ജനകീയാസൂത്രണവും പുരോഗതിയും

576
0
Share:

-ഡോ. എം കെ സതീശൻ

നകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടത്തില്‍ പദ്ധതി നിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ‘ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത് .
വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് ബോധ്യപ്പെടുത്താനും അതില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും 20 വര്‍ഷം മുമ്പ് ആരംഭിച്ച ജനകീയാസൂത്രണത്തിന്റെ ഒന്നാംഘട്ടത്തിലൂടെ കഴിഞ്ഞു. ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്ന വേളയില്‍ നിര്‍വഹണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാല്‍ മാത്രമെ പദ്ധതി വിജയകരമാക്കാന്‍ കഴിയൂ. അധികാര വികേന്ദ്രീകരണത്തിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ അനന്യമാണ്. എന്നിരുന്നാലും വികസന മേഖലയില്‍ നാം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ തദ്ദേശഭരണ ഭാരവാഹികളും ഉദ്യോഗസ്ഥരും പ്രാപ്തരാകേണ്ടതുണ്ട്.
നവകേരള സൃഷ്ടിക്കായി ഏറെ പ്രതീക്ഷയോടെ നടപ്പാക്കുന്ന വികസന മിഷനുകളായ പൊതുവിദ്യാഭ്യാസ സംരക്ഷണം, ആര്‍ദ്രം, ലൈഫ്, ഹരിതകേരളം എന്നിവ അധികാര കേന്ദ്രീകരണത്തിന് കാരണമാകും എന്ന വിമര്‍ശത്തിന് അടിസ്ഥാനമില്ല. മിഷനുകളില്‍പ്പെട്ട പദ്ധതികള്‍ എല്ലാം നടപ്പാക്കുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് എന്നതിനാല്‍ പദ്ധതി നടത്തിപ്പില്‍ അധികാര കേന്ദ്രീകരണം ഉണ്ടാകില്ല. വകുപ്പുകളുടെ ഏകോപനമില്ലായ്മ പലപ്പോഴും പദ്ധതി നിര്‍വഹണത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും വകുപ്പുകളുടെ ഏകോപിതവും സംയോജിതവുമായ പ്രവര്‍ത്തനങ്ങളിലൂടെ പദ്ധതി നിര്‍വഹണം കാര്യക്ഷമമായി പൂര്‍ത്തിയാക്കാന്‍ കഴിയും എന്നത് തീർച്ച.
ജനകീയാസൂത്രണത്തിന്റെ അടിസ്ഥാനശില ഗ്രാമസഭകളും മുനിസിപ്പാലിറ്റികളില്‍ വാര്‍ഡുസഭകളുമാണ്. ഈ സഭകളില്‍വച്ചാണ് പങ്കാളിത്താസൂത്രണത്തിനുള്ള രൂപകല്‍പ്പന നടത്തേണ്ടത്. എന്നാല്‍, നാലു പഞ്ചവത്സരപദ്ധതിക്കാലത്തെ അനുഭവം ചൂണ്ടിക്കാട്ടുന്നത് ഗ്രാമസഭകളിലെ ജനപങ്കാളിത്തം കുറഞ്ഞുവരുന്നെന്നും ആസൂത്രണപ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും വേണ്ടത്ര ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നതും അത് തുടര്‍ന്നുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ വലിയതോതില്‍ പ്രതിഫലിക്കുന്നുണ്ടെന്നുമാണ്.

അതുകൊണ്ടാണ് രണ്ടാം ജനകീയാസൂത്രണത്തിലേക്ക് കടക്കുമ്പോള്‍ ഗ്രാമസഭകളുടെയും വാര്‍ഡുസഭകളുടെയും പ്രാധാന്യത്തെക്കുറിച്ചും കടമകളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമെല്ലാം ഗൌരവമായി ഉദ്ബോധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. പങ്കാളിത്താസൂത്രണപ്രക്രിയ സക്രിയമാക്കാന്‍ ഗ്രാമസഭകളുടെ സജീവത അനിവാര്യമാണ്.

ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നടപ്പാക്കേണ്ട പദ്ധതികളുടെയും വികസനപരിപാടികളുടെയും നിര്‍ദേശങ്ങള്‍ക്ക് രൂപംകൊടുക്കുക, അവയുടെ മുന്‍ഗണന നിശ്ചയിച്ച് കൊടുക്കുക, പദ്ധതി ആവിഷ്കരിക്കുന്നതിന് ആവശ്യമായ വിശദാംശം ശേഖരിക്കുക, വികസനപദ്ധതികള്‍ക്ക് ആവശ്യമായ സന്നദ്ധസേവനത്തിന് ജനങ്ങളെ തയ്യാറാക്കുക, സാമ്പത്തിക സമാഹരണത്തിന് സഹായം ചെയ്തുകൊടുക്കുക, പദ്ധതികളുടെ എസ്റ്റിമേറ്റ് വിവരങ്ങള്‍ ശേഖരിക്കുക, ഗ്രാമസഭാപരിധി പ്രദേശത്തെ പൊതുജനാരോഗ്യ പ്രവര്‍ത്തനം, ശുചിത്വം, പരിസ്ഥിതിസംരക്ഷണം, മലിനീകരണനിയന്ത്രണം, കുടിവെള്ളസംവിധാനമൊരുക്കല്‍, തെരുവുവിളക്കുകള്‍ സ്ഥാപിക്കല്‍, ജലസേചനസൌകര്യത്തിന് മേല്‍നോട്ടം വഹിക്കല്‍, രോഗപ്രതിരോധം, കുടുംബക്ഷേമ പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ അധ്യാപക- രക്ഷാകര്‍തൃസമിതി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കല്‍, കലാകായികരംഗത്ത് മേളകള്‍ സംഘടിപ്പിക്കല്‍, ഗുണഭോക്താക്കളെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിശ്ചയിക്കുകയും ലിസ്റ്റ് പഞ്ചായത്തിന് കൈമാറുകയും ചെയ്യുക, ജനകീയാസൂത്രണ പദ്ധതി വിഭാവനം ചെയ്യുന്ന 12 മുതല്‍ 15 വരെയുള്ള വികസനമേഖലകളിലെ ആസൂത്രണപ്രക്രിയയില്‍ സഹായിക്കുകയും ഇടപെടല്‍ നടത്തുകയും ചെയ്യുക, പെന്‍ഷന്‍, മറ്റ് ക്ഷേമപെന്‍ഷനുകള്‍ എന്നിവവഴി സഹായം ലഭ്യമാക്കിക്കൊടുക്കുക, വികസനക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുക, നികുതിനല്‍കല്‍, വായ്പ തിരിച്ചടവ് എന്നിവയ്ക്ക് ജനങ്ങളെ സജ്ജമാക്കുക, പഞ്ചായത്ത് ധനാഗമ മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കാന്‍ പ്രാദേശിക വിഭവ സമാഹരണം നടത്തുക തുടങ്ങിയവയ്ക്കൊക്കെ ഉത്തരവാദിത്തവും ചുമതലകളുമുള്ളതാണ് ഗ്രാമസഭകള്‍.

ഇതിനെല്ലാമായി ഓരോ മൂന്നുമാസത്തിനിടയിലും ഗ്രാമസഭാ യോഗം ചേരണമെന്നും നിഷ്കര്‍ഷിക്കുന്നുണ്ട്. കൂടാതെ പെട്ടെന്ന് തീരുമാനമെടുക്കുന്ന വിഷയങ്ങളിലും അതായത് കുട്ടികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍, മുതിര്‍ന്ന പൌരന്മാര്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗക്കാര്‍ തുടങ്ങിയവരുടെ പ്രശ്നങ്ങള്‍ക്കായി പ്രത്യേക ഗ്രാമസഭകള്‍ ചേരേണ്ടതുണ്ടെങ്കില്‍ അതുകൂടി നിര്‍വഹിക്കണം. ഇങ്ങനെ ചേരുന്ന യോഗങ്ങളില്‍ മുന്‍വര്‍ഷത്തെ വികസനപരിപാടികളുടെയും നടപ്പുവര്‍ഷത്തെ പദ്ധതികളുടെയും അവലോകനവും കണക്കുകളും അപഗ്രഥനം ചെയ്യണം.

ബ്ളോക്ക് പഞ്ചായത്തുകളിലും ജില്ലാപഞ്ചായത്തുകളിലും ഗ്രാമസഭയ്ക്കുസമാനമായ യോഗങ്ങള്‍ സംഘടിപ്പിക്കണം. ബ്ളോക്ക് പഞ്ചായത്ത് യോഗത്തില്‍ ബ്ളോക്ക് ജനപ്രതിനിധികളും ബ്ളോക്ക് പരിധിയിലെ ജില്ലാപഞ്ചായത്ത് അംഗങ്ങളും ഗ്രാമപഞ്ചായത്ത് അംഗങ്ങളും പുതുതായി രൂപംകൊണ്ട ആസൂത്രണസമിതിയിലെ ഉപാധ്യക്ഷന്മാരുമാണ് പങ്കെടുക്കേണ്ടത്. ജില്ലാതല യോഗത്തില്‍ ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, ബ്ളോക്ക് പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്മാര്‍ എന്നിവരാണ് പങ്കാളികള്‍.

മേല്‍പ്പറഞ്ഞ ഗ്രാമസഭകളിലും ബ്ളോക്ക്/ജില്ല പഞ്ചായത്ത് യോഗങ്ങളിലും സ്വീകരിക്കേണ്ട പങ്കാളിത്താസൂത്രണ സമീപനം എന്താകണമെന്നുകൂടി സര്‍ക്കാര്‍ മാനദണ്ഡത്തിന്റെ പിന്‍ബലത്തോടെ പരിശോധിക്കാം. ഗ്രാമസഭകളിലേക്ക് കടക്കുമ്പോള്‍ ഓരോ പൌരനും മനസ്സിലുണ്ടാകേണ്ട മുന്‍ധാരണ പങ്കാളിത്താസൂത്രണപ്രക്രിയക്ക് പിന്‍ബലമാകും.

പതിമൂന്നാംപദ്ധതിയുടെ മറ്റൊരു പ്രത്യേകത, സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നവകേരളത്തിനായി ജനകീയാസൂത്രണം”എന്ന ഉല്‍കൃഷ്ടമായ സമീപനമാണ്. ഇതിനായി നവകേരള മിഷനും ഇതിന്റെ ഘടകമായി നാലു പ്രത്യേക മിഷനുകളും രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മിഷനുകള്‍കൂടി ഉള്‍ച്ചേര്‍ന്നുകൊണ്ടാണ് പദ്ധതി ആസൂത്രണവും നിര്‍വഹണവും നടക്കേണ്ടത്. ഇതെല്ലാം സക്രിയമാക്കാന്‍ ആസൂത്രണചക്രംതന്നെ രൂപപ്പെടുത്തി പ്രവര്‍ത്തനം സജ്ജീകരിച്ചിട്ടുണ്ട്.

മേല്‍ത്തട്ട്- കീഴ്ത്തട്ട് ബന്ധം, വിവിധ ഡിപ്പാര്‍ട്മെന്റുകളുമായുള്ള പദ്ധതിസംയോജനം എന്നിവ ഒമ്പതാംപദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍തന്നെ ഊന്നിപ്പറഞ്ഞതാണ്. എന്നാല്‍, രണ്ടു ദശാബ്ദത്തിനിടയിലും ഇത് പൂര്‍ണമായി പാലിച്ചില്ല. രണ്ടാം ജനകീയാസൂത്രണഘട്ടത്തില്‍ ഈ പോരായ്മ പരിഹരിക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇവയുടെ സംയോജനത്തില്‍ നവകേരള മിഷനുകളും ജാഗ്രതയോടെ ഇടപെടും.

ഗ്രാമസഭയ്ക്ക് സജ്ജമാകുകയും പങ്കാളിത്താസൂത്രണ പദ്ധതി ആരംഭിക്കുകയും ചെയ്യുമ്പോള്‍ പ്രോജക്ടുകളുടെ മേഖല തരംതിരിവുകൂടി വ്യക്തമാക്കിയിട്ടുണ്ട്. മുമ്പുള്ളതുപോലെതന്നെ ഉല്‍പ്പാദനം, സേവനം, പശ്ചാത്തലം എന്ന മൂന്ന് മേഖലതന്നെയാണുള്ളതെങ്കിലും ചില മേഖലകളിലെ വിഷയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

1. ഉല്‍പ്പാദനമേഖല: കൃഷി, ജലവിതരണം നടത്തുന്നതിനുള്ള ജലസേചനപദ്ധതികള്‍, മണ്ണ്- ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, ക്ഷീരവികസനം, മൃഗസംരക്ഷണം. മത്സ്യബന്ധനം, പരമ്പരാഗത ചന്തകള്‍, വ്യവസായം, ഊര്‍ജോല്‍പ്പാദനം, ജൈവവള നിര്‍മാണം എന്നിവയും കൃഷിഭവന്‍, മത്സ്യഭവന്‍, മൃഗാശുപത്രി, ക്ഷീരവികസന ഓഫീസ് എന്നിവയുടെ കെട്ടിടനിര്‍മാണവും ഇതിനാവശ്യമായ വൈദ്യുതി, കുടിവെള്ളം, ഫര്‍ണിച്ചര്‍ എന്നീ പശ്ചാത്തലസൌകര്യമൊരുക്കലുമാണ്.
2. സേവനമേഖല: വിദ്യാഭ്യാസം കല-സംസ്കാരം, കായികവികസനം, ആരോഗ്യം, കുടിവെള്ളം, യുവജനക്ഷേമം, ശുചിത്വം, ഖര-ദ്രാവക മാലിന്യപരിപാലനം, സാമൂഹ്യനീതി, പാര്‍പ്പിടം, ഗാര്‍ഹിക വൈദ്യുതീകരണം, വൈദ്യുതിലൈന്‍ ദീര്‍ഘിപ്പിക്കല്‍, സ്കൂള്‍ കെട്ടിടങ്ങള്‍ക്കുവേണ്ട വൈദ്യുതി, കുടിവെള്ളം, ഫര്‍ണിച്ചര്‍ എന്നിവ പ്രദാനം ചെയ്യല്‍.
3. പശ്ചാത്തലമേഖല: റോഡുകള്‍, പാലങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, നടപ്പാത, ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍, ഓഫീസ് കെട്ടിടങ്ങളും അവയുടെ വൈദ്യതീകരണവും ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണം, ഓഫീസ് വാഹനം വാങ്ങല്‍, തോടുകള്‍, നീര്‍ച്ചാലുകള്‍, കുളങ്ങള്‍ എന്നിവയുടെ പാര്‍ശ്വഭിത്തി കെട്ടല്‍ എന്നിവയുമാണ്.

ഗ്രാമസഭയിലേക്കും അതുവഴി പങ്കാളിത്താസൂത്രണത്തിലേക്കും കടക്കുമ്പോള്‍ 13-ാംപദ്ധതിയുടെ ആത്യന്തികലക്ഷ്യമായി സംസ്ഥാന സര്‍ക്കാര്‍ സൂചിപ്പിച്ച 29.03.17ന്റെ ജിഒഎംഎസ് 72/17 ഉത്തരവിലെ ഉള്ളടക്കംകൂടി ഓര്‍മിപ്പിക്കട്ടെ. തുടര്‍ച്ചയായ സാധ്യതയുള്ളതും പരിസ്ഥിതിസംരക്ഷണം ഉറപ്പുവരുത്തുന്നതും സാമൂഹ്യനീതി മുറുകെ പിടിക്കുന്നതും സാമ്പത്തികവളര്‍ച്ചയുടെ ഉയര്‍ന്ന പന്ഥാവിലേക്ക് കേരളത്തെ നയിക്കുന്നതുമായിരിക്കണം പദ്ധതികള്‍. ഇതെല്ലാം ഓര്‍ത്തുകൊണ്ടാകണം ഗ്രാമസഭയിലേക്കും പങ്കാളിത്താസൂത്രണത്തിലേക്കും നമുക്ക് കടന്നുചെല്ലാന്‍.

Share: