ഡോ. എ പി ജെ യും സുബ്രമണ്യവും – രാജൻ പി. തൊടിയൂർ

” സ്വപ്‌നം കാണുക, ഊർജ്ജത്തോടെ പ്രവർത്തിക്കുക. സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമില്ലാത്തത് കുറ്റമാണ്.
കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാവു”. ഡോ .എ പി ജെയുടെ ഏറ്റവും പ്രധാനപ്പെട്ട വാക്കുകളാണ്.
ചെറുപ്പത്തിൽ പത്രവിതരണക്കാരനായി ആരംഭിച്ച ജീവിതം. ഈ സഹായത്തിന് ചെറിയ പാരിതോഷികം ലഭിക്കുമായിരുന്നു . ഇതായിരുന്നു തൻറെ ആദ്യത്തെ വേതനം എന്നു അദ്ദേഹം ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട് .
‘ഉയരങ്ങളിൽ പറക്കുക’ എന്ന സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ ഭൗതികശാസ്ത്രപഠനംകൊണ്ടു മാത്രം കാര്യമാവില്ല എന്ന് മനസ്സിലാക്കിയ കലാം, 1955-ൽ എയ്റോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്കു പോയി. ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണവാഹനം വികസിപ്പിച്ചെടുക്കാനുള്ള സംഘത്തിൻറെ തലവനായി അദ്ദേഹം പിന്നീട് നിയമിക്കപ്പെട്ടു. ഇന്ത്യ ആദ്യ റോക്കറ്റ് വിക്ഷേപിക്കുമ്പോൾ റേഞ്ച് സേഫ്റ്റി ഡയറക്ടർ ആയിരുന്ന കലാം, മനസ്സും ശരീരവും പൂർണമായി അർപ്പിച്ചു കൊണ്ട് തൻറെ സംഘത്തോടൊപ്പം എസ്.എൽ.വി. 3 എന്ന വിക്ഷേപണവാഹനം വികസിപ്പിച്ചെടുത്തു.
എസ്.എൽ.വി.-3 ൻറെ വിജയം കലാമിനെ ആഗോളപ്രശസ്തനാക്കി. ഹൈദരാബാദിലെ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെൻറ് ഓർഗനൈസേഷൻറെ തലവനായി കലാം 1982-ൽ ചുമതലയേറ്റത് ഇന്ത്യൻ മിസൈൽ സാങ്കേതികവിദ്യയിലെ വഴിത്തിരിവാകുകയായിരുന്നു. ഏറ്റെടുത്ത ജോലികളിലെ വിജയവും അർപ്പണമനോഭാവവും നേതൃത്വപാടവവും അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് എന്ന പദവിയിൽ എത്തിച്ചു. ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് എ പി ജെ രാഷ്ട്രപതി ഭവനിൽ പ്രവേശിക്കുന്നത്.
മുപ്പതോളം സർവ്വകലാശാലകളിൽ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഭാരത സർക്കാർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു. 1981ൽ പദ്മഭൂഷൺ, 1990ൽ പദ്മവിഭൂഷൺ,1997ൽ ഭാരത രത്നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.
അദ്ദേഹം എപ്പോഴും ഒരു സാധാരണ മനുഷ്യനായിരുന്നു. 2020 ൽ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള ഒരു പദ്ധതി എ പി ജെ സ്വപ്നം കണ്ടിരുന്നു. വിഷൻ-2020 എന്ന പുസ്തകത്തിലൂടെ ഈ ചിന്തകൾ അദ്ദേഹം ഭാരതത്തിലെ ജനങ്ങളുമായി പങ്കുവെക്കുകയും ചെയ്തു.
അതുപോലെ ആണവായുധ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടം ഭാവിയുടെ വൻശക്തി എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ കൂടുതൽ അടുപ്പിക്കുന്നു എന്നും അദ്ദേഹം ഉറപ്പിച്ചു.
അദ്ദേഹം ഞങ്ങളെ ഇഷ്ടപ്പെട്ടത് ആദ്യ ക്യാംപസ് സിനിമ ‘ ദി ഗ്യാപ് ‘ നിർമ്മിച്ചതിനും ആദ്യത്തെ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണം ‘ കരിയർ മാഗസിൻ ‘ ആരംഭിച്ചതിനുമായിരുന്നു.
ഞങ്ങൾ കൊല്ലം ഫാത്തിമ കോളേജിൽ പഠിക്കുമ്പോൾ അവിടെ ഫിലിം ക്ലൂബ്ബ്ണ്ട്. അതിനു കാരണം അടൂർ ഗോപാലകൃഷ്ണനും അദ്ദേഹം തുടങ്ങിയ ചിത്രലേഖ ഫിലിം സൊസൈറ്റിയുമായിരുന്നു.
വിദ്യാർഥികൾ മാത്രമായി ഒരു ഹൃസ്വ ചിത്രം നിർമ്മിക്കാം എന്ന ആശയം സുബ്രമുണ്യത്തിൻറേതായിരുന്നു.
ഫാത്തിമ കോളേജിൻറെ നോട്ടീസ് ബോർഡിൽ ഫാത്തിമ ഫിലിംസ് എന്ന ലെറ്റർഹെഡിൽ സിനിമ നിർമ്മാണത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരെ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് കണ്ടാണ് സുബ്രമണ്യവുമായി പരിചയപ്പെടുന്നത്.
” തിരക്കഥ വേണം. ഒരു ഷോർട്ട് ഫിലിമിന് ” . ജനയുഗത്തിലും സിനിരമയിലും ബാലയുഗത്തിലും മനോരമയിലും മറ്റും എഴുതാറുണ്ടെന്ന് പറഞ്ഞപ്പോൾ സുബ്രമണ്യം ആദ്യം ആവശ്യപ്പെട്ടത് കഥയും തിരക്കഥയുമാണ്.
“എഴുതാം ” – എം ടി വാസുദേവൻ നായരുടെ തിരക്കഥകൾ വായിച്ച പരിചയത്തിൽ എഴുതിയ ഒരു ചെറിയ തിരക്കഥ കയ്യിലുള്ള ധൈര്യത്തിൽ പറഞ്ഞു.
” രണ്ടാഴ്ച സമയം.”
‘ഓ കെ” .
കോളേജിൽ നിന്നും ജനയുഗത്തിലെത്തി കാമ്പിശ്ശേരിയെ കണ്ടു. കാര്യങ്ങൾ പറഞ്ഞു. കൂട്ടത്തിൽ ഒരു ആവശ്യം കൂടി .
” തോപ്പിലാശാനെ ( തോപ്പിൽ ഭാസി ) ഒന്ന് പരിചയപ്പെടുത്തണം. തിരക്കഥ വായിക്കണം. ഞാൻ വള്ളികുന്നത്ത് പോയി കാണാം.”
” ഇത് വല്ലോം നടക്കുവോടെ? …” ഞാൻ പറയാം … താൻ പോയി കണ്ടാ മതി.”-കാമ്പിശ്ശേരി.
തോപ്പിലാശാൻ കുടുംബത്തു് വന്നിട്ടുണ്ട്. ചിറ്റപ്പനും ( തമ്പി അണ്ണൻ ) കൂട്ടുകാരും ചേർന്നെടുത്ത നാടകം , ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ സംവിധാനം ചെയ്തതദ്ദേഹമാണ്. ഇന്നത്തെ എം എൽ എ, സി ആർ മഹേഷിൻറെ പിതാവ് സി. എ. രാജൻ എഴുതിയ നാടകം.
പക്ഷെ ഞങ്ങൾ കുട്ടികൾക്ക് പുറം പണി മാത്രം. ആശാനെ ദൂരെ നിന്ന് കണ്ട പരിചയം.
ആശാനോട് ധൈര്യമായി പറയാമെന്ന് ഉറച്ചു വിശ്വസിച്ചു. രാവിലെ വള്ളികുന്നത്തേക്ക് സൈക്കിൾ ചവിട്ടി.
മുൻ വശത്തു പത്രം വായിച്ചുകൊണ്ടിരുന്ന ആശാൻറെ മുന്നിൽ ഭയത്തോടെ നിന്നു .
” കാമ്പിശ്ശേരി …”
” ങ്ങ , പറഞ്ഞായിരുന്നു. താനിരി.”
ഇരിക്കാതെ തിരക്കഥയെഴുതിയ നോട്ട് ബുക്ക് അദ്ദേഹത്തിൻറെ കയ്യിൽ കൊടുത്തു.
” ചെറിയൊരു തിരക്കഥ”.
“താനിരി”
ഇരുന്നു.
അദ്ദേഹം ഒറ്റയിരുപ്പിൽ തിരക്കഥ വായിച്ചു തീർത്തു.
“കൊള്ളാമെല്ലോടോ”
” എൻറെ സിനിമയുടെ ഷൂട്ടിങ് കൊല്ലത്തുണ്ട്. താൻ വാ . കാണാം.” ആശാൻ തന്ന ആത്മവിശ്വാസം.
സൂര്യ കുമാറിൻറെ വീട്ടിൽ മൂവി ക്യാമറയുണ്ടായിരുന്നു. സൂര്യകുമാർ ക്യാമറ പ്രവർത്തിപ്പിച്ചു.വേണു ബി നായർ സഹ സംവിധായകനായി . ജോൺ പണിക്കരും മോളിയും സാമും അപ്പുക്കുട്ടനും രാജശേഖരനും ഓമനക്കുട്ടനും മറ്റും അഭിനയിച്ചു.
കഥയും തിരക്കഥയും കൂടാതെ നായകവേഷവും, എനിക്കായി !
കൊല്ലം ബീച്ചിലും റെയിൽവേ സ്റ്റേഷനിലും പട്ടത്താനത്തുമൊക്കെയായി ഷൂട്ടിംഗ്.
ഫാത്തിമ കോളേജ് ഓഡിറ്റോറിയത്തിൽ ലഘു ചിത്രം പ്രദർശിപ്പിച്ചു. റെവ. ഫാദർ റൊസാരിയോ അച്ഛൻ അഭിനന്ദിച്ചു. പത്രങ്ങൾ എഴുതി. കാമ്പിശ്ശേരി അഭിനന്ദിച്ചു. എം ടിയും അരവിന്ദനും അടൂർജിയും കോളേജ് കുട്ടികൾ ക്യാമറയുമായി നിരത്തിലേക്കിറങ്ങിയതിനെ വാഴ്ത്തിപ്പറഞ്ഞു.
ഇന്ന് പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്യാമ്പസ് സിനിമ വ്യാപകമായി. സർക്കാർ ധന സഹായം നൽകുന്നു.
സുബ്രമണ്യത്തിനു ഐ ടി രംഗത്തെ മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള ഗിന്നസ് സർട്ടിഫിക്കറ്റ് നല്കുന്നതിനിടയിൽ കോളേജ് ജീവിതകാലത്തെ ലഘു ചിത്ര നിർമ്മാണത്തെ ഡോ. എ പി ജെ പ്രശംസിച്ചു.
ചെന്നൈ അണ്ണാ സർവ്വകലാശാലയിലിരുന്നു ‘കരിയർ മാഗസിൻ’ നൽകിയ സേവനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. അത് തുടരേണ്ടതിൻറെ ആവശ്യകത ബോധ്യപ്പെടുത്തി. ” നമ്മുടെ ഗ്രാമങ്ങളിലെ കുട്ടികളെ പഠിപ്പിക്കാൻ ഞാനുമുണ്ടാകും , നിങ്ങളോടൊപ്പം” എന്ന ഡോ. എ പി ജെ യുടെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങിക്കേൾക്കും.
ഷില്ലോംഗിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ , ‘വാസയോഗ്യമായ ഗ്രഹങ്ങൾ’ എന്ന വിഷയത്തിൽ കുട്ടികൾക്ക് ക്ലാസെടുത്തുകൊണ്ടിരിയ്ക്കൂമ്പോൾ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
ശാസ്ത്രജ്ഞനായിരുന്ന ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി എന്നതിനു പുറമേ രാഷ്ട്രപതിസ്ഥാനം അലങ്കരിച്ച ഏക അവിവാഹിതൻ എന്ന പദവിയും കലാമിന് സ്വന്തമാണ്. നൂതനമായ റോക്കറ്റ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള കഠിനശ്രമത്തിൽ വിവാഹം കഴിക്കാൻ പോലും മറന്ന അദ്ദേഹത്തിൻറെ സമർപ്പിത മനസ്സിനെ സ്നേഹാദരങ്ങളോടെ ഓർക്കുന്നു.അകാലത്തിൽ വിടപറഞ്ഞ സുബ്രമണ്യത്തെയും .
ചിത്രം : ഐ ടി രംഗത്തെ മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള ഗിന്നസ് സർട്ടിഫിക്കറ്റ് ഡോ. എ പി ജെ, സുബ്രമണ്യത്തിനു നല്കുന്നു.
(തുടരും)
rajan@careermagazine.in






