പട്ടികജാതി പ്രൊമോട്ടർ : അപേക്ഷ ക്ഷണിച്ചു

Share:

കാസർഗോഡ്ജില്ലയിലെ വിവിധ ഗ്രാപഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റിയിലും (കാറഡുക്ക,തൃക്കരിപ്പൂര്‍, കുമ്പടാജെ, ഈസ്റ്റ് എളേരി, പടന്ന, ചെറുവത്തൂര്‍, മധൂര്‍, കളളാര്‍, കോടോം-ബേളൂര്‍, അജാനൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും, നീലേശ്വരം മുനിസിപ്പാലിറ്റിയും ഒഴികെ) പട്ടികജാതി പ്രൊമോട്ടര്‍ തസ്തികയില്‍ നിയമനത്തിന് നിശ്ചിതയോഗ്യതയുളള പട്ടികജാതി വിഭാഗത്തിലെ യുവതി-യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 18-നും 40-നും മദ്ധ്യേ പ്രായമുളളവരും, പ്രീഡിഗ്രി/പ്ലസ്ടു പാസായവരുമായിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന നല്‍കും. ഓരോ ജില്ലയിലേയും പ്രൊമോട്ട’ര്‍മാരില്‍ നിന്നും 10 ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും നിയമിക്കും. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയും ഉയര്‍ന്ന പ്രായപരിധി 50 വയസുമായിരിക്കും. ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെയുളള സമൂഹ്യപ്രവര്‍ത്തനം നടത്തുവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസയോഗ്യത, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്/ടി.സിയുടെ പകര്‍പ്പ് എന്നിവയും അപേക്ഷയോടൊപ്പം ഹാജരാക്കണം.
താല്പര്യമുളളവര്‍ നിശ്ചിതമാതൃകയിലുളള അപേക്ഷ ജാതി, വയസ്, വിദ്യാഭ്യാസയോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത് എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 20 ന് വൈകിട്ട് അഞ്ചിന് മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
പ്രൊമോട്ടര്‍മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 7000 രൂപയും, പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തിലെ പ്രൊമോട്ടര്‍ക്ക് റസിഡന്റ് ട്യൂട്ടറുടെ അധികചുമതല വഹിക്കേണ്ടതിനാല്‍ 7500 രൂപയുമാണ് നിലവില്‍ ഓണറേറിയമായി അനുവദിക്കുന്നത്. നിയമനം പരമാവധി ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കുകയും ഭാവിയില്‍ ജോലിസ്ഥിരതയ്ക്ക് യാതൊരു അവകാശവാദവും ഉന്നയിക്കുകയോ, അര്‍ഹതയുണ്ടായിരിക്കുന്നതുമല്ല. അപേക്ഷകരെ അവര്‍ സ്ഥിരതാമസമാക്കിയിട്ടുളള പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷനുകളിലെ ഒഴിവിലേക്ക് മാത്രമേ പരിഗണിക്കു.
അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 04994 256162

Share: