായ പീഡനത്തിനിരയാകുമ്പോഴും, പ്രതികളെ
രക്ഷപ്പെടുത്താൻ  പഴുതുകൾ കണ്ടെത്തുകയാണ് ഉത്തരവാദിത്തമുള്ള ( എന്ന് കരുതുന്ന, വിശ്വസിക്കുന്ന) ജനപ്രതിനിധികൾ.  അറിയാതെ ചോദിച്ചുപോകുന്നു: , “എവിടെയാണ് സഖാവേ, കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ?”
( ഒരാളുടെ ലിംഗം ഛേദിച്ച പെൺകുട്ടിയെ(?)  അഭിനന്ദിച്ച ആഭ്യന്തര മന്ത്രി – മുഖ്യമന്ത്രി – ഭരിക്കുന്ന നാട്ടിലാണ് നാം ജീവിക്കുന്നതെന്ന യാഥാർഥ്യം മറക്കുന്നില്ല)
”അമ്മ’ ഉൾപ്പെടെയുള്ള താരസംഘടനകൾ സ്ത്രീകളുടെ -നടികളുടെ – താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ പരാജയമാണെന്ന , പരാതിയോടുകൂടിയാണ് വിമൻ ഇൻ സിനിമ കളക്റ്റീവ് എന്ന സ്ത്രീ സംഘടന നിലവിൽ വന്നത്. സിനിമയിലെ ചൂഷണങ്ങൾക്കും അടിച്ചമത്തലുകൾക്കും പുരുഷ മേധാവിത്വത്തിനും എതിരെ എന്ന മുദ്രാവാക്യവുമായി രൂപം കൊണ്ട സംഘടന നിസ്സഹായരായി നിൽക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം നാം കണ്ടത്. ഒറ്റപ്പെട്ട ‘ഇര’ ക്കുവേണ്ടി ശബ്ദമുയർത്താൻ അവർക്ക് കഴിഞ്ഞില്ല. അല്ലെങ്കിൽ ശ്രമിച്ചില്ല.
പീഡിപ്പിക്കപ്പെട്ട നടിക്ക് നേരെ നടന്ന ഗുണ്ടാ അക്രമണത്തില്‍ കേരളമൊട്ടാകെ പ്രതിഷേധമുയർന്നത് സ്ത്രീ സുരക്ഷയിൽ ഉണ്ടാകുന്ന വീഴ്ചകൾ കണ്ടിട്ടാണ്. വളരെ പ്രശസ്തയായ ഒരു നടിയുടെ നേരെ ആക്രമണമുണ്ടായിട്ട് പ്രതികൾ രക്ഷപ്പെടുകയാണെങ്കിൽ , സാധാരണക്കാരായ പെൺകുട്ടികൾക്ക് എവിടെയാണ് സുരക്ഷ? സാക്ഷര കേരളം ഉറ്റുനോക്കുന്നത് അതിലേക്കാണ്.
നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച  സംഭവം നടന്ന് അഞ്ചുമാസം കഴിയുമ്പോഴും  അണിയറക്കാര്‍ ആരെന്നു വ്യക്തമായിട്ടും  പോലീസ് ഇരുട്ടിൽ തപ്പുകയാണെങ്കിൽ അത് മലയാളി സമൂഹത്തോട് കാട്ടുന്ന പരിഹാസമാണ്.
കേരളത്തിൻറെ സാംസ്കാരിക നഗരമായ തൃശൂരില്‍ നിന്നും വ്യവസായ കേന്ദ്രമായ കൊച്ചിയിലേയ്ക്കുള്ള യാത്രപോലും നമുക്കിന്ന് സുരക്ഷിതമല്ല. ഓടുന്ന കാറിൻറെ പിറകില്‍  ഇടിപ്പിച്ചു കൊള്ള നടത്തുന്ന സംഘങ്ങളെക്കുറിച്ചുള്ള പരാതികൾ മുൻപും ഉണ്ടായിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് നിര്‍ത്തുന്ന  കാറിലേയ്ക്ക് അക്രമി സംഘം അതിക്രമിച്ചു കയറുകയും  ഭീഷണിപ്പെടുത്തി കൊള്ളനടത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം കുറ്റവാളികളെ കണ്ടെത്തുന്ന കാര്യത്തിൽ നാം പരാജയം ആണെന്നുള്ളതാണ് കുറ്റകൃത്യങ്ങൾ ആവർത്തിക്കാനുള്ള കാരണം. ഒരു നടിയെ കൊച്ചി നഗരത്തിലൂടെ രണ്ടു മണിക്കൂർ നേരം വാഹനത്തിൽ പീഡിപ്പിച്ച സംഘം കോടികൾ ആവശ്യപ്പെടുമ്പോൾ , ഇതിലൂടെ 62 കോടിയുടെ ലാഭം ആർക്കോ ലഭിക്കുമെന്ന് മുഖ്യപ്രതി പറയുമ്പോൾ അതിൻറെ നിജസ്ഥിതി കണ്ടെത്താൻ നമ്മുടെ നിയമ സംവിധാനത്തിന് ഉത്തരവാദിത്തമുണ്ട്.
കോടികളുടെ തിളക്കത്തിൽ ഇരയുടെ കണ്ണുനീർ കാണാതെ പോകരുത്.
ജനപ്രതിനിധികൾ ശബ്ദമുയർത്തുന്നത് നീതിക്ക് വേണ്ടിയാകണം. സാധാരണക്കാരന് സുരക്ഷാബോധമുണ്ടാകണമെങ്കിൽ , പെണ്ണിൻറെ-  അമ്മയുടെ , സഹോദരിയുടെ, മകളുടെ, കൂട്ടുകാരിയുടെ – സുരക്ഷ ഉറപ്പാക്കണം.
‘അമ്മ പണത്തിന്റെയും സമ്പന്നരായ പുരുഷ താരങ്ങളുടെയും സംഘടനയാണെന്ന എൻ എസ് മാധവൻറെ വാക്കുകൾ തള്ളിക്കളയരുത് .
– രാജൻ പി തൊടിയൂർ 
Share: