സ്പോര്‍ട്സ് മാനേജ്മെന്റ് : സാദ്ധ്യതകൾ കാണാതെ പോകരുത്
– റിതു രാജ് പുരുഷോത്തമൻ
ലോകത്ത് ഏറെ വളര്‍ന്ന കായികം എന്ന വ്യവസായം ഇന്ത്യയിലും അതിന്റെ എല്ലാ സാധ്യതകളും തുറന്നിടുകയാണ് ഇപ്പോള്‍. ലോകത്തെ ഏറ്റവും വലിയ കായിക മാര്‍ക്കറ്റായി ഇന്ത്യ മാറുമ്പോള്‍ പുതിയ തൊഴില്‍ സാധ്യതകളുടെ വലിയ ലോകമാണ് തുറന്നുകിട്ടുന്നത്.വളരെ പ്രഫഷണലായി ചെയ്യേണ്ട ഒന്നായി സ്പോര്‍ട്സ് മാനേജ്മെന്റ് .അത് അക്കാഡമിക് തലത്തില്‍ പഠിക്കേണ്ട സാഹചര്യമാണിന്നുള്ളത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗ്, പ്രോ കബഡി ലീഗ് തുടങ്ങി അനേകം സ്പോര്‍ട്സ് ലീഗുകള്‍ക്കാണ് ഇന്ത്യ വേദിയാകുന്നത്! ധാരാളം കായിക താരങ്ങള്‍ക്ക് ഇതിലൂടെ നേട്ടം ലഭിക്കുമെന്നോര്‍ത്ത് നാം ലീഗുകളെയൊക്കെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍, കായിക താരങ്ങള്‍ക്കു മാത്രമല്ല, ലീഗുകള്കൊണ്ട് നേട്ടമുണ്ടാകുന്നത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ ബ്രാന്‍ഡിംഗ് അടക്കമുള്ള കാര്യങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്ന വേള്‍ഡ് ടെല്ലിനെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഒരുപക്ഷേ, ആദ്യകാലങ്ങളില്‍ ഈ രംഗത്ത് നാം കേട്ടിട്ടുള്ള പ്രധാന മാനേജ്മെന്റ് സംവിധാനവും അതായിരിക്കാം. എന്നാല്‍, വേള്‍ഡ് ടെല്‍ ചെയ്തിരുന്നത് സച്ചിന് എന്ന ബ്രാന്‍ഡിനെ കൃത്യമായി വിറ്റഴിക്കുക എന്നതുമാത്രമാണ്. ഇന്ത്യയിലും അത്തരം ഗ്രൂപ്പുകള്‍ ഉണ്ട്. അതില്‍നിന്നു മാറി ഒരു വലിയ ഇവന്റിനെ പ്രഫഷണലായി ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നതിനുള്ള അക്കാഡമിക് യോഗ്യത നല്‍കുക എന്നതാണ് സ്പോര്‍ട്സ് മാനേജ്മെന്റ് കരിയര്‍ സ്കീമിലൂടെ ലക്ഷ്യമിടുന്നത്.
കോഴ്സുകൾ
നിലവില്‍ സ്പോര്‍ട്സ് മാനേജ്മെന്റ് പഠിപ്പിക്കുന്ന നാലു കോളജുകള്‍ മാത്രമാണ് ഇന്ത്യയിലുള്ളത്.
പിജി ഡിപ്ലോമ കോഴ്സുകള്‍ക്കായി കോല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് (ഐഐഎസ്ഡബ്ല്യുബിഎം), പിജി കോഴ്സുകള്‍ക്കായി മുംബൈ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് മാനേജ്മെന്റ് (ഐഐഎസ്എം), നാഷണല്‍ അക്കാഡമി ഓഫ് സ്പോര്‍ട്സ് മാനേജ്മെന്റ് (എന്എഎസ്എം), സ്കില്ലനേഷന് മുംബൈ (ഫുള്‍ടൈം, പാര്‍ട്് ടൈം, ഓണ്‍ലൈന്‍ കോഴ്സുകള്‍) എന്നിവയാണ് ഇന്ത്യയില്‍ നിലവിലുള്ള സ്പോര്‍ട്സ് മാനേജ്മെന്റ് കോഴ്സുകള്‍.ഇതില്‍ ഓള് ഇന്ത്യ ഫുട്്ബോള്‍ ഫെഡറേഷന്റെ അംഗീകാരത്തോടെ നടത്തുന്ന സ്കില്ലനേഷന് ഇന്നു വളരെ പോപ്പുലറാണ്. ഈ കോഴ്സ് പൂര്‍ത്തിയാക്കിയ നിരവധി പേര് ഇന്ന് വിവിധ സ്പോര്‍ട്സ് ക്ലബ്ബുകളില്‍ ജോലി ചെയ്യുന്നുണ്ട്.
കായികരംഗത്തെ പ്രഫഷണല്‍ തൊഴില്‍സാധ്യത മുന്നില്‍ക്കണ്ടുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ തന്നെ സ്പോര്‍ട്സ് യൂണിവേഴ്സിറ്റി തുടങ്ങുമെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു.
വലിയ ജോലി സാധ്യത
ടീമുകളുടെ പരിശീലനവും മാര്‍ക്കറ്റിംഗും എന്നു വേണ്ട എല്ലാ കാര്യങ്ങളും വളരെ പ്രഫഷണലും കുറ്റമറ്റതുമാക്കാന്‍ ഇത്തരം സ്പോര്‍ട്സ് മാനേജ്മെന്റ് വിദഗ്ധരുടെ സേവനം അത്യാവശ്യമാണ്.ഈ രംഗത്ത് യോഗ്യത നേടിയ ശേഷം ഒരു സ്ഥാപനത്തില്‍ ചേരുന്ന ഒരാള്‍ 25000 മുതല്‍ 30000 രൂപ വരെ തുടക്കത്തില്‍ ശമ്പളമായി കൈപ്പറ്റുന്നു. അഞ്ചുവര്‍ഷത്തെ പ്രവര്ത്തിപരിചയമുള്ളയാള്ക്ക് 60000 രൂപ വരെ ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പമുള്ള സ്പോര്‍ട്സ് മാനേജ്മെന്റ് വിദഗ്ധര്‍ ഇതിലുമേറെ ശമ്പളം നേടുന്നു.ണ്ട്. ബംഗളൂരു എഫ്സിയില്‍ 30 വിദഗ്ധരാണ് ജോലി ചെയ്യുന്നത്.ലീഗുകളുടെ എണ്ണമേറുമ്പോള്‍ സ്പോര്‍ട്സ് മാനേജ്മെന്റ് വിദഗ്ധരുടെ ആവശ്യകതയും വര്‍ധിക്കും. അതുകൊണ്ടുതന്നെ വലിയ കായികമേളകൾ നടക്കുന്ന ഇന്ത്യയില്‍ സ്പോര്‍ട്സ് മാനേജ്മെന്റ് വിദഗ്ധര്‍ക്ക് വലിയ ജോലി സാധ്യതയാണ് ഉണ്ടാകാന്‍ പോകുന്നത്.
സേവനങ്ങൾ
സ്പോര്‍ട്സ് മാര്‍ക്കറ്റിംഗ്, സ്പോര്‍ട്സ് ഇവന്റ് മാനേജ്മെന്റ്, ടീം മാനേജ്മെന്റ്, പ്ലയേഴ്സ് മാനേജ്മെന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്റ, ഗ്രാസ്റൂട്ട്സ് ഡെവലപ്മെന്റ്, ബിസിനസ് ഡെവലപ്മെന്റ്, റിലേഷന്‍ഷിപ്പ് മാനേജ്മെന്റ്, ട്രെയിനിംഗ്, മീഡിയ പ്രൊവൈഡേഴ്സ്, സ്പോര്‍ട്സ് മീഡിയ എന്നിവയാണു സ്പോര്‍ട്സ് മാനേജ്മെന്റ് പ്രഫഷണലുകളുടെ സേവനങ്ങള്‍ .