തൊഴിൽ രഹിതരായ യുവതീ-യുവാക്കൾക്ക് നീതി ലഭിക്കുമോ ?

Share:

കേരളത്തിലെ തൊഴിൽ രഹിതരായ യുവതീ-യുവാക്കൾക്ക് നീതി ലഭിക്കുന്നുണ്ടോ?
ഉദ്യോഗാർഥികളും രക്ഷിതാക്കളും എപ്പോഴും ഉന്നയിക്കുന്ന ചോദ്യമാണിത്.
സർക്കാർ സർവീസിലെ നിയമനങ്ങൾ നീതിപൂർവ്വവും സുതാര്യവുമായി നടത്തുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രവർത്തിക്കുന്നു. നാൽപ്പത്തി ഏഴു ലക്ഷത്തോളം ഉദ്യോഗാർഥികൾ ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെയും വിവിധ കോര്‍പ്പറേഷനുകളിലേയും മറ്റും ഉദ്യോഗ ഒഴിവുകളിലേക്കുള്ള നിയമനം പിഎസ്‌സി വഴി നടത്തണം എന്നതാണ് തൊഴിൽ രഹിതരായവരോട് നീതി പുലർത്തുന്നതിനുള്ള സുതാര്യ മാർഗ്ഗം. സർക്കാർ ശമ്പളം നൽകുന്ന ഏതു ജോലിയും പി എസ് സി മുഖേന നടത്തണം എന്നുള്ള നിരവധി കോടതി വിധികൾ ഉണ്ടെങ്കിലും പിൻവാതിൽ നിയമനങ്ങൾ ഇവിടെ ധാരാളമായി നടക്കുന്നു.

മന്ത്രിമാരുടെയും എം എൽ എ മാരുടെയും എംപി മാരുടെയും വ്യക്തിഗത നിയമനങ്ങൾ ( Personal Staff ) മുതൽ അതാരംഭിക്കുന്നു. സർക്കാർ ശമ്പളവും പെൻഷനും നൽകുന്ന ഇത്തരം ഒഴിവുകളിൽ, എന്തുകൊണ്ടാണ് ജനാധിപത്യ ഭരണ സംവിധാനം നിലവിലുള്ള ഒരു സംസ്ഥാനത്തു യോഗ്യരായ അനേകായിരം പേർ തൊഴിലിനായി അലയുമ്പോൾ സ്വന്തമാക്കാർക്കും ബന്ധുക്കൾക്കുമായി ‘സംവരണം ‘ ചെയ്തിരിക്കുന്നതെന്ന് നാം ചിന്തിക്കണം. സർക്കാർ ശമ്പളം നൽകുന്ന നിയമനങ്ങളില്‍ അവസര സമത്വം ലഭിക്കുന്നതിനും, സംവരണം പാലിക്കുന്നതിനും കഴിവുള്ളവരെ തെരഞ്ഞെടുക്കുന്നതിനുമാണ് പബ്ലിക് സര്‍വീസ് കമ്മീഷനും പരീക്ഷയും ഇന്റർവ്യൂവും മറ്റും നിലവിലുള്ളത്.

ഒഴിവുവരുന്ന തസ്തികകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പിഎസ്‌സിക്ക് ലഭിക്കുകയും, അതിന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ നടത്തി ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് അഡൈ്വസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് 90 ദിവസത്തിനുള്ളില്‍ നിയമനം നല്‍കണമെന്നുമാണ് നിലവിലുള്ള നിയമം. എന്നാൽ ഇന്ന് കേരളത്തില്‍ നടക്കുന്നത് ഇതല്ല . പിഎസ്‌സിയെ നോക്കുകുത്തിയാക്കി സ്വന്തം ആള്‍ക്കാരെ തിരുകിക്കയറ്റാനുള്ള ഇടമായി സര്‍ക്കാര്‍ സര്‍വീസുകളെ മാറ്റിയെടുത്തിരിക്കുന്നു. താൽക്കാലിക നിയമനം, കരാർ നിയമനം തുടങ്ങിയ ഓമനപ്പേരുകളിൽ അനധികൃത നിയമനങ്ങൾ നടത്തുകയും ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ നോക്കുകുത്തികളാക്കി രാഷ്ട്രീയ സ്വാധീനവും പണവും കൊണ്ട് അനേകായിരങ്ങൾ ജോലി കരസ്ഥമാക്കുകയും ചെയ്യുന്നു. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സ്വന്തക്കാരെയും ബന്ധുക്കളെയും ഇത്തരത്തിൽ തിരുകിക്കയറ്റുമ്പോഴാണ് സാമാന്യ ജനങ്ങൾ നീതിയെക്കുറിച്ചു ചിന്തിച്ചുപോകുന്നത്.

മാറിമാറി വരുന്ന ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും സമാന്തര റിക്രൂട്ടിങ് ഏജന്‍സികളായി പ്രവര്‍ത്തിച്ച് പിഎസ്‌സിയുടെ വിശ്വാസ്യത കളഞ്ഞുകുളിക്കുകയാണ്. ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ സ്വപ്‌നത്തിലും ജീവിതത്തിലും കരിവാരിത്തേച്ചുകൊണ്ടാണ് തലപ്പത്തുള്ളവര്‍ തന്നിഷ്ടത്തിന് നിയമനം നടത്തുന്നത്. ഓരോ ദിവസവും നൂറുകണക്കിന് അനധികൃത നിയമനങ്ങളാണ് കേരളത്തിൽ നടക്കുന്നത്.

റിസര്‍വ് കണ്ടക്ടര്‍ തസ്തികയില്‍ പിഎസ്‌സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവരുടെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെ. മറ്റു നിരവധി വകുപ്പുകളിലും കോര്‍പ്പറേഷനുകളിലും സംഭവിക്കുന്നതുതന്നെ ഇവിടെയുമുണ്ടായി. 2010 ഡിസംബര്‍ 31 നാണ് പിഎസ്‌സി റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 9378 ഒഴിവുകളാണ് അന്ന് പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 9378 ഒഴിവുകള്‍ക്ക് പകരം 3808 ഒഴിവുകള്‍ മാത്രമേ ഉള്ളൂ എന്ന് ഏഴു മാസത്തിനു ശേഷം കെഎസ്ആര്‍ടിസി പിഎസ്‌സിക്ക് കത്തയയ്ക്കുകയായിരുന്നു. കെഎസ്ആര്‍ടിസിയുടെ ഈ വാദം തെറ്റാണെന്ന് നിയമസഭാ രേഖകളും വിവരാവകാശ രേഖകളും തെളിയിക്കുന്നുണ്ട്. പിഎസ്‌സിയിലേക്ക് ഒഴിവുകളുണ്ടെന്ന് അറിയിച്ചതിനുശേഷം ഒഴിവുകള്‍ കുറച്ചുതരണം എന്നാവശ്യപ്പെട്ട് കത്തയയ്ക്കുന്നതിനിടെ 2198 താല്‍ക്കാലിക കണ്ടക്ടര്‍മാരെ സ്ഥിരപ്പെടുത്തുകയാണുണ്ടായത്.

9300 പേര്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചിട്ടും 3808 പേര്‍ക്ക് മാത്രം നിയമനം നല്‍കിയതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കെഎസ്ആര്‍ടിസിയുടെ വാദങ്ങള്‍ തള്ളി താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടും അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമനം നല്‍കണമെന്ന് കോടതി ഉത്തരവായി. ഈ നിയമനം നല്‍കിയതിനുശേഷമുണ്ടായ 4051 ഒഴിവുകളിലേക്ക് പിഎസ്‌സി അഡൈ്വസ് മെമ്മോ അയച്ചു. 2016 ഡിസംബര്‍ 31 ന് അഡൈ്വസ് മെമ്മോ അയച്ച ഒരാള്‍ക്കുപോലും കെഎസ്ആര്‍ടിസി ജോലി നല്‍കിയില്ല. 4263 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുമ്പോഴാണ് നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട ഉദ്യാഗാര്‍ത്ഥികള്‍ പെരുവഴിയിലായത്.

വിവിധ തസ്തികകളിലായി 3420 ഓളം താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി കോര്‍പ്പറേഷന്‍ റെക്കോര്‍ഡ് സൃഷ്ടിക്കുകയും ചെയ്തു. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ തരപ്പെടുത്താന്‍ കഴിയുന്ന പണത്തിന്റെ അളവ് എത്രയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സംഘടിത തൊഴിലാളി യൂണിയന്‍ നേതാക്കളും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദവും കൂടിച്ചേര്‍ന്ന മാഫിയാസംഘമാണ് നിയമനങ്ങളെ നിയന്ത്രിക്കുന്നത്. പരീക്ഷയും പാസ്സാകലും എല്ലാം ഒരു വഴിപാട് മാത്രമാകുന്നു. സ്വജനപക്ഷപാതത്തിന്റെ അരങ്ങുവാഴ്ചയാണ് നടക്കുന്നത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരും ഇതുതന്നെ ചെയ്യുന്നു എന്നതാണ് കേരളത്തിൻറെ ദുര്യോഗം.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം നടന്ന താല്‍ക്കാലിക നിയമനങ്ങളെക്കുറിച്ച് മാത്രമുള്ള കണക്കെടുത്താല്‍ ഞെട്ടിപ്പോകും. ഭരണമൊഴിയുന്നതിന് മുമ്പ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി പിഎസ്‌സി എന്ന ഔദ്യോഗിക സംവിധാനത്തെ അട്ടിമറിക്കുകയാണ്. കേരളത്തില്‍. വിപ്ലവ വീര്യത്തിന്റെ കാര്യത്തില്‍ ഊറ്റം കൊള്ളുന്ന യുവജന സംഘടനകള്‍ രാഷ്ട്രീയ മേലാളന്മാരുടെ പാദസേവ ചെയ്ത് മൗനം ദീക്ഷിക്കുകയാണ്.

സംസ്ഥാന സർക്കാര്‍ സര്‍വീസിലേക്ക് നിയമനം നടത്തുക, ഉദ്യോഗസ്ഥരുടെ പ്രൊമോഷനും സ്ഥിരപ്പെടുത്തലിനും സംബന്ധമായ യോഗ്യതാ നിർണ്ണ യത്തിനും സര്‍വീസ് സംബന്ധമായ മറ്റ് കാര്യത്തിനും സർക്കാരിന് ഉപദേശം നല്കുക തുടങ്ങിയ ചുമതലകള്‍ നിർവ്വഹിക്കുന്ന ഭരണ ഘടനാ സ്ഥാപനമാണ് കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍. ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ് മുതല്‍ ഡെപ്യൂട്ടി കളക്ടര്‍ വരെയുള്ള നിയമനം പി എസ് സി വഴി യാണ് നടക്കുന്നത്. ഒരു ജനാധിപത്യ സംവിധാനത്തിൽ, സർക്കാർ ശമ്പളം നൽകുന്ന എല്ലാ തസ്തികകളിലും ജോലി നേടാൻ എല്ലാ പൗരനുമുള്ള അവകാശം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രവർത്തിക്കുന്നത്. എന്നാൽ പി എസ് സിയെ നോക്കുകുത്തിയാക്കിക്കൊണ്ട് , ഉദ്യോഗാർഥികളെ പരിഹസിച്ചുകൊണ്ട് നിരവധി നിയമനങ്ങളാണ് കേരളത്തിൽ നടക്കുന്നത്.
താൽക്കാലിക നിയമനം, കരാർ നിയമനം, തുടങ്ങി നിരവധി ഓമനപ്പേരുകളിൽ നടക്കുന്ന നിയമനങ്ങൾ ഒരിക്കലും താൽക്കാലികമല്ല. മത്സര പരീക്ഷകളിൽ പങ്കെടുക്കാതെ രാഷ്ട്രീയ നേതാക്കളും ബന്ധുക്കളും ഇത്തരത്തിൽ കടന്നുകൂടി സത്യസന്ധമായി , മത്സരപരീക്ഷയെഴുതി ജോലി കാത്തിരിക്കുന്നവരെ പമ്പര വിഡ്ഢികളാക്കുന്നു.
ഉദ്യോഗസ്ഥ നിയമന മേഖലയില്‍ നടമാടുന്ന അഴിമതിയെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി നിയമന രീതികള്‍ സുതാര്യമാക്കാന്‍ യുവജനങ്ങൾ മുന്നിട്ടിറങ്ങണം. പരസ്പരം വീതംവെച്ച് സര്‍ക്കാര്‍ നിയമനങ്ങള്‍ സ്വന്തമാക്കുന്നവരെ കണ്ടെത്താന്‍ നീതിന്യായ പീഠങ്ങൾ മുന്നോട്ടു വരേണ്ടതുണ്ട്.

-കരിയർ ടീം

Share: