പ്രഥമശുശ്രൂഷയില്‍ പരിശീലനം: ആര്‍.പിമാരാകാന്‍ അപേക്ഷിക്കാം
മലപ്പുറം: കുടുംബശ്രീയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ തനത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നല്‍കുന്നതിന് സി.ഡി.എസുകളില്‍ നിന്ന് മാസ്റ്റര്‍ ആര്‍.പി മാരെ തെരഞ്ഞെടുക്കുന്നു.
മസ്തിഷ്‌കാഘാതം, റോഡപകടങ്ങള്‍, തൊണ്ടയില്‍ ഭക്ഷണം കുടുങ്ങല്‍, വൈദ്യുതാഘാതം, വെള്ളത്തില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ എന്നീ സാഹചര്യത്തില്‍ പ്രാഥമികമായി ശുശ്രൂഷ നല്‍കുന്നതിനും തരണം ചെയ്യുന്നതിനും കുടുംബശ്രീ അംഗങ്ങളെയും കുടുംബാംഗങ്ങളെയും പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ടാണ് പരിശീലനം. അയല്‍ക്കൂട്ടങ്ങള്‍/അയല്‍ക്കൂട്ട കുടുംബാംഗങ്ങള്‍/ഓക്സിലറി ഗ്രൂപ്പ് എന്നിവയില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് മാസ്റ്റര്‍ ആര്‍.പി ടീം രൂപീകരണം.
അപകടങ്ങളെ തരണം ചെയ്യുന്നതിന് ഒരൂ വീട്ടിലെ ഒരാള്‍ക്കെങ്കിലും പരിശീലനം നല്‍കുന്നതിന് ജില്ലയില്‍ 300 മാസ്റ്റര്‍ ആര്‍.പി മാരുടെ സേവനം ആവശ്യമാണ്. വിദഗ്ധരുടെ കീഴില്‍ പരിശീലനം നേടിയ മാസറ്റര്‍ ആര്‍.പി മാര്‍ അതത് സി.ഡി.എസുകളിലെ തല്‍പരരായ 90 അംഗങ്ങളെ ഉള്‍പ്പെടുത്തി ബാച്ചുകളാക്കി തിരിച്ച് സന്നദ്ധ പ്രവര്‍ത്തനം എന്ന രീതിയില്‍ പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ വിവിധ പഞ്ചായത്തുകളിലായി ഒരു മാസത്തിനകം 30000 പേരെ പരിശീലിപ്പിക്കും. ഘട്ടം ഘട്ടമായി എല്ലാ കുടുംബശ്രീ കുടുംബത്തില്‍ നിന്നും ഒരാളെങ്കിലും ഗോള്‍ഡന്‍ ഹവര്‍ എന്ന രീതിയിലുള്ള പരിശീലനത്തില്‍ പങ്കാളിയാകും. മലപ്പുറം ഹെല്‍ത്ത് ഫോറത്തിൻറെയും എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയുടെയും സഹകരണത്തോടെയാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക. സന്നദ്ധ സേവനത്തിന് താത്പര്യമുള്ളവര്‍ ജൂണ്‍ 20നകം കുടുംബശ്രീ സി.ഡി.എസില്‍ അപേക്ഷിക്കണം. സേവന സന്നദ്ധരായ പുരുഷന്‍മാരെയും ഉള്‍പ്പെടുത്തും. എന്നാല്‍ വനിതകള്‍ക്കും വിജിലൻറ് ഗ്രൂപ്പ് അംഗങ്ങള്‍ക്കും മുന്‍ഗണന നല്‍കും.