വയോസേവന പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശം ക്ഷണിച്ചു

തിരുഃ വയോജനമേഖലയിൽ ശ്ലാഘനീയമായ സേവനം കാഴ്ചവെച്ചിട്ടുള്ള മുതിർന്ന പൗരൻമാർക്കും, വിവിധ സർക്കാർ സർക്കാരിതര വിഭാഗങ്ങൾക്കും കലാകായിക സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വയോസേവന അവാർഡ് 2023 ന് നാമനിർദ്ദേശം ക്ഷണിച്ചു.
11 വിഭാഗങ്ങളിലായാണ് പുരസ്‌കാരം നൽകുക. നാമനിർദ്ദേശത്തോടൊപ്പം നിർദ്ദിഷ്ട മാതൃകയിൽ ആവശ്യപ്പെട്ടിട്ടുള്ള വിശദാംശങ്ങളും മാനദണ്ഡങ്ങൾ പ്രകാരമുള്ള മറ്റു രേഖകളും ലഭ്യമാക്കണം. നാമനിർദ്ദേശങ്ങൾ സാമൂഹ്യനീതി ഡയറക്ടറേറ്റിലോ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫിസിലോ നൽകുക.
വയോസേവന അവാർഡിനായി വ്യക്തികൾ / സ്ഥാപനങ്ങൾ നേരിട്ട് അപേക്ഷിക്കാൻ പാടില്ല. എന്നാൽ അതത് രംഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് വ്യക്തികളെയോ, സ്ഥാപനങ്ങളെയോ നാമനിർദേശം ചെയ്യാം.
ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
ജൂലായ് 30 ആണ് നാമനിർദ്ദേശം ലഭിക്കേണ്ട അവസാന തീയതി.
കൂടുതൽ വിവരങ്ങൾക്ക്: sjd.kerala.gov.in