അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതി; സ്‌കോളര്‍ഷിപ്പ്

257
0
Share:

കൊച്ചി: അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുളള വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 (നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക്) അദ്ധ്യയന വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുളള ലാപ്‌ടോപ്പ് എന്നിവക്കുളള അപേക്ഷ ക്ഷണിച്ചു.
റ്റി.റ്റി.സി, ഐ.റ്റി.ഐ/ഐ.റ്റി.സി, പ്ലസ് ടു, ഡിഗ്രി കോഴ്‌സ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണല്‍ കോഴ്‌സുകള്‍, വിവിധ ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതും യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയിട്ടുളളതുമായ അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കളായ വിദ്യാര്‍ഥികള്‍ സംസ്ഥാന അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മേഖലാ ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന സൗജന്യ അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍, ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടു കൂടി സപ്തംബര്‍ 15-ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട മേഖലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ടുമെന്റിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ മാത്രമേ ലാപ്‌ടോപ്പ് വിതരണത്തിന് പരിഗണിക്കുകയുളളൂ. മറ്റു സംസ്ഥാനങ്ങളില്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ കോഴ്‌സുകള്‍ സംസ്ഥാന ഗവ: അംഗീകൃതമാണെന്ന് സ്ഥാപന മേധാവി രേഖപ്പെടുത്തണം. ഒരു കോഴ്‌സിന് ഒരു പ്രാവശ്യം മാത്രമേ സ്‌കോളര്‍ഷിപ്പ് നല്‍കുകയൂളളൂ. ഒരു പ്രാവശ്യം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ വീണ്ടും ആ കോഴ്‌സ് കാലയളവില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. അപൂര്‍ണമായ അപേക്ഷകളോ നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളോ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം.

Share: