ഗേറ്റ് (GATE) പരീക്ഷ : സെപ്റ്റംബർ ഒന്ന് മുതൽ അപേക്ഷിക്കാം
2018 ലെ ഗേറ്റ് ( GATE – Graduate Aptitude Test in Engineering ) പരീക്ഷ ഫെബ്രുവരി 3, 4,10,11 തീയതികളിൽ ഓണ്‍ലൈനായി നടത്തും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഗേറ്റ് ഓണ്‍ലൈൻ ആപ്ലിക്കേഷൻ സിസ്റ്റം സെപ്റ്റംബർ ഒന്നു മുതൽ സജീവമാകും. ഒക്ടോബർ അഞ്ചു വരെ എൻറോൾ ചെയ്യാം. രാവിലെയും ഉച്ചയ്ക്കുമായാണു പരീക്ഷ. ഫലം മാർച്ച് 17നു പ്രഖ്യാപിക്കും. ഗേറ്റ് സ്കോറിന് മൂന്നു വർഷത്തെ സാധുത ഉണ്ടായിരിക്കും.എൻജിനിയറിംഗ്, ടെക്നോളജി, ആർക്കിടെക്ചർ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്കും സയൻസിൽ ഡോക്ടറൽ പ്രോഗ്രാമുകൾക്കും സ്കോളർഷിപ്പോടെ പഠനം നടത്താനുള്ള യോഗ്യതാ പരീക്ഷയാണ് ഗേറ്റ് .
രാജ്യത്തെ എട്ടു മേഖലകളായി തിരിച്ചാണു ഗേറ്റ് നടത്തുന്നത്. കേരളത്തിൽ ആലപ്പുഴ, ആലുവ, ആറ്റിങ്ങൽ, ചെങ്ങന്നൂർ, ഇടുക്കി, കണ്ണൂർ, കാഞ്ഞിരപ്പള്ളി, കാസർഗോഡ്, കൊല്ലം, കോതമംഗലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, മൂവാറ്റുപുഴ, നെടുമങ്ങാട്, പാലാ, പാലക്കാട്, പയ്യന്നൂർ, പുനലൂർ, തൃശൂർ, വടകര, തിരുവനന്തപുരം, എറണാകുളം, അങ്കമാലി എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വിദേശത്ത് ദുബായ്, അഡീസ് അബാബ, കൊളംബോ, ധാക്ക, കാഠ്മണ്ഡു, സിംഗപ്പൂർ എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രമുണ്ട്.
എൻജിനിയറിംഗ്, ടെക്നോളജി, ആർക്കിടെക്ച്ചർ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്കും സയൻസിൽ ഡോക്ടറൽ പ്രോഗ്രാമുകൾക്കും സ്കോളർഷിപ്പോടെ പഠനം നടത്താൻ ഗേറ്റ് സ്കോർ നിർബന്ധമാണ്. കൂടാതെ പ്രമുഖ പൊതു മേഖലാ സ്ഥാപനങ്ങളായ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ തുടങ്ങിയവ എക്സിക്യുട്ടീവുകളെ തെരഞ്ഞെടുക്കുന്നതും ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ്.
ഗേറ്റ് പരീക്ഷയ്ക്കു വേണ്ട യോഗ്യതകൾ- എൻജിനിയറിംഗ്/ ടെക്നോളജി/ ആർക്കിടെക്ച്ചർ/ ഫാർമസി (പോസ്റ്റ് ഡിപ്ലോമ/ പോസ്റ്റ് ബിഎസ്സി/ പ്ലസ് ടുവിനു ശേഷം നാല് വർഷം), ബിഎസ്സി ഡിഗ്രി അവസാന വിദ്യാർഥികൾ, സയൻസ്/ മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അവസാന വർഷ വിദ്യാർഥികൾ. ഇന്റഗ്രേറ്റഡ് മാസ്റ്റർ ഡിഗ്രി ഉള്ളവർ. ഡ്യുവൽ ഡിഗ്രി വഴി എൻജിനിയറിംഗ്/ ടെക്നോളജി ബിരുദം കരസ്ഥമാക്കിയവർ, അഞ്ചുവർഷത്തെ എംഎസ്സി ഇന്റഗ്രേറ്റഡ്/ ബിഎസ് എംഎസ്, എഎംഐഇ നടത്തുന്ന ഐഇ (1), എഎംഐസിഇ (1).ഐസിഇ (1)പാസായവർ അല്ലെങ്കിൽ ബിടെക് തത്തുല്യം നേടിയവർ.
ഗേറ്റ് പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങളുടെ വിവരങ്ങൾ www.gate.iitg.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും കോർ സബ്ജക്ട് ടെസ്റ്റും പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മൾട്ടിപ്പിൾ ചോയിസ് ടൈപ്പ്, ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളുണ്ടായിരിക്കും. ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങൾക്ക് കീപാഡ് ഉപയോഗിച്ച് ഉത്തരം എന്റർ ചെയ്യണം. മുൻകാല ചോദ്യപേപ്പറുകൾ വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷാ ഫീസ് -പുരുഷൻമാർക്ക് 1500 രൂപ.
സംവരണ വിഭാഗത്തിൽപ്പെട്ടവർക്കും വനിതകൾക്കും 750 രൂപ.
ഗോഹട്ടി ഐഐടിക്കാണ് ഇത്തവണത്തെ പരീക്ഷാ ചുമതല.
കൂടുതൽ വിവരങ്ങൾക്ക്: www.gate.iitg.ac.in