‘നെസ്റ്റും’ ‘ജാമും’ എന്ത്, എന്തിന്?

Share:

-ബാബു പള്ളിപ്പാട്ട്

ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് ഏതെങ്കിലും വിധത്തിലുള്ള പ്രവേശന പരീക്ഷകള്‍ നടത്താറുണ്ട്. അന്തര്‍ദേശീയ നിലവാരമുള്ളവയാണ് ഇവയില്‍ പല പ്രവേശന പരീക്ഷകളും. ഐ.ഐ.ടി, ജെ.ഇ.ഇ (അഡ്വാന്‍സ്) ഈ വിധത്തിലുള്ള പ്രവേശന പരീക്ഷകളിലൊന്നാണ്. ഇത്തരം പ്രധാനപ്പെട്ട ചില പ്രവേശന പരീക്ഷകളെ പരിചയപ്പെടാം.

1. നാഷനല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (NEST)

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് -ഭുവനേശ്വര്‍, യൂനിവേഴ്സിറ്റി ഓഫ് മുംബൈയുടെ ഡിപ്പാര്‍ട്മെന്‍റ് ഓഫ് അറ്റോമിക് എനര്‍ജി സെന്‍റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് മുംബൈ (UM DAE-CBS) എന്നിവിടങ്ങളില്‍ നടക്കുന്ന ബേസിക് സയന്‍സിലേക്ക് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ നടത്തുന്ന പ്രവേശന പരീക്ഷയാണ് നെസ്റ്റ്. നെസ്റ്റ് ജയിച്ച് മുകളില്‍ സൂചിപ്പിച്ച സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയാല്‍ വിദ്യാര്‍ഥികളുടെ കരിയര്‍ പൂര്‍ണമായും ഉയര്‍ച്ചയിലേക്ക് നയിക്കുന്നതായിരിക്കും. അപൈ്ളഡ് സയന്‍സുകളായ എന്‍ജിനീയറിങ്ങും അനുബന്ധ പഠനമേഖലകളും വിദ്യാര്‍ഥികളുടെ ആധിക്യത്താല്‍ വീര്‍പ്പുമുട്ടുകയാണ്. ഫലമോ, ഇത്തരം അപൈ്ളഡ് സയന്‍സ് പഠിക്കുന്ന സിംഹഭാഗം വിദ്യാര്‍ഥികള്‍ക്കും അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ‘കരിയര്‍’ വളര്‍ച്ച ഉണ്ടാകാറില്ല. എന്നാല്‍, ബേസിക് സയന്‍സുകളായ ഊര്‍ജതന്ത്രം (physics),  രസതന്ത്രം (Chemistry), ഗണിതശാസ്ത്രം (mathematics), ജീവശാസ്ത്രം (Biology) എന്നിവയില്‍ ഉപരിപഠനം നടത്തിയാല്‍ ധാരാളം തൊഴിലവസരങ്ങളാണ് സ്വദേശത്തും വിദേശത്തും ലഭ്യമാവുക. മുകളില്‍ സൂചിപ്പിച്ച വിഷയങ്ങളില്‍ പഠനവും ഉപരിപഠനവും പൂര്‍ത്തീകരിക്കുന്നത് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് യൂനിവേഴ്സിറ്റി ഓഫ് മുംബൈയുടെ ഡിപ്പാര്‍ട്മെന്‍റ് ഓഫ് അറ്റോമിക് എനര്‍ജി സെന്‍റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സ് പോലുള്ള സ്ഥാപനങ്ങളില്‍നിന്നായാല്‍ അവസരങ്ങളുടെ എണ്ണവും ‘ഫ്യൂച്ചര്‍ കരിയര്‍ ഗ്രോത്തും’ പതിന്മടങ്ങ് വര്‍ധിക്കും.

ആര്‍ക്കാണ് ഈ പരീക്ഷ എഴുതാവുന്നത്?

സയന്‍സ് ബ്രാഞ്ചില്‍ പന്ത്രണ്ടാം ക്ളാസ് പഠിച്ച് 60 മാര്‍ക്ക് നേടിയ പൊതുവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് ഈ പരീക്ഷ എഴുതാം. എന്നാല്‍ എസ്.സി, എസ്.ടി കുട്ടികള്‍ക്കും ശാരീരിക വെല്ലുവിളികള്‍ അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്ളസ് ടുവിന് 55 ശതമാനം മാര്‍ക്ക് മതി. അഞ്ചു വര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദ ബിരുദാനന്തര പഠനമാണ് നെസ്റ്റ് പാസാകുന്നതിലൂടെ പ്രവേശം ലഭിക്കുന്ന പഠനമേഖലകള്‍. ഈ ഇന്‍റഗ്രേറ്റഡ് പഠനങ്ങള്‍ സയന്‍സ് വിഷയങ്ങളായ ഗണിതശാസ്ത്രം, ഊര്‍ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളിലാണ്. അഞ്ചു വര്‍ഷം പഠനകാലദൈര്‍ഘ്യമുള്ള എം.എസ്സി പ്രോഗ്രാമുകളാണ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് ഭുവനേശ്വര്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്നത്. ആകെ 132 സീറ്റുകളാണ് നെസ്റ്റിലുള്ളത്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡീംഡ് യൂനിവേഴ്സിറ്റിയായ ഹോമി ഭാഭ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ബിരുദങ്ങള്‍ നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.niser.ac.in
ഇതോടൊപ്പം നെസ്റ്റ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന യൂനിവേഴ്സിറ്റി ഓഫ് മുംബൈയുടെ ഡിപ്പാര്‍ട്മെന്‍റ് അറ്റോമിക് എനര്‍ജി സെന്‍റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് (UM DAE-CBS) അഞ്ചുവര്‍ഷം പഠന കാലഘട്ടമുള്ള ഇന്‍റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാം ഗണിതശാസ്ത്രം, ഊര്‍ജതന്ത്രം, രസതന്ത്രം, ഗണിത ശാസ്ത്രം എന്നീ  പ്രാഥമിക ശാസ്ത്രശാഖകളില്‍ പഠന-ഗവേഷണങ്ങള്‍ നടത്തുന്നു. ആകെ 47 വിദ്യാര്‍ഥികള്‍ക്കു മാത്രമേ പ്രവേശനം ലഭിക്കൂ. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബിരുദം നല്‍കുന്നത് മുംബൈ സര്‍വകലാശാലയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cbs.ac.in

II ജോയന്‍റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ എം.എസ്സി (JAM)

നാഷനല്‍ എന്‍ട്രന്‍സ് സ്ക്രീനിങ് ടെസ്റ്റ് (NEST) ബേസിക് സയന്‍സസില്‍ ബിരുദതലം മുതല്‍ ഗവേഷണതലംവരെ നടക്കുന്ന പഠനങ്ങള്‍ക്കുള്ള പൊതുപ്രവേശന പരീക്ഷയാണെങ്കില്‍ ‘ജാം’ എന്ന ജോയന്‍റ് അഡ്മിഷന്‍ ടെസ്റ്റ് രണ്ടു വര്‍ഷം പഠനദൈര്‍ഘ്യമുള്ള എം.എസ്സി, ജോയന്‍റ് എം.എസ്സി, പി.എച്ച്ഡി, എം.എസ്സി – പിഎച്ച്.ഡി ഡ്യുവല്‍ ബിരുദം, എം.എസ്സി – എം.ടെക് മുതലായ ബിരുദബിരുദാനന്തര പഠനം രാജ്യത്തെ മികച്ച ശാസ്ത്ര സാങ്കേതിക പഠനസ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-ഐ.ഐ.ടികളിലും ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും ഉപരിപഠനം നടത്തുന്നതിനുള്ള യോഗ്യതാപരീക്ഷയാണ്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും പരീക്ഷ എഴുതാനുള്ള അവസരമുണ്ട്. ഏഴ് വ്യത്യസ്തങ്ങളായ വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ജീവശാസ്ത്രം, രസതന്ത്രം, ഊര്‍ജതന്ത്രം, ഗണിതശാസ്ത്രം കൂടാതെ ബയോടെക്നോളജി, ജിയോളജി, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയാണ് വിഷയങ്ങള്‍.

യോഗ്യത

മുകളില്‍ സൂചിപ്പിച്ച ഏഴു വിഷയങ്ങളില്‍ ഏതിലെങ്കിലും 55 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം. 55 ശതമാനം മാര്‍ക്ക് ഭാഷാവിഷയങ്ങള്‍ക്കും, ബിരുദതലപഠനത്തിലെ സബ്സിഡിയറി വിഷയത്തിനും കൂടിയുള്ള മാര്‍ക്ക് ശതമാനമാണ്. 55 ശതമാനം മാര്‍ക്ക് പൊതുവിഭാഗത്തില്‍പെടുന്ന വിദ്യാര്‍ഥികള്‍ക്കാണ്. എസ്.സി, എസ്.ടി, മറ്റു ശാരീരിക വൈകല്യങ്ങളുള്ള വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം മാര്‍ക്കോടെ മുകളില്‍ സൂചിപ്പിച്ച ഏഴ് വിഷയങ്ങളിലേതിലെങ്കിലും ബിരുദം ഉണ്ടായാല്‍ മതി. ഓരോ വിഷയത്തിലും നടക്കുന്ന പരീക്ഷക്ക് പരീക്ഷാര്‍ഥിയുടെ പെര്‍ഫോമന്‍സിന്‍െറ അടിസ്ഥാനത്തില്‍ നേടിയിട്ടുള്ള മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍തന്നെ ഒരു റാങ്ക്ലിസ്റ്റ് തയാറാക്കും. ഈ റാങ്കിന്‍െറ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ളൂരിലെയും വിവിധ ബിരുദ-ബിരുദാനന്തര പഠന-ഗവേഷണ മേഖലയിലേക്കുള്ള പ്രവേശനം. ജാം പരീക്ഷ വിജയിക്കാതെ ആര്‍ക്കും പ്രവേശനം ലഭിക്കില്ല.
സാധാരണയായി ജോയന്‍റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ എം.എസ്സി (JAM)ക്ക് അപേക്ഷ ക്ഷണിക്കുന്നത് എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തിലാണ്. പരീക്ഷ മേയ്-ജൂണ്‍ മാസങ്ങളിലാണ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.jam.iitm.ac.in സന്ദര്‍ശിക്കുക.

Share: