അമേരിക്കയിൽ പഠിക്കാൻ…
മാത്യു എബ്രഹാം /
അമേരിക്കയിൽ പഠിക്കാൻ എന്താണൊരു വഴി എന്ന് ചിന്തിക്കുന്ന ധാരാളം കുട്ടികൾ നമ്മുടെ നാട്ടിലുണ്ട്. ബന്ധുക്കളും സ്വന്തക്കാരുമുണ്ടെങ്കിൽ മാത്രമേ അത് സാധിക്കൂ എന്ന് കരുതുന്നവരാണ് അധികം പേരും. അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് പ്രവേശനം നേടുന്നതിന് വീട്ടിലിരുന്നുകൊണ്ടുതന്നെ ശ്രമിക്കാം. അതിനുള്ള പ്രധാന തുല്യതാ പരീക്ഷയാണ് ഗ്രാജ്വേറ്റ് റിക്കാർഡ്സ് എക്സാമിനേഷൻ (ജിആർഇ).
ഓണ്‍ലൈൻ പരീക്ഷയായാണ് ഇതു നടത്തുന്നത്. ടെസ്റ്റിംഗ് ഏജൻസികൾ സ്കോർ വിദ്യാർഥി തെരഞ്ഞെടുക്കുന്ന യൂണിവേഴ്സിറ്റികളിലേക്ക് അയച്ചു കൊടുക്കും. പരീക്ഷാ രീതി, കാഠിന്യം, ഓണ്‍ലൈൻ ഫോർമാറ്റ് എന്നിവയാണ് ഈ പരീക്ഷകളുടെ പ്രത്യേകതകൾ. ജിആർഇയുടെ പ്രത്യേകതകൾ പരിശോധിച്ചാൽ ക്ലാസ് റൂം പരീക്ഷകളെക്കാൾ ഏറെ വ്യത്യസ്തമായാണ് ഓണ്‍ലൈൻ ജിആർഇ. അനലിറ്റിക്കൽ റൈറ്റിംഗ്, വെർബൽ റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് റീസണിംഗ് തുടങ്ങി മൂന്നു ഭാഗങ്ങളായാണ് ജിആർഇയിൽ വിദ്യാർഥിയുടെ മികവ് പരീക്ഷിക്കപ്പെടുന്നത്.1100 ബിസിനസ് സ്കൂളുകളും ആയിരത്തോളം മറ്റു ഗ്രാജ്വേറ്റ് സ്കൂളുകളും അഡ്മിഷന് ജിആർഇ സ്കോർ ഉപയോഗിക്കുന്നു. എഡ്യൂക്കേഷണൽ ടെസ്റ്റിംഗ് സർവീസാണ് പരീക്ഷ നടത്തുന്നത്.
മൂന്നര മണിക്കൂറാണ് പുതുക്കിയ മാതൃകയിലുള്ള ജിആർഇയുടെ സമയം. ആറു ഘട്ടങ്ങളുണ്ടായിരിക്കും. മൂന്നാമത്തെ സെക്ഷനു ശേഷം പത്തു മിനിറ്റ് ഇടവേളയുമുണ്ട്. വിദ്യാർഥിക്കു വേണ്ട നിർദേശങ്ങൾ ആദ്യം നൽകും. അനലിറ്റിക്കൽ റൈറ്റിംഗ് സെക്ഷനോടെയായിരിക്കും തുടക്കം. സ്കോറിനു പരിഗണിക്കാത്ത രണ്ടു സെക്ഷനുകൾ ഇതിനിടയ്ക്ക് എപ്പോഴെങ്കിലും ഉൾപ്പെടുത്തിയേക്കാം. സാധാരണ ഇത് അവസാന ഘട്ടത്തിലാണ് ഉൾപ്പെടുത്തുക. അനലിറ്റിക്കൽ റൈറ്റിംഗിൽ സമയ നിയന്ത്രണം വളരെ പ്രധാനമാണ്. ഓരോ വിഭാഗത്തിലുമുള്ള 30 മിനിറ്റ് സമയം ബുദ്ധിപൂർവം വിനിയോഗിച്ചെങ്കിൽ മാത്രമേ മികച്ച സ്കോർ നേടാനാകൂ. ഉത്തരങ്ങൾ ആലോചിക്കാനും പരിശോധിക്കാനും സമയം നീക്കിവയ്ക്കണം.അശ്രദ്ധ കൊണ്ടുണ്ടാകുന്ന സ്പെല്ലിംഗ്, വ്യാകരണ തെറ്റുകൾ മൊത്തം സ്കോറിനെ ബാധിക്കും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതുകയെന്നതായിരിക്കും അഭികാമ്യം.ടെസ്റ്റിന്റെ രീതി മനസിലാക്കിയിരിക്കുന്നതും നന്നായിരിക്കും. ഇതിനു വേണ്ടി ഓണ്‍ലൈനായി ലഭിക്കുന്ന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നത് നന്നായിരിക്കും.
www.takethegre.com/prep എന്ന വെബ്സൈറ്റ് ഇതിനു സഹായിക്കും. കൂടാതെ POWERPEP-II എന്ന സോഫ്റ്റ് വെയർ ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നത് യഥാർഥ പരീക്ഷയിൽ പങ്കെടുക്കുന്ന രീതിയിലുള്ള അനുഭവം പ്രദാനം ചെയ്യും. ഫേസ്ബുക്കിലെ ജിആർഇ പേജിലൂടെ മറ്റു വിദ്യാർഥികളുമായി ആശയവിനിമയം നടത്തുന്നതും പ്രയോജനപ്പെടും. വർഷം മുഴുവൻ ജിആർഇ പരീക്ഷയിൽ പങ്കെടുക്കാൻ സൗകര്യമുണ്ടെങ്കിലും അഡ്മിഷൻ ഡെഡ്ലൈന് രണ്ടു മൂന്നു മാസം മുന്‍പെങ്കിലും പരീക്ഷ എഴുതുന്നതാണ് അഭികാമ്യം. ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിന് ജിആർഇ സ്കോർ അയച്ചു കൊടുക്കാൻ 15 ദിവസം വരെയെടുക്കും. റീടെസ്റ്റ് വേണമെങ്കിൽ അതിനു മറ്റൊരു മൂന്നാഴ്ചയെടുക്കും. അതു കൊണ്ടാണ് രണ്ടു മൂന്നു മാസം മുന്‍പെങ്കിലും പരീക്ഷ എഴുതണമെന്നു പറയുന്നത്.
മാർക്ക് ആൻഡ് റിവ്യൂ രീതിയിലാണ് ടെസ്റ്റിന്റെ സോഫ്റ്റ് വെയർ ക്രമീകരിച്ചിരിക്കുന്നത്. അതായത് ഒരു ചോദ്യത്തിന് ഉത്തരം മാർക്ക് ചെയ്താലും പിന്നീട് അതു പരിശോധിച്ച് പുനഃക്രമീകരിക്കുന്നതിന് സൗകര്യമുണ്ടെന്ന് അർഥം. ഒരു ചോദ്യത്തിനു വേണ്ടി അധിക സമയം കളയാതെ പിന്നീട് പുനഃക്രമീകരിക്കുന്ന രീതി നല്ലതാണെന്നാണ് പൊതുവേയുള്ള അഭിപ്രായം.പരീക്ഷ എഴുതിക്കഴിഞ്ഞാൽ ഉടൻ കാര്യങ്ങൾ അത്ര പന്തിയല്ലെങ്കിൽ സ്കോർ കാൻസെൽ ചെയ്യാൻ അവസരമുണ്ട്. വീണ്ടു പരീക്ഷ എഴുതി സ്കോർ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണിത്. നെഗറ്റീവ് മാർക്ക് ഇല്ലാത്തതിനാൽ പരമാവധി ചോദ്യത്തിന് ഉത്തരം എഴുതുക. ജിആർഇ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.ets.org/gre എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഇന്ത്യയിൽ തിരുവനന്തപുരം, കൊച്ചി, ന്യൂഡൽഹി, മുംബൈ, ഹൈദരാബാദ്, ഗുഡ്ഗാവ്, ചെന്നൈ, കോൽക്കത്ത, ബംഗളൂരു, അലഹബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ജിആർഇ ടെസ്റ്റ് സെന്ററുകളുണ്ട്. ഇരുപത്തിയൊന്നു ദിവസം കൂടുന്പോൾ ജിആർഇ നടത്താറുണ്ട്. പന്ത്രണ്ടു മാസത്തിനിടെ അഞ്ചു തവണ പങ്കെടുക്കാം.
ഇന്ത്യയിൽ ടെസ്റ്റിനെ സംബന്ധിച്ച വിവരങ്ങൾ അറിയാൻ താഴെ പറയുന്ന വിലാസത്തിൽ ബന്ധപ്പെടുക. വിലാസം: പ്രോമെട്രിക്, രണ്ടാം നില, ഡിഎൽഎഫ് ഇൻഫിനിറ്റി ടവർഎ,സെക്ടർ25, ഫേസ്രണ്ട്, ഡിഎൽഎഫ് സിറ്റി ഡുഡ്ഗാവ്, ഹരിയാന122002ഫോണ്‍: 911244147700. വെബ്സൈറ്റ്: https://www.prometric.com