പ്ലസ് വൺ പ്രവേശനം: ഫോക്കസ് പോയന്റുകൾ പ്രവർത്തനമാരംഭിച്ചു
ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്ന സഹായ കേന്ദ്രമായ ഫോക്കസ് പോയൻറുകൾ പ്രവർത്തനമാരംഭിച്ചു . സംസ്ഥാനത്തെ 75 താലൂക്ക് കേന്ദ്രങ്ങളിൽ മേയ് എട്ട് മുതൽ 19 വരെ പ്രവർത്തിക്കും. ഓരോ താലൂക്കിലും ഫോക്കസ് പോയൻറുകൾ പ്രവർത്തിക്കുന്ന സ്കൂളിെൻറ വിവരം സംസ്ഥാനത്തെ എല്ലാ ഹയർ സെക്കൻഡറി സ്കൂളിലും പ്രദർശിപ്പിക്കാൻ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷാകർത്താക്കൾക്കും വിവിധ സബ്ജക്ട് കോമ്പിനേഷനുകൾ പരിചയപ്പെടാനും ഓരോ വിഷയത്തിെൻറയും ഉപരിപഠന -തൊഴിൽ സാധ്യതകളെക്കുറിച്ച് വിവരം നൽകാനും വിദഗ്ധരായ അധ്യാപകരുടെ സേവനം ഫോക്കസ് പോയൻറുകളിൽ ഉറപ്പാക്കിയിട്ടുണ്ട്.
പൊതു അവധിദിനങ്ങളിൽ ഒഴികെ രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ സേവനം ലഭ്യമാകും. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻറ് കൗൺസലിങ് സെൽ ആണ് ഫോക്കസ് പോയൻറുകൾ സംഘടിപ്പിക്കുന്നത്.