സ്ത്രീകള്‍ അതിജീവനത്തിന്റെ മാതൃകകളാകണം-മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

Share:

അതീജീവനത്തിന്റെ മാതൃകകളാകാന്‍ സ്ത്രീകള്‍ക്ക് കഴിയണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെയും കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കരുനാഗപ്പള്ളി ടൗണ്‍ ക്ലബില്‍ ആരംഭിച്ച ത്രിദിന റീജിയണല്‍ വിമെന്‍ കോണ്‍ക്ലേവ് – പെണ്ണകം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സര്‍വ്വംസഹയായി ഒതുങ്ങാതെ സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കാനും അര്‍ഹമായത് നേടിയെടുക്കാനും സ്ത്രീകള്‍ പരിശ്രമിക്കണം. പൊതുവിഷയങ്ങള്‍ ഫലപ്രദമായി ഏറ്റെടുത്ത് സമൂഹത്തിന് വഴികാട്ടാന്‍ കഴിയുന്ന ഒരു വനിതാ നേതൃനിര കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണ്- മന്ത്രി ചൂണ്ടിക്കാട്ടി.
നിശബ്ദമായി സഹിക്കുമ്പോഴാണ് സ്ത്രീകള്‍ക്ക് വീണ്ടും അതിക്രമങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നതെന്നും അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സാധിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ പി. അയിഷ പോറ്റി എം.എല്‍.എ പറഞ്ഞു.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.ജി. സന്തോഷ് ആമുഖ പ്രഭാഷണം നടത്തി. വിമന്‍ കോണ്‍ക്ലേവ് സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. തങ്കമണിപിള്ള, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ആര്‍. രവീന്ദ്രന്‍പിള്ള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അജോയ് ചന്ദ്രന്‍, അസിസ്റ്റന്റ് എഡിറ്റര്‍ ജസ്റ്റിന്‍ ജോസഫ്, കോണ്‍ക്ലേവ് കണ്‍വീനര്‍ കെ.എസ്. പ്രിയ, കുടുംബശ്രീ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി.ആര്‍. അജു, കുടുംബശ്രീ കരുനാഗപ്പള്ളി സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ എന്‍. അനിത എന്നിവര്‍ ആശംസയര്‍പ്പിച്ചു.
വിജയവഴിയിലെ സ്ത്രീ എന്ന വിഷയത്തിലുള്ള സെമിനാര്‍ പി.കെ മേദിനി ഉദ്ഘാടനം ചെയ്തു. കെ.കെ കലാമണി, എ. ഹസീന തുടങ്ങിയവര്‍ പങ്കെടുത്തു. സ്ത്രീ ശാക്തീകരണത്തിന്റെ പുതുവഴികള്‍ എന്ന സെമിനാര്‍ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. സോനു എസ്. നായര്‍, ബീന സജീവ്, ആര്‍. ധനലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം ആര്‍.കെ. ദീപ മോഡറേറ്ററായിരുന്നു.
ജൂലൈ 14 ന് രാവിലെ 9.30ന് അസിസ്റ്റന്റ് കളക്ടര്‍ എസ്. ഇലക്കിയയുടെ നേതൃത്വത്തില്‍ പെണ്ണകം പ്രവര്‍ത്തകരും ക്യാമ്പ് അംഗങ്ങളും ചേര്‍ന്ന് വലിയ കാന്‍വാസില്‍ പ്രതിരോധത്തിന്റെ പെണ്‍വര എന്ന പേരില്‍ ചിത്രരചന നടത്തും. 10.30ന് വികേന്ദ്രീകൃത ആസൂത്രണത്തില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിലുള്ള സെമിനാറില്‍ സബ് കളക്ടര്‍ എസ്. ചിത്ര, കോസ്റ്റ്‌ഫോര്‍ഡ് ഡയറക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ. ജഗദമ്മ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് 12ന് സ്ത്രീ സുരക്ഷാനിയമങ്ങള്‍ സാധ്യതയും പ്രയോഗവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ജസ്റ്റീസ് ജെ. കമാല്‍ പാഷ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം എം.എസ്. താര മോഡറേറ്ററാകും. ഉച്ചകഴിഞ്ഞ് 2.30ന് പുതിയ കാലത്തെ കൗമാരവും അമ്മയയുടെ ചുമതലകളും എന്ന സെമിനാര്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ സി.ജെ. ആന്റണി ഉദ്ഘാടനം ചെയ്യും. കോണ്‍ക്ലേവ് ജൂലൈ 15 ന് സമാപിക്കും.

Tagswomen
Share: