സ്റ്റാർട്ടപ്പുകൾക്ക് സുസ്ഥിര സംരംഭങ്ങളായി വളരാൻ പിന്തുണ നൽകും -മുഖ്യമന്ത്രി
ടെക്നോപാർക്കിൽ ആക്സിലറേറ്റർ ഫോർ ഇലക്ട്രോണിക്സ് ടെക്നോളജീസിന് തുടക്കമായി
ഇലക്ട്രോണിക്സ് അനുബന്ധ മേഖലകളിലുള്ള അത്യാധുനിക സാങ്കേതിക വിദ്യാധിഷ്ഠിത സ്റ്റാർട്ടുപ്പുകൾക്ക് വളരാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെക്നോപാർക്കിൽ ആക്സിലറേറ്റർ ഫോർ ഇലക്ട്രോണിക്സ് ടെക്നോളജീസിന്റെ (എയ്സ്) ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വളർച്ചാഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക് സുസ്ഥിര സംരംഭങ്ങളായി വികസിക്കാനുള്ള പിന്തുണയൊരുക്കും. ഈ സഹായമാണ് ‘ആക്സിലറേറ്റർ ഫോർ ഇലക്ട്രോണിക് ടെക്നോളജീസ്’ നൽകുക. ഈ മേഖലയിൽ പുതിയ സംരംഭങ്ങളുമായി നിരവധി യുവാക്കൾ മുന്നോട്ടുവരുന്നുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ പോലും ടെക്നോപാർക്കിലെ സ്റ്റാർട്ടപ്പ് മിഷനിൽ അപ് സ്പേസിന് ഉയർന്ന ആവശ്യകതയാണുള്ളത്. 20ഓളം സ്റ്റാർട്ടപ്പുകൾക്ക് ഇതിനകം സ്ഥലം ലഭ്യമാക്കി. ഇവിടെ പ്രവർത്തിക്കുന്ന ഫ്യൂച്ചർ ടെക്നോളജി ലാബും ആക്സലേറ്ററിന്റെ പ്രവർത്തനങ്ങൾക്ക് കരുത്താകും.
അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളുടെയും ഉപകരണങ്ങളുടെയും സേവനത്തിനും ഗവേഷണത്തിനും ഉതകുന്ന സോഫ്റ്റ്വെയർ അധിഷ്ഠിത സംവിധാനങ്ങൾക്ക് ആക്സിലറേറ്റർ സഹായകമാകും. 50,000 ചതുരശ്രഅടി വിസ്തീർണ്ണമുള്ള ഈ ആക്സിലറേറ്റർ സൗകര്യം വഴി 1000 ഓളം പേർക്ക് നേരിട്ട് തൊഴിലും അനുബന്ധമായുള്ള തൊഴിലവസരവും ലഭ്യമാകും.
വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ 1600ൽ അധികം സ്്റ്റാർട്ടപ്പുകൾ ഇപ്പോൾ കേരളത്തിലുള്ളത്. രണ്ടുലക്ഷത്തിലധികം ഇൻകുബേഷൻ സ്പേസും ഉണ്ട്. സ്റ്റാർട്ടപ്പുകൾക്ക് എല്ലാ അനുബന്ധ സൗകര്യവും ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ് കേരളത്തിലുള്ളത്. അതിനെ കൂടുതൽ മെച്ചപ്പെട്ട നിലവാരത്തിൽ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം.
അതിന്റെ ഭാഗമായാണ് ഇൻറർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ചത്. പാവപ്പെട്ടവർക്ക് സൗജന്യനിരക്കിൽ അതിവേഗ ഇൻറർനെറ്റ് ലഭ്യമാക്കാനാണ് 1500 കോടിയുടെ കെഫോൺ പദ്ധതിക്കും തുടക്കമിട്ടത്. സംസ്ഥാനത്തിന്റെ ഐ.ടി സ്പേസ് ഇരട്ടിയാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
കേരള സ്റ്റാർട്ടപ്പ് മിഷനും സി-ഡാക്കും സംയുക്തമായാണ് എയ്സ് സ്ഥാപിച്ചത്. സ്റ്റാർട്ടപ്പുകൾക്കാവശ്യമായ ഭൗതിക-ബൗദ്ധിക അടിസ്ഥാന സൗകര്യങ്ങൾ ആക്സലറേറ്ററിൽ ലഭിക്കും. കൊച്ചിയിലെ സ്റ്റാർട്ടപ്പ് മിഷൻ ഇൻകുബേറ്ററുമായി സഹകരിച്ചാവും എയ്സ് പ്രവർത്തിക്കുക. നിശ്ചിത കാലയളവിൽ സി-ഡാക്കിന്റെ മാർഗനിർദ്ദേശവും ലഭ്യമാകും.