You are here
Home > Career News > പി എസ് സി, ഉദ്യോഗാർഥികളുടെ വിശ്വാസം വീണ്ടെടുക്കണം

പി എസ് സി, ഉദ്യോഗാർഥികളുടെ വിശ്വാസം വീണ്ടെടുക്കണം

കേരളത്തിലെ 35 ലക്ഷം തൊഴിൽ രഹിതരുടെ ആശാകേന്ദ്രമായ കേരള പബ്ലിക് സർവീസ് കമ്മീഷൻറെ പ്രവർത്തനങ്ങളേക്കുറിച്ചും ഉദ്യോഗാർഥികൾ ശ്രദ്ധിക്കേണ്ടേ കാര്യങ്ങളെക്കുറിച്ചും ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ കരിയർ മാഗസിൻ ചീഫ് എഡിറ്റർ, രാജൻ പി തൊടിയൂർ , മുംതാസ് രഹാസുമായി സംസാരിക്കുന്നു.

മുംതാസ് രഹാസ് : കേരളത്തിലെ 35 ലക്ഷം തൊഴിൽ രഹിതരാണ് പി എസ് സി യിൽ രജിസ്റ്റർ ചെയ്ത് ജോലിക്കായി പരീക്ഷയെഴുതുന്നത്. പി എസ് സി യുടെ ആവിർഭാവത്തെക്കുറിച്ചു വിശദീകരിക്കാമോ?

രാജൻ പി തൊടിയൂർ: സർക്കാർ ഉദ്യോഗത്തിൽ എല്ലാവർക്കും തുല്യ അവസരം ലഭിക്കണമെന്ന നിരന്തരമായ ആവശ്യങ്ങളെ തുടർന്നുണ്ടായ സ്ഥാപനമാണ് ഇന്നത്തെ കേരള പബ്ലിക് സർവീസ് കമ്മീഷൻ.
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് ക്രമീകൃതമായ രീതിയിലുള്ള ഉദ്യോഗ നിയമനത്തെപ്പറ്റി ചിന്തിച്ച ആദ്യ തിരുവിതാംകൂര്‍ ഭരണാധികാരി .

മലയാളി ഈഴവ മെമ്മോറിയൽ , നിവർത്തന പ്രക്ഷോഭം തുടങ്ങിയ ജനകീയ മുന്നേറ്റങ്ങൾ നിയമസഭയിലും സര്‍ക്കാര്‍ നിയമനങ്ങളിലും ന്യായമായ പ്രാതിനിധ്യം, മുഴുവൻ ജനങ്ങൾക്കും ലഭിക്കണമെന്ന ആവശ്യവുമായി നടന്ന ചരിത്ര സംഭവങ്ങളാണ്. സർക്കാർ നിയമനങ്ങളിലെ സ്വജന പക്ഷപാതവും അഴിമതിയും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് പൊതു നിയമന സംവിധാനം ഉണ്ടാകണമെന്ന ആവശ്യം ഉയർന്നു വന്നത്.

നിവര്‍ത്തന പ്രസ്ഥാനം, നിയമസഭയിലെ വാദപ്രതിവാദങ്ങള്‍, പൊതുജനാഭിപ്രായം തുടങ്ങിയവയുടെ സ്വാധീനഫലമായി ഉദ്യോഗനിയമനത്തിന് ഒരു പബ്ലിക് സര്‍വീസ് കമ്മീഷണറെ നിയമിക്കാന്‍ അന്നത്തെ ഗവണ്‍മെന്‍റ് തീരുമാനിച്ചു. ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക, യോഗ്യത നിശ്ചയിക്കുക, മല്‍സരപരീക്ഷകളും ഇന്‍റര്‍വ്യൂവും നടത്തുക, റിക്രൂട്ട്മെന്‍റ്  നിയമങ്ങള്‍ തയ്യാറാക്കുക തുടങ്ങിയവയായിരുന്നു 1935 ജൂണ്‍ 25ന് ഗവണ്‍മെന്‍റ് പുറപ്പെടുവിച്ച ഉത്തരവില്‍ പബ്ലിക് സര്‍വീസ് കമ്മിഷണറുടെ ചുമതലകളായി നിര്‍വചിച്ചിരുന്നത്. ഗവണ്‍മെന്‍റ് നടപ്പിലാക്കിയ പുതിയ പദ്ധതി റിക്രൂട്ട്മെന്‍റ് രംഗത്ത് അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ വരുത്തി. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി വ്യക്തമായ നിയമങ്ങള്‍ ക്രോഡീകരിക്കപ്പെട്ടു. റിക്രൂട്ട്മെന്‍റ് നിയമങ്ങള്‍ക്ക് വിധേയമായി മാത്രമേ തിരഞ്ഞെടുക്കാവൂ എന്ന് പബ്ലിക് സര്‍വ്വീസ് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജി.ഡി. നോക്സ് ആയിരുന്നു ആദ്യത്തെ പബ്ലിക് സര്‍വീസ് കമ്മിഷണര്‍.

1936 ഫെബ്രുവരിയില്‍ ഉദ്യോഗസ്ഥനിയമനത്തെ സംബന്ധിച്ച വ്യക്തമായ നിയമങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. 1936 ജൂണ്‍ 14ാംതീയതി മുതല്‍ ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഈ റിക്രൂട്ട്മെന്‍റ് നിയമങ്ങള്‍ ചില്ലറ ഭേദഗതികളോടെ 1940 വരെ നിലവിലിരുന്നു. 1940 ഒക്ടോബറില്‍ റിക്രൂട്ട്മെന്‍റ് നിയമങ്ങള്‍ നവീകരിക്കപ്പെട്ടു. പബ്ലിക് സര്‍വീസ് കമ്മിഷണറുടെ നിയമനത്തോടൊപ്പം താല്‍ക്കാലികമായി രൂപവല്‍കരിക്കപ്പെട്ട പബ്ലിക് സര്‍വീസ് വകുപ്പ് 1942ല്‍ ഒരു സ്ഥിരം വകുപ്പായിത്തീര്‍ന്നു. 1949ല്‍ തിരുകൊച്ചി സംയോണ്‍ജനം നടക്കുന്നതുവരെ പബ്ലിക് സര്‍വീസ് കമ്മീഷണറും അദ്ദേണ്‍ഹത്തിന്‍റെ കീഴിലുള്ള പബ്ലിക് സര്‍വീസ് വകുപ്പും പ്രവര്‍ത്തിച്ചു.

മുംതാസ് രഹാസ് :  കേരള പിഎസ്സിയുടെ രൂപീകരണം?

രാജൻ പി തൊടിയൂർ:  1956ല്‍ സംസ്ഥാന പുനസ്സംഘടനയെത്തുടര്‍ന്ന് തിരുവനന്തപുരം പട്ടം ആസ്ഥാനമായി സംസ്ഥാനമൊട്ടാകെ അധികാരപരിധിയുള്ള കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിലവില്‍വന്നു. വി.കെ.വേലായുധനായിരുന്നു ആദ്യത്തെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍. പൊതുപ്രവര്‍ത്തകനായും തിരുവിതാംകൂര്‍ ലേബര്‍ കമ്മീഷണറെന്ന നിലയിലും കര്‍മശേഷി തെളിയിച്ച വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം.

കളക്ടറുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്ട്രിക്ട് റിക്രൂട്ട്മെന്‍റ് ബോര്‍ഡുകള്‍ പിന്നീട് പി.എസ്.സിയുടെ ജില്ലാ ഓഫീസുകളായി മാറി. തുടർന്ന് ഉത്തര, മധ്യ, ദക്ഷിണമേഖലകളുടെ കീഴില്‍വരുന്ന ജില്ലകളെ ഏകോപിപ്പിച്ചുകൊണ്ട് യഥാക്രമം കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവ ആസ്ഥാനമായി മൂന്ന് മേഖലാ ഓഫീസുകളും നിലവില്‍വന്നു.

മുംതാസ് രഹാസ് : മറ്റു സർക്കാർ വകുപ്പുകളിൽ നിന്ന് വ്യത്യസ്തമായി പി എസ് സിക്കുള്ള പ്രത്യേകതകൾ എന്തൊക്കെയാണ് ?

രാജൻ പി തൊടിയൂർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്. ഭരണഘടനയുടെ 320(3) വകുപ്പ് പ്രകാരം വിവിധ വിഷയങ്ങളിൽ ഗവണ്മെൻറിനെ ഉപദേശിക്കാൻ പി എസ് സി ക്ക് അധികാരമുണ്ട്. സംസ്ഥാന ഗവൺമെൻറ് സർവീസിൽ ഉണ്ടാകുന്ന ഉദ്യോഗങ്ങൾ ബന്ധപ്പെട്ട അധികാരികൾ റിപ്പോർട്ടു ചെയ്യുന്നതനുസരിച് ക്‌ളാസിഫൈ ചെയ്ത് പരസ്യപ്പെടുത്തുന്നതിനും അപേക്ഷകൾ ക്ഷണിക്കുന്നതിനും അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളെ പരീക്ഷക്കിരുത്തുക, പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, യോഗ്യരായ ഉദ്യോഗാർത്ഥികളെ റാങ്ക് അടിസ്ഥാനത്തിലും സംവരണ തത്വങ്ങളുടെ അടിസ്ഥാനത്തിലും തെരഞ്ഞെടുത്ത് ബന്ധപ്പെട്ട ഡിപ്പാർട്‌മെന്റുകളിലേക്ക് അയക്കുക തുടങ്ങിയവയുമാണ് പി എസ് സി യുടെ ഉത്തരവാദിത്തം. ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ് മുതല്‍ ഡെപ്യൂട്ടി കളക്ടര്‍ വരെയുള്ള നിയമനം പി എസ് സി വഴി നടക്കാറുണ്ട്.

സംസ്ഥാന സർക്കാർ  സര്‍വീസിലേക്ക് നിയമനം നടത്തുന്നത് കൂടാതെ , ഉദ്യോഗസ്ഥരുടെ പ്രൊമോഷനും സ്ഥിരപ്പെടുത്തലിനും സംബന്ധമായ യോഗ്യതാ നിര്ണ്ണയത്തിനും സർവീസ് സംബന്ധമായ മറ്റ് കാര്യത്തിനും സർക്കാരിന് ഉപദേശം നല്കുക തുടങ്ങിയ ചുമതലകള്‍ നിര്വ്വഹിക്കുന്നത് കേരളാ പബ്ലിക് സര്‍വീസ് കമ്മീഷനാണ് . കേരളത്തില്‍ സർക്കാർ സര്‍വീസിന് പുറമേ പ്രത്യേക നിയമ നിര്മ്മാണത്തിലൂടെ പൊതു മേഖലാ – സഹകരണ സ്ഥാപനങ്ങളിലേക്കുമുള്ള റിക്രൂട്ടമെന്റും പി എസ് സിയെ ഏല്പ്പിച്ചിട്ടുണ്ട്.

വിവിധ വകുപ്പുകള്‍ തങ്ങളുടെ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ചാണ് പി എസ് സി അപേക്ഷ ക്ഷണിക്കുന്നത്. എഴുത്ത് പരീക്ഷ, കായിക ക്ഷമാതാ പരീക്ഷ, രേഖാ പരിശോധന, അഭിമുഖം എന്നിങ്ങനെ ഓരോ തസ്തികക്ക് അനുസരിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്ത്തിയാക്കിയാണ് നിയമനം നടത്തുക. അഭിമുഖത്തിന് മുന്പ് ചുരുക്കപ്പട്ടിക (Short List) പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് ശേഷം അന്തിമ പട്ടികയും (Rank List). റാങ്കും സംവരണക്രമവും അനുസരിച്ച് ഉദ്യോഗാര്ഥി്കളെ നിയമനങ്ങൾക്കായി ശുപാർശ ചെയ്യുന്നതും പി എസ് സിയാണ്. അതനുസരിച്ചാണ് വിവിധ സർക്കാർ  വകുപ്പുകള്‍ നിയമന ഉത്തരവ് നല്കു്ന്നത്.

മുംതാസ് രഹാസ് : പി എസ് സിയുടെ പ്രവർത്തനം ? എങ്ങനെ അപേക്ഷിക്കാം?

രാജൻ പി തൊടിയൂർ: സർക്കാർ വകുപ്പുകൾ ഒഴിവുകൾ അറിയിക്കുന്നതനുസരിച്ചു പി എസ് സി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നു. ഒരു നിശ്ചിത കാലാവധി കണക്കാക്കി വിജ്ഞാപനങ്ങള്‍ ആവർത്തി ക്കുന്ന രീതിയല്ല പി എസ് സിയുടേത്. പുതിയ റാങ്ക് പട്ടിക നിലവില്‍ വരുന്നത് വരയോ അല്ലെങ്കില്‍ മൂന്ന് വർഷമോ ആണ് ഒരു റാങ്ക് പട്ടികയുടെ സ്വാഭാവിക കാലാവധി. ഇത് പരമാവധി നാലര വർഷമായി വർദ്ധിപ്പിക്കുവാന്‍ സാധിക്കും. ഈ കാലാവധിക്കുള്ളില്‍ റിപ്പോര്ട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് ആ റാങ്ക് പട്ടികയില്‍ നിന്ന് മാത്രമേ നിയമനം നടത്താവു.

ഓണ്‍ ലൈന്‍ ആയി  വണ്‍ ടൈം രജിസ്ട്രേഷനിലൂടെയാണ് ഇപ്പോള്‍ അപേക്ഷിക്കേണ്ടത്. പിന്നീട്  വിദ്യാഭ്യാസ യോഗ്യത കൂട്ടിച്ചേര്ക്കു വാന്‍ സാധിക്കും. ഇതിനായി കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralapsc.gov.in/ സന്ദര്ശിക്കണം. രജിസ്ട്രേഷന്‍ നടത്തിയവര്ക്ക് യൂസര്‍ ഐഡിയും പാസ് വേഡുമുപയോഗിച്ച് സ്വന്തം പേജിലേക്ക് ലോഗിന്‍ ചെയ്യാം. കമ്മീഷന്‍ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുന്ന മുറക്ക് ഉദ്യോഗാര്ഥികൾക്ക് സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷ സമർപ്പി ക്കാം. സർട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ഒറ്റ പ്രാവശ്യമായി പരിശോധന നടത്തുന്ന സംവിധാനവും പി എസ് സി ആവിഷ്കരിച്ചിട്ടുണ്ട്.

സംസ്ഥാനാടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും രണ്ട് രീതിയില്‍ പി എസ് സി അപേക്ഷ ക്ഷണിക്കാറുണ്ട്. സംസ്ഥാനാടിസ്ഥാനത്തിലുള്ള നിയമനങ്ങൾക്ക് ഒരു റാങ്ക് പട്ടികയും ജില്ലാ തല നിയമനങ്ങൾക്ക് ഓരോ തസ്തികയ്ക്കും 14 റാങ്ക് പട്ടികയുമാണ് തയ്യാറാക്കുന്നത്. ജനറല്‍ റിക്രൂട്ട്മെന്റി‍ന് പുറമേ പട്ടിക ജാതി – പട്ടിക വർഗ്ഗക്കാർക്കായി മാറ്റി വയ്ക്കപ്പെട്ട ഒഴിവുകള്‍ നികത്തുവാന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റും ഒരു റാങ്ക് പട്ടികയില്‍ നിന്ന് നിയമന ശുപാര്ശു ചെയ്യുമ്പോള്‍ ഏതെങ്കിലും സമുദായം ഇല്ലാതെ വന്നാല്‍ ആ സമുദായത്തിന് വേണ്ടിയുള്ള എന്‍ സി എ റിക്രൂട്ട്മെന്റും കമ്മീഷന്‍ നടത്തുന്നു.

18 വയസാണ് അപേക്ഷിക്കുവാനുള്ള ഏറ്റവും കുറഞ്ഞ പ്രായം. കൂടിയ പ്രായം തസ്തികയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും സംവരണ വിഭാഗങ്ങള്ക്ക് നിയമാനുസൃത ഇളവുകളുണ്ടാവും.

മുംതാസ് രഹാസ് : യുവതലമുറയില്‍ ഭൂരിപക്ഷത്തിനും പി എസ്‌ സി യിൽ  വിശ്വാസം കുറഞ്ഞുവരുന്നു?

രാജൻ പി തൊടിയൂർ: അഭ്യസ്ത വിദ്യരായ നല്ലയൊരു ശതമാനം യുവാക്കളുടേയും ലക്ഷ്യം പി എസ് സി യും അതു വഴി ലഭിക്കുന്ന കേരള സർക്കാര്‍ ജോലിയും തന്നെയാണ്. പി എസ് സി യെ മറികടന്നുള്ള നിയമനങ്ങൾ ഇവിടെ നടക്കുന്നതായി പരക്കെ ആക്ഷേപമുണ്ട്. ഏറ്റവും ശ്രദ്ധിക്കപ്പെട്ട ആക്ഷേപമാണ് കെ എസ് ആർ ടി സി യിലെ താല്‍ക്കാലിക കണ്ടക്ടര്‍ നിയമനം. താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നത് സര്‍ക്കാര്‍ ജോലിക്കായി പിഎസ്‌സി വഴി ജോലിക്ക് ശ്രമിക്കുന്ന ഉദ്യോഗാര്‍ഥികളുടെ അവസരം നിഷേധിക്കുന്നതിനു കാരണമാകുന്നുവെന്നു പിഎസ്‌സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയിലാണ് പിഎസ്‌സിയുടെ വിശദീകരണം.

കെഎസ്ആര്‍ടിസിയിലെ എം പാനല്‍ താല്‍ക്കാലിക കണ്ടക്ടര്‍ നിയമനം നിയമവിരുദ്ധമാണെന്നും പിഎസ്‌സി സത്യവാങ്മുലത്തില്‍ വ്യക്തമാക്കി . സര്‍വീസിലെ നിയമനത്തിനു സംവിധാനം നിലവിലുള്ളപ്പോള്‍ പിന്‍വാതില്‍ വഴി നിയമനം നടത്തുന്ന രീതി തെറ്റാണ്. കെഎസ്ആര്‍ടിസിയിലെ നിയമനങ്ങള്‍ പിഎസ്‌സിക്കു വിട്ട സാഹചര്യത്തില്‍ മറ്റു നിയമനങ്ങള്‍ പാടില്ലെന്നു പിഎസ്‌സി കോടതിയിൽ വ്യക്തമാക്കി. നിരവധി നിയമനങ്ങൾ , താൽക്കാലികം, കരാർ നിയമനം, ദിവസവേതന നിയമനം എന്നിങ്ങനെ പലപേരിൽ വ്യാപകമായി നടക്കുന്നുണ്ട്. ഇത് ഉദ്യോഗാർഥികളുടെ പി എസ് സി യിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും.

മുംതാസ് രഹാസ് : സർവ്വ കലാശാലാ നിയമനങ്ങളുടെ കാര്യത്തിൽ ധാരാളവും പരാതികളുണ്ടല്ലോ ?

രാജൻ പി തൊടിയൂർ: മുഴുവന്‍ സര്‍വകലാശാലകളിലെയും അനധ്യാപക നിയമനങ്ങള്‍ പൂര്‍ണമായും പിഎസ്‌സി വഴി മാത്രമേ നടത്താവൂ എന്ന 2016 ഫെബ്രുവരിയിലെ സര്‍ക്കാര്‍ ഉത്തരവ് നിലവിലുള്ളപ്പോഴാണ് കേരളത്തിലെ 13 സര്‍വകലാശാലകളില്‍ 1800 പേരെ ദിവസവേതനാടിസ്ഥാനത്തില്‍ പിന്‍വാതിലിലൂടെ നിയമിച്ചതായി പരാതി ഉയർന്നത്.

സര്‍വകലാശാലകളിലെ ഉന്നത തസ്തികള്‍, കരാര്‍ നിയമനമാക്കി സര്‍ക്കാര്‍ അടുത്തിടെ ഉത്തരവ് ഇറക്കിയതോടെ സംസ്ഥാനത്തെ നിയമന കാര്യങ്ങളിൽ വീണ്ടും ആശങ്ക ഉയർന്നിരിക്കുകയാണ്. രജിസ്ട്രാര്‍, പരീക്ഷ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ തസ്തികകള്‍ നാല് വര്‍ഷത്തെ കരാര്‍ നിയമനമാക്കിയാണ് നിജപ്പെടുത്തിയത്.

സര്‍വകലാശാലകളിലെ അനധ്യാപക നിയമനം പിഎസ്‍സിക്കുവിട്ട് യുഡിഎഫ് സര്‍ക്കാര്‍ നിയമം കൊണ്ട് വന്നിരുന്നു. ഈ നിയമത്തില്‍ നിന്ന് മൂന്ന് പ്രധാന തസ്തികകളെ ഒഴിവാക്കാന്‍ കൂടിയാണ് പുതിയ ഭേദഗതിയെന്നും ആരോപണം ഉയരുന്നുണ്ട്.

അനധ്യാപക നിയമനത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തില്‍ 2010 ഡിസംബര്‍ 18നാണ് നിയമനപ്രക്രിയ പിഎസ്‌സിക്ക് വിട്ടത്.

മുംതാസ് രഹാസ് : പി എസ് സി പരീക്ഷാ പേപ്പർ തയ്യാറാക്കുന്നതിൽ വേണ്ടത്ര ഉത്തരവാദിത്വം പാലിക്കുന്നില്ല എന്ന പരാതിയുണ്ടല്ലോ?

രാജൻ പി തൊടിയൂർ: അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് പിഎസ്‌സി നടത്തിയ പരീക്ഷയിലെ 80% ചോദ്യങ്ങളും ഒരു സ്വകാര്യ സ്ഥാപനം പ്രസിദ്ധീകരിച്ച പരീക്ഷാ സഹായിയിൽ നിന്നു പകർത്തിയതാണെന്നു പരാതി. പൊതുവിജ്ഞാനവും ജനറൽ ഇംഗ്ലിഷും ഒഴികെ നിയമപരിജ്ഞാനം അളക്കുന്ന എല്ലാ ചോദ്യങ്ങളും പകർത്തിയെഴുതിയതായിരുന്നു.

ആകെ 100 ചോദ്യങ്ങളുള്ളതിൽ 80 എണ്ണവും ഇതിൽ നിന്ന് അതേപടി എടുക്കുകയായിരുന്നു. ഓപ്ഷനുകൾക്കു പോലും .മാറ്റമില്ലാതെയാണു മിക്ക ചോദ്യങ്ങളും പിഎസ്‌സി ചോദ്യക്കടലാസിൽ ഇടം കണ്ടത്. 2012 ലും ഇതേ പരാതി ഉയർന്നതിനെത്തുടർന്ന് ഈ തസ്തികയിലേക്കു രണ്ടാമതും പരീക്ഷ നടത്തിയിരുന്നു. ഉദ്യോഗാർഥികൾക്ക് പി എസ് സി യിലുള്ള വിശ്വാസം ഇത്തരം കാര്യങ്ങൾ ഇടയാക്കും.

മുംതാസ് രഹാസ് : ആശ്രിതനിയമനം വഴി വന്‍തോതില്‍ നിയമന തട്ടിപ്പ് നടക്കുന്ന തായി പറയുന്നുണ്ടല്ലോ ?

രാജൻ പി തൊടിയൂർ: സംസ്ഥാനത്ത് ആശ്രിതനിയമനം വഴി വന്‍തോതില്‍ നിയമന തട്ടിപ്പ് നടത്തി പിഎസ്‌സി വഴിയുള്ള പൊതുനിയമനങ്ങള്‍ അട്ടിമറിക്കുന്നതായി പരാതി. നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ തെറ്റായി വ്യാഖ്യാനിച്ചും ആശ്രിത നിയമനത്തിന്റെ വിവിധ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയും ഉദ്യോഗസ്ഥ ലോബികള്‍ സംസ്ഥാനത്ത് ആശ്രിത നിയമന അഴിമതി നടത്തുന്നതായാണ് പരാതി ഉയർന്നിട്ടുള്ളത്.

ആശ്രിത നിയമനം 5 ശതമാനം എന്നതിന് മുകളില്‍ ഒരു കാരണവശാലും പോകരുതെന്ന് വിവിധ സുപ്രീംകോടതി വിധികള്‍ പ്രകാരവും സംസ്ഥാനത്ത് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലും വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ആശ്രിത നിയമനം നേടാന്‍ നില്‍ക്കുന്നവര്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പിഎസ്‌സി വഴിയുള്ള നിയമനങ്ങള്‍ അട്ടിമറിക്കുന്നതായി റാങ്ക് ഹോള്‍ഡേഴ്‌സ് ഏറെക്കാലമായി ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സര്‍ക്കാരിന്റെ 7 വകുപ്പുകള്‍ മാത്രം പരിശോധിച്ചപ്പോള്‍ ഇപ്പോള്‍ നിലവിലുള്ള ക്ലര്‍ക്കു റാങ്ക്ലിസ്റ്റ് നിലവില്‍ വന്നതിനുശേഷം 147 ആശ്രിത നിയമനങ്ങള്‍ സംസ്ഥാനമൊട്ടാകെ നടത്തിയിട്ടുണ്ട്. 5 ശതമാനമെന്ന വ്യവസ്ഥയില്‍ ഇത്രയും നിയമനം നടത്താന്‍ ഈ കാലയളവില്‍ 2740 ഒഴിവുകള്‍ നിലവില്‍ വരേണ്ടതായിരുന്നു.
ആരോഗ്യവകുപ്പില്‍ ഉള്‍പ്പടെ ഇത്തരത്തില്‍ അഴിമതി നടന്നിരിക്കുന്നതെന്ന് ക്ലര്‍ക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരളാ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ആശ്രിത നിയമനം അവകാശമല്ലെന്നും ഭരണഘടനാവിരുദ്ധമാണെന്നും നിരവധി കോടതി വിധികള്‍ നിലവിലുള്ളപ്പോഴാണ് സംസ്ഥാനത്തു പിഎസ്‌സി പരീക്ഷക്ക് പഠിക്കുന്ന 35 ലക്ഷത്തോളം ഉദ്യോഗാര്‍ഥികളെ നോക്കുകുത്തിയാക്കി ഇത്തരത്തില്‍ നിയമന തട്ടിപ്പു നടത്തുന്നത്.

മുംതാസ് രഹാസ് : പ്രതീക്ഷിത ഒഴിവുകൾ മുൻകൂട്ടി അറിയിക്കുന്നതിൽ പല വകുപ്പുകളും ശ്രദ്ധിക്കുന്നില്ല. അതിനാൽ ധാരാളം ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നുണ്ട്?

രാജൻ പി തൊടിയൂർ: ശരിയാണ്. 2019 കലണ്ടര്‍ വര്‍ഷത്തെ പ്രതീക്ഷിത ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി കേരള പബ്ലിക് സര്‍വീസ് കമ്മീഷനെയും വിശദാംശങ്ങള്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനെയും 31നകം അറിയിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം വന്നിട്ടുണ്ട് . ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. പിഎസ്‌സി മുഖേന നിയമനം നടത്തുന്ന നിരവധി വകുപ്പുകളിലെയും/ പൊതുമേഖല സ്ഥാപനങ്ങളിലെയും/ സര്‍വകലാശാല ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലെയും നിയമനാധികാരികള്‍/ വകുപ്പ് തലവന്‍മാര്‍ പ്രതീക്ഷിത ഒഴിവുകള്‍ കഴിഞ്ഞ സപ്തംബര്‍ ഒന്നിനകം റിപോര്‍ട്ട് ചെയ്യണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. പലരും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഈമാസം 31 വരെ സമയം നല്‍കിയതും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചത്.

മുംതാസ് രഹാസ് : ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനം കാര്യക്ഷമമാണോ?

രാജൻ പി തൊടിയൂർ: ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനം വളരെ വേഗം നടപ്പാക്കാനുള്ള ശ്രമത്തിലാണ് പിഎസ്‌സി. ഒന്നിലധികം ആളുകളെ കൊണ്ട് ഒരേ പേപ്പര്‍ മൂല്യനിര്‍ണയം നടത്തി കൃത്യത ഉറപ്പാക്കി വളരെ വേഗം ഫലപ്രഖ്യാപനം നടത്തുവാന്‍ കഴിയുമെന്നാണ് പി എസ് സിയുടെ അവകാശ വാദം. ബിരുദം അടിസ്ഥാന യോഗ്യതയുള്ള തസ്തികകള്‍ക്ക് ഇപ്പോള്‍ കൂടുതലും ഒബ്ജക്ടീവ് പരീക്ഷകളാണ് നടത്തുന്നത്. ഉദ്യോഗാര്‍ഥികളുടെ കാര്യശേഷി പരിശോധിക്കുന്നതിന് വിവരണാത്മക പരീക്ഷകള്‍ കൂടുതല്‍ സഹായകരമായതിനാല്‍ ബിരുദം യോഗ്യതയായുള്ള പരീക്ഷകളെല്ലാം വിവരണാത്മക രീതിയില്‍ നടത്തുന്നതിന് ഈ സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ കഴിയും മെന്നാണ് പി എസ് സി പറയുന്നത്.

വിവരണാത്മക പരീക്ഷകളുടെ നടത്തിപ്പിലെ കാലതാമസം ഒഴിവാക്കുന്നതിനായി ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനം . വിവരണാത്മക പരീക്ഷയുടെ ഉത്തരക്കടലാസ് സ്‌കാന്‍ ചെയ്ത് സ്‌ക്രീനില്‍ കാണത്തക്കവിധം പ്രദര്‍ശിപ്പിക്കും. സ്‌ക്രീനിന്റെ പകുതി ഭാഗത്തായി ചോദ്യവും മറുഭാഗത്തായി ഉത്തരവും ദൃശ്യമാകുന്ന വിധത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതുമൂലം വേഗത്തില്‍ ഇവയുടെ മൂല്യനിര്‍ണയം നടത്തുവാന്‍ കഴിയുമെന്ന് പി എസ് സി പറയുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡീപ് ലേർണിംഗ് , തുടങ്ങിയ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകമെമ്പാടും ഓൺലൈൻ പരീക്ഷ നടത്തുന്ന സാഹചര്യത്തിലാണ് ഇത്തരം കാര്യങ്ങളിലേക്ക് പി എസ് സി മടങ്ങിപ്പോകുന്നത്. 18 ലക്ഷം വരെപ്പേർ ഒരു പരീക്ഷക്ക് അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് 10000 പേര്‍ക്ക് ഒരു സമയം പരീക്ഷയെഴുതാന്‍ കഴിയുന്ന രീതിയില്‍ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജമാക്കാൻ പി എസ് സി ലക്ഷ്യമിടുന്നത്. ഓൺലൈൻ പരീക്ഷ നടത്തുന്നതിലൂടെ ചോദ്യപേപ്പറിലെ അപാകതകളും മാർക്കിടുന്നതിലെ കാലതാമസവും കുറയ്ക്കാൻ കഴിയും.
ഉദ്യോഗാർഥികളിലെ വിശ്വാസം വളർത്തിയെടുക്കാൻ പി എസ് സി കൂടുതൽ ശ്രദ്ധിക്കണം.

Top