മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതി: അപേക്ഷ ക്ഷണിച്ചു
കൊച്ചി: സമര്‍ത്ഥരായ പട്ടികജാതി വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിന് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ”വിജയഭേരി” പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് എന്ന പദ്ധതി മുഖേന യോഗ്യത പരീക്ഷയില്‍ 50 ശതമാനവും അതില്‍ കൂടുതലും മാര്‍ക്ക് നേടി പ്രവേശനം ലഭിച്ച് ബിരുദം/ബിരുദാനന്തര ബിരുദം/പ്രൊഫഷണല്‍/ഗവേഷണ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 2018-19 വര്‍ഷം ധനസഹായം അനുവദിക്കുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ജില്ലയിലെ പഞ്ചായത്തു പ്രദേശത്ത് സ്ഥിരതാമസമുളളവരും സര്‍ക്കാരില്‍ നിന്നുളള വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുളളവരുമായിരിക്കണം. അപേക്ഷകര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, സ്ഥാപനമേധാവിയില്‍ നിന്നുളള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും (പട്ടികജാതി വികസന ഓഫീസര്‍) ഗ്രാമപഞ്ചായത്തില്‍ നിന്നും ഇതേ ആനുകൂല്യം കൈപ്പറ്റിയിട്ടില്ല എന്ന സാക്ഷ്യപത്രം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, എന്നിവ സഹിതം നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷ ജൂലൈ 31 ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. മുന്‍വര്‍ഷം (2017-18) ആനുകൂല്യം ലഭിച്ചവര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, കോഴ്‌സ് തുടരുന്നുണ്ട് എന്ന് തെളിയിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, മുന്‍വര്‍ഷം പരീക്ഷ എഴുതിയതിന്റെ ഹാള്‍ ടിക്കറ്റ്, ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും (പട്ടികജാതി വികസന ഓഫീസര്‍) ഗ്രാമപഞ്ചായത്തില്‍ നിന്നും ഇതേ ആനുകൂല്യം നടപ്പ് അദ്ധ്യയന വര്‍ഷം കൈപ്പറ്റിയിട്ടില്ല എന്ന സാക്ഷ്യപത്രം എന്നിവ സഹിതം പുതുക്കിയ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയിലുളള ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍ 0484-2422256.