ഐ.ഐ.എം ക്യാറ്റ് ഡിസംബര്‍ നാലിന്

415
0
Share:

മാനേജ്മെന്‍റ് പോസ്റ്റ്ഗ്രാജ്വേറ്റ് (പി.ജി) പഠനത്തിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെന്‍റ് (ഐ.ഐ.എം) നടത്തുന്ന പൊതുപ്രവേശ പരീക്ഷ പി.ജി ഫെലോ (iim cat 2016) ഡിസംബര്‍ നാലിന് തെരഞ്ഞെടുക്കപ്പെട്ട 135 കേന്ദ്രങ്ങളിലായി നടത്തും.
ഐ.ഐ.എം-കാറ്റ് 2016 രജിസ്ട്രേഷന്‍ ഫീസ് പൊതുവിഭാഗങ്ങളിലും നോണ്‍ ക്രീമിലെയര്‍ ഒ.ബി.സി വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും 1700 രൂപയാണ്. എന്നാല്‍, പട്ടിക ജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍ (pwd) എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 850 രൂപമതി. ഈ വിഭാഗങ്ങളില്‍പെടുന്നവര്‍ അവരുടെ അര്‍ഹതാ സര്‍ട്ടിഫിക്കറ്റിന്‍െറ പകര്‍പ്പ് രജിസ്ട്രേഷന്‍ സമയത്ത് അപ്ലോഡ് ചെയ്യാന്‍ മറക്കരുത്.
കാറ്റ് രജിസ്ട്രേഷന്‍ വിന്‍ഡോ ആഗസ്റ്റ് എട്ടിന് തുറക്കുന്നതാണ്. സെപ്റ്റംബര്‍ 22ന് വൈകീട്ട് 5 മണിവരെ www.iimcat.ac.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം.
180 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ ടെസ്റ്റ് രണ്ട് സെഷനുകളായി ക്രമീകരിച്ചിട്ടുണ്ട്. ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, ഡാറ്റാ ഇന്‍റര്‍പ്രട്ടേഷന്‍ ആന്‍ഡ് ലോജിക്കല്‍ റീസനിങ്, വെര്‍ബല്‍ ആന്‍ഡ് റീഡിങ് കോംപ്രിഹെന്‍ഷന്‍ എന്നീ മൂന്ന് സെക്ഷനുകളായി 100 ചോദ്യങ്ങളുണ്ടാവും. ചോദ്യങ്ങള്‍ മള്‍ട്ടിപ്പ്ള്‍ ചോയ്സ് മാതൃകയിലും നേരിട്ട് ഉത്തരം ടൈപ് ചെയ്യേണ്ട രീതിയിലുമായിരിക്കും. ഓരോ സെക്ഷനും ഉത്തരം കണ്ടത്തെുന്നതിന് 60 മിനിറ്റ് സമയം ലഭിക്കും. ഈ കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷാ രീതി മനസ്സിലാക്കുന്നതിന് www.iimcat.ac.in എന്ന വെബ്സൈറ്റിലെ മോക്ടെസ്റ്റുകളും ട്യൂട്ടോറിയല്‍സും ഉപയോഗപ്പെടുത്താവുന്നതാണ്.
രജിസ്ട്രേഷനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ടാവും. വെബ്സൈറ്റില്‍ ലഭ്യമാകുന്ന 135 ടെസ്റ്റ്സെന്‍ററുകളില്‍നിന്നും നാലെണ്ണം മുന്‍ഗണനാക്രമത്തില്‍ തെരഞ്ഞെടുത്ത് രജിസ്ട്രേഷനില്‍ ഉള്‍പ്പെടുത്തണം. ഐ.ഐ.എം കാറ്റ്-2016ന് ഒറ്റ രജിസ്ട്രേഷന്‍ സമര്‍പ്പിച്ചാല്‍ മതി. ഒക്ടോബര്‍ 18 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
50 ശതമാനം മാര്‍ക്കില്‍/തുല്യ CGPA യില്‍ കുറയാതെ അംഗീകൃത വാഴ്സിറ്റി/സ്ഥാപനത്തില്‍നിന്നും ബാച്ചിലേഴ്സ് ഡിഗ്രി എടുത്തവര്‍ക്കും ഫൈനല്‍ യോഗ്യതാപരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും ഐ.ഐ.എം കാറ്റ്-2016ന് രജിസ്റ്റര്‍ ചെയ്യാം. SC/ST/PWD വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 45 ശതമാനം മതി.
മാനേജ്മെന്‍റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഫെലോ പ്രോഗ്രാമുകളിലേക്കുള്ള സെലക്ഷന് ഓരോ ഐ.ഐ.എമ്മിനും സ്വന്തമായ യോഗ്യതാ മാനദണ്ഡങ്ങളുണ്ട്. ഉയര്‍ന്ന കാറ്റ് സ്കോര്‍, വര്‍ക്ക് എക്സ്പീരിയന്‍സ് തുടങ്ങിയവ പരിഗണിച്ച് ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കി ഗ്രൂപ് ചര്‍ച്ച, ഇന്‍റര്‍വ്യൂ എന്നിവ നടത്തി ഇതില്‍ തിളങ്ങുന്നവരെയാണ് അഡ്മിഷന് പരിഗണിക്കുക. ഓരോ ഐ.ഐ. എമ്മിന്‍െറയും അഡ്മിഷന്‍ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും അതത് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ വെബ്സൈറ്റില്‍ ലഭ്യമാകും.
കോഴിക്കോട്, അഹ്മദാബാദ്, അമൃത്സര്‍, ബംഗളൂരു, ബോധ്ഗയ, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ജമ്മു, കാഷിപുര്‍, ലഖ്നോ, നാഗ്പുര്‍, റായ്പുര്‍, റാഞ്ചി, രോഹ്തക്, സാമ്പല്‍പുര്‍, ഷില്ളോങ്, സിര്‍മൗര്‍, തിരുച്ചിറപ്പള്ളി, ഉദയ്പുര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് പ്രവര്‍ത്തിക്കുന്നത്. മാനേജ്മെന്‍റ് പി.ജി പ്രോഗ്രാമുകള്‍ എല്ലാ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലുമുണ്ട്. ഡോക്ടറല്‍ പ്രോഗ്രാമിന് സമാനമായ മാനേജ്മെന്‍റ് ഫെലോ പ്രോഗ്രാമുകള്‍ അഹ്മദാബാദ്, ബംഗളൂരു, കൊല്‍ക്കത്ത, ഇന്ദോര്‍, കാഷിപുര്‍, കോഴിക്കോട്, ലഖ്നോ, റായ്പുര്‍, റാഞ്ചി, രോഹ്തക്, ഷില്ളോങ്, തിരുച്ചിറപ്പള്ളി, ഉദയ്പുര്‍ ഐ.ഐ.എമ്മുകളില്‍ മാത്രമേ നടത്തുന്നുള്ളൂ. മികച്ച പഠന സൗകര്യങ്ങളാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റുകളിലുള്ളത്. ഓരോ ഇന്‍സ്റ്റിറ്റ്യൂട്ടിലും ലഭ്യമായ കോഴ്സുകളും പ്രവേശ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും അതത് ഐ.ഐ.എമ്മുകളുടെ വെബ്സൈറ്റില്‍ ലഭിക്കും.
ഐ.ഐ.എം. കാറ്റ്-2016 സംബന്ധിച്ച വിവരങ്ങള്‍ www.iimcat.ac.in എന്ന വെബ്സൈറ്റിലും കോഴിക്കോട് ഐ.ഐ.എമ്മിന്‍െറ വിവരങ്ങള്‍ www.iimk.ac.in, തിരുച്ചിറപ്പള്ളി ഐ.ഐ.എമ്മിന്‍െറ വിവരങ്ങള്‍ www.iimtrichy.ac.in എന്നീ വെബ്സൈറ്റുകളിലും ലഭ്യമാകും. ഐ.ഐ.എമ്മുകളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബഹുരാഷ്ട്ര കമ്പനികളിലും മറ്റും ആകര്‍ഷകമായ ശമ്പളത്തില്‍ തൊഴില്‍ ലഭിക്കും.

Share: