ഖത്തറില് 200 കമ്പനികള്ക്കെതിരെ നടപടി
ദോഹ: തൊഴില് നിയമങ്ങള് ലംഘിച്ചതിന്റെ പേരില് ഈ വര്ഷം മാര്ച്ച് വരെ ഖത്തറില് ഇരുന്നൂറ് കമ്പനികള്ക്കെതിരെ തൊഴില്, സാമൂഹ്യകാര്യമന്ത്രാലയം നടപടിയെടുത്തു . അവകാശങ്ങള് സംരക്ഷിക്കുന്നതില് വീഴ്ച വരുത്തിയ ആയിരം സ്ഥാപനങ്ങള്ക്ക് മുന്നറിയിപ്പ് നോട്ടീസും നല്കി. ഈ വര്ഷം ജനുവരി മുതല് മാര്ച്ച് വരെ 7,443 സ്ഥാപനങ്ങളിലായി 10,500 റെയ്ഡുകളാണ് മന്ത്രാലയത്തിലെ പരിശോധകസംഘം നടത്തിയത്. തൊഴില്നിയമങ്ങള് കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോയെന്നറിയാന് 6523 സ്ഥാപനങ്ങളില് തുടര്ച്ചയായി പരിശോധന നടത്തി. 920 കമ്പനികളുടെ നിര്മാണസ്ഥലങ്ങളിലായി 3485 പരിശോധനകള് നടത്തി. പരിശോധന നടത്തിയവയില് മൂന്നു ശതമാനം സ്ഥാപനങ്ങളുടെ പ്രവര്ത്തനം താല്ക്കാലികമായി നിരോധിച്ചിട്ടുണ്ട്.
15.9 ശതമാനം സ്ഥാപനങ്ങള്ക്കാണ് മുന്നറിയിപ്പ് നോട്ടീസ് നല്കിയിട്ടുള്ളത്. നിശ്ചിത സമയത്തിനുള്ളില് തൊഴില് സാഹചര്യങ്ങള് മെച്ചപ്പെടുത്തണമെന്നും തൊഴിലാളികളുടെ അവകാശങ്ങള് സംരക്ഷിക്കുന്നതിനുള്ള നടപടികള് സ്വീകരിക്കണമെന്നും മന്ത്രാലയം നിര്ദേശിച്ചിട്ടുണ്ട്. സാഹചര്യങ്ങള് മെച്ചപ്പെടുത്തിയില്ലെങ്കില് അടച്ചുപൂട്ടല് ഉള്പ്പടെയുള്ള കടുത്ത നടപടികള് സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. പരിശോധന നടത്തിയവയില് 80 ശതമാനം സ്ഥാപനങ്ങളും തൊഴില് നിയമങ്ങള് പാലിക്കുന്നതായി കണ്ടെത്തി. ജനീവ യുഎന് ഓഫീസിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഫൈസല് ബിന് അബ്ദുല്ല അല് ഹന്സബാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര ലേബര് കോണ്ഫറന്സില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്മാണമേഖലയില് പ്രവര്ത്തിക്കുന്ന തൊഴിലാളികളുടെ അവകാശങ്ങള് സംരക്ഷിക്കുന്നതില് ഖത്തര് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികള്ക്ക് പ്രയോജനപ്രദമാകുന്ന വിധത്തില് തൊഴില്നിയമങ്ങള് മെച്ചപ്പെടുത്തുന്നുണ്ട്. തുടര്ച്ചയായി പരിശോധനകള് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഗ്രൗണ്ട് പൊസിഷനിങ്ങ് സിസ്റ്റവുമായി നിര്മാണ സ്ഥലങ്ങളെ ബന്ധിപ്പിക്കാന് തീരുമാനിച്ചിട്ടുണ്ട്. ഇതുമൂലം ഇലക്ട്രിക് ഡിവൈസിന്റെ സഹായത്തോടെ തൊഴില്പരിശോധകര്ക്ക് നിര്മാണസ്ഥലങ്ങളില് വേഗത്തിലെത്താനും നിയമലംഘനങ്ങള് കണ്ടെത്താനും സാധിക്കും. തൊഴിലാളികള്ക്ക് മികച്ച ആരോഗ്യപരിചരണം ഉറപ്പാക്കാനായി കൂടുതല് ആശുപത്രികള് നിര്മിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. മന്ത്രാലയത്തിലിപ്പോള് 198 ലേബര് ഇന്സ്പെക്ടര്മാരാണുള്ളത്. ഇതില് പതിനാറു പേര് മാത്രമാണ് വനിതകള്. ഇന്സ്പെക്ടര്മാരെ തെരഞ്ഞെടുക്കുന്ന കാര്യത്തില് വനിതകള്ക്ക് നിയന്ത്രണം ഏര്പ്പെടുത്തിയിട്ടില്ലെന്നും പുരുഷന്മാരുടെയും വനിതകളുടെയും വേതനവും മറ്റ് ആനുകൂല്യങ്ങളും തുല്യമാണെന്നും അദ്ദേഹം അറിയിച്ചു .