ഐ എ എസും ഐ പി എസും പിന്നെ അനേകം സാധ്യതകളും -ലിപിന്‍ രാജ് എം പി -ഐ എ എസ്

784
0
Share:

2012 ലെ സിവിൽ സർവീസ് പരീക്ഷയിൽ 22 -മത് റാങ്ക് നേടി ഐ എ എസ് നേടിയ ലിപിൻ രാജ് ആത്മ വിശ്വാസത്തിൻറെ യും കഠിനാധ്വാനത്തിൻറെ യും പ്രതീകമാണ്. അപകടത്തിൽപ്പെട്ട് ഭാഗികമായി കാഴ്ച ശക്തി നഷ്ടപ്പെട്ട ലിപിൻ രാജ് പ്രതികൂല സാഹചര്യങ്ങളിലൂടെയാണ് ജീവിതത്തിൻറെ ഔന്നത്യത്തിലേക്ക് നടന്നുകയറിയത്. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഓരോ കുട്ടിക്കും ശക്തിയും പ്രോത്സാഹനവുമാണ് ലിപിൻ രാജിൻറെ വാക്കുകൾ.

ന്‍റെ ചെറുപ്പക്കാലത്ത്‌ , കുറച്ചു കൂടി കടന്നാല്‍ ഡിഗ്രി ഒന്നാം വര്‍ഷം തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ ചേരുന്നത് വരെ ഞാന്‍ സിവില്‍ സര്‍വീസ് പരീക്ഷ എന്നൊന്നുണ്ടെന്ന് അറിഞ്ഞിരുന്നില്ല.എന്നാല്‍ ഐ.എ.എസ് പരീക്ഷയെപ്പറ്റി ധാരാളം കേട്ടിരുന്നുതാനും.സിവില്‍ സര്‍വീസ് പരീക്ഷ തന്നെ ഐ.എ.എസ് പരീക്ഷ ആണെന്ന് കരുതുന്ന പരീക്ഷാര്‍ത്ഥികളുണ്ട്.പക്ഷേ ഗൗരവമായി ഇതിനെ സമീപിക്കുമ്പോൾ   മനസിലാവും ,ഈ പരീക്ഷ 24 സര്‍വീസുകളുടെ സമഞ്ജസസമ്മേളനമാണെന്ന്.

പ്രിലിമിനറി,മെയിന്‍സ്,ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി ഒരു വര്‍ഷം മുഴുവന്‍ നീണ്ടു കിടക്കുന്ന ഈ പരീക്ഷയില്‍ ഗ്രാമീണപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ പലപ്പോഴും പിന്തള്ളപ്പെട്ടുപ്പോകും.എന്നാല്‍ അവര്‍ക്കിടയില്‍ നിന്നുള്ള അതിജീവനത്തിന്‍റെ കഥകളും കുറവല്ല.ഇന്നും അശോക്‌ ഖെംകമാരേയും കേശവേന്ദ്രകുമാര്‍മാരേയും ഈ പരീക്ഷ സൃഷ്ടിക്കുന്നു.ബ്രിട്ടീഷുകാര്‍ നമുക്ക് തന്ന പല രാഷ്ട്രസംവിധാനമാതൃകകള്‍ക്കും ഒട്ടേറെ മാറ്റം സംഭവിച്ചെങ്കിലും ഇന്നും ജനം സിവില്‍ സര്‍വീസില്‍ വിശ്വസിക്കുന്നതിന് കാരണം യൂണിയന്‍ പബ്ലിക്‌ സര്‍വീസ് കമ്മീഷന്‍ നിലനിര്‍ത്തി പോരുന്ന കുറ്റമറ്റ വിശ്വാസ്യതയാണ്.ഒരാള്‍ ജനിച്ചു വളര്‍ന്ന സാഹചര്യങ്ങള്‍ നോക്കാതെ, പഠിച്ച വലിയ കോളേജുകളുടെ പേര് നോക്കാതെ ,വലിയ ബിരുദങ്ങളുടെയോ എണ്ണം നോക്കാതെ,ആണ്‍-പെണ്‍  വ്യത്യാസമില്ലാതെ,സംവരണം കടുകിട തെറ്റിക്കാതെ,നഗര-ഗ്രാമവ്യത്യാസമില്ലാതെ ഓരോ വര്‍ഷവും യു പി എസ് സി അഞ്ചു ലക്ഷം പേരില്‍ നിന്നും ആയിരം പ്രതിഭകളെ കണ്ടെത്തുന്നു.രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന കഠിനട്രെയിനിങ്ങിലൂടെ കടത്തിവിട്ട് അവരെ പാകപ്പെടുത്തിയെടുത്ത് രാജ്യത്തിന്‍റെ ഭാഗധേയം അവരെയേല്‍പ്പിക്കുന്നു.ആദ്യപോസ്റ്റിങ്ങില്‍ തന്നെ സര്‍വീസ് വ്യത്യാസമില്ലാതെ നൂറുകണക്കിന് പേരുടെ തലവന്‍ ആയിരിക്കും അവര്‍.ചിലപ്പോള്‍ ഒരു പുരുഷായുസ് പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ തന്നെ.ഉദാഹരണത്തിന് ഇരുപത്തിരണ്ട് വയസില്‍ ആദ്യപോസ്റ്റിംഗ് കിട്ടുന്ന ഒരു സബ്-കളക്ടര്‍ ഒരു ജില്ലയുടെ അധികാരനിര്‍വഹണത്തില്‍ കളക്ടറെ സഹായിക്കും.ഇത്ര ചെറുപ്രായത്തില്‍ ഭരണചക്രം തിരിക്കാനുള്ള അവസരമാണ് സിവില്‍ സര്‍വീസ് നല്‍കുന്നത്. സിവില്‍ സര്‍വീസ് ഫോം പൂരിപ്പിക്കുമ്പോൾ പലരുടേയും ഉള്ളില്‍ ആദ്യത്തെ 4 ഓപ്ഷന് ശേഷം എന്ത് പൂരിപ്പിക്കണമെന്ന സംശയം ഉയരാറുണ്ട്.ആദ്യത്തെ നാലഞ്ച് ഓപ്ഷനുകള്‍ മാത്രം വെച്ച്‌ യു.പി.എസ്.സിയോട് സ്വന്തം അഭിപ്രായം തലയെടുപ്പോടെ പ്രഖ്യാപിക്കുന്നവരുണ്ട്.അതു പക്ഷേ അപകടത്തിലേക്ക് സ്വയം കുഴിവെട്ടുകയാവും.മണ്ണിടിഞ്ഞു വീഴുന്നത് ഇന്റര്‍വ്യൂവിനിടയിലാവും.ബാക്കി സര്‍വീസുകളോട് താല്പര്യമില്ലാത്ത ഒരാളാണ് നിങ്ങള്‍ എന്ന തോന്നല്‍ സൃഷ്ടിച്ചാല്‍ അതിനെപ്പറ്റി ചോദ്യങ്ങള്‍ ഉണ്ടാവും .ഐ എ എസ് മാത്രം മതി എന്ന് തീരുമാനിച്ചു അത് മാത്രം ഓപ്ഷനായി വെച്ച ഒരാള്‍ക്ക് തൊട്ടു താഴെയുള്ള ഐ പി എസിന് യോഗ്യതയുള്ള റാങ്ക് കിട്ടി.പക്ഷേ ഒരു സര്‍വീസിലേക്കും ആളെ പരിഗണിച്ചില്ല.സര്‍വീസ് റാങ്ക് അനുസരിച്ച്‌ നല്‍കുന്ന ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പെഴ്സണല്‍ ആന്‍ഡ്‌ ട്രെയിനിംഗ് താഴെയുള്ള ഒരു ഓപ്ഷനുകളിലേക്കും നിങ്ങളെ പരിഗണിക്കില്ലെന്ന് മാത്രമല്ല വീണ്ടും എഴുതി വരുകയും വേണം.പണ്ട് മറ്റൊരു സര്‍വീസില്‍ കയറിയാല്‍ ഇന്റര്‍വ്യൂവില്‍ ആ സര്‍വീസിനെപ്പറ്റി കടുത്ത ചോദ്യങ്ങള്‍ വരും ,മറ്റൊരു സര്‍വീസ് ഇരുന്നുകൊണ്ട് തുടര്‍ന്ന് പഠിക്കാന്‍ ആവില്ല എന്നൊക്കെയുള്ള ധാരണകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്നതും മാറി.പുറത്തു നിന്നു ആദ്യമായി പരീക്ഷ എഴുതുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ മത്സരം ഏല്ക്കേണ്ടിവരുക വിവിധ സര്‍വീസുകളില്‍ നിലവില്‍ ഉള്ള റാങ്ക് മെച്ചപ്പെടുത്താന്‍ വീണ്ടും വീണ്ടും എഴുതുന്നവരില്‍ നിന്നാണ്.അത് കൊണ്ടു തന്നെ എല്ലാ ഓപ്ഷനുകളും വെയ്ക്കുക.എല്ലാ സര്‍വീസുകളും വെച്ച ശേഷം കിട്ടുന്നതില്‍ ചേര്‍ന്ന ശേഷം വീണ്ടും തയ്യാറെടുപ്പുകള്‍ നടത്തുകയാണ് ഉചിതം.

ആദ്യം ഐ.എ.എസ്, തൊട്ടു പുറകേ ഐ.എഫ്.എസ്, അതിന് തൊട്ടു താഴെ ഐ പി എസ്, പിന്നെ ഐ ആര്‍ എസ് ( ഇന്‍കം ടാക്സ് ) , ഐ ആര്‍ എസ് (കസ്റ്റംസ് എക്സ്സൈസ് ) ഏറ്റവും അവസാനം ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് അല്ലെങ്കില്‍ ഓര്‍ഡിനന്‍സ് ഫാക്ടറി സര്‍വീസ് വെച്ച്‌ പലരും സംതൃപ്തി അടയും.എന്നാല്‍ ഇതില്‍ നിന്നും മാറി സ്വന്തം തീരുമാനങ്ങള്‍ അനുസരിച്ച്‌ ഓപ്ഷനായി താഴേക്കിടയിലുള്ള സര്‍വീസുകള്‍ വെയ്ക്കുന്നവരുണ്ട്.ഉദാഹരണത്തിന് ഐ എ എസ് കിട്ടിയില്ലെങ്കില്‍ മൂന്നും നാലും ഓപ്ഷനായി ഡാനിക്സ് (DANICS ) വെയ്ക്കുന്നവരുണ്ട്.ഡല്‍ഹി അടക്കമുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ ഈ സര്‍വീസില്‍ കയറിയാല്‍ പ്രോമോഷന്‍ കിട്ടി കുറച്ച്‌ കാലത്തിനുള്ളില്‍ ഐ എ എസ് കണ്‍ഫര്‍ ചെയ്തു നേടാം.പോലീസ് സര്‍വീസ് കിട്ടിയില്ലെങ്കില്‍ പോണ്ടിച്ചേരി പോലീസ് സര്‍വീസ് നോക്കി ഓപ്ഷന്‍ വെയ്ക്കുന്നവരുണ്ട്.ഓരോ തവണയും കിട്ടുന്നവരില്‍ ആദ്യത്തെ ഇരുനൂറ്റിഅന്‍പതിന് താഴെ വരുന്നവരെല്ലാം വീണ്ടും പരീക്ഷ എഴുതി മുകളിലെ സര്‍വീസുകളിലേക്ക് പോകാന്‍ ശ്രമിക്കാറുണ്ട്.വെറുമൊരു ഡിഗ്രി മാത്രം ആവശ്യമുള്ള,അതില്‍ തന്നെ ഒരു വ്യത്യാസവും ഇല്ലാതെ,മുപ്പത് വയസിനുള്ളില്‍ ആറു തവണ കൊണ്ട് ഈ പരീക്ഷ എഴുതിയെടുക്കാന്‍ സമയം ധാരാളമാണ്. പലരും ആദ്യത്തെ തവണ ആദ്യ ഏഴെട്ടു ഓപ്ഷനുകള്‍ക്ക് ശേഷം വെറുതെ ഓരോന്ന് വെയ്ക്കാറുണ്ട്.പക്ഷേ റാങ്ക് താഴേക്ക്‌ പോകുമ്പോഴാണ് ഇതിന്‍റെ അപകടം പുറത്തു വരുക.

ഉദാഹരണത്തിന് ഒരു സുഹൃത്ത്‌ ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോ സര്‍വീസ് വെച്ചത് ഇന്ത്യന്‍ റെയില്‍വേ ട്രാഫിക്‌ സര്‍വീസിന് മുകളില്‍.റാങ്ക് വന്നപ്പോള്‍ കുറച്ച്‌ താഴേക്ക്‌ പോയെങ്കിലും ആള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ ട്രാഫിക്‌ സര്‍വീസ് കിട്ടാനുള്ള റാങ്ക് ഉണ്ടായിരുന്നു . പക്ഷേ കിട്ടിയത് ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോ സര്‍വീസ്.സമാനറാങ്ക് ഉള്ളവര്‍ മറ്റു മികച്ച സര്‍വീസുകള്‍ എടുത്തപ്പോഴാണ് ഉദ്യോഗാര്‍ത്ഥി അപകടം മനസിലാക്കിയത്.പക്ഷേ പിന്നെ ഒരു മാറ്റം സാധ്യമല്ലാത്തത് കൊണ്ട് സമയം വൈകി പോയിരുന്നു.ചെറിയ പിഴവുകളില്‍ നിന്നും വരുന്ന ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ വിവിധ സര്‍വീസുകളെക്കുറിച്ചുള്ള അടിസ്ഥാനബോധ്യം ആവശ്യമാണ്. റാങ്ക് പ്രഖ്യാപിച്ചതിന് ശേഷമല്ല ഓപ്ഷനുകള്‍ ചോദിക്കുന്നത് എന്നതാണ് പ്രധാനപ്രശ്നം.അത് കൊണ്ട് തന്നെ കിട്ടുന്നത് എടുക്കുക വീണ്ടും എഴുതി ഉയര്‍ന്ന റാങ്ക് നേടുക എന്നല്ലാതെ മറ്റൊരു വഴി പലര്‍ക്കും മുന്നിലുണ്ടാവില്ല.പലര്‍ക്കും ആദ്യത്തെ കുറച്ച്‌ സര്‍വീസുകള്‍ ഒഴികെ ബാക്കിയുള്ള വിവിധ സര്‍വീസുകള്‍ എങ്ങനെയെന്നു കൃത്യമായ ധാരണയില്ല എന്നതാണ് സത്യം. ഐ എ എസ് എന്നാല്‍ കളക്ടര്‍ അല്ല എന്ന സത്യം ഇപ്പോഴും അംഗീകരിക്കുന്നവര്‍ കുറവാണ്.എല്ലാ കാലത്തും ഐ.എ.എസുകാര്‍ കളക്ടര്‍മാരായിരിക്കുമെന്ന് വിചാരിക്കരുത്.ആദ്യത്തെ കുറച്ച്‌ വര്‍ഷങ്ങള്‍ മാത്രമാണ് കളക്ടര്‍ ആയി തിളങ്ങാന്‍ ആവുക.അതിന് ശേഷം നയരൂപീകരണത്തില്‍ പങ്ക് ചേരാനുള്ള ദൗത്യം ചുമലില്‍ ഉണ്ടാവും.ഐ.പി.എസ് എന്നാല്‍ കമ്മീഷണറോ എസ് പി.യോ മാത്രമല്ല.ജീവിതകാലം മുഴുവന്‍ അങ്ങനെ തന്നെ ആവണമെന്നില്ല.ചിലപ്പോള്‍ മറ്റു വകുപ്പുകളിലേക്കും പോകാം.ഐ എഫ് എസ് എന്നാല്‍ ആദ്യ ദിവസം മുതലേ ഹൈക്കമ്മീഷണര്‍ ആകുമെന്ന് കരുതുന്നവരും കുറവല്ല.അവസാന കാലത്താണ് ഒരു ഐ എഫ് എസ് കിട്ടിയയാള്‍ ഹൈക്കമ്മീഷണര്‍ /അംബാസിഡര്‍ ആവുന്നത്.എന്നാല്‍ കയറുന്ന ദിവസം മുതല്‍ കിട്ടുന്ന ഉത്തരവാദിത്വങ്ങള്‍ വളരെ വലുതാണെന്ന് ഈ മൂന്നു സര്‍വീസ് ഉന്നം വെയ്ക്കുന്നവര്‍ ഓര്‍ക്കണം.അതു കൊണ്ട് തന്നെ ഇവ ഓള്‍ ഇന്ത്യ സര്‍വീസസ് (All India Services ) എന്ന് വിളിക്കപ്പെടുന്നു.ഇതില്‍ ഐ.എ.എസ് കിട്ടുന്നവര്‍ക്ക് വീണ്ടും എഴുതാന്‍ ആവില്ല.ഐ എഫ് എസ് കിട്ടുന്നവര്‍ക്കും പറ്റില്ല.അതേ സമയം ഐ പി എസ് കിട്ടുന്നവര്‍ക്ക് വീണ്ടും ശ്രമിക്കാവുന്നതാണ്.അതേ പോലെ തന്നെ ഇന്ത്യന്‍ ഫോറെസ്റ്റ് സര്‍വീസ് പരീക്ഷ, ഇന്ത്യന്‍ എഞ്ചിനീയറിംഗ് സര്‍വീസ് എന്നിവ വിജയിച്ചവര്‍ക്കും തുടര്‍ന്ന് സിവില്‍ സര്‍വീസ് പരീക്ഷ എഴുതാം.ഐ എ എസ് കിട്ടിയ ഒരാള്‍ക്ക് അത് രാജി വെച്ചിട്ട് വീണ്ടും ഐ എ എസ് എഴുതിയെടുക്കാം.ഉദാഹരണത്തിന് ഒരാള്‍ക്ക് മണിപ്പൂര്‍ കേഡര്‍ കിട്ടിയെങ്കിലും ഐ എ എസില്‍ ചേര്‍ന്നയുടന്‍ ആള്‍ അത് രാജി വെച്ച്‌ അടുത്ത വര്‍ഷം വീണ്ടും പരീക്ഷ എഴുതി.ഉയര്‍ന്ന റാങ്ക് വാങ്ങി അയാള്‍ ആഗ്രഹിച്ച പോലെ സ്വന്തം സംസ്ഥാനം തന്നെ കിട്ടുകയും ചെയ്തു.

സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സില്‍ നിന്നും കേട്ട ഒരു  കഥ: ഓപ്ഷനുകളെക്കുറിച്ച്‌ കൃത്യമായ അറിവില്ലാതിരുന്ന ഒരു സുഹൃത്ത് അവ പൂരിപ്പിച്ചു.ആദ്യം മുതല്‍ താഴോട്ട് 23 സര്‍വീസുകള്‍ എഴുതിയിരിക്കുന്നത് കണ്ട് ഓരോന്നിനും നേരെ അതേ പടി മുകളില്‍ നിന്നും ചുവടറ്റം വരെ നമ്പ രിട്ടു. റിസള്‍ട്ട്‌ വന്നപ്പോള്‍ ഐ ആര്‍ എസ് (ഇന്ത്യന്‍ റെവന്യു സര്‍വീസ്) കിട്ടേണ്ട ആളായിരുന്നു.പക്ഷേ നാലാമതായി നമ്ബര്‍ ഇട്ടതു IPTAFSഎന്ന പോസ്റ്റല്‍ ആന്‍ഡ്‌ ടെലിഗ്രാഫ് അക്കൗണ്ട്‌സ് സര്‍വീസിന് നേരെ.അത് തന്നെ കിട്ടിയപ്പോളാണ് പറ്റിയ അപകടം മനസിലായത്.പക്ഷേ അതും താമസിച്ചു പോയി. നിര്‍ദേശങ്ങള്‍ ശരിക്കും വായിച്ച്‌ നോക്കാഞ്ഞതിന്‍റെ പ്രശ്നം!!!

അഭിരുചിക്ക് അനുസരിച്ചുള്ള സര്‍വീസ് തിരഞ്ഞെടുക്കുക എന്ന വെല്ലുവിളി പലരും ഏറ്റെടുക്കാറില്ല. പദവി തരുന്ന വിലയോര്‍ത്തും തിരഞ്ഞെടുത്ത സര്‍വീസിന്‍റെ പ്രാധാന്യമോര്‍ത്തും സ്വന്തം സ്വപ്‌നങ്ങള്‍ ബലി കഴിച്ചവരും ഇക്കൂട്ടത്തിലുണ്ട്.നിങ്ങളുടെ അഭിരുചിക്ക് ഇണങ്ങുന്ന സര്‍വീസ് കണ്ടെത്തുക.കാരണം നൂറുകണക്കിന് കേന്ദ്രസ്ഥാപനങ്ങളിലേക്ക് നിങ്ങള്‍ക്ക് ഡെപ്യുട്ടേഷനില്‍ പിന്നീട് പോകാന്‍ കഴിയും. സംസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ് മറ്റൊരു തലവേദന.ആദ്യം സ്വന്തം സംസ്ഥാനം തന്നെയാണ് മിക്കവാറും കുട്ടികള്‍ വെയ്ക്കുക.ഉദാഹരണത്തിന് ജമ്മുകാശ്മീര്‍,വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ അവസാന ഓപ്ഷനായി വെയ്ക്കുന്നവരെ ഇന്റര്‍വ്യൂ ബോര്‍ഡ് ചിലപ്പോഴൊക്കെ ആ പ്രദേശങ്ങളില്‍ മാത്രം നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ താല്പര്യമില്ലേയെന്നു ചോദിച്ച്‌ ഉദ്യോഗാര്‍ത്ഥികളെ കുഴക്കിയിട്ടുണ്ട്.എവിടെയും ജോലി ചെയ്യാന്‍ താല്‍പര്യമാണെന്ന മറുപടിയാണ് ഉചിതം.സ്വന്തം സംസ്ഥാനത്ത് കിട്ടണമെങ്കില്‍ ആദ്യറാങ്കുകളില്‍ തന്നെ വരണം.പലപ്പോഴും രണ്ടും മൂന്നും ഒഴിവുകളാണ് ഓരോ സംസ്ഥാനത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുക.അതായത് സ്വന്തം സംസ്ഥാനത്ത് നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരില്‍ നിന്നും ആദ്യസ്ഥാനങ്ങളില്‍ വരണം. സര്‍വീസുകള്‍ ,സവിശേഷതകള്‍ (ശ്രദ്ധിക്കുക.താഴെ നല്‍കിയിരിക്കുന്ന സര്‍വീസുകളില്‍ മികച്ചവയുടെ എണ്ണം നോക്കിയല്ല പട്ടിക തയ്യാറാക്കിയിരിക്കുന്നത് ,മറിച്ച്‌ യു.പി.എസ്.സി പരീക്ഷാവിജ്ഞാപനം അനുസരിച്ചാണ്)

Indian Administrative Service Indian Foreign Service Indian Police Service Indian PT Accounts Finance Service Group A Indian Audit Accounts Service, Group A Indian Revenue Service,(Customs and Central Excise)Group A Indian Defence Accounts Service ,Group A Indian Revenue Service, (I.T.) Group A Indian Ordance Factories Service,Group A (Asstt. Works) Manager-Administration) Indian Postal Service,Group A Indian Civil Accounts Service ,Group A Indian Railway Traffic Service, Group A Indian Railway Accounts Service ,Group A Indian Railway Personnel Service, Group A Post of Asstt. Security Commissioner ,Group A in Railway Protection Force Indian Defence Estates Service ,Group A Indian Information Service ,(Junior Grade) Group A Indian Trade Service,Group A (Grade III) Indian Corporate Law Service ,Group A Armed Forces Headquarters Civil Service ,Group B(Section OfficersGrade) The Delhi ,Andaman and Nicobar Island,Lakshadweep,DamanDiu and Dadra Nagar Haveli Civil Service,Group B The Delhi ,Andaman and Nicobar Island,Lakshadweep,DamanDiu and Dadra Nagar Haveli Police Service,Group B Pondicherry Police Service , Group B ഇത് കൂടാതെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്,ഇന്ത്യന്‍ എഞ്ചിനീയറിംഗ് സര്‍വീസ് ,കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസ് എന്നീ പരീക്ഷകളും യു.പി.എസ്.സി നടത്തുന്നുണ്ട്.നിലവില്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയും സിവില്‍ സര്‍വീസ് പരീക്ഷയും ഒരുമിച്ചാണ് നടത്തുന്നത്

Share: