ആഗസ്റ്റിൻറെ പ്രാധാന്യം പ്രൊഫ. എം. സത്യപ്രകാശം

കരിയർ മാഗസിൻ പ്രകാശനം ചെയ്യുന്നത് ഓഗസ്റ്റ് ഒന്നിന് ആണെന്ന് പറഞ്ഞപ്പോൾ പ്രൊഫസർ എം. സത്യപ്രകാശം പറഞ്ഞു. “ഞാൻ ആഗസ്റ്റ് മാസത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ഒരു ലേഖനം ആദ്യലക്കത്തിൽ എഴുതും”.
കരിയർ മാഗസിൻ തുടങ്ങുന്നതിനു മുൻപ് ഞാൻ മലയാളനാടിൽ നിന്നും ഏറ്റെടുത്ത ‘മധുരം’ വാരികയിൽ അദ്ദേഹം എഴുതാറുണ്ടായിരുന്നു.
കൊല്ലം എസ് എൻ കോളേജിലെ അധ്യാപകനായിരുന്നു പ്രൊഫസർ എം. സത്യപ്രകാശം.
കരിയർ മാഗസിന്റെ ആദ്യ ലേഖത്തിൽ ആ ലേഖനം ഞങ്ങൾ പ്രസിദ്ധീകരിച്ചു. നാല്പത് വർഷങ്ങൾക്ക് ശേഷം അത് പുനഃ പ്രസിദ്ധീകരിക്കുന്നു.
-രാജൻ പി . തൊടിയൂർ
ആഗസ്റ്റിൻറെ പ്രാധാന്യം
ആഗസ്റ്റ് എന്ന പദം മധുര മനോഹരമാണ്. ചരിത്രത്തിൻറെ ഏടുകൾ പരിശോധിച്ചാൽ ലോകത്തുള്ള പല പ്രസ്ഥാനങ്ങളും ജന്മം കൊണ്ടിട്ടുള്ളത് ആഗസ്റ്റ് മാസത്തിൽ ആയിരുന്നു എന്ന് മനസ്സിലാക്കാം. രാഷ്ട്രീയ – സാമൂഹ്യ- സാമ്പത്തിക രംഗങ്ങളിൽ പുതിയ ചലനങ്ങൾ ലോകം ദർശിച്ചിട്ടുള്ളത് ഈ മാസത്തിലാണ്. പല ഭരണാധികാരികളുടെയും ചിന്തകരുടെയും സാഹിത്യകാരന്മാരുടെയും ജന്മംകൊണ്ട് ഈ വിശ്വം ധന്യമായിട്ടുള്ളതും ആഗസ്റ്റ് മാസത്തിലാണ്.
പല മഹാ പുരുഷന്മാരുടെയും വീര ചരമങ്ങൾക്ക് ആഗസ്റ്റ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതുപോലെതന്നെ മനുഷ്യൻറെ അഭിവൃദ്ധിക്കും നന്മയ്ക്കും ശ്രേയസിനും വേണ്ടി പടുത്തുയർത്തിയ പല പ്രസ്ഥാനങ്ങളും പ്രവർത്തനമാരംഭിച്ചിട്ടുള്ളതും പ്രസ്തുത മാസത്തിലാണ്. പൊതുവേ നമ്മുടെ മാനസ ചക്രവാളത്തിൽ നവനവങ്ങളായ പ്രതീക്ഷകൾ നാമ്പിടുന്നത് ഓഗസ്റ്റ് മാസത്തിലാണ് എന്ന വസ്തുത ആർക്കും നിഷേധിക്കാൻ സാധ്യമല്ല.
‘ആഗസ്റ്റ്’ ആദ്യം അറിയപ്പെടുന്നത് ‘സെക്സിറ്റിലാസ്’ എന്ന പേരിലായിരുന്നു. അതിൻറെ അർത്ഥം ‘ആറ്’ എന്നാണ്. പിന്നീട് റോമൻ ചക്രവർത്തിയായിരുന്ന ‘അഗസ്റ്റിസ് സീസർ’ ഈ മാസത്തിന് ‘ആഗസ്റ്റ്’ എന്ന ചിന്താ ബന്ധുരമായ പേര് നൽകി. അഗസ്റ്റസ് സീസർ ഏറ്റവും കൂടുതൽ വിജയം കൈവരിച്ചിട്ടുള്ളത് ഈ മാസത്തിലാണ്. ഏതായാലും അഗസ്റ്റസും ആഗസ്റ്റും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് എന്ന കാര്യം ആർക്കും വിസ്മരിക്കാൻ സാധ്യമല്ല. ആഗസ്റ്റ് റോമൻ കലണ്ടറി ലെ ആറാമത്തെ മാസമാണ്. അതിന് 30 ദിവസമേ ഉണ്ടായിരുന്നുള്ളൂ . എന്നാൽ സീസർ ഫെബ്രുവരിയിൽ നിന്ന് ഒരു ദിവസം കൂടി എടുത്തു 31 ദിവസമാക്കി ആഗസ്റ്റിനെ ബഹുമാനിച്ചു. ആഗസ്റ്റിന് ഉദാത്തം , ആജ്ഞാശക്തിയുള്ളത്, രാജകീയം ഭാവ ഗംഭീരം എന്ന് തുടങ്ങിയ അർത്ഥങ്ങളുണ്ട്. അന്താ രാഷ്ട്രീയ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുള്ള മാസമാണ് ആഗസ്റ്റ് എന്ന് സൂചിപ്പിച്ചു കഴിഞ്ഞു.
കൊളംബസിന്റെ അത്ഭുതകരമായ വിജയം ആഗസ്റ്റിലായിരുന്നു. അമേരിക്കയിൽ അദ്ദേഹം എത്തിച്ചേർന്നത് 1494 ആഗസ്റ്റ് മാസത്തിൽ ആയിരുന്നുവല്ലോ. ഈ വസ്തുത എല്ലാവർക്കും അറിയാവുന്നതാണ്.
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സ്മരണീയമായ സംഭവ പരമ്പരകൾ ആഗസ്റ്റ് മാസത്തിലാണ് ഉണ്ടായിട്ടുള്ളത്. മുഗൾ ചക്രവർത്തിയായിരുന്ന ജഹാം ഗീർ ജനിച്ചത് 1569 ആഗസ്റ്റ് മുപ്പതാം തീയതി ആയിരുന്നു. മുഗൾ ചക്രവർത്തിയായിരുന്ന ഷാ ആലം രണ്ടാമൻ ബംഗാൾ, ബീഹാർ, ഒറീസ എന്നിവിടങ്ങളിലെ നികുതി പിരിക്കുന്നതിനുള്ള അധികാരം ബ്രിട്ടീഷുകാർക്ക് നൽകിയത് 1765 ആഗസ്റ്റിലാണ്. 1858 ആഗസ്റ്റിൽ ഇന്ത്യയുടെ ഭരണം വിക്ടോറിയ രാഞ്ജി ഏറ്റെടുത്തു. മറ്റൊരു പ്രധാന സംഭവമായിരുന്നു അരവിന്ദ് ഘോഷ് ഭൂജാതനായത്. 1872 ആഗസ്റ്റ് 15- നാണ് അദ്ദേഹം ജനിച്ചത്. അതുപോലെതന്നെ ഇന്ത്യയുടെ ആധ്യാത്മിക ജീവിതത്തിൽ ഒരു നവോത്ഥാനം സൃഷ്ടിച്ച രാമകൃഷ്ണ പരമഹംസൻ സമാധിയടഞ്ഞത് 1886 ആഗസ്റ്റ് പതിനാറാം തീയതി ആയിരുന്നു. ഇന്ത്യക്കാരെ ഏറ്റവും ഞെട്ടിപ്പിച്ച സംഭവമായിരുന്നു ലോകമാന്യ തിലകൻറെ മരണം. അത് സംഭവിച്ചത് 1920 ആഗസ്റ്റ് ഒന്നാം തീയതി ആയിരുന്നു. രാജ്യസ്നേഹിയും സ്വാതന്ത്ര്യ സമര നേതാവും ദേശാഭിമാനിയുമായ സുരേന്ദ്രനാഥ ബാനർജി ഇഹലോകവാസം വെടിഞ്ഞത് 1925 ഓഗസ്റ്റ് എട്ടാം തീയതി ആയിരുന്നു.
ഇന്ത്യയുടെ ചരിത്രം പരിശോധിക്കുമ്പോൾ മറ്റു പല പ്രധാന സംഭവങ്ങളും നടന്നിട്ടുള്ളത് ആഗസ്റ്റ് മാസത്തിൽ ആണെന്ന് മനസ്സിലാക്കാം. 1931 ഓഗസ്റ്റ് 19 നാണ് ഗാന്ധിജി റൗണ്ട് ടേബിൾ കോൺഫറൻസിൽ പങ്കു കൊള്ളാൻ ലണ്ടനിലേക്ക് യാത്രയായത് നമ്മുടെ സ്മൃതി മണ്ഡപത്തിൽ നിന്നും ഒരിക്കലും മാഞ്ഞു പോവുകയില്ല. ഭാരതത്തിൻറെ സ്വാതന്ത്ര്യ സമരം നയിച്ചതിൽ അഗ്രഗണ്യനായ സുഭാഷ് ചന്ദ്ര ബോസ് വീരചരമം പ്രാപിച്ചു എന്ന് കരുതുന്നത് 1945 ആഗസ്റ്റിലാണ്. ‘ക്വിറ്റ് ഇന്ത്യ’ പ്രസ്ഥാനത്തിൻറെ വിജയവും 1942 ആഗസ്റ്റിൽ തന്നെ. അങ്ങനെ ഇന്ത്യക്കാരുടെ സ്വപ്നങ്ങളും മോഹങ്ങളും സാക്ഷാത്കരിച്ചുകൊണ്ട് 1947 ആഗസ്റ്റ് 15ന് ഭാരതം ഒരു സ്വതന്ത്ര രാജ്യമായി ലോകം അംഗീകരിച്ചു. നൂറ്റാണ്ടുകളായി ഭാരതം അനുഭവിച്ചു വന്ന പാരതന്ത്ര്യം അങ്ങനെ അവസാനിച്ചു. അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ് ‘ഭാരതാംബ’ സ്വതന്ത്രയായ ആ ദിവസം എങ്ങനെ നമുക്ക് മറക്കാൻ കഴിയും! ആഗസ്ത് മാസം നമ്മുടെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും സുരേന്ദ്രനാഥ ബാനർ ജിയുടെയും തിലക ൻറെ യും ബോസിൻറെ യും ടാഗോറിൻറെയും മഹാദേവ ദേശായിയുടെയും മരണത്തിന് സാക്ഷ്യം വഹിച്ചതും ആഗസ്റ്റ് മാസം തന്നെയാണ്. അവരുടെ ദേഹ വിയോഗത്തെക്കുറിച്ച് ഓർക്കുമ്പോൾ ഭാരതീയരെ ദുഃഖത്തിലാഴ്ത്തുന്നത് പ്രസ്തുത മാസം തന്നെ.
കേരളത്തെ സംബന്ധിച്ചിടത്തോളം എടുത്തു പറയത്തക്ക സംഭവം ഇവിടുത്തെ ദേശീയ ഉത്സവമായ ഓണമാണ്. ഇത് പലപ്പോഴും ആഗസ്റ്റ് മാസത്തിലാണ് കൊണ്ടാടാറുള്ളത്.
ആഗസ്റ്റ് മാസം ലോകരാഷ്ട്രങ്ങളുടെ ഇടയിൽ എങ്ങനെ പ്രാധാന്യമർഹിക്കുന്നു എന്ന് നോക്കാം. കൊറിയ ഒരു റിപ്പബ്ലിക്കായി അംഗീകരിക്കപ്പെട്ടത് 1848 ആഗസ്റ്റ് 15ന് ആണ്. കൂടാതെ സ്വിറ്റ്സർലൻഡ്, മലേഷ്യ ഇൻഡോനേഷ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും സ്വാതന്ത്ര്യ ദിനങ്ങൾ കൊണ്ടാടുന്നത് ആഗസ്റ്റ് മാസത്തിലാണ്. ഈ മാസത്തിൽ പലതരത്തിലുള്ള ഉത്സവങ്ങളും ആഘോഷങ്ങളും കൊണ്ടാടുന്നു. പല രാജ്യങ്ങളിലും ആഗസ്റ്റ് മാസത്തിൽ മഴയുണ്ടായിരിക്കും. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഈ മാസം പേമാരിയും വെള്ളപ്പൊക്കവും മൂലം ജനങ്ങൾ നരകയാതന അനുഭവിക്കുന്ന കാര്യവും നമുക്ക് വിസ്മരിച്ചു കൂടാ.
പല സാഹിത്യകാരന്മാരും യോഗീശ്വരന്മാരും മതാദ്ധ്യക്ഷന്മാരും ചിന്തകരും കവികളും മൃതിയടഞ്ഞിട്ടുള്ളത് ഈ മാസത്തിലാണ് എന്ന് നേരത്തെ പറഞ്ഞു കഴിഞ്ഞു. 1940 ആഗസ്റ്റ് 21 ആം തീയതിയാണ് ട്രോട്സ്കി ഈ ലോകത്തോട് യാത്ര പറഞ്ഞത്. റഷ്യക്കാരെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണിത്.
ഫ്രഞ്ച് ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിച്ച നെപ്പോളിയൻറെ ജനനം 1869 ആഗസ്റ്റ് മാസത്തിലാണ്. എന്നാൽ ക്ലിയോപാട്രയുടെ ദേഹവിയോഗവും ആഗസ്റ്റിൽ തന്നെയായിരുന്നു.
ജപ്പാനിലെ സുന്ദര നഗരങ്ങളായ ഹിരോഷിമയും നാഗസാക്കിയും പൂർണ്ണമായും ബോംബുകൾക്കിര യായത് 1945 ആഗസ്റ്റിലാണ്. ലോക മനസ്സാക്ഷിയുടെ നേർക്കുള്ള ഒരു വെല്ലുവിളിയായിരുന്നു അത്. ഏകദേശം 8160 പേർ മരണമടഞ്ഞു. നാല് ലക്ഷത്തിൽ പരമാളുകൾക്ക് അംഗവൈകല്യം സംഭവിച്ചു. ഇത്രയും നാശനഷ്ടങ്ങൾ ഉണ്ടാക്കുവാൻ മാരകമായ കുറെ ബോംബുകൾക്ക് കഴിഞ്ഞു.
മനുഷ്യ രാശിയുടെ നന്മയെ ലക്ഷ്യമാക്കി പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആഗസ്റ്റ് മാസത്തിൽ ജന്മം കൊണ്ടിട്ടുള്ള കാര്യവും ആർക്കും വിസ്മരിക്കാൻ സാധ്യമല്ല. കല- സാഹിത്യ- ശാസ്ത്രരംഗത്ത് ആഗസ്റ്റ് മായി ബന്ധപ്പെട്ട പലതുംരൂപം കൊണ്ടിട്ടുണ്ട്.
ചന്ദ്രനിലേക്ക് പോകാനുള്ള മനുഷ്യൻറെ ആദ്യ ശ്രമം വിജയിച്ചത് 1962 ആഗസ്റ്റിലാണ്. ആംഗല സാഹിത്യ നിപു ണനായ ട്രൈജൻ ജനിച്ചത് 1701 ആഗസ്റ്റിലാണ്. ആംഗല ചരിത്രാഖ്യായിക യുടെ പിതാവ് എന്നറിയപ്പെടുന്ന വാൾട്ടർസ്കോട്ട് ജനിച്ചത് 1771 ആഗസ്റ്റിലാണ് എന്ന കാര്യം സാഹിത്യ വിദ്യാർഥികൾ ഒരിക്കലും വിസ്മരിക്കുകയില്ല. നാം ഏറ്റവും ഇഷ്ടപ്പെടുന്ന കവി ഷെല്ലി ജനിച്ചത് 1792 ആഗസ്റ്റിലാണ്. ആധുനിക ചെറുകഥ പ്രസ്ഥാനത്തിൻറെ ജനയിതാ വായ മോപ്പസാങ്ങിൻറെ ജനനവും 1850 ആഗസ്റ്റിൽ തന്നെയാണ്.
ചുരുക്കത്തിൽ നമ്മുടെ സ്മൃതി മണ്ഡലത്തിൽ നിന്നും മാഞ്ഞുപോകാത്ത ലോക സംഭവങ്ങളിൽ പലതും ഉണ്ടായിട്ടുള്ളത് ആ ഗസ്റ്റ് മാസത്തിൽ ആണെന്ന് നിസംശയം പറയാം. മനുഷ്യ രാശിയുടെ നന്മയെ ലക്ഷ്യമാക്കിയുള്ള പ ല പദ്ധതികളും കണ്ടുപിടിത്തങ്ങളും പ്രസ്ഥാനങ്ങളും ആഗസ്റ്റ് മാസത്തിൽ ഉണ്ടായിട്ടുണ്ട്.
ഇപ്പോൾ മലയാളത്തിലെ (ദക്ഷിണേന്ത്യയിലെ ) ആദ്യ തൊഴിൽ വിദ്യാഭ്യാസ ബോധവൽക്കരണ പ്രസിദ്ധീകരണമായ ‘കരിയർ മാഗസിൻ’ ഓഗസ്റ്റ് ഒന്നിന് യാഥാർത്ഥ്യമാകുന്നു. ആഗസ്റ്റ് മാസം മാനവ സമൂഹത്തിൻറെ ആശാകേന്ദ്രമായി എക്കാലവും നിലകൊള്ളുമെന്ന് നമുക്ക് പ്രത്യാശിക്കാം.
(കരിയർ മാഗസിൻ – ആഗസ്റ്റ് 1984 )






