പ്രവാസികളുടെ വിജ്ഞാനവും മികവും കേരളവികസനത്തിന് ഉപയോഗിക്കാനാവണം : മുഖ്യമന്ത്രി

259
0
Share:

കേരളത്തിന്റെ വികസനകാര്യങ്ങളില്‍ പ്രവാസികള്‍ക്ക് വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം താജില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ എന്‍വിറോണ്‍മെന്റ് പ്രൊട്ടക്ഷന്‍ പ്രൊജക്റ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസികളുടെ വിജ്ഞാനവും മികവും കേരളവികസനത്തിന് ഉപയോഗിക്കാനാവണം. ഇതിന്റെ ഭാഗമായാണ് പ്രവാസികള്‍ക്ക് പ്രാതിനിധ്യസ്വഭാവമുള്ള വേദിയായ ലോക കേരള സഭ രൂപം നല്‍കിയത്. പ്രവാസികളുടെ മികവ് കേരളവികസനത്തിന് ഉപയോഗിക്കുന്നതിന്റെ ഭാഗമായി ആശയവിനിമയം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും രംഗത്ത് പ്രാവീണ്യമുള്ളവര്‍ വികസനരംഗത്ത് അവരുടെ അഭിപ്രായം സര്‍ക്കാരിനെ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ പണം കൂട്ടായി നിക്ഷേപിക്കുന്ന സംവിധാനം ഒരുക്കാനും നിക്ഷേപിക്കുന്ന പണത്തിന് നഷ്ടം സംഭവിക്കാതെ സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുന്ന വിധത്തിലുള്ള സംവിധാനം ഉറപ്പാക്കാനും പദ്ധതിയുണ്ട്. ബാങ്കില്‍ നിക്ഷേപിച്ച് പലിശ വാങ്ങുന്നതുപോലെ സുരക്ഷിതമായി പണം നിക്ഷേപിക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ഒരുക്കുക. ഇതിലൂടെ നാടിന്റെ വികസനവും കൂടുതല്‍ തൊഴിലവസരവും ഉറപ്പാക്കാനും സര്‍ക്കാരിന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വൈക്കത്ത് 25 വീടുകള്‍ നിര്‍മ്മിച്ചു നല്കുമെന്ന് മലയാളി കൗണ്‍സില്‍ പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു.

നവകേരള മിഷന്‍ കോ ഓഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, നോര്‍ക്ക-റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Share: