വീഡിയോ എഡിറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം, എറണാകുളം (കാക്കനാട്) സെന്ററുകളിൽ നടത്തുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി വീഡിയോ എഡിറ്റിംഗുമായി ബന്ധപ്പെട്ട അതിനൂതന സോഫ്റ്റ്‌വെയറുകളിലുളള പരിശീലനം നൽകും.
സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 30000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യതാ പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായം 30.11.2018ന് 30 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാർക്ക് അഞ്ച് വയസ്സ് ഇളവുണ്ട്. ദൃശ്യമാധ്യമങ്ങളിലും വീഡിയോ എഡിറ്റിങ് രംഗത്തും തൊഴിൽ സാധ്യതയുള്ള ഈ കോഴ്‌സിന്റെ പ്രായോഗിക പരിശീലനത്തിന് സുസജ്ജമായ എഡിറ്റ് സ്യൂട്ട്, ആർട്ട് സ്റ്റുഡിയോ, ഔട്ട്‌ഡോർ വീഡിയോ ഷൂട്ടിങ് സംവിധാനം എന്നിവ അക്കാദമി ക്രമീകരിച്ചിട്ടുണ്ട്.
അപേക്ഷ അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org ൽനിന്ന് ഫോറം ഡൗൺലോഡ് ചെയ്ത് സമർപ്പിക്കാം. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പും വയ്ക്കണം. സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് എന്ന പേരിൽ എറണാകുളം സർവീസ് ബ്രാഞ്ചിൽ മാറാവുന്ന 300 രൂപയുടെ (പട്ടിക വിഭാഗക്കാർക്ക് 150 രൂപ) ഡിമാൻഡ് ഡ്രാഫ്റ്റും നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി അഞ്ച്. കാക്കനാട് സെന്ററിലേക്കുള്ള അപേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി-30 , തിരുവനന്തപുരം സെന്ററിലേക്കുള്ള അപേക്ഷ കേരള മീഡിയ അക്കാദമി ,തിരുവനന്തപുരം സബ്ബ് സെന്റർ, ടി.സി 9/1487, ശാസ്തമംഗലം, തിരുവനന്തപുരം-10 എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഫോൺ: 0484 2422275, 0484 2422068.