മെഡിക്കൽ മാനേജ്മെന്റ് സീറ്റിലേക്കു പരീക്ഷ നടത്തില്ല
മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനു ദേശീയതലത്തിൽ ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടത്തണമെന്നും മാനേജ്മെന്റുകൾ പരീക്ഷ നടത്താൻ പാടില്ലെന്നുമുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഈ വർഷം മാനേജ്മെന്റ് സീറ്റിലേക്കു പ്രവേശന പരീക്ഷ ഉണ്ടാകില്ല. അതേസമയം, മെഡിക്കൽ പ്രവേശനം ഇനി എങ്ങനെ വേണമെന്ന കാര്യത്തിൽ നാളെ സുപ്രീം കോടതി എന്തു പറയുമെന്നു കാത്തിരിക്കുകയാണു സംസ്ഥാന സർക്കാർ.
സ്വാശ്രയ ഡെന്റൽ കോളജുകളിലെ 35% മാനേജ്മെന്റ് സീറ്റിലേക്കുള്ള (ബിഡിഎസ്) പ്രവേശനത്തിനായി 10നു ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന പരീക്ഷ റദ്ദാക്കി. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 50% മാനേജ്മെന്റ് (എംബിബിഎസ്) സീറ്റിലേക്കുള്ള പ്രവേശന പരീക്ഷയുടെ തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ അതും നടത്താനാവില്ലെന്നു സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റ്സ് അസോസിയേഷനെ ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
നാലു ക്രിസ്ത്യൻ സ്വാശ്രയ മെഡിക്കൽ കോളജുകൾ ഒഴികെയുള്ള സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മാനേജ്മെന്റ് സീറ്റിൽ ഈ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം നടത്തേണ്ടിയിരുന്നത്. കർണാടകയിലെ കോമെഡ് കെ പരീക്ഷയും റദ്ദാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, മാനേജ്മെന്റ് സീറ്റിലെ പ്രവേശനത്തിനു വിദ്യാർഥികൾ ഇനി നീറ്റ് എഴുതേണ്ട സാഹചര്യമാണ്.
മണിപ്പാൽ പരീക്ഷ റദ്ദാക്കി
സ്വകാര്യ സ്ഥാപനങ്ങൾ എംബിബിഎസ്, ബിഡിഎസ് പ്രവേശന പരീക്ഷകൾ നടത്തരുതെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മണിപ്പാൽ സർവകലാശാല നടത്താനിരുന്ന ഓൺലൈൻ പ്രവേശന പരീക്ഷകൾ റദ്ദാക്കി. മറ്റു കോഴ്സുകൾക്കുള്ള പരീക്ഷകൾ ഷെഡ്യൂൾ അനുസരിച്ചു നടക്കും. രണ്ടിന് ആരംഭിച്ച ഓൺലൈൻ പരീക്ഷയിൽ ഇതുവരെ പങ്കെടുത്തവർ ജൂലൈ 24നു നടക്കുന്ന നീറ്റ് പരീക്ഷയ്ക്കു ഹാജരാകണം.
തമിഴ്നാട്ടിൽ ഫോം വിതരണം നീട്ടിവച്ചു
മെഡിക്കൽ, ഡെന്റൽ ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ പൊതുപ്രവേശന പരീക്ഷ (നീറ്റ്) സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനത്തിനുള്ള അപേക്ഷാ ഫോം വിൽപന നീട്ടിവച്ചു. നാളെയാണു ഫോം വിൽപന ആരംഭിക്കാനിരുന്നത്. അതേസമയം, ഫോം വിതരണം നീട്ടുന്നതിനു നീറ്റുമായോ സുപ്രീം കോടതിയിലെ കേസുമായോ ബന്ധമില്ലെന്നു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആർ. വിമല പറഞ്ഞു. പ്ലസ് ടു ഫലം വൈകുന്നതിനാൽ ഫോം വിൽപനയും നീട്ടുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം.
ഈ മാസം 17നു പ്ലസ് ടു ഫലം പ്രഖ്യാപിച്ച ശേഷമേ പുതിയ തീയതി പ്രഖ്യാപിക്കൂ. തമിഴ്നാട്ടിൽ മെഡിസിൻ, എൻജിനീയറിങ് കോഴ്സുകളിലേക്കു പ്രവേശനപരീക്ഷയില്ല. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം. ഇതുമൂലം നഗര, ഗ്രാമ പ്രദേശങ്ങളിലെ വിദ്യാർഥികൾക്കു തുല്യ അവസരം ലഭിക്കുമെന്നാണു സംസ്ഥാന സർക്കാരിന്റെ അവകാശവാദം. പ്രവേശനപരീക്ഷ നിർത്തലാക്കി ഇത്തരത്തിൽ പ്രവേശനം നടത്താൻ പ്രത്യേക നിയമവും തമിഴ്നാട് പാസാക്കിയിട്ടുണ്ട്.
പ്രവേശനപരീക്ഷ സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുമ്പോഴും തമിഴ്നാട്ടിലെ കൽപിത മെഡിക്കൽ സർവകലാശാലകളെല്ലാം സ്വന്തം നിലയിൽ പ്രവേശനപരീക്ഷാ നടപടികളുമായി മുന്നോട്ടു പോകുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ പുതുച്ചേരിയിലെ ജിപ്മെറും ജൂൺ അഞ്ചിനുള്ള പ്രവേശനപരീക്ഷയുടെ നടപടികൾ നിർത്തിവച്ചിട്ടില്ല. എന്തു നിലപാട് സ്വീകരിക്കണമെന്നു ജിപ്മെർ അധികൃതർ ആരോഗ്യ മന്ത്രാലയത്തോട് ആരാഞ്ഞിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
കോമെഡ്– കെ റദ്ദാക്കൽ: മലയാളികൾ വലഞ്ഞു
കർണാടകയിലെ സ്വകാര്യ മാനേജ്മെന്റുകളുടെ കൂട്ടായ്മയായ കോമെഡ്-കെ ഇന്നു നടത്താനിരുന്ന മെഡിക്കൽ, ഡെന്റൽ പ്രവേശനപരീക്ഷ വെള്ളിയാഴ്ച രാത്രി റദ്ദാക്കിയതു കേരളമടക്കമുള്ള ഇതരസംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇന്നലെ രാവിലെയും പരീക്ഷാകേന്ദ്രങ്ങളിൽ ഇതുസംബന്ധിച്ച അറിയിപ്പു ലഭിച്ചിരുന്നില്ലെന്നു പരാതിയുണ്ട്.
കർണാടകയിൽ മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനു മലയാളി വിദ്യാർഥികൾക്കു കോമെഡ്–കെ പ്രവേശനപരീക്ഷ വഴി മാത്രമേ അവസരമുള്ളൂ. സ്വകാര്യ മാനേജ്മെന്റുകൾ പ്രവേശനപരീക്ഷ നടത്തുന്നതു തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു പരീക്ഷ റദ്ദാക്കുന്നതെന്നു കോമെഡ്–കെ സിഇഒ എ.എസ്. ശ്രീകാന്ത് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, എൻജിനീയറിങ് സീറ്റുകളിലേക്കുള്ള കോമെഡ്–കെ പ്രവേശനപരീക്ഷ പതിവു പോലെ നടക്കും.
അമൃത മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കി
15നു നടത്താനിരുന്ന അമൃത മെഡിക്കൽ പ്രവേശന പരീക്ഷ സുപ്രീം കോടതി വിധിയെത്തുടർന്നു റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. www.amrita.edu