ഒ.ബി.സി : സ്റ്റാര്‍ട്ട് അപ് വായ്പാ പദ്ധതി

291
0
Share:

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ് സംരംഭം ആരംഭിക്കുന്നതിനുവേണ്ടി പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വായ്പാ പദ്ധതിക്കുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 16ന് ആരംഭിക്കും. പദ്ധതി പ്രകാരം പരമാവധി 10 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും.

ഗ്രാമപ്രദേശത്ത് 98,000 രൂപവരെയും നഗരപ്രദേശത്ത് 1,20,000 രൂപ വരെയും വാര്‍ഷിക വരുമാനമുളളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ 6 ശതമാനം പലിശ നിരക്കിലും അതിനു മുകളില്‍ 10 ലക്ഷം രൂപവരെ 7 ശതമാനം പലിശനിരക്കിലും വായ്പ ലഭിക്കും. തിരിച്ചടവ് കാലയാളവ് 84 മാസം വരെ.

അപേക്ഷകര്‍ സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ബിരുദ തലത്തിലുളള പ്രൊഫഷണല്‍ കോഴ്‌സുകള്‍ (എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബിടെക്, ബി.എച്ച്.എം.എസ് മുതലായവ) വിജയകരമായി പൂര്‍ത്തീകരിച്ചവരുമായിരിക്കണം. പ്രായം 40 വയസ് കവിയാന്‍ പാടില്ല. വായ്പാ തുകയുടെ 20 ശതമാനം (പരാമവധി രണ്ട് ലക്ഷം രൂപ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. സബ്‌സിഡി കഴിച്ചുളള തുകയും അതിന്റെ പലിശയും മാത്രമാണ് തിരിച്ചടയ്‌ക്കേണ്ടത്. പദ്ധതി പ്രയോജനപ്പെടുത്തി സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിന് തത്പരരായ പ്രൊഫഷണലുകള്‍ www.ksbcdc.com എന്ന വെബ്‌സൈറ്റ് വഴി ജനുവരി 25നകം രജിസ്റ്റര്‍ ചെയ്യണം.

Share: