അമ്മമാർ അണിചേരണം …

Share:

-രാജൻ പി തൊടിയൂർ 

റ്റേതൊരു സ്ത്രീ പീഢനത്തെക്കാളും ക്രൂരമായ പീഢനവും അധിക്ഷേപവുമാണ്  , മകൻറെ മരണത്തിനിടയാക്കിയ  , കുറ്റവാളികളെ  കണ്ടെത്തണമെന്ന ആവശ്യവുമായി പോലീസ് ആസ്ഥാനത്തെത്തിയ ജിഷ്ണുവിൻറെ അമ്മ മഹിജക്ക് നേരിടേണ്ടിവന്നിരിക്കുന്നത്.

അവർ പറയുന്നതെല്ലാം കള്ളമാണെന്ന് സ്ഥാപിക്കാൻ സർക്കാർ, പൊതു ഖജനാവിൽ നിന്നും ലക്ഷങ്ങൾ മുടക്കി മാദ്ധ്യമങ്ങളിൽ പരസ്യം ചെയ്തിരിക്കുന്നു. അടിവയറ്റിൽ പോലീസ് ചവിട്ടി എന്ന് മഹിജയും സഹോദരനും ആണയിട്ട് പറയുമ്പോഴും , അടിവയറ്റിൽ ക്ഷതമേറ്റിട്ടുണ്ട് എന്ന് അവരെ പരിശോധിക്കുന്ന ഡോക്ടർമാർ രേഖപ്പെടുത്തു മ്പോഴും അതിൻറെ ദൃശ്യങ്ങൾ കാണണമെന്ന നിർബന്ധത്തിലാണ് ഭരണകൂടം. മകൻ നഷ്ടപ്പെട്ട ഒരമ്മക്ക് ഇതിൽപ്പരം എന്ത് പീഢനമാണ് നേരിടാനുള്ളത് എന്ന് കേരളത്തിലെ അമ്മമാർ കൂട്ടായി ചിന്തിക്കാനും അതിനെതിരെ ശബ്ദമുയർത്താനും സമയമായി.

സർക്കാർ നൽകിയ പരസ്യത്തിലെ നിജസ്ഥിതി ജിഷ്ണുവിൻറെ കുടുംബം നിഷേധിക്കുമ്പോഴും , ഇത്തരമൊരു പരസ്യം ആരെ സംരക്ഷിക്കാൻ വേണ്ടി എന്ന സംശയത്തിലാണ് കേരള ജനസമൂഹം. പോലീസും കോടതിയും അന്വേഷിക്കുന്ന ഒരു കേസിനെ സംബന്ധിച്ച് സർക്കാർ പരസ്യം നൽകിയതിലൂടെ ഉണ്ടായ നിയമപരമായ ലംഘനം – കോടതിയലക്ഷ്യം ഉൾപ്പെടെ – പര്യാലോചന നടത്തേണ്ടതുണ്ട്.

ആരെയാണ് ഈ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് ജിഷ്ണുവിൻറെ അമ്മ മഹിജയോടൊപ്പം നിന്ന് കേരളത്തിലെ ഓരോ അമ്മയും ചിന്തിക്കണം.

മക്കളെ പഠിക്കാൻ വിടുന്ന സ്വാശ്രയ കോളേജുകളിൽ ‘ഇടിമുറി’ യുണ്ടോ എന്നന്വേഷിക്കേണ്ടത് ഭരണ സംവിധാനത്തിൻറെ ഉത്തരവാദിത്വമാണെന്ന് ബോദ്ധ്യപ്പെടുത്താൻ ഓരോ അമ്മയും മുന്നിട്ടിറങ്ങിയേ മതിയാകൂ. നെഹ്‌റു കോളേജിൽ മാത്രമല്ല ഇടിമുറികൾ ഉള്ളത് എന്ന യാഥാർഥ്യം കേരളത്തിലെ ഭരണസംവിധാനം മറച്ചുവെക്കുകയാണ്. സ്വാശ്രയ കോളേജുകളിലെ ‘ഇടിമുറികൾ’,

സംസ്ഥാനത്തെ ക്രമസമാധാനനില സംരക്ഷിക്കാൻ ബാധ്യതപ്പെട്ട സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് കാണാതെ പോകുന്നത്?

നെഹ്‌റു കോളേജിലെ ഇടിമുറിയിലെ കഴുകിക്കളഞ്ഞ രക്തക്കറ മായുംമുമ്പേ , മകൻറെ മരണത്തിനിരയായവരെ കണ്ടെത്തണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നുമുള്ള നിലവിളിയുമായി അധികാരികളെ സമീപിച്ച ഒരമ്മ ക്രൂരമായി ഉപദ്രവിക്കപ്പെടുകയും നടുറോഡിൽ വലിച്ചിഴക്കപ്പെടുകയും ചെയ്തത് ആഭ്യന്തരമന്ത്രിയുടെ മൂക്കിന് മുന്നിൽ. മനഃസാക്ഷിക്കുത്തില്ല എന്നദ്ദേഹം പറയുമ്പോൾ , നിരപരാധികളുടെ രക്തക്കറ വീണ മണ്ണിൽ ചവിട്ടിനിന്നുകൊണ്ട് കൊടും കുറ്റവാളികളെ സംരക്ഷിക്കാൻ ബദ്ധപ്പെടുന്ന ഒരു ഭരണസംവിധാനമാണ് മലയാളി മണ്ണിലുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേരളപ്പിറവിയുടെ അറുപതാം വാർഷികത്തിൽ, അകാലത്തിൽ നഷ്ടപ്പെട്ട മകൻറെ വേർപാടിന് കാരണക്കാരായവരെ ശിക്ഷിക്കണമെന്ന പരാതിയുമായി പോലീസ് ആസ്ഥാനത്തെത്തിയ ഒരമ്മയെ നടുറോഡിൽ വലിച്ചിഴക്കുമ്പോൾ,

പെൺകുഞ്ഞുങ്ങൾ ക്രൂരമായി പീഢിപ്പിക്കപ്പെടുമ്പോൾ ,

അഞ്ചുവയസ്സുകാരിയും എഴുപതു വയസ്സുകാരിയും ലൈംഗികമായി ആക്രമിക്കപ്പെടുമ്പോൾ,

ഇതെല്ലാം കണ്ട് ഉത്തരവാദപ്പെട്ടവർ മുഖം തിരിച്ചുനിൽക്കുമ്പോൾ മലയാളി സമൂഹം ചോദിച്ചുപോകുന്നു: “ആരെ സംരക്ഷിക്കാനാണ് ഈ ഭരണ സംവിധാനം?” ആർക്കുവേണ്ടിയാണ് ഈ ഒത്തുകളികൾ?

സാധാരണക്കാരൻറെ നൊമ്പരങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ അധികാരക്കസേരയിലേറിയവർക്ക് എത്രയെളുപ്പം കഴിയും എന്നത് കേരള പ്പിറവിയുടെ അറുപതാം വാർഷികത്തിൽ നാം നേരിട്ടറിയുകയാണ് .

ജനാധിപത്യം ഉറപ്പുനൽകുന്ന സാമാന്യ സ്വാതന്ത്ര്യമാണ് പരാതിപറയാൻ പോലീസ് ആസ്ഥാനത്തെത്തിയ മഹിജയെ വലിച്ചഴച്ചതിലൂടെ നമുക്ക് നഷ്ടപ്പെടുന്നതായി കണ്ടെത്. കേരള നിയമസഭയിലേക്കും രാജ്ഭവനിലേക്കും മറ്റേതൊരു ഔദ്യോഗിക സ്ഥാപനത്തിൻറെ മുന്നിലേക്കും സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്താനുള്ള സ്വാതന്ത്ര്യം ജനാധിപത്യ സംവിധാനത്തിൽ ഭരണഘടന ഉറപ്പുനല്കുന്നുണ്ട്. സംഭാഷണ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ( 19 / 1 എ /ബി ) അതിൻറെ ഭാഗങ്ങളാണ്. ഏതൊരു സർക്കാർ ഓഫീലും പരാതിയുമായി കടന്നു ചെല്ലാനുള്ള അവകാശം ജനങ്ങൾക്കുണ്ട് എന്നുള്ളതാണ് ജനാധിപത്യം നിലനിൽക്കുന്നതിൻറെ അടിസ്ഥാനം. മകൻറെ മരണത്തിൻറെ ദുരൂഹതയെക്കുറിച്, പ്രതികൾ സംരക്ഷിക്കപ്പെടുന്നതിനെക്കുറിച് ഒരമ്മക്കുള്ള പരാതികേൾക്കാൻ തയ്യാറല്ലാത്ത ജനാധിപത്യം നമുക്കാവശ്യമില്ല എന്നുപറയാൻ കേരളത്തിലെ അമ്മമാർ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ടതിലേക്കാണ് ജിഷ്ണുവിൻറെ മാതാവിനുണ്ടായ ദുരനുഭവം വിരൽചൂണ്ടുന്നത്.

‘ഹൃദയം കൊണ്ട് വളർത്തിയ’ ഏകമകൻ അകാലത്തിൽ നഷ്ടപ്പെട്ടതിൻറെ നിജസ്ഥിതി അറിയുവാനും പോലീസ് നടപടികളിലുള്ള പ്രതിഷേധം രേഖപ്പെടുത്താനും അധികാരികളുടെ അടുത്തേക്കെത്താൻ ശ്രമിച്ച ഒരമ്മക്കും ബന്ധുക്കൾക്കും നേരെ കൊടും കുറ്റവാളികളോടെന്നവണ്ണം പെരുമാറിയ പൊലീസിൻറെ ക്രൂരതകൾക്കാണ് കേരളം അറുപതാം വർഷത്തിൽ സാക്ഷിയാകേണ്ടിവന്നത്. മകൻ നഷ്ടപ്പെട്ട ഒരമ്മക്ക് ഭരണകൂടത്തിൻറെയും നിയമപാലകരുടെയും പക്കൽനിന്നും ലഭിക്കേണ്ട സാന്ത്വനത്തിൻറെയും സമാശ്വാസത്തിൻറെയും സ്ഥാനത്താണ് കൊടും കുറ്റവാളികളോടെന്നപോലുള്ള ക്രൂരമായ പെരുമാറ്റം ഉണ്ടായത്. നിസ്സഹായയായ ഒരമ്മയെ , നിരപരാധിയായ ഒരു സ്ത്രീയെ കുറ്റവാളിയെയെന്നപോലെ പൊതുനിരത്തിൽ വലിച്ചിഴക്കുന്നത് ദൃശ്യ മാദ്ധ്യമങ്ങളിലൂടെ  കണ്ടു കേരള സമൂഹം മരവിച്ചു നിൽക്കുകയാണ്. പെൺ കുഞ്ഞുങ്ങളും വൃദ്ധകളും ലൈംഗിക കൃതങ്ങൾക്കിരയാകുന്നു. നടികൾ പോലും പീഡിപ്പിക്കപ്പെടുന്നു. സംരക്ഷണത്തിനായി കേഴുന്ന സ്ത്രീകൾ  പരിഹസിക്കപ്പെടുന്നു. കുറ്റവാളികൾ സംരക്ഷിക്കപ്പെടുന്നു!

പെൺ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ , പ്രായം  പ്രായം ചെന്ന സ്ത്രീകൾ ആക്രമിക്കപ്പെടാതിരിക്കാൻ, കുറ്റവാളികൾ സംരക്ഷിക്കപ്പെടാതിരിക്കാൻ, അമ്മമാർ അണിചേരണം.

Share: