You are here
Home > Articles > എം. പി. പോള്‍

എം. പി. പോള്‍

മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമര്‍ശകനായിരുന്നു, എം. പി. പോള്‍ (മേയ് 1, 1904 – ജൂലൈ 12, 1952) മലയാളത്തില്‍ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതില്‍ മഹത്തായ പങ്കുവഹിച്ചു. എഴുത്തുകാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്ത് സാഹിത്യകാരന്മാര്‍ക്കായി സാഹിത്യ പ്രവര്‍ത്തക സഹകരണം സംഘം രൂപവത്കരിക്കുന്നതിനു മുന്‍‌കൈയ്യെടുത്തു. സംഘത്തിൻറെ ആദ്യ പ്രസിഡണ്ടുമായിരുന്നു അദ്ദേഹം. മതസ്ഥാപനങ്ങളുടെ വിശേഷിച്ചും ക്രൈസ്തവ സഭാ നേതൃത്വത്തിൻറെ യാഥാസ്ഥിതിക നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു അദ്ദേഹം. ജീവിതകാലം മുഴുവന്‍ പോളിനു സഭയുടെ എതിര്‍പ്പു നേരിടേണ്ടിവന്നു. മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാളായിരുന്നു അദ്ദേഹം.

1904 മെയ് ഒന്നിന് ജനനം. എറണാകുളം ജില്ലയിലെ പുത്തന്‍‌പള്ളിയാണു പോളിന്റെ ജന്മദേശം.

കോളജ് അദ്ധ്യാപകന്‍ എന്ന നിലയിലും പേരെടുത്തിരുന്നു എം. പി. പോള്‍. തിരുച്ചിറപ്പള്ളി കോളേജിലാണ് ആദ്യം ജോലി ചെയ്തത്. അന്ന് ഐ. സി. എസ്. പരീക്ഷയില്‍ ഒന്‍പതാമത്തെ റാങ്ക് കിട്ടിയിരുന്നു, എന്നാല്‍ ആദ്യത്തെ ആറു പേര്‍ക്കു മാത്രമേ ജോലി ലഭിച്ചിരുന്നുള്ളു. അതിനാല്‍ അദ്ദേഹം തൃശ്ശൂര്‍ വന്നു. സെൻറ് തോമസ് കോളജ്, തൃശൂര്‍, എസ്.ബി. കോളജ്, ചങ്ങനാശേരി എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് ഭാഷാധ്യാപകനായി ജോലി ചെയ്തു . തുടര്‍ന്ന് “എം. പി. പോള്‍സ് ട്യൂട്ടോറിയല്‍ കോളജ് ”എന്ന പേരില്‍ സമാന്തര വിദ്യാഭ്യാസ സ്ഥാപനം നടത്തി. കേരളത്തില്‍ ഏറ്റവും ശ്രദ്ധനേടിയ സമാന്തര വിദ്യാഭ്യാസ സംരംഭമായിരുന്നു അത്.

സഭയുമായുണ്ടായ പിണക്കം

സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരനായിരുന്നു പ്രൊഫസ്സര്‍ പോള്‍. അക്കാലത്ത് പ്രേമവിവാഹം കഴിച്ചു എന്നതൊഴിച്ചാല്‍ കത്തോലിക്കാ സഭയുടെ ആചാരവിശ്വാസങ്ങളെ എതിര്‍ത്തതായി യാതൊരു തെളിവുകളുമില്ല. അദ്ദേഹം തൃശ്ശൂര്‍ സെന്‍റ്. തോമസ് കോളേജില്‍ ആംഗലേയ ഭാഷാധ്യാപകനായി ജോലി നോക്കവേ ആണ് സഭയുമായി തെറ്റാനുണ്ടായ ആദ്യത്തെ സംഭവം. അന്ന് പ്രിന്‍സിപ്പാള്‍ ആയിരുന്നത് ഫാ. പാലോക്കാരന്‍ ആയിരുന്നു. സാഹിത്യകാരനായിരുന്നതിനാല്‍ പ്രിന്‍സിപ്പാളിന് പ്രൊ. പോളിനെ വലിയ കാര്യമായിരുന്നു. എന്നാല്‍ അന്ന് കോളേജില്‍ കൃത്യമായ ഗ്രേഡിങ്ങ് സം‌വിധാനമോ, അതിനനുസരിച്ചുള്ള നിയമനമോ ഉദ്യോഗകയറ്റമോ നിലവിലില്ലായിരുന്നു. ശമ്പളവും തുച്ഛമായിരുന്നു. പോള്‍ ഇതിനെതിരെ സംസാരിച്ചു. ശമ്പളം കൃത്യമായ തീയ്യതിയില്‍ വിതരണം ചെയ്യണമെന്ന് വ്യവസ്ഥയുണ്ടാക്കി. പിന്നീട് അതിന് വ്യക്തതയും സുതാര്യതയും വേണമെന്ന് പറഞ്ഞ് ആര്‍, എവിടെ വച്ച് എന്ന് ശമ്പളം തരും എന്നു ചോദിച്ച് പ്രിന്‍സിപ്പാളിന് കത്തുമയച്ചു. ഈ സംഭവത്തോടെ പോള്‍ കോളേജില്‍ അനഭിമതനായിത്തീര്‍ന്നു.

പിന്നീട് ഇന്ത്യാ ഗവര്‍ണ്മെന്‍റ് ശമ്പളം പിടിച്ചിരുന്നു എന്ന പേരില്‍ അദ്ധ്യാപകരുടെ ശമ്പളത്തില്‍ കുറവ് വരുത്താന്‍ പ്രിന്‍സിപ്പാള്‍ അച്ചന്‍ മറ്റാരോടും ചോദിക്കാതെ തീരുമാനം എടുത്തു. അതിന്‍ പ്രകാരം കോളേജിൻറെ ഉന്നമനത്തിനായി അദ്ധ്യാപകര്‍ ത്യാഗം അനുഷ്ടിക്കണം എന്നായിരുന്നു. ഇതിനെതിരായി കോളേജില്‍ അദ്ധ്യാപകര്‍ക്കിടയില്‍ മുറുമുറുപ്പുണ്ടായി. ഈ സമയത്ത് ഏറ്റവും ധീരമായ തീരുമാനമെടുത്തത് പോള്‍ ആയിരുന്നു. അദ്ദേഹം പ്രിന്‍സിപ്പള്‍ അച്ഛന് ഒരു കത്തെഴുതി. അതില്‍ താന്‍ ജോലിക്ക് ചേര്‍ന്നത്. ശമ്പളം സംബന്ധിച്ച് വ്യക്തമായ ഒരു ഉടമ്പടി അനുസരിച്ചായിരുന്നു എന്നും അതിനാല്‍ തന്നോട് ആലോചിക്കാതെ അതില്‍ വ്യത്യാസം വരുത്തുവാന്‍ പറ്റില്ല എന്നും മറ്റുള്ളവര്‍ അടിച്ചേല്‍‍പ്പിക്കുന്നത് ത്യാഗം ആവില്ല എന്നുമായിരുന്നു കത്തിൻറെ ഉള്ളടക്കം. പിന്നീട് അദ്ദേഹത്തിന് നിര്‍ബന്ധ ബുദ്ധിക്കാരനായ പ്രിന്‍സിപ്പാളിന്റെ മുന്നില്‍ സ്വന്തം അഭിമാനം ത്യഗം ചെയ്യാതിരിക്കാന്‍ രാജി വയ്ക്കേണ്ടി വന്നു. പക്ഷേ സഭാധികാരത്തിന്റെ ദൃഷ്ടിയില്‍ കുറ്റക്കാരന്‍ പോള്‍ ആയിരുന്നു, അദ്ദേഹം സഭാ വിരുദ്ധനായി മുദ്രയടിക്കപ്പെട്ടു.
ചങ്ങനാശ്ശേരി സെന്‍റ് ബര്‍ക്ക്മെന്‍സ് കോളേജ് പ്രിന്‍സിപ്പാളുമായാണ് അദ്ദേഹത്തിന് പിന്നീട് ഇടയേണ്ടി വന്നത്. കോളേജ് ഭരണത്തില്‍ അഭിപ്രായം ചോദിച്ചു പിന്നാലെ നടന്നിരുന്ന പ്രിന്‍സിപ്പാള്‍ ഫാ. റൊമയോ തോമാസിനോട് സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞതാണ് അവിടെ അദ്ദേഹത്തെ അനഭിമതനാക്കിയത്. അദ്ദേഹത്തെ അസമയത്ത് കൂടിക്കാഴ്ചക്ക് വിളിച്ച പ്രിന്‍സിപ്പാളിനോട് സാധ്യമല്ല എന്ന് തീര്‍ത്തു പറയുകയുണ്ടായി. ഇതിനു ശേഷം അദ്ദേഹത്തെ കോളേജില്‍ നിന്ന് പുറത്താക്കിയെങ്കിലും അന്നത്തെ മെത്രാനായ ഡോ. കാളാശ്ശേരിയുടെ മധ്യസ്ഥതയില്‍ രമ്യതയില്‍ തീര്‍ത്തിരുന്നു. എന്നാല്‍ പ്രിന്‍സിപ്പാള്‍ വ്യക്തി വിരോധം മനസ്സില്‍ സുക്ഷിച്ച് വയ്ച്ച്, ചങ്ങനാശ്ശേരി വിട്ട് ദീര്‍ഘകാലം പുറത്ത് പോകുന്ന അദ്ധ്യാപകര്‍ തന്നെ അറിയിക്കണം എന്ന നിയമത്തിന്‍ വീഴ്‌ച വരുത്തി എന്നും കൊച്ചിയില്‍ സഹപ്രവര്‍ത്തകരോട് ഒത്ത് സമ്മേളിച്ചു എന്നും ആരോപിച്ച് അദ്ദേഹത്തെ കലാലയത്തില്‍ നിന്ന് പുറത്താക്കി.

എന്നാല്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ തന്നെ പുറത്താക്കിയ കോളേജിൻറെ സഹായത്തിനായി എത്താന്‍ പോളിന് മടിയുണ്ടായില്ല. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി. പി. രാമസ്വാമി അയ്യര്‍, സെന്‍റ് ബെര്‍ക്കുമാന്‍സിനോട് പകരം വീട്ടാനായി അവിടത്തെ ആംഗലേയ വിഭാഗം പ്രൊഫസ്സര്‍ ആയിരുന്ന സഹസ്രനാമയ്യരെ നിര്‍ബന്ധപൂര്‍വ്വം രാജി വയ്പ്പിച്ചു. രാമസ്വാമി അയ്യരെ ഭയം ആയിരുന്ന മറ്റാരും ആ സ്ഥാനത്തേയ്ക്ക് വരാനും തയ്യാറായില്ല. വകുപ്പു മേധാവി ഇല്ല എങ്കില്‍ കലാലയത്തിൻറെ സര്‍വ്വകലാശാല ബന്ധം നിലയ്ക്കുമെന്ന അവസ്ഥയില്‍ അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. കോളേജിനെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ചു.

സാഹിത്യ മേഖല

നവകേരളം എന്ന പേരില്‍ ആഴ്ചപ്പതിപ്പും ചെറുപുഷ്പം എന്ന പേരില്‍ മാസികയും പ്രസിദ്ധീകരിച്ചിരുന്നു. കേരളാ പുരോഗമന സാഹിത്യ സംഘടനയുടെ അധ്യക്ഷനായി കുറച്ചുകാലം പ്രവര്‍ത്തിച്ചെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് പിന്നീട് സംഘടനയില്‍ നിന്നും അകലം പാലിച്ചു. കേരള സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സ്ഥാപക അദ്ധ്യക്ഷന്മാരില്‍ ഒരാളായും പ്രവര്‍ത്തിച്ചു. ഈ സംഘം പിന്നീട് നാഷണല്‍ ബുക്സ് സ്റ്റാളുമായി ചേര്‍ന്ന ശേഷം വിജയകരമായ സ്ഥാപനമായിത്തിര്‍ന്നു. 1960 മുതല്‍ മലയാള സാഹിത്യത്തിന്റെ സുവര്‍ണ്ണ കാലമായി പരിണമിക്കുകയും ചെയ്തു.

മലയാള സാഹിത്യ വിമര്‍ശനത്തിന് ആധുനിക പരിപ്രേക്ഷ്യം നല്‍കിയത് പോളായിരുന്നു. വിശ്വസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം പാശ്ചാത്യ സാഹിത്യ വിമര്‍ശന ശൈലികള്‍ മലയാളത്തിലേക്കും പറിച്ചുനട്ടു. പ്രൌഢവും സരസവുമായ ഗദ്യശൈലിക്കുടമായിരുന്നു പോള്‍. ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിനു രൂപം നല്‍കാന്‍ ശ്രമിച്ചെങ്കിലും അതിനു മുന്‍പു അന്തരിച്ചു .

ആദര്‍ശശാലിയായ പോള്‍ മുട്ടുകുത്താന്‍ തയ്യാറാവാത്തതു കോണ്ടു മാത്രമാണ് ബലിയാടാക്കപ്പെട്ടത്. ഇതിന് കത്തോലിക്ക പുരോഹിത സഭ കനത്ത വിലയാണ് ആവശ്യപ്പെട്ടത്. കള്ള പ്രചരണങ്ങള്‍ അഴിച്ചു വിട്ട് പോളിനെ തിരെ സാമുദായിക ഭ്രഷ്ട് വരെ ആവശ്യപ്പെട്ടു. ഇതിനായി പള്ളിയും ധ്യാനകേന്ദ്രങ്ങളും നിര്‍ലോഭം ഉപയോഗിച്ചു. ഈ വിരോധം അദ്ദേഹത്തിന്റെ മരണശേഷവും തുടര്‍ന്നു. 1952-ല്‍ അദ്ദേഹം അന്തരിച്ചപ്പോള്‍ പള്ളിവക ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കാന്‍ സഭാ നേതൃത്വം വിസമ്മതിച്ചു. സഭാ വിരോധികള്‍ക്കും പാഷണ്ഡികള്‍ക്കും നീക്കിവച്ചിരിക്കുന്ന തെമ്മാടിക്കുഴിയില്‍ പോളിനെ സംസ്കാരിക്കാനായിരുന്നു സഭാ നേതൃത്വത്തിന്റെ തീരുമാനം.
അദ്ദേഹം രചിച്ച ‘സൗന്ദര്യ നിരീക്ഷണം’ എക്കാലവും പ്രസക്തമായ രചനയാണ്.

Top