പി എസ് സി ചോദ്യക്കടലാസുകള്‍; ഇംഗ്ലീഷിനൊപ്പം മലയാളത്തിലും

Share:

പി എസ് സി പരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് 19 ദിവസം നടന്ന സമരം മുഖ്യമന്ത്രി, പി എസ് സി ചെയർമാനുമായി മായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിൽ പിൻവലിച്ചിരിക്കുകയാണ്. പി എസ് സി നടത്തുന്ന പരീക്ഷകൾ മാതൃഭാഷയിലും വേണം എന്നതാണ് സമരം നടത്തിയ വിദ്യാര്‍ഥികളും അധ്യാപകരും , മലയാള ഭാഷയെ സ്നേഹിക്കുന്ന ഏവരും ആവശ്യപ്പെട്ടത് . ഭാഷ സ്നേഹികളായ സാംസ്ക്കാരിക പ്രവര്‍ത്തകരുടെ പിന്‍തുണയും സമരത്തിനുണ്ടായിരുന്നു. മലയാള ഭാഷയുടെ വികസനത്തിനും വളർച്ചക്കും വേണ്ടി വളരെയേറെക്കാര്യങ്ങൾ ചെയ്തിട്ടുള്ള കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ , ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ , മുംതാസ് രഹാസുമായി സംസാരിക്കുന്നു.

മുംതാസ് രഹാസ് : മലയാള ഭാഷയുടെ വികസനത്തിനും വളർച്ചക്കും വേണ്ടി വളരെയേറെക്കാര്യങ്ങൾ ചെയ്തിട്ടുള്ള ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ പി എസ് സി പരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് നടന്ന സമരത്തെക്കുറിച്ചു എന്താണ് പറയാനുള്ളത്?

രാജൻ പി തൊടിയൂർ: ഒഴിവാക്കാമായിരുന്ന സമരം. 2017 മെയ് ഒന്നുമുതല്‍ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കാനുള്ള തീരുമാനം എടുത്തിരുന്നു. വിവിധ വകുപ്പുകളില്‍ ഔദ്യോഗിക‘ഭാഷ പൂര്‍ണമായും മലയാളമാക്കണമെന്ന് അന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക‘ഭാഷ) വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഭാഷാമാറ്റ നടപടികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗിക‘ഭാഷാ ഉന്നതതലസമിതി സംസ്ഥാനത്തെ ഭാഷാമാറ്റം തൃപ്തികരമല്ലെന്ന് വിലയിരുത്തിയതിൻറെ അടിസ്ഥാനത്തിലാണ് 2017 ൽ , മെയ് ഒന്നുമുതല്‍ മലയാളം കര്‍ശനമായി നടപ്പാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉത്തരവിറക്കിയത്.

കേന്ദ്രസര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, ഇതര സംസ്ഥാനങ്ങള്‍, മറ്റുരാജ്യങ്ങള്‍, ഭാഷാ ന്യൂനപക്ഷക്കാരുമായുള്ള കത്തിടപാടുകള്‍, ഇംഗ്ളീഷ് ഉപയോഗിക്കണമെന്ന് പ്രത്യേകം പരാമര്‍ശമുള്ള സംഗതികള്‍ എന്നീ സാഹചര്യങ്ങളില്‍ കത്തിടപാടുകള്‍ക്ക് ഇംഗ്ളീഷ് ഉപയോഗിക്കാം. അല്ലാത്ത സാഹചര്യങ്ങളില്‍ എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും മെയ് ഒന്നുമുതല്‍ മലയാളമേ ഉപയോഗിക്കാവൂ. ഇത് വകുപ്പ് തലവന്മാരും ഓഫീസ് മേധാവികളും ഉറപ്പുവരുത്തേണ്ടതാണെന്ന് ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഭാഷാമാറ്റ നടപടികള്‍ മൂന്നുമാസത്തിലൊരിക്കല്‍ അവലോകനം ചെയ്യണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ഒന്നുമുതല്‍ പത്തുവരെയുള്ള ക്ളാസുകളില്‍ മലയാളം നിര്‍ബന്ധമായി പഠിപ്പിക്കാന്‍ വ്യവസ്ഥചെയ്യുന്ന മലയാളഭാഷാ (നിര്‍ബന്ധിത ഭാഷ) ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചിട്ട് അധിക നാൾ ആകുന്നില്ല.. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ ബോര്‍ഡുകള്‍ക്ക് കീഴിലെ സ്കൂളുകളിലും നിര്‍ബന്ധിത മലയാളഭാഷാപഠനം ഏര്‍പ്പെടുത്തണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അത്തരം വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നിരാക്ഷേപപത്രം റദ്ദാക്കും. നിയമവും അതിലെ ചട്ടവും ലംഘിച്ചാല്‍ പ്രഥമാധ്യാപകര്‍ക്ക് 5000 രൂപ പിഴയും വിധിക്കും. ഇങ്ങനെ ഒരുത്തരവ് നില നിൽക്കുന്ന സാഹചര്യത്തിലാണ് പി എസ് സി പരീക്ഷ മലയാളത്തിൽ എഴുതാൻ അനുവദിക്കുന്നതിന് വേണ്ടി സമരം നടന്നത്.

മുംതാസ് രഹാസ് : ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് ആദ്യ ഇ എം എസ് മന്ത്രി സഭയുടെ കാലത്തോളം പഴക്കമുണ്ട് ?

രാജൻ പി തൊടിയൂർ: 1957 ലെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് കോമാട്ടില്‍ അച്യുതമേനോന്‍ അദ്ധ്യക്ഷനായ ഒരു കമ്മറ്റിയെ ഭരണഭാഷാമാറ്റത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചു. 1958 ആഗസ്റ്റ് 16ന് സമര്‍പ്പിച്ച കമ്മറ്റി റിപ്പോര്‍ട്ടില്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്നുള്ള പരിശോധനകളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ 1965 മുതല്‍ കേരളത്തിലെ വിവിധ വകുപ്പുകളിലും സെക്രട്ടറിയേറ്റിലും ഔദ്യോഗിക നടപടിക്രമങ്ങള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ ആകാവുന്നതാണെന്ന് ഉത്തരവിട്ടു. 1973 ല്‍ ആക്റ്റ് ഭേദഗതി വരുത്തി മലയാളവും ഇംഗ്ലീഷും ഔദ്യോഗിക ഭാഷകളാക്കി. കേരളത്തിലെ ഹൈക്കോടതിയുടെയും കീഴ്‌ക്കോടതികളുടെയും നടപടികള്‍ മലയാളത്തിലാക്കുന്നതിന് വേണ്ടി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ജസ്റ്റിസ് നരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ഒരു കമ്മറ്റിയെ 1985-ല്‍ സര്‍ക്കാര്‍ നിയോഗിച്ചു. 1987-ല്‍ കമ്മറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീഴ്‌ക്കോടതികളിലെ ഔദ്യോഗികഭാഷ മലയാളമാക്കി ഉത്തരവിറങ്ങി.

1971ലാണ് മുതല്‍ സെക്രട്ടറിയേറ്റില്‍ ഔദ്യോഗിക ഭാഷാവിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്നത്. 1999 മുതല്‍ സര്‍ക്കാര്‍ തലത്തില്‍ ജീവനക്കാര്‍ക്ക് ഭാഷാഭിമുഖ്യം വളര്‍ത്തുന്നതിനും ഭാഷാ പ്രയോഗത്തില്‍ പരിശീനം നല്‍കുന്നതിനും ഔദ്യോഗിക ഭാഷാ പരിശീലന പരിപാടികള്‍ ആരംഭിച്ചു. 2002 മുതല്‍ നമ്മുടെ സംസ്ഥാനത്ത് നവംബര്‍ 1ന് മലയാളദിനവും, ഒന്നു മുതല്‍ ഏഴ് വരെ ഭരണഭാഷാവാരമായും സര്‍ക്കാര്‍തലത്തില്‍ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ആചരിച്ചുവരുന്നു. ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ജില്ലാതല ഭാഷാസമിതി മൂന്ന് മാസത്തില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് വിവിധ വകുപ്പുകളിലെ ഭാഷാമാറ്റ പുരോഗതി വിലയിരുത്തുന്നു. യോഗത്തില്‍ വിവിധ വകുപ്പ് തലവന്മാര്‍ പങ്കെടുക്കും. സംസ്ഥാനതല ഭാഷാ സമിതിയുടെ അദ്ധ്യക്ഷന്‍ ചീഫ് സെക്രട്ടറിയാണ്. 4 മാസത്തിലൊരിക്കല്‍ സംസ്ഥാനതല ഭാഷാസമിതി യോഗം ചേരും. മുഖ്യമന്ത്രി അദ്ധ്യക്ഷനും സാംസ്‌കാരികവകുപ്പ് മന്ത്രി ഉപാദ്ധ്യക്ഷനുമായ ഉന്നതതല സമിതി 6 മാസത്തിലൊരിക്കല്‍ യോഗം ചേരുന്നു. ഇതിനു പുറമെ നിയമസഭയുടെ ഔദ്യോഗിക ഭാഷാസമിതിയും ഭാഷാമാറ്റ പുരോഗതിക്കായി പ്രവര്‍ത്തിച്ചുവരുന്നു.

ഭരണഭാഷ മലയാളത്തിലായിരിക്കണമെന്ന സര്‍ക്കാര്‍ നയം നടപ്പിലാക്കാന്‍ എല്ലാ വകുപ്പ് തലവന്മാരും ഓഫീസ് മേലധികാരികളും ജീവനക്കാരും ഒന്നിച്ച് പരിശ്രമിക്കേണ്ടതുണ്ട്. ഭരണഭാഷാസംബന്ധമായുളള നടപടിക്രമങ്ങള്‍ വിവിധ വകുപ്പുകളില്‍ നടപ്പിലാക്കുന്നുണ്ടോ എന്നും അതിന്റെ പുരോഗതിയും ഔദ്യോഗിക ഭാഷാവകുപ്പ് പരിശോധിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്യണം. ഔദ്യോഗികഭാഷ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി നടപ്പിലാക്കാനുള്ള പരിശ്രമങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അതീവ ഗൗരവത്തോടെ ഏറ്റെടുക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

മുംതാസ് രഹാസ് : പി.എസ്.സി പരീക്ഷകള്‍ക്ക് മലയാളത്തില്‍ കൂടി ചോദ്യപേപ്പര്‍ നല്‍കണമെന്നാണ് സമരം ചെയ്യുന്നവർ ആവശ്യപ്പെട്ടത്.

രാജൻ പി തൊടിയൂർ: പി.എസ്.സി പരീക്ഷകള്‍ക്ക് മലയാളത്തില്‍ കൂടി ചോദ്യപേപ്പര്‍ നല്‍കണമെന്ന് പി.എസ്.സിയോട് ആവശ്യപ്പെടാന്‍ ഔദ്യോഗിക ഭാഷ ഉന്നതതല സമിതി യോഗം തീരുമാനിച്ചു. നിലവില്‍ എസ്എസ്എല്‍സി വരെ യോഗ്യതയുളള പരീക്ഷകള്‍ക്കാണ് മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കുന്നത്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ മലയാളത്തിലും ചോദ്യപേപ്പർ ആകാമെന്ന് തത്വത്തിൽ പി എസ് സി അംഗീകരിച്ചിട്ടുണ്ട്.

നിലവിൽ അടിസ്ഥാന യോഗ്യത ബിരുദമായ തസ്തികകളിൽ ഇംഗ്ലീഷിലാണ് ചോദ്യപേപ്പര്‍ . ഇത്തരം പരീക്ഷകളിൽ മലയാളത്തിലും ചോദ്യക്കടലാസ് വേണമെന്നാണ് ആവശ്യം . ഒന്നിലേറെ പരീക്ഷയുള്ള തസ്തികകളിൽ ഒരു പേപ്പര്‍ നിര്‍ബന്ധമായും മലയാള ഭാഷ സംബന്ധിച്ചാകണമെന്നും പി.എസ്.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുംതാസ് രഹാസ് : മലയാളം ശ്രെഷ്ഠഭാഷയായി പ്രഖ്യാപിച്ചിട്ടും ഇങ്ങനെ ഒരു സമരം വേണ്ടിവന്നതിനെക്കുറിച്ചു എന്താണ് പറയാനുള്ളത്?

രാജൻ പി തൊടിയൂർ: ഐക്യമലയാള പ്രസ്ഥാനത്തിന്റെ പ്രവർത്തകരായ രൂപിമയും പ്രിയേഷും പി.എസ്.സി ആസ്ഥാനത്തിനു മുന്നിൽ 19 ദിവസം നിരാഹാര സത്യഗ്രഹം ചെയ്യേണ്ടിവന്നു എന്നത് തികച്ചും ദൗർഭാഗ്യകരമായ കാര്യമാണ്.

അവർ മുന്നോട്ടു വെച്ച വസ്തുതകളുടെ ഗൗരവം മനസ്സിലാക്കി അവ അംഗീകരിക്കാൻ പി.എസ്.സി. തയ്യാറാകണം . സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഭാഷാനയം പി.എസ്.സി അട്ടിമറിക്കരുതെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഇത് മുഴുവൻ കേരളീയരുടേയും ആവശ്യമാണ്.

പ്രധാനമായും മൂന്ന് ഡിമാന്റുകളാണ് മലയാളത്തിനു വേണ്ടി അവർ ഉന്നയിച്ചത്.

1. ഭരണഭാഷ മലയാളം ആയിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവർക്ക് ആ ഭാഷയിൽ പ്രാഥമികമായ അറിവ് ഉണ്ടായിരിക്കണം. ആ അറിവ് റിക്രൂട്ട്മെന്റ് സമയത്ത് പരിശോധിക്കപ്പെടണം. ഇംഗ്ലീഷ്, കണക്ക്, പൊതുവിജ്ഞാനം എന്നിവയുടെ കൂട്ടത്തിൽ മലയാളഭാഷയിലെ പരിജ്ഞാനം കൂടി വിലയിരുത്തണം.

2. പി.എസ്.സി.യുടെ ചോദ്യക്കടലാസുകൾ ഇംഗ്ലീഷിൽ നൽകുന്നതിനു പുറമെ മലയാളത്തിലും അംഗീകൃത ന്യൂനപക്ഷ ഭാഷകളിലും നൽകണം.

3. വിവരണാത്മക പരീക്ഷകളിൽ ഇംഗ്ലീഷിലെന്ന പോലെ മലയാളത്തിലും ഉത്തരം എഴുതാൻ അനുവദിക്കണം.

മുംതാസ് രഹാസ് : മലയാള ഭാഷ നന്നായി അറിയാവുന്നവർ കേരളത്തിൽ കുറവാണെന്നു പി എസ് സി പറയുന്നു. ഇതിനെക്കുറിച്ച്?

രാജൻ പി തൊടിയൂർ: ഭാഷയെന്ന രീതിയിൽ കേരളത്തിൽ ഏക സ്വഭാവമല്ല മലയാളത്തിന് ഉള്ളത്. നല്ല മലയാളത്തിന് വേണ്ടി ഏറ്റവുമധികം പേജുകൾ വിനിയോഗിച്ച ഒരു പ്രസിദ്ധീകരണമാണ് കരിയർ മാഗസിൻ. പ്രൊഫ. പന്മന രാമചന്ദ്രൻ നായർ , മുൻ മുഖ്യമന്ത്രി കൂടിയായിരുന്ന സി അച്യുതമേനോൻ, പി ടി ഭാസ്കരപ്പണിക്കർ തുടങ്ങിയ മഹാ പണ്ഡിതന്മാർ ഇത് സംബന്ധിച്ച് ധാരാളം എഴുതി.പ്രൊഫ. പന്മന രാമചന്ദ്രൻ നായർ പതിനായിരത്തോളം സംശയങ്ങൾക്ക് കരിയർ മാഗസിനിലൂടെ മറുപടി നൽകി.

ഭാഷാശാസ്ത്രമല്ല; മറിച്ച് ഭാഷയിലെ പ്രാഥമികജ്ഞാനം പരിശോധിക്കപ്പെടണമെന്നാണ് ഇന്നിപ്പോൾ സമരത്തിന്റെ ആവശ്യം. മാതൃഭാഷയോട് അറപ്പില്ലാത്തപക്ഷം ഈ ജ്ഞാനം ലഭ്യമാകാൻ ഇന്ന് ഒരു പ്രയാസവുമില്ല. “എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം മലയാള”വുമായി മുഖ്യമന്ത്രിയുടെ നേതൃത്തത്തിൽ മലയാളം മിഷൻ സജീവമായി രംഗത്തുണ്ട്.

ഇവിടെ സാക്ഷരതാ മിഷൻ ഉണ്ട്. മാത്രമല്ല ഐ.എ.എസും കെ.എ.എസും പോലുള്ള പരീക്ഷകളിൽ വരുന്ന ബഹുവിധ വിഷയങ്ങൾ മുഴുവൻ ഔപചാരികമായ വിദ്യാഭ്യാസത്തിലൂടെയല്ലല്ലോ ഉദ്യോഗാർത്ഥികൾ നേടുന്നത്. പ്രത്യേകമായി പഠിച്ചിട്ടാണ്. അതുപോലെ തെറ്റില്ലാത്ത മലയാളവും പഠിക്കണം . കരിയർ മാഗസിൻ ഓൺലൈൻ പ്ലാറ്റഫോം അതിനായി സാഹചര്യമൊരുക്കുകയാണ്.

മുംതാസ് രഹാസ് : ഇംഗ്ലീഷിനു പുറമേ മലയാളത്തിലും കന്നഡയിലും തമിഴിലും ചോദ്യക്കടലാസുകൾ തയ്യാറാക്കിയാൽ സുതാര്യത നഷ്ടപ്പെടും എന്നതാണ് രണ്ടാമത്തെ വിചിത്രവാദം.

രാജൻ പി തൊടിയൂർ: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഭാഷാനയം പി.എസ്.സി.യെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനു വേണ്ടിയുള്ള സമരമാണ് തിരുവനന്തപുരത്ത് നടന്നത് .ഇത് ഒരു ഭാഷാപ്രശ്നമല്ല; മനുഷ്യന്റെ അടിസ്ഥാന ജീവിതപ്രശ്നമാണ്. മുഴുവൻ മലയാളികളും ഇത് മനസ്സിലാക്കണം. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് മലയാളത്തില്‍ ചോദ്യങ്ങള്‍ തയാറാക്കാനുള്ള ബുദ്ധിമുട്ടുകൾ ഇപ്പോഴും പി.എസ്.സി വാദിക്കുന്നത്.

മലയാളത്തില്‍ പരീക്ഷയെഴുതാന്‍ അവസരം തരണമെന്നാവശ്യപ്പെടുന്ന കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ മൗലികാവകാശത്തെ നിഷേധിക്കരുത് . പി. എസ്. സി. യുടെ മുന്നിൽ നടത്തിയ നിരാഹാര സമരം ഉയര്‍ത്തിയത് കേവല ഭാഷാ വാദമോ, മൗലികവാദമോ അല്ല. ഏതു ഭാഷയായാലും അത് വലിയ ചരിത്രവും സംസ്‌ക്കാരവും വിജ്ഞാനവും ജ്ഞാനവും ഉള്‍ക്കൊള്ളുന്നു എന്നതു നാം തിരിച്ചറിയണം .

നമ്മുടെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് അറിയില്ലെങ്കില്‍ പുറത്തു പോയാല്‍ ജോലി കിട്ടുകയില്ല എന്ന വാദമാണ് മുറുകെപ്പിടിക്കുന്നതെങ്കില്‍ ഇവിടത്തെ പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിലാണ് മാറ്റമുണ്ടാകേണ്ടത്.

മലയാളത്തോടൊപ്പം ഇംഗ്ലീഷും അറിയേണ്ടത് ഇന്നത്തെ കാലത്ത് അനിവാര്യമാണ്. കുട്ടികളിലൂടെ മലയാളത്തിന്റെ ജൈവികത, സാഹിത്യം, വിജ്ഞാനം, ഭരണ നിര്‍വഹണ ആശയവിനിമയ ശേഷി വളര്‍ന്നു കൊണ്ടേയിരിക്കണം എന്ന ബോധപൂര്‍വ്വമായ വിചാരവും പ്രവര്‍ത്തനവും ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. .

എന്തായാലും, സമൂഹത്തെ പഠിക്കാതെ സംസ്‌ക്കാരത്തെയും ഭാഷയേയും സാഹിത്യത്തേയും കുറിച്ച് ആധികാരികമായി വിശകലനം ചെയ്യാന്‍, സംസാരിക്കാന്‍ ആര്‍ക്കും കഴിയില്ല. ഭരണഭാഷ മലയാളമാണെങ്കില്‍ മലയാളം മാത്രം അറിയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി. എസ്. സി ചോദ്യക്കടലാസ് മലയാളഭാഷയില്‍ ലഭിക്കാന്‍ അവകാശമുണ്ട്. ഭരണഘടനാപരമായ അവകാശമായിത്തന്നെ ഇതിനെ കാണാനാവണം.

Share: