സംസ്ഥാന മെഡിക്കല്‍, എന്‍ജിനീയറിങ് എൻട്രൻസ് എക്സാം ഫലപ്രഖ്യാപനം വൈകിയേക്കും

537
0
Share:

സംസ്ഥാന മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷയുടെ ഫലപ്രഖ്യാപനം വൈകിയേക്കും. ഫലം ഏതാണ്ടു തയാറായിക്കഴിഞ്ഞെങ്കിലും നിയമ തടസ്സങ്ങള്‍ ഉള്ള സാഹചര്യത്തിലാണു പ്രഖ്യാപനം നീളുന്നത്. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ഈ വര്‍ഷം അഖിലേന്ത്യാ തലത്തില്‍ ഏകീകൃത പ്രവേശനപ്പരീക്ഷ (നീറ്റ്) നടത്തുന്നത് ഒഴിവാക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ഓര്‍ഡിനന്‍സ് പുറത്തിറങ്ങുകയും അതിലെ വ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാരും പ്രവേശനപ്പരീക്ഷാ കമ്മിഷണറും പരിശോധിച്ച്‌ ഉറപ്പുവരുത്തുകയും ചെയ്താല്‍ മാത്രമേ ഫല പ്രഖ്യാപനം നടക്കൂ.
ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ അനുസരിച്ച്‌ ഈ വര്‍ഷം സംസ്ഥാന മെഡിക്കല്‍ പ്രവേശനപ്പരീക്ഷയുടെ ഫല പ്രഖ്യാപനത്തിനു നിയമ തടസ്സമില്ലെന്നു ബോധ്യപ്പെടണം. അല്ലെങ്കില്‍ കോടതിയലക്ഷ്യമായി മാറുകയും പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ കോടതി കയറേണ്ടി വരികയും ചെയ്യും. ഇതിനായാണു ഫല പ്രഖ്യാപനം നീട്ടുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇറക്കാന്‍ പോകുന്ന ഓര്‍ഡിനന്‍സിനെതിരെ ആരെങ്കിലും സുപ്രീംകോടതിയെ സമീപിക്കുകയോ സുപ്രീംകോടതി സ്വമേധയാ ഇടപെടുകയോ ചെയ്യുമോയെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്.
പുതിയ മന്ത്രിസഭയും വിദ്യാഭ്യാസ, ആരോഗ്യ മന്ത്രിമാരും അടുത്തയാഴ്ച സ്ഥാനം ഏല്‍ക്കുമെന്നതിനാല്‍ പുതിയ മന്ത്രിക്കു ഫല പ്രഖ്യാപനം നടത്താന്‍ സാധിച്ചേക്കും. സംസ്ഥാന പ്രവേശനപ്പരീക്ഷയുടെ ഫലം അല്‍പം വൈകിയാലും നീറ്റ് ഒഴിവാക്കുന്നതു വലിയ ആശ്വാസമാകുമെന്നു വിദ്യാര്‍ഥികളും രക്ഷിതാക്കളും കരുതുന്നു. സംസ്ഥാനത്തിന്റെ ഈ വികാരം കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറി അറിയിച്ചിരുന്നു. ഈ മാസം 25നു സംസ്ഥാന പ്രവേശനപ്പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്.

Share: