പി എസ് സി യുടെ എല്ലാ പരീക്ഷകളും ഓൺലൈൻ ആക്കുമോ ?

Share:

പി എസ്‌ സി പരീക്ഷാ ക്രമക്കേട് തടയാൻ ഏറ്റവും ഉചിതമായ മാർഗ്ഗം പി എസ് സി യുടെ എല്ലാ പരീക്ഷകളും ഓൺലൈൻ ആക്കുക എന്നതാണെന്ന് ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി. ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ , ഓൺലൈൻ പരീക്ഷ നൽകുന്ന സൗകര്യങ്ങളെക്കുറിച്ചും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിനെക്കുറിച്ചും കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ സംസാരിക്കുന്നു.

ഗോപിക: പിഎസ്‌സി പരീക്ഷാ നടത്തിപ്പിൽ അടിമുടി മാറ്റം വേണമെന്ന നിർദേശവുമായി ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിനെക്കുറിച്ചും എല്ലാ പരീക്ഷകളും ഓൺലൈൻ ആക്കണമെന്നുമുള്ള അഭിപ്രായത്തെക്കുറിച്ചും എന്താണ് പറയാനുള്ളത്?

രാജൻ പി തൊടിയൂർ : പി എസ്‌ സി പരീക്ഷാ ക്രമക്കേട് തടയാൻ ഏറ്റവും ഉചിതമായ മാർഗ്ഗം പി എസ് സി യുടെ എല്ലാ പരീക്ഷകളും ഓൺലൈൻ ആക്കുക എന്നതാണെന്ന് ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി സർക്കാരിന് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുകയാണ് . പിഎസ്‌സി പരീക്ഷാ നടത്തിപ്പിൽ അടിമുടി മാറ്റം വേണമെന്ന നിർദേശവുമായി ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പ്രത്യേകം പരാമർശിച്ചിട്ടുള്ളത്. എട്ടു കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് പറഞ്ഞിട്ടുള്ളത് . അതിൽ പ്രധാനപ്പെട്ട ഒന്നാണ് പരീക്ഷകൾ ഓൺലൈൻ ആക്കുക എന്നത്.

2017 -ൽ, എൽ ഡി ക്ളർക് പരീക്ഷക്ക് തൊട്ടുമുൻപ് , പരീക്ഷ ഓൺലൈൻ ആക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചപ്പോൾ ഉദ്യോഗാർഥികളായെത്തുന്ന 18 ലക്ഷത്തിലേറെ പേർക്ക് ഓൺലൈൻ പരീക്ഷയ്ക്കു സൗകര്യമൊരുക്കുക അസാധ്യമാണെന്ന മറുപടിയാണ് പി എസ് സി നൽകിയത്. ( https://www.manoramaonline.com/news/announcements/2017/04/20/06-chn-psc-ldc.html ) ഇത്തരം കാര്യങ്ങൾ പിഎസ്‌സിയിലെ വിദഗ്ധരുടെ തീരുമാനത്തിനു വിടുന്നതാണു നല്ലതെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഒഎംആർ പരീക്ഷയിൽ നാലു ശതമാനം വരെ പിഴവിനു സാധ്യതയുണ്ടെന്നും ഓൺലൈൻ പരീക്ഷയാണെങ്കിൽ ഒരു ശതമാനത്തിൽ താഴെ മാത്രമേ തെറ്റ് വരികയുള്ളു എന്നും ചൂണ്ടിക്കാണിച്ചാണ് അന്ന് ഞാൻ പൊതു താൽപ്പര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.

പി എസ് സി വ്യക്തമായ തീരുമാനമെടുത്തില്ലെങ്കിലും ഇപ്പോള്‍, പി എസ് സിയിൽ ക്രമക്കേടുകൾ വ്യാപകമായതോടെ ക്രൈം ബ്രാഞ്ച് മേധാവി വ്യക്തമാകുന്നു, ഓണ്‍ലൈന്‍ പരീക്ഷയാണ് ഏറ്റവും സുതാര്യവും കുറ്റമറ്റതുമെന്ന് !

ഗോപിക: പരീക്ഷ ഓൺലൈൻ ആകുന്നതോടെ എന്ത് പ്രയോജനമാണ് ഉദ്യോഗാർഥികൾക്ക് ലഭിക്കുന്നത്?

രാജൻ പി തൊടിയൂർ : 1 . കൂടുതല്‍ സുതാര്യത 2 . പരീക്ഷാ ദിവസംതന്നെ ഫലവും അറിയാം 3 . റാങ്ക് ലിസ്റ്റ്‌ തയ്യാറാക്കലും സര്‍ട്ടിഫിക്കറ്റ് പരിശോധനയും വേഗത്തില്‍
4 . പരീക്ഷയ്ക്കും മൂല്യനിര്‍ണ്ണയത്തിനുമുള്ള സമയം ചുരുങ്ങും. 5 . കൂടുതല്‍ ഒഴിവുകളുള്ള തസ്തികകളുടെ കാര്യത്തിലേ പി. എസ്.സിക്ക് താത്പര്യമുള്ളു എന്ന വിമര്‍ശനം ഒഴിവാകും. 6 . ഒഴിവുകള്‍ കുറവുള്ളതും സാങ്കേതിക യോഗ്യതകള്‍ വേണ്ടതുമായ തസ്തികകളുടെ പരീക്ഷകള്‍ മുടങ്ങുന്നത് ഒഴിവാകും.

7 . പരീക്ഷാനടത്തിപ്പ് ചെലവു കുറയും. 8 . കുറച്ച്‌ ഉദ്യോഗസ്ഥരുടെ സേവനം മതിയാകും. 9 . പരീക്ഷാഹാളിലെ കോപ്പിയടി, മാര്‍ക്ക് നിര്‍ണ്ണയത്തിലെ സ്വാധീനം തുടങ്ങിയവ ഇല്ലാതാകും. 10 . ഓരോ പരീക്ഷാര്‍ഥിക്കും പ്രത്യേകം ചോദ്യം നല്‍കാന്‍ കഴിയും

ഗോപിക: അടുത്ത് വരുന്ന ക്ളർക് പരീക്ഷക്ക് ഇരുപതു ലക്ഷത്തോളം അപേക്ഷകർ ഉണ്ടാകുമെന്നു കരുതപ്പെടുന്നു. ഇത്രയും പേർക്ക് ഓൺലൈൻ പരീക്ഷ എഴുതാനുള്ള സൗകര്യം എവിടെയുണ്ടോ?

രാജൻ പി തൊടിയൂർ : ഉണ്ടാക്കണം. ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കുക എന്നതാണ് പ്രധാനം. എൽഡിസി പോലെയുള്ള പരീക്ഷകൾക്ക് 18 ലക്ഷം അപേക്ഷകരുണ്ടെന്നും ഇത്രയും പേർക്ക് ഓൺലൈൻ പരീക്ഷ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാരിനില്ലാത്തതിനാൽ അത് അസാധ്യമാണെന്നും ഹൈക്കോടതിയോട് വിശദീകരിച്ച പി എസ് സി, 92 ലക്ഷം പേർക്കായി റെയിൽവേ റിക്രൂട്മെൻറ് ബോർഡ് നടത്തിയ പരീക്ഷയെക്കുറിച്ചു മനസ്സിലാക്കാനും കേരളത്തിലെ ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാനും തയ്യാറാകണം.

ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്കായി റെയില്‍വേ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയെക്കുറിച്ചു പഠിക്കാന്‍ പി എസ് സി ഇനിയും തയ്യാറാവിട്ടില്ല. 92 ലക്ഷം അപേക്ഷകര്‍ക്ക് വേണ്ടി റെയില്‍വേ നടത്തിയ ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരീക്ഷയെക്കുറിച്ചു ( http://indianexpress.com/article/jobs/indian-railways-online-test-conducts-worlds-largest-for-18000-jobs-vacancies-92-lakh-candidates-4519024/ ) പി എസ് സിയിലെ വിദഗ്ദ്ധർ ഇനിയെങ്കിലും മനസ്സിലാക്കണം.

പിഎസ്‌സിഓഫിസുകള്‍ കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി ഇ- ഓഫിസുകളാക്കി. തീരുമാനിച്ചിട്ടുണ്ട്. പിഎസ്‌സിയുടെ എല്ലാ ജില്ലാ ഓഫിസുകളിലും ഇ-ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ തസ്തികകളിലേക്കുള്ള നിയമന നടപടികള്‍ ഇനി കൂടുതല്‍ വേഗത്തിലാകും. എതെങ്കിലും തസ്തികയുടെ നിയമന നടപടിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഓഫിസില്‍ നിന്നു ജില്ലാ ഓഫിസുകളില്‍ വിശദീകരണം ലഭിക്കണമെങ്കില്‍ ഒരു മാസത്തിലധികം സമയമെടുക്കുന്ന അവസ്ഥയാണുണ്ടായിരുന്നത്. ഫയല്‍ തയാറാക്കി തപാല്‍ വഴി അയയ്ക്കുന്നതുകൊണ്ടാണ് ഇത്രയും കാലതമസം. ഇ-ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയതോടെ ഈ നടപടിക്രമങ്ങള്‍ ഒരു ദിവസംകൊണ്ടു പൂര്‍ത്തിയാക്കാം എന്ന അവസ്ഥ കൈവന്നിരിക്കുന്നു. ഓൺലൈൻ പരീക്ഷക്കുള്ള സൗകര്യങ്ങൾ അതുപോലെ ഏർപ്പെടുത്താവുന്നതേയുള്ളു.
ഓൺലൈൻ പരീക്ഷ നടത്തുന്നതിലൂടെ പരീക്ഷ എഴുതുന്നവരോട് കൂടുതൽ നീതി പുലർത്താൻ പി എസ് സി ക്ക് കഴിയുമെന്നതിൽ തർക്കമില്ല. സൗകര്യമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല.

പിഎസ്‌സിയുടെ സ്വന്തം ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ക്കു പുറമേ സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളില്‍കൂടി ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ പരീക്ഷ, നടത്താവുന്നതാണ്. ഐ ടി കമ്പനികളുടെ സഹകരണവും ഇതിനായി സ്വീകരിക്കാവുന്നതാണ്.

ഗോപിക: ഇന്ത്യയിൽ മറ്റേതെങ്കിലും സ്ഥാപനങ്ങൾ ഓൺലൈൻ പരീക്ഷ നടത്തുന്നുണ്ടോ?

രാജൻ പി തൊടിയൂർ : റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്, കേന്ദ്ര സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍, രാജസ്ഥാന്‍ പി.എസ്.സി, ഐ.ബി.പി.എസ് (മുംബയ്) തുടങ്ങിയ സ്ഥാപനങ്ങള്‍ ഓണ്‍ലൈനിലാണ് പരീക്ഷകള്‍ നടത്തുന്നത്. കേരള പി.എസ്.സിയുടെ അംഗങ്ങൾ ചില സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും പരീക്ഷാനടത്തിപ്പ് രീതികള്‍ സംബന്ധിച്ച്‌ പഠനറിപ്പോര്‍ട്ട് കമ്മിഷന് നല്‍കുകയും ചെയ്തിട്ടുണ്ടെന്നാണറിയുന്നത്. ഈ റിപ്പോര്‍ട്ട് കമ്മിഷന്‍ അംഗീകരിച്ചതോടെയാണ് ഓണ്‍ ലൈന്‍ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ടുപോകാൻ തീരുമാനമെടുത്തിട്ടുള്ളത്. ഇതിനായി ഒരു മേല്‍നോട്ട സമിതിയെയും നിയമിച്ചിട്ടുണ്ട്.

സി-ഡിറ്റ് ഇതിനായി സോഫ്‌റ്റ‌്‌വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട് . അടുത്ത ക്ളർക് പരീക്ഷക്ക് ഇരുപത് ലക്ഷത്തോളം അപേക്ഷകർ ഉണ്ടാകാനാണ് സാദ്ധ്യത. ഒന്നര വർഷം ഇനിയും പരീക്ഷയ്ക്കായി അവശേഷിക്കുന്നു. നിലവില്‍ ഒ.എം.ആര്‍ (ഒപ്റ്റിക്കല്‍ മാര്‍ക്ക് റീഡിങ്) അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്. ഈ രീതിയില്‍ പരീക്ഷ നടത്തിയാല്‍ മൂല്യ നിര്‍ണയത്തില്‍ തെറ്റുവരാന്‍ നാലു ശതമാനം വരെ സാധ്യതയുണ്ടെന്നും ഓണ്‍ലൈന്‍ പരീക്ഷ നടത്തിയാല്‍ തെറ്റു വരാനുള്ള സാധ്യത ഒരു ശതമാനത്തില്‍ താഴെയാണെന്നും ഉള്ള അഭിപ്രായം ഇപ്പോഴും നിലനിൽക്കുന്നു.
പരീക്ഷ ഓണ്‍ലൈന്‍ ആകുന്നതോടെ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതും നിയമനവും വേഗത്തിലാവും. കേരള പബ്ളിക് സര്‍വീസ് കമ്മിഷന്റെ ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവിന് ഇത് കാരണമാകും. വിജ്ഞാപനമിറക്കി വര്‍ഷങ്ങള്‍ കഴിഞ്ഞാലും പരീക്ഷ നടത്തുന്നില്ല, പരീക്ഷ കഴിഞ്ഞ് ഏറെ കാത്തിരുന്നാലും സാദ്ധ്യതാ പട്ടിക പുറത്തിറക്കുന്നില്ല തുടങ്ങിയ അവസ്ഥ ഇതോടെ ഒഴിവാകും.

ഗോപിക: ക്രൈം ബ്രാഞ്ച് റിപ്പോർട്ടിലുള്ള മറ്റ് നിദ്ദേശങ്ങളെക്കുറിച്ചു എന്താണ് പറയാനുള്ളത്?

രാജൻ പി തൊടിയൂർ : നമ്മുടെ പരീക്ഷാ സമ്പ്രദായത്തിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. സാങ്കേതിക വളർച്ചക്കനുസരിച്ചു നമ്മുടെ രീതികൾ മാറുന്നില്ല . അതുകൊണ്ടാണ് തട്ടിപ്പുകൾ വ്യാപകമാകുന്നത്.

അതുകൊണ്ടാണ് വൈഫൈ / മൊബൈൽ ജാമർ പരീക്ഷ കേന്ദ്രത്തിൽ സ്ഥാപിക്കണം എന്ന നിർദ്ദേശത്തിന് പ്രസക്തി ഏറുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾ വേണ്ട. വാച്ച്, സ്മാർട് വാച്ച്, മൊബൈൽ ഫോൺ, ബ്ലൂടൂത്ത് ഇയർ പീസ് ഉൾപ്പെടെയുള്ളവ ഒഴിവാക്കാൻ ശാരീരിക പരിശോധന നടത്തണം. ഷൂ, ബെൽറ്റ്, ബട്ടൺ തുടങ്ങിയവയും പരിശോധിക്കണം എന്ന് പറഞ്ഞിരിക്കുന്നത്. കണ്ണടയും ഫ്രെയിമും പരിശോധിക്കണം.
സീറ്റിങ് പാറ്റേൺ പുതുക്കണം . പരീക്ഷാഹാളിലെ സീറ്റിങ് പാറ്റേൺ (എ,ബി,സി,ഡി പാറ്റേൺ) പരിഷ്കരിക്കണം. സീറ്റിങ് രീതി ഉദ്യോഗാർഥികൾ മുൻകൂട്ടി അറിയുന്നതു ക്രമക്കേടുകൾക്കു വഴിയൊരുക്കും. ചോദ്യക്കടലാസ് എണ്ണം രേഖപ്പെടുത്തണം.
പരീക്ഷയ്ക്കു ശേഷം ബാക്കി സാമഗ്രികൾ തിരികെ പിഎസ്‌സിയിൽ ഏൽപിക്കുന്ന ഫോമിൽ മിച്ചമുള്ള ചോദ്യക്കടലാസുകളുടെ എണ്ണം രേഖപ്പെടുത്തണം. ചിലർ ചോദ്യക്കടലാസ് ജനൽ വഴി പുറത്തേക്കെറിയുകയും ഇതുപയോഗിച്ച് ഉത്തരങ്ങൾ മൊബൈൽ ഫോൺ വഴി നൽകുകയും ചെയ്യുന്ന തട്ടിപ്പ് ഇങ്ങനെ തടയാം

ഒഎംആർ പേപ്പർ തിരികെ നൽകുന്നതോടൊപ്പം നമ്പറിട്ട ഹാർഡ് ഡിസ്കുകളും കൂടെ അയയ്ക്കണം . അവ പിഎസ്‌സി സേഫ് കസ്റ്റഡിയിൽ റാങ്ക് പട്ടികയുടെ കാലാവധി തീരും വരെ സൂക്ഷിക്കണം. സിസിടിവി പരീക്ഷാഹാളിൽ നിർബന്ധമാക്കണം. നിരീക്ഷകർക്കും യോഗ്യത വേണം. പരിശീലനം ലഭിച്ചവരെയും യോഗ്യതയുള്ളവരെയും മാത്രമേ നിരീക്ഷകരായി നിയോഗിക്കാവു . കേന്ദ്രങ്ങളിൽ പിഎസ്‌സിയുടെ ഒരു ഉദ്യോഗസ്ഥനെങ്കിലും ഉണ്ടാകണം. പരീക്ഷാഹാളിൽ മൊബൈൽ അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചു കഴിഞ്ഞു. മറ്റു നിർദ്ദേശങ്ങളും നടപ്പാക്കണം.

ഗോപിക: പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: സഹായം ചെയ്ത 3 പൊലീസുകാർക്കെതിരെ കേസ് എടുത്തു. ഇതുകൊണ്ടു തീരുന്നതാണോ പ്രശ്നങ്ങൾ?

രാജൻ പി തൊടിയൂർ : പിഎസ്‌സി സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ തട്ടിപ്പ് നടത്തിയവർക്കു സഹായം ചെയ്ത മൂന്നു പൊലീസുകാർക്കെതിരെ കേസെടുത്തു. പ്രശ്നങ്ങൾ അവിടെ അവസാനിക്കുന്നില്ല.
സിവിൽ പൊലീസ് ഓഫിസർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയതിനു പിന്നിൽ മൂന്നു പേർ മാത്രമാണെന്നും, കൂട്ടകോപ്പിയടി ഉണ്ടായില്ലെന്നും വ്യക്തമാക്കി ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുമ്പോൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിരവധിയുണ്ട്. ചോദ്യപേപ്പർ ചോർന്നതെങ്ങനെയെന്നു കണ്ടെത്താൻ അന്വേഷണ സംഘത്തിനായിട്ടില്ല.ശാസ്ത്രീയ തെളിവുകൾ ക്രൈംബ്രാഞ്ചിനു കിട്ടിയിട്ടില്ല. ഒരേ കോഡിലുള്ള ചോദ്യപേപ്പർ മൂന്ന് പേർക്ക് ലഭിച്ചത് എങ്ങനെ ? ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നില്ല.
പിഎസ്‌സിയിലെയോ യൂണിവേഴ്സിറ്റി കോളജിലെയോ ആരുടേയും സഹായമില്ലാതെ ചോദ്യപേപ്പർ ചോർത്താനാകില്ലെന്ന ആരോപണങ്ങൾ പരിശോധിച്ചില്ല. ∙ പിഎസ്‌സിയിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകളെക്കുറിച്ച് അന്വേഷണം നടന്നില്ല.
ആറു പേർക്കു മാത്രമായി തട്ടിപ്പ് നടത്താനാകില്ലെന്നും, വലിയ ഗൂഢാലോചന നടന്നെന്നുമുള്ള ഉദ്യോഗാർഥികളുടെ ആരോപണം അന്വേഷിച്ചില്ല.
കൂടുതൽപേർ തട്ടിപ്പിൽ ഉൾപെട്ടിട്ടുണ്ടോയെന്നു കണ്ടെത്താൻ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനായില്ല.
ഇവിടെയാണ് ഓൺലൈൻ പരീക്ഷയുടെ പ്രസക്തി. എത്രയും വേഗം അത് നടപ്പിലാക്കാൻ പി എസ് സി ശ്രമിക്കണം.

www.careermagazine.in

Share: