പ്രവാസികൾ എന്ത് ചെയ്യണം ?

Share:

പ്രവാസി ആത്മഹത്യ കൂടിവരുന്ന അത്യന്തം ദയനീയമായ അവസ്ഥയാണ് ഇപ്പോൾ കേരളത്തിലുള്ളത്. പ്രവാസി സംരംഭകർ , വീട് വെച്ച് താമസിക്കാൻ കഴിയാതെ പോകുന്നവർ . ആത്മഹത്യ വര്ധിച്ചുവരുന്നത് ഇവർക്കിടെയിലാണ്.എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. എന്താണ് പരിഹാരം. പ്രവാസി വെൽഫെയർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കരിയർ മാഗസിൻ ചീഫ് എഡിറ്ററുമായ രാജൻ പി തൊടിയൂർ , ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ , മുംതാസ് രഹാസുമായി സംസാരിക്കുന്നു.

മുംതാസ് രഹാസ് : പ്രവാസി ആത്മഹത്യ കൂടിവരുന്ന അത്യന്തം ദയനീയമായ അവസ്ഥയാണ് ഇപ്പോൾ കേരളത്തിലുള്ളത്. പ്രവാസി സംരംഭകർ , വീട് വെച്ച് താമസിക്കാൻ കഴിയാതെ പോകുന്നവർ . ആത്മഹത്യ വര്ധിച്ചുവരുന്നത് ഇവർക്കിടെയിലാണ്.എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. എന്താണ് പരിഹാരം?

രാജൻ പി തൊടിയൂർ : പ്രവാസി മലയാളി, സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുന്നത് കഴിഞ്ഞ ജൂൺ ഇരുപത്തിനാണ്. വിദേശത്തു ജോലി ചെയ്തു സമ്പാദിച്ച പതിനഞ്ചു കോടിയോളം രൂപ ഒരു ഓഡിറ്റോറിയത്തിന് ചെലവഴിച്ചെങ്കിലും ആന്തൂര്‍ നഗരസഭ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു ആത്മഹത്യ. സംഭവത്തില്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയെന്ന വിജിലന്‍സ് കണ്ടെത്തലിനെത്തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുക്കുന്നത് . കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ വീഴ്ച ഉണ്ടോ അനാവശ്യ കാലതാമസം വരുത്തിയോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് പത്ത് ദിവസത്തിനകം റിപ്പോട്ട് നല്‍കാന്‍ രണ്ട് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞിരുന്നു. സമഗ്രമായി പഠിച്ച ശേഷം പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചിരുന്നു . എന്നാൽ ഇന്നുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. ആത്മഹത്യ ചെയ്തു ഒരുവർഷം കഴിഞ്ഞിട്ടും പുനലൂർ സുഗതൻ പ്രശ്നത്തിലും പരിഹാരമുണ്ടായിട്ടില്ല.എന്തൊക്കെ പുരോഗതിയെക്കുറിച്ചു നാം സംസാരിച്ചാലും പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ വർധിച്ചു വരികയാണ്. തുടർച്ചയായ ആത്മഹത്യകൾ പരിഷ്കൃത സമൂഹത്തിനു ഒട്ടും ചേർന്നതല്ല.

മുംതാസ് രഹാസ് : എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നാം ഗൗരവമായി ചിന്തിക്കുന്നുണ്ടോ?

രാജൻ പി തൊടിയൂർ : രാജ്യത്തിന് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്ന , നമ്മുടെ സമ്പത് വ്യവസ്ഥയെ താങ്ങി നിർത്തുന്ന പ്രവാസികളെ രണ്ടാം തരം പൗരൻമാരായി കാണുന്ന ഒരവസ്ഥ നമ്മുടെ നാട്ടിലുണ്ടെന്നത് പ്രവാസി വെൽഫെയർ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ പലതവണ സർക്കാരിൻറെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. വിശേഷിച്ചു നമ്മുടെ സർക്കാർ ഓഫീസുകളിൽ അവർക്കു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. നീണ്ട വർഷങ്ങൾ വിദേശത്തു ജോലിചെയ്തുണ്ടാക്കുന്ന സമ്പാദ്യം കൊണ്ട് നാട്ടിൽ ഒരുവീട് വെക്കാനോ ബിസിനസ് സംരംഭം ആരംഭിക്കാനോ തുടങ്ങുമ്പോഴാണ് നിയമക്കുരുക്കുകൾ പ്രവാസിയുടെ കഴുത്തിൽ ആത്മഹത്യാ കുരുക്കായി മാറുന്നത്.നാട്ടിൽ കാലാകാലങ്ങളിൽ ഉണ്ടാകുന്ന പുതിയ നിയമങ്ങൾ പ്രവാസികൾ അറിയാറില്ല.വിദേശത്തു ജോലിചെയ്യുന്നവരെ അറിയിക്കാനുള്ള സംവിധാനം നമ്മുടെ നാട്ടിലില്ല. കേരളത്തിന്റെ വികസനത്തിനായി പ്രവാസികള്‍ മുന്നിട്ടിറങ്ങണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് അഭ്യര്ഥിക്കുമ്പോഴും അതിനു പറ്റിയ ചുറ്റുപാടുകളും സൗകര്യങ്ങളുമൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നതിന് തെളിവാണ് ഇത്തരം ആത്മഹത്യകൾ.

മുംതാസ് രഹാസ് : ആത്മഹത്യ പ്രവണത പ്രവാസികളിൽ കൂടുതലാണെന്നു പരക്കെ പറയുന്നുണ്ടല്ലോ?

രാജൻ പി തൊടിയൂർ : വിദേശ മലയാളികൾ കഷ്ടപ്പെട്ട് നാട്ടിലേക്കു പണമയക്കുമ്പോഴും , വർദ്ധിച്ച ആത്മ സംഘർഷത്തിലാണവർ . ഇത് മനസ്സിലാക്കാൻ ബന്ധുക്കൾക്കോ സർക്കാരിനോ അധികാര വർഗ്ഗത്തിനോ കഴിയുന്നില്ല. പണം കായ്ക്കുന്ന മരം എന്ന ധാരണ മാറ്റിയെടുത്തു സാധാരണ വിചാര – വികാരങ്ങളുള്ള മനുഷ്യരാണ് പ്രവാസികൾ എന്ന് സമൂഹവും അധികാര വർഗ്ഗങ്ങളും മനസിലാക്കണം. തൊട്ടതിനും പിടിച്ചതിനുമെല്ലാം തടസങ്ങള്‍ നില്‍ക്കുന്ന പ്രാദേശിക ഭരണകൂടങ്ങള്‍ തങ്ങളുടെ വികസന വിരോധ മനോഭാവം വിട്ടൊഴിഞ്ഞില്ലെങ്കില്‍ കേരളത്തില്‍ മുതല്‍ മുടക്കാന്‍ വിദേശ മലയാളികള്‍ തയാറാവുകയില്ല . ജനങ്ങളുടെയും നാടിന് ന്റെയും വികസനത്തിന് എതിര് നില്‍ക്കുന്ന ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കന്മാരെയും പടിക്കു പുറത്തുനിര്‍ത്താന്‍ ഭരണ നേതൃത്വം തയ്യാറാകണം.

മുംതാസ് രഹാസ് : കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികളെ ഇത്തരം സംഭവങ്ങൾ നിരുസാഹ പ്പെടുത്തുകയില്ലേ?

രാജൻ പി തൊടിയൂർ : തീർച്ചയായും. കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രവാസി മലയാളികള്‍ അടുത്തകാലത്ത് ഏറെ താത്പര്യം പ്രകടിപ്പിച്ചുവരികയായിരുന്നു. നാട്ടിൽ മടങ്ങിയെത്തണമെന്നും എന്തെങ്കിലും സംരംഭം ആരംഭിക്കണമെന്നുമുള്ള ആഗ്രഹം ഓരോ പ്രവാസിയിലുമുണ്ട്. ആന്തൂരിലെ വിദേശമലയാളി സാജന്‍ പാര്‍ത്ഥസിന്റെയും പുനലൂരിലെ സുഗതൻറെയും ആല്‍ത്മഹത്യകളെ ഒറ്റപ്പെട്ട സംഭവമാക്കി ലളിതവൽക്കരിക്കരുത്. ഇവയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ബന്ധപ്പെട്ട നഗര സഭയ്‌ക്കോ നഗരസഭാധ്യക്ഷനോ പഞ്ചായത്തിനോ ഒഴിഞ്ഞുമാറാനാവില്ല. അഴിമതിക്കാരെയും കുറ്റവാളികളെയും മാതൃകാപരമായി ശിക്ഷിക്കാൻ സർക്കാർ തയ്യാറാകണം. അവരെ സംരക്ഷിക്കാൻ മുടന്തൻ ന്യായങ്ങൾ പറഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കരുത്.
വ്യാവസായിക സംരംഭകരെ പ്രോസാത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ വിദേശത്തും ഇന്ത്യയിലുമുള്ള പ്രവാസി സംഘടനകൾ ആവിഷ്കരിച്ചു വരുന്നതിനിടെ ഇത്തരമൊരു സംഭവം വ്യവസായ സംരംഭകരുടെ വിശ്വാസത്തിനു കളങ്കം ചാര്‍ത്തുന്നതാണെന്നു നാം തിരിച്ചറിയണം.

മുംതാസ് രഹാസ് : തണ്ണീർത്തട സംരക്ഷണം പോലെ , അടുത്തകാലത്ത് വന്ന നിയമങ്ങൾ മൂലം പണിപൂർത്തിയാക്കിയ വീടുകൾക്ക് അംഗീകാരം ലഭിക്കാതെ , വീട്ടുനമ്പർ ലഭിക്കാതെ വലയുന്ന നിരവധി പ്രവാസികൾ നമുക്കിടെയിലുണ്ട്. എന്താണൊരു പരിഹാരം?

രാജൻ പി തൊടിയൂർ : ഗ്രാമപഞ്ചായത്തുകളിലെ കെട്ടിട നിർമാണ അനുമതി സംബന്ധിച്ച പരാതികളിൽ അദാലത്ത് നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ നിശ്ചയിച്ച് സർക്കാർ ഇപ്പോൾ സർക്കുലറിറക്കിയിട്ടുണ്ട്. നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ വകുപ്പ്തല കർശന നടപടിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
കെട്ടിട നിർമാണ അനുമതി, കെട്ടിട നിർമാണ ക്രമവൽക്കരണം, ഒക്കുപ്പെൻ സി/കെട്ടിട നമ്പർ എന്നിവയ്ക്കായി ഗ്രാമപഞ്ചായത്തുകളിൽ ലഭിച്ചിട്ടുള്ള അപേക്ഷകളിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ തീർപ്പാക്കാൻ കഴിയുന്ന അപേക്ഷകളിൽ 10നകം, അതായതു ഇന്നുകൊണ്ടു , നടപടികൾ തീർപ്പാക്കി മൂന്ന് ദിവസത്തിനകം അപേക്ഷകരെ വിവരം അറിയിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ സത്വര നടപടി കൈക്കൊള്ളണമെന്നാണ് പറഞ്ഞിരിക്കുന്നത്. 2019 മേയ് 31 വരെ ലഭിച്ചതും ഗ്രാമപഞ്ചായത്ത് തലത്തിൽ തീർപ്പാക്കാൻ കഴിയാത്തതുമായ അപേക്ഷകളുടെ വിശദാംശങ്ങൾ, കെട്ടിട നിർമ്മാണ അനുമതി, കെട്ടിട നിർമ്മാണ ക്രമവൽക്കരണ അനുമതി, ഒക്കുപ്പെൻസി/കെട്ടിട നമ്പർ എന്നിവയ്ക്കുള്ള അപേക്ഷകളുടെ വെവ്വേറെയുള്ള പട്ടിക തയ്യാറാക്കി അഭിപ്രായക്കുറിപ്പ് സഹിതം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ബന്ധപ്പെട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നൽകണം. ശരിയായ കാരണങ്ങളില്ലാതെ ജൂലൈ 31ന് ശേഷം മേയ് 31നോ അതിനുമുമ്പോ ലഭിച്ച കെട്ടിട നിർമ്മാണാനുമതി, കെട്ടിട ക്രമവത്കരണാനുമതി, ഒക്കുപ്പെൻസി/കെട്ടിട നമ്പറിംഗ് എന്നിവക്കുള്ള അപേക്ഷകൾ തീർപ്പാക്കാതെ ഗ്രാമപഞ്ചായത്തുകളിൽ അവശേഷിക്കരുത്.എന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.

മുംതാസ് രഹാസ് : പ്രവാസികളെ ആത്മഹത്യയിൽ നിന്നും ഒഴിവാക്കാൻ അവർക്കായി വിട്ടു വീഴ്ചകൾ ചെയ്യാൻ സർക്കാർ തയ്യാറാകുമോ?

രാജൻ പി തൊടിയൂർ : വിട്ടുവീഴ്ചകളെ കുറിച്ചല്ല പറയുന്നത്. നമ്മുടെ നിയമങ്ങൾ ചിലർക്ക് മാത്രം ബാധകമാകുന്ന ഒരവസ്ഥയുണ്ട് നമ്മുടെ നാട്ടിൽ. നമുക്കറിയാം മുൻ മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിനായി എന്തുമാത്രം കായൽ നികത്തി , റിസോർട്ടിലെ 32 കെട്ടിടങ്ങൾ അനധികൃതമാണെന്ന് നഗരസഭാ കണ്ടെത്തി. അതിപ്പോഴും നടക്കുന്നു. തിരുവന്തപുരത്തു ലോ അക്കാഡമിക്ക് നൽകിയ സ്ഥലത്തു വ്യവസ്ഥകൾ ലംഘിച്ചു കൊമേർഷ്യൽ കോംപ്ലസുകൾ ഉയരുന്നു. അത് സർക്കാർ വാടകക്കെടുക്കുന്നു. അതിനൊക്കെ രാഷ്ട്രീയ പരിരക്ഷ ലഭിക്കുന്നു. രാഷ്ട്രീയക്കാരും ഭരണാധികാരികളും ചേർന്ന് നാട് കൊള്ളയടിക്കുന്നു. പ്രവാസികളെ ആത്മഹത്യയിലേക്കു തള്ളിവിടുന്നവർ ഒരാത്മ പരിശോധനക്ക് തയ്യാറാകണം. രാഷ്ട്രീയക്കാരാണെങ്കിലും ഉദ്യോഗസ്‌തരാണെങ്കിലും ഭരണാധികാരികളാണെങ്കിലും.അൻപതിനായിരം രൂപയുടെ തെറ്റിന് വേണ്ടിയാണ് 15 കോടി മുടക്കിയ സാജൻ ആത്‍മഹത്യ ചെയ്യേണ്ടിവന്നത്. സുഗതൻറെ കാര്യവും മറിച്ചല്ല. ഉത്തരവാദികളായവരെ മാതൃകാ പരമായി ശിക്ഷിക്കാൻ സർക്കാർ മുൻകൈ എടുക്കണം.

www.careermagazine.in

Share: