ഗവേഷണം നടത്താം, സ്റ്റാർട്ട്അപ്പ് തുടങ്ങാം

286
0
Share:

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഗവേഷണം നടത്താനും ഇതിലൂടെ ഉരുത്തിരിയുന്ന ആശയങ്ങളിൽ സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കാനും വിപുലമായ സംവിധാനമൊരുങ്ങുന്നു. ചെന്നൈ ഐ. ഐ. ടി റിസർച്ച് പാർക്കിന്റെ മാതൃകയിൽ തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലാണ് തിരുവനന്തപുരം എൻജിനിയറിംഗ് സയൻസ് ആന്റ് ടെക്‌നോളജി (ട്രെസ്റ്റ്) റിസർച്ച് പാർക്ക് പ്രവർത്തിക്കുന്നത്. നേരത്തെ കോളേജിന്റെ ഭാഗമായി ചെറിയ രീതിയിൽ പ്രവർത്തനം നടത്തിയിരുന്ന ട്രെസ്റ്റ് പുതിയ കെട്ടിടത്തിലേക്ക് മാറുകയാണ്. ഇതോടെ കൂടുതൽ ഗവേഷണം സാധ്യമാകും.

വ്യവസായ, അക്കാഡമിക് സഹകരണത്തിലൂടെ ശാസ്ത്ര സാങ്കേതിക ഗവേഷണമാണ് ട്രെസ്റ്റ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസം കൂടുതൽ പ്രായോഗികവും വ്യവസായാവശ്യങ്ങൾക്ക് അനുസൃതവുമാക്കാൻ ട്രെസ്റ്റിലൂടെ സാധിക്കും. അപ്ലൈഡ് റിസർച്ചിന്റെ സാധ്യതകൾ പരിശോധിച്ച് വാണിജ്യസാധ്യതയുള്ള ഗവേഷണങ്ങൾ നടത്താൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രോത്‌സാഹനം നൽകും. നിലവിൽ വിദ്യാർത്ഥികളുടെ ഇൻകുബേഷൻ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂടുതൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ഇൻകുബേഷൻ സെന്ററുകളിൽ ഉൾപ്പെടുത്തും. വ്യവസായ സംരംഭകർക്ക് ഗവേഷണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് മിതമായ നിരക്കിൽ ട്രെസ്റ്റ് പാർക്കിൽ സ്ഥലം അനുവദിക്കും.

20,000 ചതുരശ്രഅടി വിസ്തീർണത്തിലാണ് പുതിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം 24ന് രാവിലെ 11.45ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ട്രെസ്റ്റ് പാർക്കും സി. ഇ. ടിയും ഹാർഡ്‌വെയർ മിഷനും തമ്മിൽ ധാരണാപത്രവും ഒപ്പുവയ്ക്കും. ഇലക്ട്രിക് മൊബിലിറ്റി, ഇലക്‌ട്രോണിക്‌സ് ഗവേഷണം എന്നീ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനാണ് ട്രെസ്റ്റും ഹാർഡ്‌വെയർ മിഷനും ധാരണാപത്രം ഒപ്പുവയ്ക്കുന്നത്. സി. ഇ. ടിയിലെ വിവിധ വകുപ്പുകൾ ഗവേഷണ പ്രവർത്തനങ്ങളുമായി സഹകരിക്കും.

Share: