സർക്കാർ ജോലി:  പ്രവാസികൾക്ക് സംവരണം അനുവദിക്കണം 

348
0
Share:
കേരളത്തിൻറെ പുരോഗതിക്ക് സമഗ്ര സംഭാവന നൽകിയിട്ടുള്ള പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനും തൊഴിൽ നഷ്ടപ്പെട്ടു വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങി എത്തുന്നവർക്ക് സർക്കാർ ജോലി നേടാൻ അവസരമൊരുക്കും വിധം ജോലി സംവരണവും വയസ്സിളവും അനുവദിക്കാനും സർക്കാർ മുൻകൈ എടുക്കണമെന്ന് കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ പി തൊടിയൂർ. പ്രവാസികളുടെ പ്രശ്നങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നതിനായി കേരള പ്രവാസി വെൽഫെയർ ബോർഡ് കൊച്ചിയിൽ വിളിച്ചുകൂട്ടിയ സമ്മേളനത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിൻറെ സുരക്ഷക്കായി പ്രവർത്തിക്കുന്ന സൈനികർക്ക് ജോലി സംവരണവും വയസിളവും അനുവദിച്ചിരിക്കുന്നതുപോലെ , രാജ്യത്തിൻറെ സാമ്പത്തിക സുസ്ഥിരതക്ക് ശക്തിപകരുന്ന പ്രവാസികൾക്ക് പി എസ് സി , യു പി എസ് സി നിയമനങ്ങളിൽ സംവരണാനുകൂല്യങ്ങൾ നേടിയെടുത്തുകൊടുക്കാൻ സംസ്ഥാനത്തെ പ്രവാസി സംഘടനകൾ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സ്വദേശിവൽക്കരണം ഗൾഫ് രാജ്യങ്ങളിലും മറ്റും വ്യാപകമാകുന്നതോടെ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഗൾഫ് സ്വപ്നങ്ങളുമായി വിദേശത്തു പോയി  അഞ്ചും പത്തും വർഷം കഴിയുമ്പോൾ നിരാശരായി മടങ്ങി വരുന്ന ചെറുപ്പക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് സർക്കാർ അടിയന്തിരമായി ശ്രദ്ധിക്കണം.
കേരള പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ പി ടി കുഞ്ഞുമുഹമ്മദിനു കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ആരാമം ജി സുരേഷുമായി ചേർന്ന് നൽകിയ നിവേദനത്തിൽ , പ്രവാസികൾക്ക് സർക്കാർ ജോലിയിൽ സംവരണം, ഓൺലൈൻ വോട്ടിംഗ് സൗകര്യം, 60 കഴിഞ്ഞ പ്രവാസികൾക്കുള്ള പെൻഷൻ ആനുകൂല്യം, രാഷ്ട്രീയ പ്രാതിനിധ്യം, സ്വയം തൊഴിൽ പദ്ധതിയിൽ നവബിസിനസ്, നവകേരള പദ്ധതിയിൽ പ്രാതിനിധ്യം , പുനരധിവാസത്തിനായി ഹൈ ടെക് വില്ലേജുകൾ, തുടങ്ങി പത്തു ആവശ്യങ്ങളാണ് കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഉന്നയിച്ചിരിക്കുന്നത്.
കൊച്ചി ഗവൺമെൻറ് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗം  കേരള പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ പി ടി കുഞ്ഞുമുഹമ്മദ് ഉത്‌ഘാടനം ചെയ്തു.  , സി ഇ ഒ  എം രാധാകൃഷ്ണൻ,  ഡയറക്ടർ കെ സി സജീവ് തൈക്കാട്ട് എന്നിവർ സംസാരിച്ചു. വിവിധ സംഘടനകളിൽ നിന്നായി ഇരുനൂറോളം പ്രതിനിധികൾ പങ്കെടുത്തു.

കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ  നൽകിയ നിവേദനത്തിൻറെ പൂർണ്ണരൂപം 

കേരളത്തിൻറെ പുരോഗതിക്ക് സമഗ്ര സംഭാവന നൽകിയിട്ടുള്ള പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. കേരളത്തിന് പ്രതിവർഷം ഒരു ലക്ഷം കോടി രൂപയിലേറെ വിദേശനാണ്യം എത്തിച്ചു തരുന്ന പ്രവാസി സമൂഹത്തിനു സംസ്ഥാനത്തിൻറെ പദ്ധതികളിൽ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
പ്രവാസികൾക്കായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പദ്ധതികൾ കാര്യക്ഷമമായി നടക്കാതെ പോകുന്നതിൽ ഗുണഭോക്താക്കൾക്കും പങ്കുണ്ട്. പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ യഥാസമയം പ്രവാസികളിൽ എത്തുന്നില്ല എന്നതാണ് പ്രധാന കാരണം.
ഒരു  പൗരൻ എന്ന നിലയിൽ , സാമൂഹ്യ- രാഷ്ട്രീയ – വിദ്യാഭ്യാസ-സാംസ്കാരിക-തൊഴിൽ വികസന  മേഖലകളിൽ പ്രവാസികൾക്ക് അർഹിക്കുന്ന പ്രാതിനിധ്യം ലഭിക്കുന്നില്ല. മുഖ്യധാരയിൽ നിന്നും പാടെ ഒഴിവാക്കപ്പെട്ടിരിക്കുന്ന പ്രവാസികൾ , ഇന്ന് പാ ർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്ന മറ്റൊരു ജനവിഭാഗമാണ്.
പ്രവാസികൾക്ക് ബോധവൽക്കരണം ആവശ്യമാണെന്ന് നിയമസഭാ കമ്മിറ്റിയും ആവശ്യപ്പെടുന്നു.
പ്രവാസികളുടെ പുനരധിവാസത്തിനും നിലനിൽപ്പിനായി പത്തു നിർദേശങ്ങളാണ് കേരള പ്രവാസി വെൽഫെയർ അസ്സോസിയേഷന് സമർപ്പിക്കാനുള്ളത്:
1 . പ്രവാസികൾക്ക് സർക്കാർ ജോലിയിൽ ( PSC , UPSC നിയമനങ്ങളിൽ ) സംവരണവും വയസിളവും അനുവദിക്കുക 
സംസ്ഥാന പ്ലാനിങ് ബോർഡിൻറെ 2016 ലെ ഇക്കണോമിക് റിവ്യൂ അനുസരിച്ചു 24 വയസിന് മുകളിലുള്ളവരാണ് പ്രവാസികളിൽ കൂടുതലും. 75 ശതമാനം പേർ പത്താം ക്‌ളാസിന് മുകളിലുള്ളവരും 35 ശതമാനം   ബിരുദവും ഡിപ്ലോമയും മറ്റു ഉന്നത യോഗ്യതകൾ ഉള്ളവരുമാണ്. ദേശീയവൽക്കരണത്തിന്റെയും സാമ്പത്തിക മാന്ദ്യത്തിൻറെയും ഭാഗമായി വളരെയധികം ആൾക്കാർക്ക് വിദേശങ്ങളിൽ നിന്ന് മടങ്ങിവരേണ്ടതായി വന്നിട്ടുണ്ട്. ഇവരെ പുരാരധിവസിപ്പിക്കാൻ വേണ്ടി സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ , യു പി എസ് സി നിയമനങ്ങളിൽ സംവരണവും വയസ്സിളവും ഏർപ്പെടുത്തണം. സൈന്യത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ളത് പോലെ, രാജ്യത്തിന് വിദേശനാണ്യം നേടിത്തന്നവർക്ക് ഇത് പരിഗണിക്കാവുന്നതാണ്.
2 . വോട്ടവകാശം – ഓൺലൈൻ വോട്ടിംഗ് സൗകര്യം ഏർപ്പെടുത്തുക 
പ്രവാസികളുടെ പൗരാവകാശത്തിൻറെ ധ്വoസനമാണ് വോട്ടവകാശമില്ലായ്‌മ. നാട്ടിൽ നിന്ന് വിട്ടുനിൽക്കുന്നവർക്കുള്ള പോസ്റ്റൽ വോട്ടിംഗ് സമ്പ്രദായത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഐ ടി യും പുത്തൻ സാങ്കേതിക വിദ്യയും പ്രകാശവേഗത്തിൽ പുരോഗമിക്കുമ്പോൾ പ്രവാസികൾക്ക് ഓൺലൈൻ വോട്ടിംഗ് സൗകര്യം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവപൂർവം ചിന്തിക്കണം.
3 . പെൻഷൻ പദ്ധതി: പെൻഷൻ പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയാതെ പോയ 60 വയസുകഴിഞ്ഞ പ്രവാസികൾക്ക് വാർദ്ധക്യകാല പെൻഷനും രാജ്യത്തിന് വിദേശ നാണ്യം എത്തിച്ചവർ എന്ന പരിഗണനയിൽ  പ്രത്യേക ഇൻസെന്റീവും അനുവദിക്കുക. അല്ലെങ്കിൽ അംശദായം ഒന്നിച്ചു സ്വീകരിച്ചു  പെൻഷൻ അനുവദിക്കുക. വിദേശനാണ്യം നേടിത്തരുന്ന വ്യവസായങ്ങൾക്കും സേവനങ്ങൾക്കും 5 % ഇൻസെന്റീവ് നൽകുന്ന രാജ്യമാണ് നമ്മുടേത്. ജീവിതത്തിൻറെ നല്ലഭാഗം വിദേശത്തുജോലിചെയ്ത് മടങ്ങിയെത്തിയ 60 കഴിഞ്ഞവർക്ക് പെൻഷൻ പദ്ധതിയിൽ ചേരാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ,  വാർദ്ധക്യകാല പെൻഷൻ നൽകുന്നതോടൊപ്പം ജീവിക്കാൻ ആവശ്യമായ ഇൻസെന്റീവ് കൂടി നൽകണം. കഴിഞ്ഞവർഷം പ്രവാസികൾ കേരളത്തിലേക്കയച്ചത് ഒരു ലക്ഷം കോടിയുടെ വിദേശ നാണ്യമാണ്.
4 . രാഷ്ട്രീയ പ്രാതിനിധ്യം: രാഷ്ട്രീയ പ്രാതിനിധ്യം – 10 % – അനുവദിക്കുക. അല്ലെങ്കിൽ പാർലമെൻറ് , അസംബ്ലി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ  പ്രവാസി പ്രതിനിധിയെ നോമിനേറ്റ് ചെയ്യുക.
ജനാധിപത്യ സംവിധാനത്തിൽ,  പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ഭരണസംവിധാത്തിൽ  പ്രവാസികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തണം. കേരളത്തിലെ 10 ശതമാനത്തിലേറെ ആളുകൾ പ്രവാസികളാണ്. ( 35 ലക്ഷം) മടങ്ങിയെത്തിയവർ അതിൻറെ ഇരട്ടിയും. അവർക്കുള്ള രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കണം.
5 . സ്വയം തൊഴിൽ പദ്ധതി: പ്രവാസി വെൽഫെയർ ബോർഡിൻറെ സ്വയം തൊഴിൽ പദ്ധതികളിൽ ന്യൂ ജനറേഷൻ പദ്ധതികൾ ഉൾപ്പെടുത്തുക . ഉദാ: ഐ ടി , ഐ ടി ഇ എസ് , വീഡിയോ , ബിപിഒ , ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതികൾ
6 . കരാർ നിയമനം: സംസ്ഥാനത്തു നടക്കുന്ന കരാർ നിയമനം , താൽക്കാലിക നിയമനം, ദിവസ വേതന നിയമനങ്ങളിൽ പ്രത്യേക സംവരണം ഏർപ്പെടുത്തുക.
7 . നവകേരളം : നവകേരളം ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളിൽ പരിചയ സമ്പന്നരായ പ്രവാസികളുടെ പ്രാതിനിധ്യം ഉറപ്പാക്കുക.
8 . ഹൈ ടെക് വില്ലേജുകൾ: പ്രവാസികളുടെ പുനരധിവാസത്തിനായി ഹൈ ടെക് വില്ലേജുകൾ / ആർട്ടിസാൻസ് വില്ലേജുകൾ സ്ഥാപിക്കുക .
9 . കേരളസഭ: കേരളസഭ , ജില്ലാ വികസന സമിതി തുടങ്ങിയ സർക്കാർ കൂട്ടായ്മകളിൽ  പ്രവാസി സംഘടനകളെ ഉൾപ്പെടുത്തുക
10 . പ്രവാസി ക്ഷേമ പദ്ധതി: പ്രവാസി ക്ഷേമ പദ്ധതിയിൽ നിക്ഷേപത്തുക വർദ്ധിപ്പിക്കുകയും സംസ്ഥാനത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയും , പെൻഷൻ തുക ആനുപാതികമായി വർദ്ധിപ്പിക്കുകയും ചെയ്യുക.
കേരള പുനര്‍നിര്‍മാണത്തിന് പ്രവാസികളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിക്കണം   അബുദാബിയിലും ദുബായിലും പ്രവാസിസമൂഹത്തെ നവ കേരള നിർമിതിക്ക് മുഖ്യമന്ത്രി പ്രത്യേകം ക്ഷണിച്ചെങ്കിലും കേരളത്തിൽ കൂടിയ മന്ത്രിസഭായോഗം അഞ്ചു തലങ്ങളുള്ള സംവിധാനം ഏർപ്പെടുത്തിയപ്പോൾ പ്രവാസികളെയും പ്രവാസി സംഘടനകളെയും പാടെ അവഗണിക്കുകയാണുണ്ടായത്. വിദേശങ്ങളിൽ, ലോകനിലവാരത്തിലുള്ള പദ്ധതികൾക്ക് നേതൃത്വം നൽകി മടങ്ങിയെത്തിയ പ്രവാസികൾ ഇവിടെയുണ്ട്. അവരെ പ്രതിനിധീകരിക്കുന്ന സംഘടനകളുമുണ്ട്. റിട്ടയർ ചെയ്ത ഉദ്യാഗസ്ഥരെ പല പദ്ധതികളുടെയും തലപ്പത്തു കൊണ്ടുവരുമ്പോൾ,  പ്രവാസികൾ നേടിയെടുത്ത ലോക പരിജ്ഞാനം നവ കേരള നിർമിതിക്കായി എങ്ങനെവിനിയോഗിക്കാം എന്ന് ചിന്തിക്കുന്നില്ല എന്നുവേണം കരുതാൻ. പുതിയൊരു കേരളം കെട്ടിപ്പടുക്കാൻ ലോകമെമ്പാടും പ്രവർത്തിച്ചു പരിചയമുള്ള , മടങ്ങിയെത്തിയ, പ്രവാസികളുടെ സേവനം ഉപയോഗപ്പെടുത്തണം. അതിനായി കേരളത്തിലെ പ്രവാസി സംഘടനകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ഒരുക്കമാണ്.
കേരള പുനര്‍നിര്‍മാണത്തിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ വിജയത്തിലെത്തിക്കുവാൻ പ്രവാസി സമൂഹത്തിൻറെ സഹകരണവും സഹായവും  എത്തിച്ചു കൊടുക്കാൻ കേരളത്തിലെ മുഴുവൻ പ്രവാസി സംഘടനകളും ഒരു കുടക്കീഴിൽ അണിനിരക്കാൻ ഒരുക്കമാണ്. വിശേഷിച്ചു കേരളത്തിലെ മന്ത്രിമാർക്കും എം എൽ എ മാർക്കും വിദേശയാത്രക്ക് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പ്രത്യേക സാഹചര്യത്തിൽ.   നവകേരള നിർമ്മിതിയിൽ നിന്ന് പ്രവാസിസംഘടനകൾക്ക് മാറിനിൽക്കാനാവില്ല. വിദേശ രാജ്യങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളിലും സാങ്കേതിക മേഖലയിലും നേതൃത്വം വഹിച്ച പ്രവാസികളുടെ സേവനം നവകേരള നിർമ്മിതിക്ക് വിനിയോഗിക്കുന്ന കാര്യത്തിൽ സർക്കാർ വേണ്ടത്ര പരിഗണന നൽകണം. പദ്ധതികള്‍ സംബന്ധിച്ച് ഉപദേശവും മാര്‍ഗ നിര്‍ദേശവും നല്‍കുന്നതിൽ പരിചയ സമ്പന്നരായ പ്രവാസികളുടെ സേവനം വിനിയോഗിക്കുന്നതിൽ  സർക്കാർ പ്രത്യേകം ശ്രദ്ധിക്കണം.
പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും വേണ്ടി നടത്തുന്ന ‘പ്രവാസി സംഗമം പരിപാടികളിൽ പ്രവാസി വെൽഫെയർ ബോർഡിൻറെയും നോർക്കയുടെയും  പ്രതിനിധിയെ അയക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.
ആരാമം സുരേഷ്                                                                                                രാജൻ പി തൊടിയൂർ 
സംസ്ഥാന പ്രസിഡന്റ്                                                                               സംസ്ഥാന ജനറൽ സെക്രട്ടറി
Share: