ആര്‍കിടെക്ചര്‍ ബിരുദം: ദേശീയതല അഭിരുചി പരീക്ഷ ഏപ്രില്‍ 16ന്

Share:

ആര്‍കിടെക്ട് ആകാനുള്ള പഞ്ചവത്സര ബാച്ലര്‍ ഓഫ് ആര്‍കിടെക്ചര്‍ (ബി.ആര്‍ക്) കോഴ്സ് പ്രവേശനയോഗ്യതാ നിര്‍ണയ പരീക്ഷയായ നാഷനല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍കിടെക്ചര്‍ (നാറ്റ) 2017 ഏപ്രില്‍ 16 ഞായറാഴ്ച നടക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി പെന്‍സില്‍-പേപ്പര്‍ അധിഷ്ഠിത ഓഫ്ലൈന്‍ മാതൃകയില്‍ ഇനി ഒറ്റദിവസമായിട്ടാണ് പരീക്ഷ നടത്തുക. കൗണ്‍സില്‍ ഓഫ് ആര്‍കിടെക്ചറാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തിട്ടുള്ളത്. ബി.ആര്‍ക് പ്രവേശനത്തിന് ‘നാറ്റ’ യോഗ്യത നിര്‍ബന്ധമാണ്.
ഡ്രോയിങ് ആന്‍ഡ് ഒബ്സര്‍വേഷന്‍ സ്കില്‍സ്, സെന്‍സ് ഓഫ് പ്രൊപ്പോര്‍ഷന്‍, ഏയ്സ്തറ്റിക് ഡെന്‍സിറ്റിവിറ്റി, മാത്തമാറ്റിക്സ് ആന്‍ഡ് ക്രിട്ടിക്കല്‍ തിങ്കിങ് എബിലിറ്റി എന്നിവ പരിശോധിക്കപ്പെടുന്ന വിധത്തിലാണ് ടെസ്റ്റ് നടത്തുക. വരക്കാനുള്ള കഴിവ്, നിരീക്ഷണപാടവം, സൗന്ദര്യാസ്വാദനം അല്ളെങ്കില്‍ സൗന്ദര്യബോധം, ഗണിതശാസ്ത്ര മികവ്, നിരൂപണചിന്ത എന്നിവയൊക്കെ ആര്‍കിടെക്ചര്‍ പഠനത്തിനാവശ്യമായ സവിശേഷതകളാണ്. അതുകൊണ്ടാണ് ഇവയെല്ലാം വിലയിരുത്തപ്പെടുന്ന തരത്തിലുള്ള ടെസ്റ്റ് 2006 മുതല്‍ സംഘടിപ്പിക്കുന്നത്. സമര്‍ഥരായ വിദ്യാര്‍ഥികളെ കണ്ടത്തൊന്‍കൂടിയാണിത്.
രാജ്യത്തെ എഴുപതോളം നഗരങ്ങളിലായി ഏപ്രില്‍ 16ന് നടത്തുന്ന അഭിരുചി പരീക്ഷയില്‍ (നാറ്റ) രണ്ടു ഭാഗങ്ങളുണ്ടാകും. പരമാവധി 200 മാര്‍ക്കിനാണ് പരീക്ഷ. ഒന്നാം ഭാഗത്തില്‍ മാത്തമാറ്റിക്സ്, ജനറല്‍ ആപ്റ്റിറ്റ്യൂഡ് എന്നിവയിലെ പ്രാവീണ്യമളക്കുന്ന രണ്ടു മാര്‍ക്ക് വീതമുള്ള 60 മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാകും. രണ്ടാം ഭാഗത്തില്‍ ഡ്രോയിങ് ആന്‍ഡ് ഒബ്സര്‍വേഷന്‍ സ്കില്‍ അളക്കുന്ന 40 മാര്‍ക്ക് വീതമുള്ള രണ്ടു ചോദ്യങ്ങളാണുണ്ടാവുക. പരമാവധി 90 മിനിറ്റ് സമയം നല്‍കും. പരീക്ഷയെഴുതുന്നതിന് മൂന്ന് നഗരങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ തെരഞ്ഞെടുക്കാം. ‘നാറ്റ’യില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന മാര്‍ക്കും റാങ്കുമൊക്കെ നാറ്റയുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.
‘നാറ്റ-2017’ സ്കോറിന് ഒരുവര്‍ഷത്തെ പ്രാബല്യമാണുള്ളത്. 2017-18 അധ്യയനവര്‍ഷത്തെ ബി.ആര്‍ക് പ്രവേശനത്തിന് മാത്രമേ പരിഗണിക്കുകയുള്ളൂ. പരീക്ഷഫീസ് 1250 രൂപയാണ്. ഫീസ് ഓണ്‍ലൈനായി അടക്കാം. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച സമര്‍ഥരായ പ്ളസ് ടുകാര്‍ക്കാണ് ‘നാറ്റ’യില്‍ പങ്കെടുക്കാവുന്നത്.
വിശദമായ യോഗ്യതമാനദണ്ഡങ്ങളും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളുമൊക്കെ അടങ്ങിയ ‘നാറ്റ’ ബ്രോഷര്‍ www.nata.me.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും. ബ്രോഷറിലെ നിര്‍ദേശങ്ങള്‍ പാലിച്ച് അപേക്ഷ ഓണ്‍ലൈനായി യഥാസമയം സമര്‍പ്പിക്കേണ്ടതാണ്.

Share: