ഭാരതം ലോകത്തിന് നൽകിയ വിലയേറിയ സംഭാവനയാണ് ‘യോഗ’

Share:

ഡോ. ജെ. രാജ്‌മോഹൻ പിള്ള

പ്രധാനമന്ത്രിയുടെ ‘ഫിറ്റ്നസ് ചലഞ്ച്’ സമൂഹ മാദ്ധ്യമങ്ങളിൽ പടർന്ന് പിടിക്കുകയാണ്.
യോഗയെക്കുറിച്ചു പ്രസംഗിക്കുക മാത്രമല്ല അത് സ്വന്തം ജീവിതത്തിൽ പകർത്തിക്കാട്ടാനും അദ്ദേഹം ഒരുക്കമാണ്. അത് കൊണ്ട് തന്നെയാണ് ഭാരതത്തിന്റെ ‘യോഗ’ ഇന്നൊരു ആഗോള പ്രതിഭാസമായിരിക്കുന്നത്.
ലോകയോഗ ദിനം എന്നൊന്ന് യുണൈറ്റഡ് നേഷൻ അംഗീകരിച്ചത്, യോഗയുടെ അനന്ത സാദ്ധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞത് കൊണ്ടാണ്. ജൂണ്‍ 21 ലോക യോഗദിനമായി യു എൻ പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയുടെ നയതന്ത്ര വിജയമാണെന്ന് ഏതു ഭാരതീയനും സമ്മതിക്കും. അതോടെ ഭാരതത്തിൻറെ ടൂറിസം ഭൂപടത്തിൽ യോഗ ഒരു പ്രധാന താരമായി.

ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ പ്രധാനപ്പെട്ട യോഗ, ആയുർവേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നൽകിയ വിലയേറിയ സംഭാവനയാണ്. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജലി യോഗശാസ്ത്രം). പതഞ്ജലി മഹർഷിയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിത്തിന് അയവ് വരുത്താൻ യോഗയ്‌ക്കുള്ള കഴിവ്‌ അതുല്യമാണ്‌.

ഇത്തരമൊരു സാഹചര്യത്തിലാണ് ലോകമെമ്പാടുമുള്ള വ്യവസായികളെ മാനസിക പിരിമുറുക്കത്തിൽനിന്നും അനാരോഗ്യത്തിൽ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കോസ്മോപോളിറ്റൻ ചേംബർ ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രീസും ബീറ്റ ഗ്രൂപ്പും ചേർന്ന് അന്തർദ്ദേശീയ യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി സിംഗപ്പൂരിൽ ‘യോഗ 2 സെൽഫ് പരിപാടി സംഘടിപ്പിച്ചത്. വിദേശികളും ഇൻഡ്യാക്കാരുമടക്കം അഞ്ഞൂറോളം പേർ പങ്കെടുത്ത 108 സൂര്യ നമസ്ക്കാരം പരിപാടി വൻ വിജയമായിരുന്നു വെന്ന് ബീറ്റ ഗ്രൂപ്പ് ചെയർമാൻ ഡോ. ജെ രാജ്‌മോഹൻ പിള്ള പറയുന്നു-

” ശാരീരികവും മാനസികവും ആരോഗ്യപരവുമായ സർവ്വപ്രശ്‌നങ്ങൾക്കുമുള്ള ഒറ്റമൂലിയെന്ന നിലയിൽ യോഗയെ ഉയർത്തിക്കാട്ടാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് സിംഗപ്പൂരിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. അന്തർദ്ദേശീയമായി യോഗയ്ക്ക് അംഗീകാരം ലഭിച്ചത് മുതൽ സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക് ഇത്തവണ വളരെ വലിയ സ്വീകരണമാണ് ലഭിച്ചത്. ലോകമെമ്പാടുമുള്ള വ്യവസായികളെയും വ്യാപാരികളെയും ലക്ഷ്യമിട്ടുകൊണ്ട് കോസ്മോപോളിറ്റൻ ചേംബർ ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രീസിൻറെ സഹകരണത്തോടെ യോഗ ലോകവ്യാപകമായി പ്രചരിപ്പിക്കണമെന്നാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.” അൻപതോളം രാജ്യങ്ങളിൽ ബിസിനസ് ബന്ധങ്ങളുള്ള ഡോ. ജെ. രാജ്‌മോഹൻ പിള്ള വ്യക്തമാക്കി.

ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമാണ് യോഗയ്ക്ക്കുള്ളത്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകൾക്കു പകർന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു ചികിത്സാമാർഗ്ഗമാണിത്. പക്ഷെ നമ്മൾ ഇനിയുമതിന്റെ പ്രാധാന്യം ശരിയായി മനസ്സിലാക്കിയിട്ടില്ല. നമ്മുടെ പ്രധാനമന്ത്രി മുൻകൈ എടുത്തു അത് ലോകമെമ്പാടും പ്രചരിപ്പിക്കുന്നത് സ്വന്തം ജീവിത ചര്യയിൽ അത് പകർത്തിക്കാട്ടിക്കൊണ്ടാണ്. കലുഷിതമായ മനസ്സിനെ ശാന്തമാക്കി, ശരീരക്ഷേമത്തിന്‌ യോഗയെ ഉപയോഗിക്കാനുള്ള മാർഗ്ഗം ആവിഷ്‌ക്കരിച്ച പ്രതിഭയാണ്‌ പതഞ്‌ജലി. ഉപനിഷത്തുകളിലും അഥർവവേദത്തിലും `യോഗ’യെപ്പറ്റി പരാമർശമുണ്ട്‌. പതഞ്ജലിയുടെ അഭിപ്രായത്തിൽ, ശരീരത്തിലെ നാഡികളെയും `നാഡീ’കേന്ദ്രങ്ങളായ `ചക്ര’ങ്ങളെയും ഉദ്ദീപിപ്പിച്ചാൽ, മറഞ്ഞിരിക്കുന്ന ഊർജ്ജമായ `കുണ്ഡലിനി’യെ സ്വതന്ത്രമാക്കാം. അതുവഴി ശരീരത്തിന്‌ പ്രകൃത്യാതീത ശക്തിയാർജ്ജിക്കാം എന്ന്‌ പതഞ്‌ജലി പഠിപ്പിച്ചു. ഇന്നിപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ പൂർണ്ണമായ ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ യോഗ അനിവാര്യമാണെന്ന് പറയുമ്പോൾ ഓരോ ഭാരതീയനും അതുൾക്കൊള്ളണം.അറിയാത്ത ജനങ്ങൾക്ക് അത് പറഞ്ഞുകൊടുക്കാനുള്ള ഉത്തരവാദിത്തം ഓരോ ഇന്ത്യക്കാരനുമുണ്ട് “. അദ്ദേഹം പറഞ്ഞു.

“മാനസികമായും ശാരീരികമായും ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്ന ജനവിഭാഗമാണ് ലോകമെമ്പാടുമുള്ള വ്യവസായികളും വ്യാപാരികളും.അവർക്ക് സ്വാസ്ഥ്യം പകർന്നുനല്കുന്നതിനു വേണ്ടിയാണ് കോസ്മോപോളിറ്റൻ ചേംബർ ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രീസിൻറെ സഹകരണത്തോടെ യോഗ ലോകമെമ്പാടും എത്തിക്കാൻ ശ്രമിക്കുന്നത്. ഓരോ വ്യവസായിയും ദിവസത്തിൻറെ ഒരുമണിക്കൂർ യോഗയ്ക്ക് വേണ്ടി ചെലവഴിക്കുകയാണെങ്കിൽ കൂടുതൽ സൃഷ്ടിപരമായ ദിവസങ്ങളായിരിക്കും അവർക്കു ലഭിക്കുന്നത് എന്ന് ഞാൻ പറയുന്നത് അനുഭവത്തിൽ നിന്നാണ്. യോഗ മതപരമായ ചടങ്ങല്ലെന്നും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും യോഗ അഭ്യസിക്കാമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു പറയുന്നത് എല്ലാജനങ്ങളും അതിൻറെ ഗുണഫലങ്ങൾ അനുഭവിക്കുന്നതിന് വേണ്ടിയാണ്. സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിൻറെ യോഗ ക്രിയകൾ പ്രചരിക്കുമ്പോൾ ഓരോ ഭാരതീയനും അഭിമാനപൂർവ്വം അതനുകരിക്കാവുന്നതാണ്. യോഗ ഒരു ശീലമാക്കുവാൻ നമുക്ക് പ്രതിജ്ഞ എടുക്കാം.” ഡോ. ജെ രാജ്‌മോഹൻ പിള്ള വ്യക്തമാക്കി. സ്വാസ്ഥ്യം നൽകുന്ന ഒരു ശാസ്‌ത്രീയ ആരോഗ്യപരിശീലന മാർഗ്ഗമായി യോഗയെ തിരിച്ചറിയണമെന്നും കലുഷിതമായ മനസ്സിനെ ശാന്തമാക്കി, മാനസികവും ശാരീരികവുമായ ക്ഷേമത്തിന്‌ യോഗ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

“കവിത പോലെ ലളിതവും മനോഹരവുമാണത്. യോഗയിലൂടെ നേടിയെടുക്കാൻ കഴിയുന്ന അപൂർവ്വ ശക്തി ചൈതന്യം ലോകമെമ്പാടുമുള്ള മനുഷ്യരിലെത്തിക്കുകയെന്നത് കോസ്മോപോളിറ്റൻ ചേംബർ ഓഫ് കോമേഴ്‌സ് & ഇൻഡസ്‌ട്രീസിന്റെ ഉദ്ദേശ – ലക്ഷ്യങ്ങളിലൊന്നാണെന്ന് ഡോ. ജെ രാജ്‌മോഹൻ പിള്ള പറഞ്ഞു. സിംഗപ്പൂരിൽ നാലാം തവണയാണ് ഇത്തരമൊരു യോഗ ക്‌ളാസ് സംഘടിപ്പിക്കുന്നത്. ലോകത്തിൻറെ മറ്റു ഭാഗങ്ങളിലും യോഗ പ്രചരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

Share: