പ്രവാസികൾക്ക് സർക്കാർ ജോലിയിൽ സംവരണം അനുവദിക്കണം

267
0
Share:

കേരളത്തിൻറെ പുരോഗതിക്ക് സമഗ്ര സംഭാവന നൽകിയിട്ടുള്ള പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനും തൊഴിൽ നഷ്ടപ്പെട്ടു വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങി എത്തുന്നവർക്ക് സർക്കാർ ജോലി നേടാൻ അവസരമൊരുക്കും വിധം ജോലി സംവരണവും വയസ്സിളവും അനുവദിക്കാനും സർക്കാർ മുൻകൈ എടുക്കണമെന്ന് കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ പി തൊടിയൂർ. പ്രവാസികളുടെ പ്രശ്നങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നതിനായി കേരള പ്രവാസി വെൽഫെയർ ബോർഡ് കൊച്ചിയിൽ വിളിച്ചുകൂട്ടിയ സമ്മേളനത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിൻറെ സുരക്ഷക്കായി പ്രവർത്തിക്കുന്ന സൈനികർക്ക് ജോലി സംവരണവും വയസിളവും അനുവദിച്ചിരിക്കുന്നതുപോലെ , രാജ്യത്തിൻറെ സാമ്പത്തിക സുസ്ഥിരതക്ക് ശക്തിപകരുന്ന പ്രവാസികൾക്ക് പി എസ് സി , യു പി എസ് സി നിയമനങ്ങളിൽ സംവരണാനുകൂല്യങ്ങൾ നേടിയെടുത്തുകൊടുക്കാൻ സംസ്ഥാനത്തെ പ്രവാസി സംഘടനകൾ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സ്വദേശിവൽക്കരണം ഗൾഫ് രാജ്യങ്ങളിലും മറ്റും വ്യാപകമാകുന്നതോടെ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഗൾഫ് സ്വപ്നങ്ങളുമായി വിദേശത്തു പോയി  അഞ്ചും പത്തും വർഷം കഴിയുമ്പോൾ നിരാശരായി മടങ്ങി വരുന്ന ചെറുപ്പക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് സർക്കാർ അടിയന്തിരമായി ശ്രദ്ധിക്കണം.

കേരള പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ പി ടി കുഞ്ഞുമുഹമ്മദിനു കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ആരാമം ജി സുരേഷുമായി ചേർന്ന് നൽകിയ നിവേദനത്തിൽ , പ്രവാസികൾക്ക് സർക്കാർ ജോലിയിൽ സംവരണം, ഓൺലൈൻ വോട്ടിംഗ് സൗകര്യം, 60 കഴിഞ്ഞ പ്രവാസികൾക്കുള്ള പെൻഷൻ ആനുകൂല്യം, രാഷ്ട്രീയ പ്രാതിനിധ്യം, സ്വയം തൊഴിൽ പദ്ധതി യിൽ നവ ബിസിനസ്, നവകേരള പദ്ധതിയിൽ പ്രാതിനിധ്യം , പുനരധിവാസത്തിനായി ഹൈ ടെക് വില്ലേജുകൾ, തുടങ്ങി പത്തു ആവശ്യങ്ങളാണ് കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഉന്നയിച്ചിരിക്കുന്നത്.

കൊച്ചി ഗവൺമെൻറ് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗം  കേരള പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ പി ടി കുഞ്ഞുമുഹമ്മദ് ഉത്‌ഘാടനം ചെയ്തു.  , സി ഇ ഒ  എം രാധാകൃഷ്ണൻ,  ഡയറക്ടർ കെ സി സജീവ് തൈക്കാട്ട് എന്നിവർ സംസാരിച്ചു. വിവിധ സംഘടനകളിൽ നിന്നായി ഇരുനൂറോളം പ്രതിനിധികൾ പങ്കെടുത്തു.

www.careermagazine.in

Share: