അടൂർജി പകർന്ന ഊർജ്ജ പ്രവാഹം – രാജൻ പി. തൊടിയൂർ

കോളേജ് വിദ്യാർഥികളുടെ സിനിമാ ചിന്തകൾ, ഉച്ചക്ക് ക്ലാസ്സ് കട്ട് ചെയ്ത് തിയേറ്ററിലേക്ക് മുങ്ങുക എന്നതിൽ നിന്നും സിനിമ എന്ന കലാ മാധ്യമത്തെ ക്കുറിച്ചും ലോകസിനിമയെ ക്കുറിച്ചും മനസിലാക്കുക, ക്ലാസ്സിക്ക് ചിത്രങ്ങൾ കാണുക, അവയെ കുറിച്ച് ചർച്ച ചെയ്യുക എന്നതിലെക്കെത്തിക്കുന്നതിനു നേത്രുത്വം നൽകിയതു ചിത്രലേഖയും അടൂർജിയുമായിരുന്നു.
അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിവെച്ച കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനവും അദ്ദേഹത്തിൻറെ ചിത്രങ്ങളും മലയാള സിനിമക്കും സിനിമ ചരിത്രത്തിനും നൽകിയ സംഭാവനകൾ എക്കാലവും മലയാളി മനസ്സിലുണ്ടാകും. മലയാള സിനിമാചരിത്രത്തിലെ നാഴികക്കലായ ചിത്രം, സ്വയംവരവും ചിത്രലേഖ ഫിലിം സൊസൈറ്റിയും കോറിയിട്ട സിനിമാ സങ്കല്പങ്ങൾ അടൂർ ഗോപാലകൃഷ്ണൻറെ മനസ്സിൽ വിരിഞ്ഞവയാണ്.
കേരളത്തിൽ ഫിലിം സൊസൈറ്റികൾ വ്യാപകമാവുകയും ലോകത്തിലെ മികച്ച ചലച്ചിത്ര രചനകൾ കാണാൻ അവസരമുണ്ടാകുകയും ചെയ്തപ്പോൾ കലാലയങ്ങളിലും ചലച്ചിത്ര മാധ്യമത്തെ കുറിച്ചുള്ള പുനർവിചിന്തനങ്ങൾ ഉണ്ടായി. കോളേജ് ഫിലിം ക്ലബ്ബുകൾ. അവിടെ നിന്നാണ് ക്യാമ്പസ് സിനിമകൾ പിറവി എടുത്തത്.
കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഓഡിറ്റോറിയം ലോക ക്ലാസ്സിക്കുകൾ പ്രദർശിപ്പിക്കുന്നതിനുളള വേദിയായി . ചാർളി ചാപ്ലിനും വിറ്റോറിയ ഡിസീകയും കാബിനെറ്റ് ഓഫ് ഡോക്ടർ കലിഗരിയും അവിടെയെത്താൻ മുൻകൈ എടുത്തത് അന്നത്തെ പ്രിൻസിപ്പൽ റോസാറിയോ അച്ചനും ജേക്കബ് സാറും ജോർജ് സാറും ഒക്കെയാണ്.
അടൂരുമായി നീണ്ടു നിൽക്കുന്ന സൌഹൃദത്തിനു അത് കാരണമായി. ജനയുഗം വാരികയ്ക്ക് വേണ്ടി അടൂർ ഗോപാലകൃഷ്ണനുമായി അഭിമുഖം നടത്തിയതും പിന്നീട് മലയാളനാട് വാരികയിൽ അടൂരിൻറെ ജീവിതരേഖ വരച്ചുകാട്ടാൻ ദിവസങ്ങളോളം ഒരുമിച്ചുകഴിഞ്ഞതും സൗഹൃദത്തിൻറെ അടിത്തറ ബലപ്പെടുത്തി.
കോളേജ് ലൈബ്രറിയിൽ സിനിമയെ ക്കുറിച്ചുള്ള പുസ്തകങ്ങൾ വാങ്ങാൻ പൂനയിലെ ‘മാനി’ ബുക്ക് സ്റ്റാൾ പറഞ്ഞു തന്നതും അടൂർജി. പുസ്തകങ്ങൾ വന്നപ്പോൾ ലോക സിനിമ കുറേക്കൂടി അടുത്തു. ചലച്ചിത്ര പ്രസ്ഥാനങ്ങൾ …അവാങ്ങ് ഗാദ് , ഫ്രീ ഫിലിം മൂവ് മെൻറ് , ന്യൂ വേവ് …ഗൊദാദ് ..ആൻഡി വാറോൾ . അങ്ങിനെയാണ് ആദ്യത്തെ ക്യാമ്പസ് സിനിമ ഫാത്തിമ കോളേജിൽ ജന്മം കൊള്ളുന്നത്.
തോപ്പിൽ ഭാസിയും അടൂർ ഗോപാലകൃഷ്ണനും കാമ്പിശ്ശേരി കരുണാകരനും തെങ്ങമം ബാലകൃഷ്ണനും അച്ചാണി രവിയും ദേവാനന്ദും ബാലചന്ദ്ര മേനോനും ഹരികുമാറും ഒക്കെ പകർന്നു നൽകിയ ഊർജം അതിനു പിന്നിലുണ്ടായിരുന്നു.
എഴുപതുകളിൽ, മൂവി ക്യാമറ എന്നത് മലയാളി വിദ്യാർഥിയുടെ സ്വപ്നത്തിൽ പോലുമില്ലാത്ത കാലത്താണ് ഞങ്ങൾ ക്യാമ്പസ് സിനിമയെ കുറിച്ച് ചിന്തിക്കുന്നത്. സുബ്രമണ്യത്തിൻറെ അച്ഛന് സ്റ്റുഡിയോ ഉണ്ട് സ്റ്റിൽ ക്യാമറയുണ്ട്. സൂര്യകുമാർ കെ ഷാ യുടെ വീട്ടിൽ മൂവി ക്യാമറയുണ്ട്. കൊഡാക് റിവേർസ് ഫിലിം ഇറക്കുന്നുണ്ട്. ഇത്രയുമായപ്പോൾ ധൈര്യമായി . ഞാൻ എഴുതിയ തിരക്കഥയും ഏവര്ക്കുമിഷ്ടമായി. സുബ്രമണ്യൻ സംവിധാനം. വേണു ബി നായർ സഹ സംവിധാനം. സൂര്യകുമാർ ക്യാമറ.
ആദ്യത്തെ വാർത്ത സിനിരമയിൽ പ്രസിദ്ധീകരിച്ചിട്ട് , കാമ്പിശ്ശേരി ചോദിച്ചു, ” ഇത് വല്ലതും നടക്കുവോടെ?”
അഭിനയിക്കാൻ ഒരു പെണ്കുട്ടിയെ തേടിയപ്പോഴും അത് തന്നെയായിരുന്നു ചോദ്യം. പക്ഷെ മോളി തയ്യാറായി. മറ്റൊരു പെണ് കുട്ടിയെ കിട്ടാത്തത് കൊണ്ട് ഒരു അമ്മ വേഷം വേണ്ടെന്നു വെച്ചു .
കേരളത്തിലെ ആദ്യത്തെ ക്യാമ്പസ് സിനിമ , ‘ദി ഗ്യാപ്’ ഇപ്പോൾ ‘ജമിനി'(AI) പറയുന്നു: ഇന്ത്യയിലെ ആദ്യ ‘ക്യാംപസ് സിനിമ’ . ഒരിക്കൽ മറാത്തി നടനും സംവിധായകനും നിർമ്മാതാവുമായ മിലിൻഡ് ഗാവ്ലിയും ഇതുതന്നെ പറഞ്ഞു.
മറ്റു കോളേജ് കളിലെ ചലച്ചിത്ര ക്യാമ്പ് കളിലേക്ക് ക്ഷണം. അങ്ങിനെ ഒരു ക്യാമ്പിൽ വെച്ചാണ് സണ്ണി ജോസെഫിനെ പരിചയ പ്പെടുന്നത്. സണ്ണി പറഞ്ഞു, ”ഞങ്ങളും ഒരു ക്യാമ്പസ് സിനിമ ആലോചിക്കുകയാണ്. സ്വിച്ച് ഓണ് ചെയ്യാൻ വരണം”. സണ്ണി ജോസഫ്, ഡെന്നിസ് ജോസഫ്, ഗായത്രി അശോകൻ , വയലാർ മാധവൻ കുട്ടി. അങ്ങനെ ഒരു സംഘം. ‘ഒടുക്കം’ അതായിരുന്നു സണ്ണിയുടെ ചിത്രം.
ഇന്നിപ്പോൾ ക്യാമ്പസ് സിനിമ വ്യപകമാകുമ്പോൾ , യുവതലമുറയിൽ ചിത്രലേഖ പകർന്ന ഊർജം, ഒരു പുതിയ ചലച്ചിത്ര സംസ്കാരത്തിന് എത്ര മാത്രം ഉതകി എന്നത് കൂടി തിരിച്ചറിയണമെങ്കിൽ ക്യാംപസ് സിനിമകളെക്കുറിച്ചുകൂടി അറിഞ്ഞിരിക്കണം.
സിനിമാപഠനം ഇന്നിപ്പോൾ സർവകലാശാലകളിൽ പഠനവിഷയമായിരിക്കുന്നു. പുതിയ സാങ്കേതിക സൗകര്യങ്ങൾ ‘മൊബൈൽ ഫോണ്’ ഉപയോഗിച്ചും സിനിമ എടുക്കാം എന്നതിൽ എത്തിച്ചിരിക്കുന്നു.
അബുദാബി കൾച്ചറൽ ഫൌണ്ടേഷൻ നടത്തിയ ‘ക്യാമ്പസ് ഫിലിം ഫെസ്റ്റിവലിൽ (2005) മുന്നൂറോളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ആൻഡി വാറോൾ പറഞ്ഞതിന് കൂടുതൽ പ്രസക്തി ഏറുന്നു .
ചിത്രലേഖ പകർന്ന പുത്തൻ അറിവുകളും തലമുറകളിലേക്ക് പകരുംപോൾ നമ്മുടെ ദൃശ്യ മാധ്യമ രംഗം കൂടുതൽ സജീവമാകുന്നു.
അടൂർജി യോട് മലയാളം കടപ്പെട്ടിരിക്കുന്നു.ചിത്രലേഖയോടും.
അടൂർജിയുടെ മനസ് എപ്പോഴും പുതിയ തലമുറയോടൊപ്പമായിരുന്നു . പുതിയ തലമുറയുടെ വിഹ്വലതകളായിരുന്നു ‘സ്വയംവര’ മെന്ന സിനിമ പറഞ്ഞത്. എൻറ്ർടൈൻമെൻറ് എന്ന ലേബലിൽ പുറത്തുവന്നുകൊണ്ടിരുന്ന ചിത്രങ്ങളിൽ നിന്ന് അകന്ന് നിൽക്കാനും വിദ്യാർഥികളെ ലോകസിനിമയോടടുപ്പിക്കാനും അടൂർജി നടത്തിയ ശ്രമമായിരുന്നു കോളേജ് ഫിലിം ക്ലൂബ്ബ്കളും അര നൂറ്റാണ്ടിനു മുമ്പ് കേരളത്തിലങ്ങോളമിങ്ങോളമുണ്ടായ ഫിലിം സൊസൈറ്റികളും. ആശയാവിഷ്കരണത്തിലും കഥാപാത്രസൃഷ്ടിയിലും നിർമ്മാണത്തിലും വിതരണത്തിലും സാമ്പ്രദായിക രീതികളെ വെല്ലുവിളിച്ച ചിത്രമായിരുന്നു മുപ്പത്തിയൊന്നാം വയസിൽ അടൂർ പുറത്തിറക്കിയ സ്വയംവരം. അതിപ്പോഴും സിനിമയെ ഗൗരവപൂർവം കാണുന്നവർക്ക് ആവേശമാണ്. തൊഴിലില്ലായ്മ, അസമത്വം, അനീതി, അഴിമതി, കുറ്റകൃത്യങ്ങൾ എന്നിവ നിറഞ്ഞ സമൂഹമനസിനെയാണ് സ്വയംവരം ചോദ്യംചെയ്തത്. അതിന് ഇപ്പോഴും പ്രസക്തിയുണ്ട്. അതുകൊണ്ടാണ് ‘സ്വയംവരം ‘മലയാള സിനിമയിലെ ക്ളാസിക് ആയി മാറിയത്.
ചിത്രം:അടൂജിയോടൊപ്പം : റിതു പി. രാജൻ, രേണു പി. രാജൻ
(തുടരും)
rajan@careermagazine,in






