യുവശാസ്ത്രജ്ഞന്മാരെ കണ്ടെത്താന്‍ യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം
ശാസ്ത്ര വിഷയങ്ങളില്‍ പുതിയ ആശയങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കെ-ഡിസ്‌ക് യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (വൈ.ഐ.പി) സംഘടിപ്പിക്കുന്നു. നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് നവീനമായ രീതിയില്‍ പരിഹാരം കണ്ടെത്താന്‍ കഴിയുന്നവര്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയാഭിരുചി പ്രോത്സാഹിപ്പിച്ച് കണ്ടുപിടിത്തങ്ങളുടെ പാതയിലേക്ക് നയിക്കുകയാണ് ലക്ഷ്യം.
ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹിക ശാസ്ത്ര – പ്രവര്‍ത്തിപരിചയ മേളകളില്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ ജേതാക്കളായവര്‍, കോളീജിയേറ്റ് എജ്യൂക്കേഷന്‍ ഡയറക്ടറേറ്റ് ശാസ്ത്രയാന്‍ പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മത്സര വിജയികള്‍, ഇന്‍സ്പയര്‍ പ്രതിഭകള്‍, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ തിരഞ്ഞെടുത്ത റൂറല്‍ ഇന്നാവേറ്റേഴ്‌സ്, മറ്റ് പ്രമുഖ സ്ഥാപനങ്ങള്‍ നടത്തിയ ശാസ്ത്രസംബന്ധമായ മത്സരങ്ങളില്‍ വിജയികളായവര്‍ തുടങ്ങിയവര്‍ക്കാണ് അവസരം.
നവീന ആശയം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിക്കണം. ഏതുതരത്തിലാണ് ആശയം പ്രയോജനപ്രദമാകുന്നതെന്നും അതിന്റെ ഗുണഫലങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കണം. 16 വയസിന് മുകളിലുള്ളവര്‍ക്കും 16 വയസില്‍ താഴെയുള്ളവര്‍ക്കും രണ്ട് സ്ട്രീമായി രജിസ്റ്റര്‍ ചെയ്യാം. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പോളിടെക്‌നിക്കുകളിലും, സര്‍വകലാശാലകളിലും പഠിക്കുന്നവര്‍ക്ക് പരിപാടിയുടെ ഭാഗമാകാന്‍ സാധിക്കും.
രണ്ടുഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടത്തുക. വിദഗ്ധരുടെ മുമ്പാകെ ആശയങ്ങള്‍ അവതരിപ്പിച്ചു മികവുറ്റവരെ രണ്ടാംഘട്ടത്തിലേക്ക് തെരഞ്ഞെടുക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം വൈ.ഐ.പി സ്‌കോളര്‍ഷിപ്പോടെ ഗവേഷണം നടത്താം.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും yip.kdisc.kerala.gov.in ല്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.
രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി മെയ് 30.