“ആശയങ്ങള്‍ ലോകത്തെ നിയന്ത്രിക്കുന്നു”
എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍ – 11
എം ആർ കൂപ്മേയെർ പരിഭാഷ: എം ജി കെ നായർ
“ആശയങ്ങള്‍ ലോകത്തെ നിയന്ത്രിക്കുന്നു”
ഇരുപതാമത് അമേരിക്കന്‍ പ്രസിഡണ്ട് ജയിംസ് എ. ഗാര്‍ഫീല്‍ഡ് പ്രഖ്യാപിച്ചു.
അതേ, ആശയങ്ങള്‍ ലോകത്തെ നിയന്ത്രിക്കുന്നു.
എന്നാല്‍ കൂടുതല്‍ വ്യക്തിപരമായ കാര്യം: ആശയങ്ങള്‍ – നിങ്ങളുടെ സ്വന്തം ആശയങ്ങള്‍ – ബിസിനസ്സില്‍ നിങ്ങളുടെ പുരോഗതി നിശ്ചയിക്കും; നിങ്ങളുടെ വരുമാനത്തിൻറെ വര്‍ദ്ധനവിൻറെ നിരക്കും (എത്രവേഗം നിങ്ങള്‍ കൂടുതല്‍ സമ്പന്നനാകും എന്നത്) കമ്പ്യൂട്ടറുകളുടെയും ഓട്ടമേഷൻറെയും ലോകത്തില്‍ നിങ്ങളുടെ തൊഴില്‍ ഭദ്രതയും നിശ്ചയിക്കും.
വന്‍ ബിസിനസസ് സ്ഥാപനങ്ങള്‍ ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഉല്പാദനസമ്പ്രദായങ്ങള്‍ നവീകരിക്കുന്നതിനും അതുപോലെയുള്ള എല്ലാറ്റിനും ഉപകരിക്കുന്ന ആശയങ്ങള്‍ ഗവേഷണം ചെയ്തുകണ്ടു പിടിക്കുന്നതിനുവേണ്ടി കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നു. വില്പന, ഉല്പാദനം കാര്യക്ഷമത, ലാഭം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും ചെലവുകള്‍ കുറയ്ക്കുന്നതിനും ഇതു സഹായിക്കുന്നു.
യഥാര്‍ത്ഥത്തില്‍, ഗവേഷണത്തിനുള്ള തുകയില്‍ 90 ശതമാനവും വന്‍ബിസിനസ്സുകള്‍ ചെലവഴിക്കാറുണ്ട്. കാരണം, വന്‍ബിസിനസ്സുകള്‍ മാത്രമേ ഗവേഷണത്തിനു വന്‍ തുകകള്‍ വകകൊള്ളിക്കാറുള്ളൂ .
അതിനാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങളില്‍ 70 ശതമാനവും (നിങ്ങളെപ്പോലെയുള്ള) വ്യക്തികളില്‍ നിന്നുമാണ് ഉണ്ടാകുന്നത്; ദശലക്ഷക്കണക്കിനു ഡോളര്‍ മുടക്കി സ്ഥാപിച്ചിരിക്കുന്ന ലബോറട്ടറികളിലെ പ്രൊഫഷണല്‍ ഗവേഷകരില്‍നിന്നുമല്ല.
അതുകൊണ്ടാണ് എല്ലാതലത്തിലുമുള്ള സ്വന്തം തൊഴിലാളികളില്‍നിന്നും വെളിയിലുള്ളവരില്‍നിന്നും ബിസിനസ് മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ ബിസിനസുകാര്‍ അത്യധികം താല്പര്യത്തോടെ ക്ഷണിക്കുന്നത്.
പതിനായിരക്കണക്കിന് ആളുകള്‍ (വെറും ‘ആളുകള്‍’- ‘കണ്ടുപിടുത്തക്കാരോ, ‘ഗവേഷകരോ’ അല്ല.) എല്ലാവര്‍ഷവും ഉദ്ദ്യോഗക്കയറ്റം സമ്പാദിക്കുന്നു. കാഷ്ബോണസ് വാങ്ങുന്നു, അനേകംപേര്‍ വന്‍പണക്കാരാവുന്നു – എല്ലാം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ ചിന്തിച്ച് എടുക്കുന്നതിലൂടെ.
സകലതും – മെച്ചപ്പെടുത്താം. എല്ലാവര്‍ക്കും എന്തെങ്കിലും മെച്ചപ്പെടുത്തുന്നതിനെപ്പറ്റി ഏതെങ്കിലുംമാര്‍ഗ്ഗം ചിന്തിച്ചെടുക്കാം.
മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ ചിന്തിച്ച് എടുക്കുന്നതിന് പ്രതിഭ ആവശ്യ മില്ല. നിങ്ങളുടെ സര്‍ഗ്ഗാത്മക ഭാവന മനപ്പൂര്‍വ്വമായി ഉപയോഗിച്ചാല്‍ മതി.
നിങ്ങളുടെ സര്‍ഗ്ഗാത്മകഭാവന മനപ്പൂര്‍വ്വം ഉപയോഗിക്കുന്നതിന് വഴികാണിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമുണ്ട്. ആ മാര്‍ഗ്ഗം സ്വാഭാവികമായി, സ്വയമേവ, ആശയങ്ങള്‍ സ്ഫുരിപ്പിക്കും.
ഇതു ചെയ്യുന്നതിന് ഒരു ലഘുവായ മാര്‍ഗ്ഗം ഞാന്‍ ആവിഷ്കരിച്ചിട്ടുണ്ട്. അതു ഞാന്‍ നിങ്ങള്‍ക്ക് തരാം – പൂര്‍ണ്ണമായി അടുത്ത അദ്ധ്യായങ്ങളില്‍.
എൻറെ മാര്‍ഗ്ഗത്തിന് ‘ആശയ സ്ഫുലിംഗങ്ങള്‍’ എന്നാണ് പറയുന്നത്. 61 മാന്ത്രിക ചോദ്യങ്ങള്‍ മാത്രമാണ് അതിലുള്ളത് (അതൊന്നും ഇന്ദ്രജാലമല്ല, ഇന്ദ്രജാലം പോലെ ഫലം തരുന്നതുകൊണ്ട് അങ്ങനെ പറയുന്നുവെന്നേയുള്ളു.)
സാദ്ധ്യതകളുടേയും പക്ഷാന്തരങ്ങളുടെയും ഒരു ‘ചെക്ക് ലിസ്റ്റാ’ണ് എന്റെ 61 മാന്ത്രികചോദ്യങ്ങള്‍. നിങ്ങള്‍ മെച്ചപ്പെടുത്താനുദ്ദേശിക്കുന്ന ഏതു കാര്യത്തിനും അവ ഉപയോഗിക്കുമ്പോള്‍ പുതിയ ആശയങ്ങള്‍ സ്ഫുരിക്കും. പട്ടികയിലെ ഏതെങ്കിലും ചോദ്യം മെച്ചപ്പെടുത്തുന്നതിനുള്ള സാദ്ധ്യത ഉത്തേജിപ്പിക്കുമ്പോള്‍.
ഈ മാര്‍ഗ്ഗം ലളിതമായും മുഴുവനായും അടുത്ത അദ്ധ്യായത്തില്‍ വിശദീകരിച്ചിരിക്കുന്നു……