സർക്കാർ ജോലി:  പ്രവാസികൾക്ക് സംവരണം അനുവദിക്കണം – രാജൻ പി തൊടിയൂർ 

396
0
Share:
രാജ്യത്തിൻറെ പുരോഗതിക്ക് സമഗ്ര സംഭാവന നൽകിയിട്ടുള്ള പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനും തൊഴിൽ നഷ്ടപ്പെട്ടു വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങി എത്തുന്നവർക്ക് സർക്കാർ ജോലി നേടാൻ അവസരമൊരുക്കും വിധം ജോലി സംവരണവും വയസ്സിളവും അനുവദിക്കാനും സർക്കാർ മുൻകൈ എടുക്കണമെന്ന് കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ പി തൊടിയൂർ. കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ  പൊതുയോഗത്തിൽ   സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിൻറെ സുരക്ഷക്കായി പ്രവർത്തിക്കുന്ന സൈനികർക്ക് ജോലി സംവരണവും വയസിളവും അനുവദിച്ചിരിക്കുന്നതുപോലെ , രാജ്യത്തിൻറെ സാമ്പത്തിക സുസ്ഥിരതക്ക് ശക്തിപകരുന്ന പ്രവാസികൾക്ക് പി എസ് സി , യു പി എസ് സി നിയമനങ്ങളിൽ സംവരണാനുകൂല്യങ്ങൾ നേടിയെടുത്തുകൊടുക്കാൻ സംസ്ഥാനത്തെ പ്രവാസി സംഘടനകൾ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സ്വദേശിവൽക്കരണം ഗൾഫ് രാജ്യങ്ങളിലും മറ്റും വ്യാപകമാകുന്നതോടെ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഗൾഫ് സ്വപ്നങ്ങളുമായി വിദേശത്തു പോയി  അഞ്ചും പത്തും വർഷം കഴിയുമ്പോൾ നിരാശരായി മടങ്ങി വരുന്ന ചെറുപ്പക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് സർക്കാർ അടിയന്തിരമായി ശ്രദ്ധിക്കണം.
കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്  ആരാമം ജി സുരേഷിൻറെ അദ്ധ്യക്ഷതയിൽ കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ ചേർന്ന യോഗത്തിൽ  മുൻ പ്രസിഡണ്ട് ജോസഫ് യൂജിൻ, പി എസ് നായർ, ഓവർസീസ് കോ ഓർഡിനേറ്റർ ചൈത്രം മോഹൻ , പാട്രിക് മാർട്ടിൻ, ജി മോഹൻദാസ്, ഗോപൻ കുറ്റിച്ചിറ , ജില്ലാ പ്രസിഡൻറ്  അഖിൽ മോഹൻ, സെക്രട്ടറി സി ഗൗതമൻ, ഗിരീഷ്, തങ്കമ്മ ശാന്തകുമാർ തുടങ്ങിയവർ സംസാരിച്ചു.
Share: