സാക്ഷരതക്കുമപ്പുറം – ബി എസ് വാരിയർ
സാക്ഷരതയുടെ കാര്യത്തിൽ എന്നും മുൻപന്തിയിൽ നിന്നിട്ടുള്ള കേരളം നൂറു ശതമാനം സാക്ഷരതയിലെത്തി എന്ന് നാം അഭിമാനിക്കുന്നു.പക്ഷെ സാക്ഷരത എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്തെന്നു ഇനിയും കൃത്യമായി നിർവ്വചിക്കപ്പെട്ടു കണ്ടിട്ടില്ല. ബസ്സിൻറെ ബോർഡോ പത്രത്തിലെ തലക്കെട്ടോ തപ്പിത്തടഞ്ഞു വായിച്ചൊപ്പിക്കുന്ന ആൾ യഥാർത്ഥത്തിൽ സാക്ഷരാണോ? വീട്ടുകാര്യം കഷ്ടി പുഷ്ടിയായി എഴുതിയൊപ്പിച്ചു ബന്ധുക്കൾക്കെഴുതി അയക്കുന്നയാൾ സാക്ഷരനാണോ? അതോ അച്ചടിച്ച് കാണുന്ന കാര്യങ്ങൾ അപ്പടി വെട്ടി വിഴുങ്ങുന്നതിനു പകരം അവ യുക്തിപൂർവ്വം വായിച്ചു വിശകലനം ചെയ്ത് വിലയിരുത്തുകയും വിവരങ്ങൾ വ്യക്തമായും തെറ്റില്ലാതെയും എഴുതി ഫലിപ്പിക്കുകയും ചെയ്യാൻ കഴിയുന്ന ആളെ മാത്രം സാക്ഷരനെന്ന് കരുതുന്നതാണോ ശരി ?
വായനയുടെ അനുഗ്രഹങ്ങൾ
വായിക്കാൻ കഴിയുന്നവൻ ഭാഗ്യവാനാണ്. നേരിട്ട് ചെന്നെത്താൻ കഴിയാത്ത സ്ഥലങ്ങൾ , നേരിൽ കാണാൻ കഴിയാത്ത വ്യക്തികൾ , ജനസമൂഹങ്ങൾ, സംഭവങ്ങൾ തുടങ്ങിയവയെപ്പറ്റി വായിച്ചുമനസ്സിലാക്കുക , നൂറ്റാണ്ടുകളായി മാനവരാശി ആർജ്ജിച്ചുവെച്ചിട്ടുള്ള സംസ്ക്കാര സമ്പത്തുമായി സമ്പർക്കത്തിലേർപ്പെടുക, മഹാൻമാരുടെ മനസ്സുകളെ അവരെഴുതിയ വരികളിലൂടെ സ്പർശിക്കാൻ കഴിയുക എന്നിവ വായനവഴി കൈവരിക്കാൻ കഴിയുന്ന സൗകര്യങ്ങളത്രെ.വ്യക്തിത്വം രൂപവൽക്കരിക്കപ്പെടുന്നതിൽ വായനക്ക് വലിയ പങ്കുണ്ട്.തന്നെയുമല്ല വായിക്കാൻ അറിയാത്തവൻറെ വ്യക്തിത്വരൂപവൽക്കരണത്തിൽ വൈകല്യങ്ങൾ പലതുമുണ്ടാകുകയും ചെയ്യും. വിഭിന്ന സംസ്ക്കാരങ്ങളും മൂല്യങ്ങളും ചിന്താധാരകളുമായി വായന വഴിയെങ്കിലും സമ്പർക്കത്തിൽ വരുന്നത് ജീവിതത്തോടുള്ള സമീപന രീതികളിൽ നിർണ്ണായകമായ മാറ്റങ്ങൾ വരുത്തും.ഇത് വ്യക്തിത്വത്തെ സ്വാധീനിക്കുകയും ചെയ്യും.
Reading maketh a full man ,
Conference a ready man ,
And Writing an Exact man
എന്ന് ഫ്രാൻസിസ് ബേക്കൺ പറഞ്ഞത് ഓർക്കുക.
പക്ഷെ, വെറുതെ വായിച്ചതുകൊണ്ടായില്ല.ത്യാജ്യ-ഗ്രാഹ്യ വിവേചനബുദ്ധിയോടെ ആയിരിക്കണം വായന. തള്ളേണ്ടത് തള്ളുക. കൊള്ളേണ്ടത് കൊള്ളുക . ഇതിനുപകരം അച്ചടിച്ചതെന്തും സത്യമെന്ന് നിനച്ചാൽ ദോഷകരമായ പല സ്വാധീനങ്ങൾക്കും നാം വിധേയരായിപ്പോകും. അറിവിന് വേണ്ടിയല്ലാതെ വിനോദം മുഖ്യലക്ഷ്യമാക്കിയുള്ള വായനയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ബാല്യത്തിൽ വെറും വിനോദമെന്ന് കരുതുന്ന തരത്തിലുള്ള വായന യൗവ്വനത്തിലേക്കെന്നല്ല വാർദ്ധക്യത്തിലേക്കും കൂടെ കൊണ്ടുപോകാവുന്നതാണ്. നേരം പോകുന്നില്ലെന്ന പരാതി നല്ല വായനക്കാരനിൽനിന്ന് ഒരിക്കലും വരാൻ ഇടയില്ല.
എന്താണ് വായന?
വായന കേവലം ഒരു യാന്ത്രിക കൗശലം മാത്രമാണോ? അക്ഷരങ്ങളിൽ ദൃഷ്ടി പതിയുകയും അതനുസരിച്ചു ചുണ്ടുകൾ ചലിക്കുകയും ചെയ്‌താൽ വായനയായോ? കുട്ടികൾ ഉറക്കെ വായിക്കുന്നത് കേട്ട് അവർ പഠിക്കുകയാണെന്നു മാതാപിതാക്കൾ പോലും പലപ്പോഴും തെറ്റിദ്ധരിക്കാറില്ലേ?
വായന എന്നത് സങ്കീർണ്ണമായ മാനസിക വ്യാപാരമാണ്. എഴുത്തുകാരൻറെ മനസ്സിലുള്ള ചിത്രങ്ങൾ അക്ഷരങ്ങളാകുന്ന പ്രതീകങ്ങളാൽ സൂചിപ്പിക്കപ്പെടുന്നു. ഇവ ശ്രദ്ധിക്കപ്പെടുന്ന വായനക്കാരൻറെ മനസ്സിൽ എഴുത്തുകാരൻറെ ഉള്ളിലുണ്ടായിരുന്ന ചിത്രങ്ങളുടെ പ്രതിശ്ചായ രൂപം കൊള്ളുകവഴി ആശയം ഒരു മനസ്സിൽ നിന്ന് മറ്റൊരു മനസ്സിലേക്ക് പകരുന്നു. ഈ പ്രക്രിയയാണ് വായന. പ്രതീകങ്ങൾ ചമയ്ക്കുന്നതിൽ എഴുത്തുകാരൻ കാട്ടുന്ന വൈദഗ്ദ്ധ്യം , വായനക്കാരൻറെ പദപരിചയം , ആശയ ഗ്രഹണ സാമർഥ്യം എന്നിവയെ ആശ്രയിച്ചിരിക്കും വിനിമയത്തി ൻറെ മികവ്. പുസ്തകത്തിൻറെ താളിൽ ഉള്ളത് മഷി മാത്രമാണ്. ആശയങ്ങളുടെ സ്ഥാനമാകട്ടെ മനസ്സിൻറെ ഉള്ളും. ആശയം മനസ്സിൻറെ ഉള്ളിലേക്ക് പകർന്നു കിട്ടുന്ന പ്രക്രിയയികൾ ചുണ്ടുകളുടെ ചലനത്തിനോ വായനയുടെ ശബ്ദത്തിനോ വലിയ പങ്കില്ല.