എഞ്ചിനീയറിംഗ് / ഫാര്‍മസി ഒഴിവുള്ള സീറ്റുകളിലേക്ക് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Share:

സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത/യൂണിവേഴ്സിറ്റി നിയന്ത്രിത സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലും സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലും നിലവിലുണ്ടായിരുന്ന ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായുള്ള ഓണ്‍ലൈന്‍ അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. വിദ്യാര്‍ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളേജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങള്‍ എന്നിവ വിദ്യാര്‍ഥിയുടെ അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് നിര്‍ബന്ധമായും എടുക്കേണ്ടതാണ്.

ഈ ഘട്ടത്തില്‍ പുതുതായോ മുന്‍ ഘട്ടത്തില്‍ ലഭിച്ച അലോട്ട്മെന്റില്‍നിന്ന് വ്യത്യസ്തമായോ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അടയ്ക്കേണ്ടതുമായ ഫീസ്/അധികതുക 8 വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഓണ്‍ലൈനായോ ഒടുക്കിയശേഷം അഞ്ചുമുതല്‍ എട്ടുവരെ തീയതികളില്‍ അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്.

എട്ടിന് ശേഷം സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത/യൂണിവേഴ്സിറ്റി നിയന്ത്രിത സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലും സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലും ഒഴിവുകള്‍ നിലനില്‍ക്കുന്നപക്ഷം അവ അതത് കോളേജ് അധികാരികള്‍ക്ക് സ്പോട്ട് അഡ്മിഷന്‍ മുഖേന 15നകം നികത്താം. 15ന് വൈകിട്ട് അഞ്ചിന് മുമ്പായി സ്പോട്ട് അഡ്മിഷന്‍ വഴി ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിന് എല്ലാ കോളേജ് അധികാരികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Share: