പട്ടികജാതിക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ

260
0
Share:

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പരമാവധി 3.70 ലക്ഷം രൂപ പദ്ധതി തുകയുള്ള ഓട്ടോ ടാക്‌സി പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിന് കേരളത്തിലെ എല്ലാ ജില്ലകളിലേയും പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരും 18 നും 50 നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1,20,000 രൂപയിലും കവിയരുത്. അപേക്ഷിക്കുന്നവര്‍ക്ക് ഓട്ടോ ടാക്‌സി ഓടിക്കുവാനുള്ള ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം.
വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ കാര്യാലയങ്ങളുമായി ബന്ധപ്പെടണം.

Share: