‘ആയിരം ദിവസങ്ങൾക്കുള്ളിൽ ആറുവരിപ്പാത’

729
0
Share:

കേരളം ചരിത്രപരമായ ഒരു വികസനക്കുതിപ്പിലാണ്.
വർഷങ്ങളായി കാത്തിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി ആയിരം ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്നു ഗൗതം അദാനി തറപ്പിച്ച് പറയു മ്പോൾ, കേരളത്തിൻറെ ലോകനിലവാരത്തിലുള്ള കുതിച്ചു ചാട്ടമാണ് മുന്നിൽ തെളിയുന്നത് .
തുറമുഖങ്ങളുടെ വളർച്ച നാടിൻറെ വികസനത്തിന്‌ എത്രമാത്രം സഹായകമാകുന്നു എന്നതിന് ഉദാഹരണമായി കൊച്ചി നമുക്ക് മുന്നിലുണ്ട്.
ദുബായിയും കൊളംബോയും സിങ്കപ്പൂരും കൈയ്യടക്കി വെച്ചിരുന്ന അപ്രമാദിത്തം കേരളത്തിന്‌ കൈവരികയാണ്‌, വിഴിഞ്ഞം തുറമുഖം പൂർത്തിയാകുന്നതോടെ .
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി ദത്ത തുറമുഖം എന്ന ഖ്യാതിയും വിഴിഞ്ഞത്തിനു ലഭിക്കും.
ലോകത്ത് ഇന്നുള്ള ഏറ്റവും വലിയ കപ്പൽ വരെ നങ്കൂരമിടാൻ കഴിയുന്ന ഇന്ത്യയിലെ ഏക തുറമുഖം. ഭാരതത്തിൻറെ , അല്ല. ഉപഭൂഖണ്ഡത്തിന്റെ, തെക്കേ അറ്റത്ത്‌ യാധാര്ധ്യ മാകുമ്പോൾ കേരള വികസനത്തിൽ ഒരു പുതിയ അദ്ധ്യായം എഴുതി ചേർക്കുകയാണ് .

ഭാരതത്തിൻറെ മുഴുവൻ ചരക്കു ഗതാഗത്തിന്റെ സിരാകേന്ദ്രമാകാൻ കേരളം ഒരുങ്ങുമ്പോൾ , തിരുവനന്തപുരം കേരളത്തിൻറെ വ്യവസായനഗരം ആകുമെന്നതിൽ തർക്കമില്ല . വിനോദ സഞ്ചാര രംഗത്തും വിഴിഞ്ഞം കേരളത്തിന്‌ വാൻ സാധ്യതയാണ് തുറന്നു തരുന്നത്. വൻകിട ചരക്കു കപ്പലോടൊപ്പം ആയിരക്കണക്കിന് വിനോദ സഞ്ചാരികളേയും വഹിച്ചുകൊണ്ടുള്ള ക്രൂസ് കപ്പലുകളും വിഴിഞ്ഞത്തടുക്കും. പദ്ധതിയുടെ ഭാഗമായി ഉണ്ടാകുന്ന മികച്ച റോഡുകളും റെയിൽ സൗകര്യം, ഹോട്ടൽ , മറ്റു താമസ സൌകര്യങ്ങൾ എന്നിവയും തിരുവനന്തപുരത്തിന് പുതിയമുഖശ്ചായ നല്കും.
ആയിരം ദിവസങ്ങൾക്കു ശേഷം വൻകിട കപ്പലുകൾ വിഴിഞ്ഞത്തടുക്കുമ്പോൾ സംസ്ഥാനം നേരിടാൻ പോകുന്ന ഒരു വലിയ പ്രശ്നം നാം മുന്നിൽ കാണണം. ചരക്കുനീക്കത്തിനും മറ്റു യാത്രാസൗകര്യങ്ങൾക്കും റോഡുകളുടെ വികസനം എത്രമാത്രം അനിവാര്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. നമ്മുടെ ദേശീയപാത നാലുവരിപ്പാത എന്ന സ്വപ്നത്തിന് നാല്പത്തിഅഞ്ച് വർഷത്തെ പഴക്കമാണ ുള്ളത് . നമ്മുടെ റോഡുകളുടെ ദയനീയാവസ്ഥ ഇത്തരം വളർച്ചകളിലും നമ്മെ ഭയപ്പെടുത്തുന്നു. ഭാരതം മുഴുവനുള്ള ചരക്കുകളും വിനോദ സഞ്ചാരികളും തിരുവനന്തപുരത്തുനിന്നും നീങ്ങാൻ തുടങ്ങുമ്പോൾ കേരളത്തിലെ റോഡുകൾക്ക് അത് താങ്ങാനുള്ള ശേഷിയുണ്ടോ എന്ന് നാം ചിന്തിക്കണം.
അനുദിനം നഗരമായിക്കൊണ്ടിരിക്കുന്ന കേരളത്തിൽ റോഡപകടങ്ങൾ വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിൽ വാഹനങ്ങളുടെ എണ്ണം 24 ലക്ഷത്തിൽ നിന്നും 55 ലക്ഷമായി. അന്തർദേശീയ നിലവാരമുള്ള എല്ലാ ഹൈ ടെക് വാഹനങ്ങളും നമ്മുടെ നിരത്തിലൂടെ പായുമ്പൊഴും നമ്മുടെ റോഡുകൾ ആധുനികമാകുന്നില്ല. കഴിഞ്ഞ വർഷമുണ്ടായ 35216 അപകടങ്ങളിൽ 4258 പേരാണ് മരിച്ചത്. പരുക്ക് പറ്റി ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം അതിലുമേറെ. വാഹനങ്ങൾ തിങ്ങി നീങ്ങുന്ന നിരത്ത് മുറിച്ചു കടക്കാൻ നഗരങ്ങളിൽ പോലും സംവിധാനങ്ങൾ ഉണ്ടാകുന്നില്ല. ചീറിപ്പായുന്ന വാഹനങ്ങൾ കീഴടക്കിയിരിക്കുന്ന നിരത്ത് മുറിച്ചു കടക്കാൻ ഗ്രാമവാസികൾക്കും കഴിയുന്നില്ല.
ആയിരം ദിവസങ്ങൾ കൊണ്ട് വിഴിഞ്ഞം പദ്ധതി പൂർത്തിയാകുമ്പോൾ നമുക്ക് വേണ്ടത് ആറുവരി പാതയും അതിനനുസൃതമായ സൗകര്യങ്ങളുമാണ്‌ . മികച്ച പദയാത്രാ സൗകര്യങ്ങളും സിഗ്നലിംഗ് സംവിധാനങ്ങളും അതോടൊപ്പം ഉണ്ടാകണം.
പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാതെ ഒരു നാടിനും വികസനമില്ല. ഹൈടെക് സ്വപ്‌നങ്ങൾ പൂവണിയുമ്പോൾ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും നാം ആലോചിക്കണം. റോഡ്‌ വികസനത്തിൻറെ കാര്യത്തിൽ നാമിപ്പോഴും അര നൂറ്റാണ്ട് പുറകിലാണ്. മാലിന്യ സംസ്കരണത്തിനും മാലിന്യ മൊഴിവാക്കുന്നതിനും ഉള്ള ആധുനിക സൗകര്യങ്ങൾ നമുക്കിനിയും ഒരുക്കാൻ കഴിഞ്ഞിട്ടില്ല. റോഡുവക്കിൽ മൂത്രമൊഴിക്കുക എന്ന പ്രാകൃത രീതിയിൽ നിന്നും നമുക്കിനിയും വളരാൻ കഴിഞ്ഞിട്ടില്ല.
വികസനത്തിനായി കോടികളുടെ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ നാം എവിടെ നില്ക്കുന്നു എന്ന കാര്യത്തിൽ കൂടി ശ്രദ്ധ വേണം.
റോഡ്‌ വികസനമാണ് അതിൽ പ്രധാനം.റോഡുകൾ കുരുതിക്കളങ്ങളാകരുത് . മൂത്രപ്പുരകളാകരുത് .
‘ആയിരം ദിവസങ്ങൾക്കുള്ളിൽ ആറുവരിപ്പാത’ എന്നു കൂടി നാമിപ്പോൾ ചിന്തിക്കണം.

Share: