വ്യാജ തൊഴില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ കരുതിയിരിക്കുക -നോർക്ക

651
0
Share:

വ്യാജ തൊഴില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ കരുതിയിരിക്കണമെന്ന് തൊഴില്‍ തേടുന്ന ഇന്ത്യക്കാരെ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി അറിയിച്ചു. കേരള സര്‍ക്കാറിന്റെ പ്രവാസി കാര്യ വകുപ്പായ നോര്‍കയാണ് മുന്നറിയിപ്പ് പുറത്തിറക്കിയത്. ബെംഗളൂരു ആസ്ഥാനമായ സ്വകാര്യ സ്ഥാപനം കുവൈത്തിലെ ഒരു എണ്ണക്കമ്പനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ചും അവരില്‍ നിന്നും കനത്ത തുക അതിനായി ഈടാക്കുന്നത് സംബന്ധിച്ചും അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്.

നോര്‍കയിലൂടെ റിക്രൂട്ട്‌മെന്റ് നടത്താന്‍ ഏതെങ്കിലും സ്വകാര്യ ഏജന്‍സികള്‍ക്ക് പണവും പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും നല്‍കരുതെന്ന് അധികൃതര്‍ ഉണര്‍ത്തി. തൊഴില്‍ തേടുന്നവര്‍ക്കിടയില്‍ പണം ശേഖരിക്കാനും ആളുകളുടെ തെരഞ്ഞെടുപ്പിനുമായി മധ്യവര്‍ത്തികളായി ആരെയും നോര്‍ക ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഏജന്‍സി മുന്നറിയിപ്പില്‍ പറഞ്ഞു. ഈ വിഷയത്തില്‍ സ്വാധീനിക്കാനും മോശമായി പെരുമാറാനും ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നിയമ നടപടികള്‍ അവര്‍ക്കെതിരെ സ്വീകരിക്കുന്നതാണ്.

വിജിലന്‍സ് അന്വേഷണത്തിന് റഫര്‍ ചെയ്യുകയും ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ 20,000 രൂപ മാത്രമേ സര്‍വീസ് ചാര്‍ജായി നല്‍കേണ്ടതുള്ളൂ. നോര്‍ക റൂട്‌സ് സിഇഒയുടെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റ് ആയാണ് ഈ തുക ഒടുക്കേണ്ടത്. തൊഴില്‍ നല്‍കാമെന്ന് സൂചിപ്പിച്ചു കൊണ്ട് ആരെങ്കിലും ആളുകളെ സമീപിക്കുന്നുണ്ടെങ്കില്‍ നോര്‍ക സിഇഒയെ അക്കാര്യം അറിയിക്കേണ്ടതാണ്. കര്‍ശന വ്യവസ്ഥകളും ചട്ടങ്ങളുമുണ്ടെങ്കിലും തൊഴിലാളികള്‍, വിശേഷിച്ചും മലയാളി സ്ത്രീകള്‍ ഇപ്പോഴും ഇത്തരം വ്യാജ സംഘങ്ങളുടെ പിടിയിലകപ്പെടുന്നുണ്ടെന്നും അങ്ങനെ അവര്‍ അനധികൃതമായി വിദേശങ്ങളിലേക്ക് എത്തപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ മൂന്നു സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച രണ്ടു സ്വകാര്യ ഏജന്‍സികള്‍ക്കും മാത്രമാണ് അധികാരം നൽകിയിട്ടുള്ളൂ. നോര്‍ക റൂട്‌സ് കേരള, ഒഡെപെക് (ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്റ് എംപ്‌ളോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ്) കേരള, ചെന്നൈയിലെ ഒ.എം.സി (ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍) ലിമിറ്റഡ് എന്നിവക്കാണ് ഇന്ത്യന്‍ നഴ്‌സുമാരുടെ വിദേശ റിക്രൂട്ട്‌മെന്റ് ചുമതലയെന്നും നോർക്ക പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

റിക്രൂട്ട്‌മെന്റില്‍ യു.പി.എഫ്.സി(ഉത്തര്‍പ്രദേശ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍)യെയും ടി.ഒ.എം.സി(തെലങ്കാന ഓവര്‍സീസ് മാന്‍പവര്‍ കമ്പനി)യെയും ആഗസ്ത് 4ന് കേന്ദ്ര സര്‍ക്കാര്‍ അധികമായി ഉള്‍പ്പെടുത്തിയിരുന്നു.
റിക്രൂട്ട്‌മെന്റ് സുതാര്യമാവാന്‍ ഇമൈഗ്രേറ്റ് (ഡബ്‌ള്യു.ഡബ്‌ള്യു.ഡബ്‌ള്യു.ഇമൈഗ്രേറ്റ്.ജിഒവി.ഐഎന്‍) സമ്പ്രദായം 2015 മുതല്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്നു. കണിശമായ നിയന്ത്രണങ്ങളും ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ മുന്നോട്ടു വെച്ചിട്ടുണ്ട്.

Share: