അനധികൃത റിക്രൂട്ട്‌മെൻറ് കർശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

319
0
Share:

അനധികൃത റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ ലഭിക്കുന്ന പരാതികളിന്‍മേല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി വിദേശ കാര്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാജ റിക്രൂട്ട്‌മെൻറ് ഏജന്‍സികളുടെ തട്ടിപ്പിനിരയാകുന്നവര്‍ ധാരാളമുണ്ട്. അനധികൃതമായി വിദേശത്തേക്ക് ആളുകളെ എത്തിക്കുന്ന റിക്രൂട്ട്‌മെൻറ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചാല്‍ കര്‍ശന നടപടിയുണ്ടാവും. വിദേശ ജോലി സ്വപ്‌നം കാണുന്നവര്‍ വിമാനം കയറുന്നതിനുമുമ്പ് തൊഴില്‍ സുരക്ഷയെക്കുറിച്ചുകൂടി ആലോചിക്കണം. ഓരോ ദിവസവും എത്തുന്ന പ്രവാസികളുടെ വിവരങ്ങള്‍ എംബസികള്‍ കൃത്യമായി രേഖപ്പെടുത്തിയാല്‍ വിദേശത്തുള്ളവരെക്കുറിച്ച് സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ടാവും. റിക്രൂട്ട്‌മെൻറ് ഏതു തൊഴിലുടമയ്ക്കു വേണ്ടിയാണോ, ആ തൊഴിലുടമയും എംബസിയും തമ്മില്‍ ബന്ധപ്പെടുന്ന സാഹചര്യമുണ്ടാവണം.
സര്‍ക്കാരിന്റെ പരിച്ഛേദമായ എംബസികള്‍ പൗരന് പൂര്‍ണ സംരക്ഷണം നല്‍കാന്‍ സന്നദ്ധമാകണം. വീട്ടുജോലിക്കും മറ്റും എത്തുന്നവര്‍ക്ക് തൊഴിലുടമയില്‍നിന്ന് ക്രൂര പീഡനങ്ങള്‍ നേരിടുന്ന സാഹചര്യം ഒഴിവാക്കാന്‍ തൊഴിലുടമകള്‍ തൊഴിലാളികളെ എംബസികളില്‍നിന്ന് നേരിട്ട് കൂട്ടിക്കൊണ്ടുപോകുന്ന സാഹചര്യമുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എംബസികളിലെ ഉദ്യോഗസ്ഥരില്‍ ഒരു നിശ്ചിത ശതമാനം പേര്‍ മലയാളം അറിയാവുന്നവരായിരിക്കണം. മികച്ച രീതിയിലുള്ള കുടിയേറ്റ നിയമം നമുക്ക് ആവശ്യമാണ്. വിമാനത്താവളങ്ങളില്‍ കൃത്യമായ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളുണ്ടാവണം. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സംഘടനാപ്രവര്‍ത്തകരും മറ്റും എംബസികളെ സമീപിക്കുമ്പോള്‍ ശല്യക്കാരെന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്ന എംബസി ഉദ്യോഗസ്ഥരുണ്ട്. അതുപാടില്ല. പ്രവാസികളുടെ അഭയസ്ഥാനമാണ് എംബസികള്‍. അവിടെ ജോലി നോക്കുന്നവര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരാകണം.
വിദേശത്ത് കേസുകളില്‍ പെടുന്നവര്‍ക്ക് നിയമസഹായം ലഭ്യമാക്കണം. ഇതിനായി നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ബന്ധപ്പെടുത്തി അനൗപചാരിക സംവിധാനമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വിദേശത്തേക്കു ജോലിക്കു പോകുന്നവര്‍ക്കായി പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
സ്‌കില്‍ ഡവലപ്‌മെന്റിന് കേരളത്തില്‍ പുതിയ കേന്ദ്രങ്ങള്‍ ആവശ്യമുണ്ട്. വിദേശങ്ങളിലെ തൊഴില്‍ സാഹചര്യങ്ങളും തൊഴില്‍ നിയമങ്ങളും കര്‍ക്കശമായിക്കൊണ്ടിരിക്കുകയാണ്. അപൂര്‍വം ചിലയിടങ്ങളില്‍ വംശീയ പ്രശ്‌നങ്ങളും കണ്ടുവരുന്നു. ഇത്തരം പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ വിദേശ കാര്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി ജന. വി.കെ. സിംഗ് പറഞ്ഞു. പ്രവാസികള്‍ക്കുവേണ്ടി ആദ്യമായി നോര്‍ക്ക വകുപ്പ് രൂപീകരിച്ച സംസ്ഥാനം കേരളമാണ്. അതില്‍ സംസ്ഥാനത്തെ അഭിനന്ദിക്കുന്നു. എംബസികളില്‍ മലയാളമറിയുന്നവരെ നിയമിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പരിഗണിക്കും. യമനില്‍ ഭീകരരുടെ പിടിയിലായ ഫാ. ടോം ഉഴുന്നാലിനെ രക്ഷപെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വളരെയധികം പ്രയത്‌നിച്ചിരുന്നു. ഇപ്പോള്‍ റോമിലുള്ള അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുക അദ്ദേഹത്തിന്റെ തീരുമാനപ്രകാരമായിരിക്കും. ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി മോചനദ്രവ്യം നല്‍കിയിട്ടില്ല. വിദേശത്തു ജോലിക്കു പോകുന്നവര്‍ക്കുള്ള പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ ട്രെയിനിംഗ് കര്‍ശനമാക്കും. മിനിമം വേതനം ഉറപ്പാക്കാനും തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാനും നടപടിയുണ്ടാവും. എംബസി ഉദ്യോഗസ്ഥരെക്കുറിച്ച് പരാതി ഉയര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ സ്വാഗത പ്രസംഗവും കേന്ദ്ര വിദേശ കാര്യ വകുപ്പ് സെക്രട്ടറി ഡോ. ഡി.എം. മുലേ ആമുഖ പ്രസംഗവും നടത്തി.

Share: