എഡിസണിൽ നിന്നും പഠിക്കുക

Share:

എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍-25

എം ആർ കൂപ്മേയെർ പരിഭാഷ: എം ജി കെ നായർ

ആശയ സ്രഷ്ടാവ് എന്ന നിലയില്‍ തോല്‍ക്കാനുള്ള സുനിശ്ചിതമാര്‍ഗ്ഗം, ആശയം കുറ്റമറ്റതാക്കാന്‍ ശ്രമിക്കുക എന്നതാണ്.

ഏറ്റവും നല്ല ആശയ സ്രഷ്ടാവ് തോമസ്‌ എഡിസണ്‍ ആയിരുന്നു. ദശലക്ഷങ്ങള്‍ വിലമതിക്കുന്ന 1093 കണ്ടുപിടുത്തങ്ങള്‍ക്ക് അദ്ദേഹം പേറ്റന്‍റ സമ്പാദിച്ചു. വേറെ ആയിരക്കണക്കിന് പ്രയോജനകരമായ ആശയങ്ങള്‍ അദ്ദേഹം ലോകത്തിന് സംഭാവനചെയ്തു. അവ പേറ്റന്‍റ ചെയ്യാന്‍ പോലും അദ്ദേഹം മെനക്കെട്ടില്ല.

അതിനാല്‍ നമ്മള്‍ എഡിസണിൽ നിന്നും പഠിക്കേണ്ടിയിരിക്കുന്നു.

സമ്പൂര്‍ണ്ണത കൈവരിക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. പ്രയോജനകരമായ ആശയങ്ങള്‍ സൃഷ്ടിക്കാനും ആ ആശയങ്ങളെ മെച്ചപ്പെടുത്താന്‍ ഓരോരുത്തര്‍ക്കും അവസരം ലഭിക്കത്തക്കവിധം അവയെ എല്ലാവര്ക്കും ലഭ്യമാക്കാനും മാത്രമേ അദ്ദേഹം യത്നിച്ചുള്ളൂ.

വാസ്തവത്തില്‍, തോമസ്‌ എഡിസന്‍റെ എല്ലാ ആശയങ്ങളും മെച്ചപ്പെടുത്തപ്പെട്ടിട്ടുണ്ട്! അദ്ദേഹത്തിന്‍റെ ആദ്യത്തെ “സംസാരിക്കുന്ന യന്ത്ര”ത്തെപ്പറ്റി ചിന്തിക്കുക. അതാണു പിന്നീട് ഫോണോഗ്രാഫായത്…… കുറേക്കഴിഞ്ഞ് അത് ഇലക്ട്രോണിക് “സ്റ്റീരിയോ-ഫോണിക് സിസ്റ്റം” ആയി മെച്ചപ്പെടുത്തി…… അങ്ങനെയങ്ങനെ പലതും.

അല്ലെങ്കില്‍ ധവളോജ്ജ്വല ദീപ ബള്‍ബിനെപ്പറ്റിയുള്ള എഡിസന്‍റെ ആശയം വൈദ്യുത വെളിച്ചം പകരുന്നതില്‍ എത്രയെത്ര മെച്ചപ്പെടുത്തലുകള്‍ക്കു വിധേയമായിട്ടുണ്ടെന്ന് പരിശോധിക്കുക!

വാസ്തവത്തില്‍, ഒരിക്കലും പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത ആശയങ്ങള്‍ സമര്‍പ്പിക്കുന്നതുകൊണ്ടു മാത്രം നിങ്ങള്‍ക്കു വലിയ ധനവാനാകാന്‍ സാധിക്കും.

പ്രവര്‍ത്തിക്കാത്ത, “വിജയകരമായ” ഒരാശയത്തിന് ഉണ്ടായിരിക്കേണ്ട ആവശ്യകത, അത് പ്രയോജന പ്രദമാകുന്നവിധത്തില്‍, എങ്ങനെയെങ്കിലും, ആരെക്കൊണ്ടേങ്കിലും, നവീകരിക്കാനോ രൂപഭേദം വരുത്താനോ സംജയോപ്പിക്കാനോ അല്ലെങ്കില്‍ മെച്ചപ്പെടുത്താനോ കഴിയണമെന്നതു മാത്രമാണ്.

ആശയങ്ങളുടെ ഒരു ചങ്ങലയ്ക്ക് ആരംഭംകുറിച്ചത് നിങ്ങളാകയാല്‍ അതിന്‍റെ ബഹുമതി നിങ്ങള്‍ക്കുകിട്ടും. ഉദ്ദ്യോഗക്കയറ്റം നിങ്ങള്‍ക്കു കിട്ടും. നിങ്ങളുടെ ആശയം അവസാനത്തെ, പ്രവര്‍ത്തനക്ഷമമായ രീതിയില്‍ മെച്ചപ്പെടുത്തിയവരുമായി അതിനുള്ള പ്രതിഫലം, ആ ആശയത്തിന്‍റെ കാരണഭൂതന്‍ എന്ന നിലയില്‍, പങ്കുവച്ച് നിങ്ങള്‍ സമ്പന്നനാകും. നിങ്ങള്‍ ആ ആശയത്തിന് ജന്മം നല്കിയില്ലായിരുന്നുവെങ്കില്‍ മെച്ചപ്പെടുത്താന്‍ ഒന്നുമുണ്ടാകുമായിരുന്നില്ല!

ഓര്മ്മിക്കുക – ഓരോ ആശയവും ഒരു തുടക്കം മാത്രം, (അതു പ്രവര്‍ത്തിക്കുന്നതായാലും വികസിപ്പിച്ചെടുക്കേണ്ടതാണെങ്കിലും).
കുറ്റമറ്റ ഒരാശയം – അല്ലെങ്കില്‍ മനുഷ്യനിര്‍മ്മിതമായ എന്തെങ്കിലും – ഉണ്ടായിട്ടുള്ളതായി എന്‍റെ അറിവിലില്ല.

മനുഷ്യന്‍റെ അറിവും സാങ്കേതികവിദ്യയും അനുഭവ പരിചയവും വര്‍ദ്ധിക്കുന്നതനുസരിച്ച് ഓരോ ആശയവും ഒരു കാലയളവു കൊണ്ടു മെച്ചപ്പെടുത്തപ്പെടുന്നു.

ആശയങ്ങള്‍ സ്വയം ആവിഷ്കരിക്കപ്പെടുന്നു! പരിണാമം എന്നത് അതാണ്. മറ്റെന്തിനേക്കാളും പരിണാമം അനുയോജ്യമായത് ആശയങ്ങല്‍ക്കാണ്! ‘ഏറ്റവും അനുയോജ്യരായവര്‍ അതിജീവിക്കുന്നു’ എന്ന പ്രമാണം ആശയങ്ങള്‍ക്കും ബാധകമാണ്. മാറുന്ന പരിതസ്ഥിതികള്‍ക്കനുസരിച്ച് അവയ്ക്കും മാറ്റം വരണം.

അതിനാല്‍ നിങ്ങളുടെ ആശയങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിലും സമര്‍പ്പിക്കുന്നതിലും സംശയാലുവോ ഭീരുവോ ആകേണ്ടതില്ല. നിങ്ങളുടെ ആശയങ്ങള്‍ കുറ്റമറ്റതാകണമെന്നില്ല, വാസ്തവത്തില്‍, ഒരാശയവും (എഡിസന്‍റെ ഉള്‍പ്പടെ!) ഒരിക്കലും കുറ്റമറ്റതായിരുന്നിട്ടില്ല! ആദ്യഘട്ടത്തില്‍, നേരു പറഞ്ഞാല്‍, നിങ്ങളുടെ ആശയം “പ്രവര്‍ത്തിക്ക”ണമെന്നുപോലും ഇല്ല. അത് ഒരു തുടക്കം മാത്രമായിരുന്നാല്‍ മതി. ഒരു തുടക്കമില്ലാതെ, വിജയകരമായ ഒരു പൂര്‍ത്തികരണം അസാദ്ധ്യമാണ്.

“പരാജയം”, “തോല്‍പ്പിക്കപ്പെടല്‍” എന്നീ പദങ്ങള്‍ തമ്മില്‍ കൂട്ടിക്കുഴയ്ക്കരുത്.

എല്ലാ ആശയസൃഷ്ടിയുടേയും അടിസ്ഥാനം പരാജയത്തില്‍ നിന്നും മുന്നോട്ട് എന്നതാണ്. അതിനാല്‍ പരാജയം നിങ്ങളില്‍ നിന്നും എന്തെങ്കിലും കൂടുതലായി നിവേശിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

നിങ്ങളുടെ ഒരാശയവും യഥാര്‍ത്ഥത്തില്‍ “പരാജയ” പ്പെട്ടുകയില്ല. ഓരോ ആശയവും – പരാജയമായാലും വിജയമായാലും – എന്തെങ്കിലും സൃഷ്ടിക്കുന്നതിനുള്ള മുമ്പോട്ടുള്ള ഒരു ചുവടുവയ്പു മാത്രമാണ്. നിങ്ങളുടെ വിജയങ്ങളില്‍ നിന്നുമെന്നതുപോലെ, പരാജയങ്ങളില്‍ നിന്നും അത്രയും തന്നെ – അല്ലെങ്കില്‍ അതില്‍ കൂടുതല്‍ – നിങ്ങള്‍ പഠിക്കും. (വ്യക്തിപരമായി പറഞ്ഞാല്‍, എന്‍റെ ആദ്യ വിജയങ്ങളില്‍ നിന്നു പഠിച്ചതിനേക്കാള്‍ വളരെ കൂടുതല്‍ എന്‍റെ ആദ്യപരാജയങ്ങളില്‍ നിന്നും പഠിച്ചു – അതിനാല്‍ ആത്യന്തികമായി നേട്ടമുണ്ടാകുകയും ചെയ്തു.)

വിജയം കെട്ടിപ്പടുക്കുന്നതിനുള്ള അവശ്യഘടകമാണ് പരാജയങ്ങള്‍. എബ്രഹാംലിങ്കനെ സൃഷ്ടിച്ചത് പരാജയങ്ങളാണ്. അദ്ദേഹത്തെ മഹത്ത്വത്തിലേക്കു നയിച്ചതും പരാജയങ്ങള്‍ തന്നെ, നെപ്പോളിയനെ സൃഷ്ടിച്ചത് വിജയങ്ങള്‍ മാത്രമാണ്. പരാജയങ്ങള്‍ ഉണ്ടായിരുന്നില്ല. അതദ്ദേഹത്തിന് ‘വാട്ടര്‍ലൂ’ ആയിത്തീര്‍ന്നു.

നിക്കല്‍ – അയണ്‍ – ആല്‍ക്കലൈന്‍ സ്റ്റോറേജ് ബാറ്ററിയുടെ നിര്‍മ്മാണം പത്തുവര്‍ഷത്തെ ആശയ പരാജയങ്ങളില്‍ നിന്നുമാണ് ഉണ്ടായത്.

പതിനേഴായിരത്തിലധികം ആശയപരാജയങ്ങളാണ് ‘ലാറ്റക്സ്’ നിര്‍മ്മിച്ചത്.

നിങ്ങളുടെ ആശയം പരാജയപ്പെടുമെന്ന് നിങ്ങള്‍ ഭയക്കുന്നോ? ഒരാശയം പ്രവര്‍ത്തിക്കുമോ എന്നു നോക്കുന്നത് ഒരു പരീക്ഷണം മാത്രമാണ്. എത്രമാത്രം അതു നവീകരിക്കണം എന്നു നിശ്ചയിക്കാന്‍. അതു വിജയത്തിന്‍റെയോ പരാജയത്തിന്‍റെയോ ഒറ്റവെടികൊണ്ടുള്ള അവസാന പരീക്ഷണമല്ല. അത് പരീക്ഷണമാണ് – ഈ പുസ്തകത്തിലെ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാല്‍ ആത്യന്തിക വിജയത്തിലേക്കും പ്രയോജനകരമായ ആശയങ്ങള്‍ ചിന്തിച്ചെടുക്കുന്നതിനുള്ള പ്രതിഫലങ്ങള്‍ കിട്ടുന്നതിലേക്കും നയിക്കുന്ന പരീക്ഷണം.

ജനറല്‍ മോട്ടോഴ്സിലെ മഹാനായ കണ്ടുപിടുത്തപ്രതിഭ, ചാള്‍സ് കെറ്ററിംഗ്, ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ചെടുത്തത് എങ്ങനെയെന്നു പറഞ്ഞിട്ടുണ്ട്. പരാജയപ്പെട്ട ഒരാശയത്തിനുശേഷം മറ്റൊന്ന് – അങ്ങനെ ആറുവര്‍ഷക്കാലം, പ്രയത്നിച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന ആശയം കണ്ടെത്തുന്നതുവരെ.

ആദ്യം പരീക്ഷിച്ചു നോക്കിയപ്പോള്‍ ആശയങ്ങള്‍ പരാജയപ്പെട്ടുപോയതിനാല്‍ ചാള്‍സ് കെറ്ററിംഗ് ഒരു പരാജയമായിരുന്നോ? ഒരു ഡീസല്‍ എന്‍ജിന്‍ ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള അദ്ദേഹത്തിന്‍റെ ആറുവര്‍ഷക്കാലത്തെ ആശയങ്ങള്‍ ഫലം കണ്ടില്ല. അദ്ദേഹം പരാജയമായിരുന്നോ? കൃത്യമായി അല്ല. ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ചെടുക്കുന്നതുവരെ അദ്ദേഹം തന്‍റെ ആശയങ്ങള്‍ നവീകരിച്ചു രൂപാന്തരപ്പെടുത്തി, സംയോജിപ്പിച്ചു, മെച്ചപ്പെടുത്തി. അദ്ദേഹത്തിന്‍റെ മഹത്തായ കണ്ടുപിടിത്തങ്ങളെല്ലാം അപ്രകാരമാണ് ഉണ്ടായത്.

കൂടുതല്‍ “ശാസ്ത്രീയമായ” ഒരു മാര്‍ഗ്ഗമുണ്ടെന്ന് ഒരാള്‍ ചിന്തിച്ചേക്കാം. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ, ഏറ്റവും സമ്പന്നമായ, ഏറ്റവും ഉല്പാദനക്ഷമമായ കോര്‍പ്പറേഷനില്‍ ഗവേഷണത്തിനുള്ള ചുമതല ഉണ്ടായിരുന്നപ്പോള്‍ ചാള്‍സ് കെറ്ററിംഗ് പറഞ്ഞത്, “നമുക്കറിയാവുന്ന ഒരേയൊരു വിജയമാര്‍ഗ്ഗം ഒരാശയത്തിനു പിമ്പേ മറ്റൊരാശയം പ്രവര്‍ത്തിപ്പിച്ചു നോക്കുക എന്നതു മാത്രം” ആണെന്നാണ്.

കുറ്റമറ്റതല്ലാത്തതിനാല്‍ (ഒരിക്കലും അങ്ങിനെയാകുകയില്ല!) നിങ്ങളുടെ ആശയങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഭീരുത്വംകൊണ്ട് സംശയിക്കരുത്‌. ആദ്യ പരീക്ഷണത്തില്‍ത്തന്നെ അവ പരാജയപ്പെട്ടുപോകുമെന്നാവും നിങ്ങളുടെ ഭയം. അതുകൊണ്ടെന്ത്? എല്ലാ ആശയങ്ങളും നവീകരിക്കുകയും രൂപാന്തരപ്പെടുത്തുകയും സംയോജിപ്പിക്കുകയും മെച്ചപ്പെടുത്തുകയും വേണം. എല്ലാ ആശയങ്ങളും അറിവായി പരിണമിക്കുന്നു. സാങ്കേതിക ജ്ഞാനവും അനുഭവപരിചയവും അവയെ മെച്ചപ്പെടുത്താനുള്ള വഴികള്‍ കാണിച്ചു തരുന്നു.

ഒരു ഇറ്റാലിയന്‍ പഴഞ്ചൊല്ലിൽ പറയുന്നതുപോലെ, “പരാജയപ്പെടാത്തവന്‍ ഒരിക്കലും സമ്പന്നനായി വളരുകയില്ല.
എളുപ്പത്തിൽ കൂടുതൽ സമ്പന്നനാകാനുള്ള രഹസ്യം ഇതാണ്: വിജയത്തിലേക്ക് പരാജയപ്പെടുക!

(തുടരും )

Share: