പരമ്പരാഗത തൊഴിൽ സമൂഹത്തെ സംരക്ഷിക്കൻ പ്രധാനമന്ത്രി പദ്ധതിയിടുമ്പോൾ …

Share:

– രാജൻ പി തൊടിയൂർ

ഇന്ന് വിശ്വകർമ്മ ജയന്തി !

ക്കഴിഞ്ഞ വിശ്വകർമ്മ ദിനത്തിൽ , ജൂലൈ 17 പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വകർമ്മ സമൂഹത്തിൻറെ പുരോഗതിക്കായി ഒരു പദ്ധതി പ്രഖ്യാപിച്ചു. പി എം വികാസ് ( PMVIKAS)

സ്വതന്ത്ര ഭാരതത്തിൻറെ ചരിത്രത്തിലാദ്യമായി ഒരു പ്രധാനമന്ത്രി സംസ്കാരത്തിൻറെ സ്രഷ്ടാക്കളെ സംരക്ഷിക്കാൻ ഒരു പദ്ധതി. പി എം വികാസ് ( PM VIKAS – PM Viswakarma Kaushal Samman Yojana ) ഇക്കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ,  ഭാരതത്തിലെ പൈതൃക തൊഴിലാളി സമൂഹത്തെയും മറ്റ് പരമ്പരാഗത തൊഴിൽ ചെയ്യുന്നവരെയും ഉൾപ്പെടുത്തി ജനസംഖ്യയുടെ നാല്പത്തിരണ്ട്‌ ശതമാനം വരുന്ന തൊഴിലാളി വർഗ്ഗത്തിൻറെ സമഗ്രവികസനവും തൊഴിൽ സംരക്ഷണവും സാമ്പത്തിക വളർച്ചയും ലക്ഷ്യമാക്കിയാണ്   പി എം വിശ്വകർമ്മ കൗശൽ സമ്മാൻ യോജന പ്രഖ്യാപിച്ചിരിക്കുന്നത്.


വിശ്വകർമ്മ സമൂഹം , ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാരത സംസ്കാരത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പ്രധാനമന്ത്രി  നരേന്ദ്രമോദി  വിശ്വകർമ്മ സമൂഹത്തെ തൊഴിലുടമകളാക്കാനും അവരുടെ കൈത്തൊഴിലിനും സൃഷികൾക്കും ലോകവിപണി കണ്ടെത്താനും അവരെ

ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആറന്മുള കണ്ണാടി !

സമ്പന്നരാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതിക്ക് രൂപകൽപ്പന നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് പതിനൊന്നിന് പ്രഖ്യാപിച്ച പി എം വികാസ് പദ്ധതി മഹാ വിജയമാക്കുന്നതിനു ഇന്ത്യയിലെ മുഴുവൻ വിശ്വകർമ്മ സമൂഹവും ഒന്നുചേർന്ന് പ്രവർത്തിക്കുകയാണെങ്കിൽ ഇന്ത്യയിലെ തൊഴിലാളി വർഗ്ഗത്തിൻറെ സമ്പൂർണ്ണ വളർച്ചയാകും അതിലൂടെയുണ്ടാകുക.

വിശ്വകർമ്മജരുംവിദ്യാഭ്യാസ പ്രശ്നങ്ങളും

ദേശീയ സാക്ഷരതാനിരക്കിൽ,   നിരക്ഷരതയുടെ കാര്യത്തിൽ ഇരട്ടിയിലധികമാണ്  ഇന്ത്യയിലെ വിശ്വകർമ്മജരുടെ അവസ്ഥ എന്നതിൽ നിന്നുതന്നെ വിശ്വകർമ്മ സമൂഹം നേരിടുന്ന വിദ്യാഭ്യാസ പ്രശ്നങ്ങൾ മനസ്സിലാക്കാവുന്നതേയുള്ളൂ. വിദ്യാഭ്യാസത്തെക്കാളേറെ തൊഴിലിന്   പ്രാമുഖ്യം കൊടുത്ത ജനസമൂഹമാണ്  വിശ്വകർമ്മജർ  എന്നതിന് ചരിത്രം സാക്ഷി.  സ്വന്തം കുലത്തൊഴിലിൽ  വിശ്വാസമർപ്പിക്കുകയും പുതിയ വിദ്യാഭ്യാസ  പരിപാടികളിൽ നിന്നും അകന്നു നിൽക്കുകയും ചെയ്തു, വിശ്വകർമ്മ സമൂഹം.  അതുകൊണ്ടുതന്നെ മുഖ്യധാരാ തൊഴിൽ മേഖലകളിൽ അവരുടെ പ്രാതിനിധ്യം കുറയുകയും അധികാര സ്ഥാനങ്ങളിൽ അവർ ഇല്ലാതാകുകയും ചെയ്തു.

വ്യവസായ വൽക്കരണവും ആധുനിക വൽക്കരണവും കംപ്യൂട്ടർ വൽക്കരണവും തൊഴിൽ മേഖലയിൽ നിന്നും വിശ്വകർമ്മ സമൂഹത്തെ ആട്ടി അകറ്റിയപ്പോൾ പുത്തൻ വിദ്യാഭ്യാസ പദ്ധതികളിൽ നിന്നും കമ്പ്യൂട്ടർ സാക്ഷരതയിൽ നിന്നും വളരെയേറെ അകലെയായി വിശ്വകർമ്മജരുടെ സ്ഥാനം. വിദ്യാഭ്യാസത്തിൻറെയും വായനയുടെയും മഹത്വം തിരിച്ചറിയാൻ കഴിയാതെ പോയ അവർക്ക്  വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായില്ല. അക്ഷരങ്ങളോട് ആഭിമുഖ്യം പുലർത്താതിരുന്ന അവർ  മാധ്യമങ്ങളിൽ നിന്നും നവസാക്ഷരതയിൽ നിന്നും വളരെ അകലെയായി. അധികാര സ്ഥാനങ്ങളിൽ ഇടമില്ലാതായി. ഔദ്യോഗിക മേഖലയിൽ പുറംതള്ളപ്പെട്ടു. രാഷ്ട്രീയത്തിൽ നിന്നും ആട്ടി അകറ്റപ്പെട്ടു.

ദേശീയതലത്തിൽ, അറുപതു ശതമാനത്തോളം നിരക്ഷരരും മൂന്നു ശതമാനം സാങ്കേതിക വിദ്യ അഭ്യസിച്ചവരും ആറു ശതമാനം ബിരുദ- ബിരുദാനന്തര ധാരികളും മുപ്പത്തിയൊന്നു ശതമാനം പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചവരും ഉള്ള ഒരു സമൂഹമാണ്  വിശ്വകർമ്മജർ. കേരളത്തിൽ ക്രിസ്ത്യൻ, മുസ്ലിം , ഈഴവ, നായർ, സമൂഹങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധിക പങ്കും കൈ അടക്കി വെച്ചിരിക്കുമ്പോൾ , ഹിന്ദു ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന വിശ്വകർമ്മ സമൂഹത്തിനു എടുത്തു പറയാവുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനവുമില്ല എന്ന ദയനീയാവസ്ഥ സ്വതന്ത്ര ഭാരതത്തിന് 77 വയസ്സാകുന്ന  ഇപ്പോഴെങ്കിലും വിശ്വകർമ്മജർ തിരിച്ചറിയണം.

എന്താണ് നമുക്ക് വേണ്ടത് ?

വിദ്യാഭ്യാസ നിലവാരം വർദ്ധിപ്പിക്കാൻ എന്തൊക്കെയാണ് നമുക്ക് വേണ്ടത്? പ്രധാനമായും, വിദ്യാഭ്യാസത്തിൻറെയും തൊഴിൽ മേഖയുടെയും വ്യാപ്തി നമ്മുടെ സമൂഹത്തിന്  മനസ്സിലാക്കി കൊടുക്കണം. ആൺകുട്ടികളേക്കാൾ പെൺകുട്ടികൾ പഠിച്ചു വളരുന്ന ഒരു സാഹചര്യമാണ് ഇന്ന് വിശ്വകർമ്മജർക്കിടയിൽ ഉള്ളത് എന്ന് അപഗ്രഥിച്ചു മനസ്സിലാക്കുന്ന ഏവർക്കും വ്യക്തമാകും. ആൺകുട്ടികൾ വിദ്യാഭ്യാസത്തോട്  കാട്ടുന്ന അവഗണനയും താല്പര്യമില്ലായ്മയും ദൂരവ്യാപകമായ ദോഷ ഫലങ്ങളാണ് സമൂഹത്തിൽ സൃഷ്ടിക്കുന്നത്. വിദ്യാഭ്യാസത്തിൻറെ മഹത്വം കുടുംബങ്ങളിൽ പ്രചരിപ്പിക്കുന്നതോടൊപ്പം പുതിയ വിദ്യാഭ്യാസ സാദ്ധ്യതകളും തൊഴിൽ സാദ്ധ്യതകളും പ്രചരിപ്പിക്കാൻ വിശ്വകർമ്മ സംഘടനകൾ മുൻകൈ എടുക്കണം.

നമുക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാകണം. പരമ്പരാഗത തൊഴിലുകൾ ആധുനിക സാദ്ധ്യതകളുമായി പൊരുത്തപ്പെടുത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ പദ്ധതികൾ ഉണ്ടാകണം. എല്ലാ മേഖലയിലും കംപ്യൂട്ടർവൽക്കരണം ഉണ്ടായപ്പോൾ പരമ്പരാഗത തൊഴിൽ മേഖലയിലും അതുണ്ടായി. എന്നാൽ വിശ്വകർമ്മ സമൂഹത്തിൽ പെട്ടവർ അതിലേക്ക്  ആകൃഷ്ടരായില്ല. അത് പഠിക്കാൻ പുതിയ തലമുറ മുന്നോട്ടുവരുന്നില്ല. അവരെ ആകർഷിക്കാൻ ബോധവൽക്കരണ പരിപാടികൾ സംഘടനാ തലത്തിൽ ഉണ്ടാകണം. സർക്കാർ തലത്തിൽ പദ്ധതികൾ ഉണ്ടാകുമ്പോൾ    ,  തീരുമാനങ്ങൾ ജനാധിപത്യത്തിൻറെ അടിസ്ഥാനം മനസ്സിലാക്കി അതിനോട് പൊരുത്തപ്പെട്ടുപോകാൻ നാം പഠിക്കണം . പ്രധാനമന്ത്രി, വിശ്വകർമ്മ സമൂഹത്തിൻറെ പ്രാധാന്യം മനസ്സിലാക്കി ഒരു സമ്മാനമൊരുക്കുമ്പോൾ അത് പൂർണ്ണമായും മനസ്സിലാക്കി പ്രയോജനപ്പെടുത്താൻ എല്ലാ വിശ്വകർമ്മജരും തയ്യാറാകണം.

പരമ്പരാഗത തൊഴിലാളികൾ നേരിടുന്ന  പ്രശ്നങ്ങൾ

പരമ്പരാഗത തൊഴിലാളികൾ നേരിടുന്ന ഒരുപാട് പ്രശ്നങ്ങൾ ഇവിടെയുണ്ട്.  യന്ത്രവൽക്കരണം , കംപ്യൂട്ടർ വൽക്കരണം , വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ , കുത്തകകളുടെ തള്ളിക്കയറ്റം എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ വിശ്വകർമ്മ സമൂഹം നേരിടുന്നു. പരിഹാരമാർഗ്ഗങ്ങൾ അധികാര കേന്ദ്രങ്ങൾ ചിന്തിക്കുക കൂടി ചെയ്യാതിരുന്ന സാഹചര്യത്തിലാണ് പി എം വികാസ് പദ്ധതിയുമായി വിശ്വകർമ്മ ദിനത്തിൽ പ്രധാനമന്ത്രി നമുക്ക് മുന്നിലെത്തുന്നത്.

എല്ലാ തൊഴിലാളി വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ചു അധികാരസ്ഥാനങ്ങളിലുള്ളവർ  പറയുന്നു. മൽസ്യത്തൊഴിലാളികൾ, കശുവണ്ടിത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, കയർത്തൊഴിലാളികൾ. അവരുടെയൊക്കെ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കുമെന്ന് പറയുമ്പോൾ , കുത്തകകളുടെ തള്ളിക്കയറ്റം മൂലം തൊഴിൽ നഷ്ടപ്പെട്ട പരമ്പരാഗത തൊഴിലാളികളെ കുറിച്ചു ഓർക്കുന്നത് പോലുമില്ല. സ്വർണ്ണത്തൊഴിലാളികൾ, മരപ്പണിക്കർ, ഇരുമ്പ് പണിക്കാർ , ചെമ്പ് പണിക്കാർ , കൽപ്പണിക്കാർ , ശില്പികൾ…ഇവരെ ആര്  സംരക്ഷിക്കും? വിദ്യാഭ്യാസ പരമായും സാമൂഹികമായും തൊഴിൽപരമായും നേരിടുന്ന പ്രശ്നങ്ങളെ നേരിടുവാൻ പി എം വികാസ് പദ്ധതിയും വിശ്വകർമ്മ ഗ്രാമം പദ്ധതിയും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഓരോ വിശ്വകർമ്മജനും ചിന്തിക്കണം.

ജനാധിപത്യത്തിൻറെ കാവലാളുകളായ രാഷ്ട്രീയ നേതൃത്വത്തിന് മുന്നിൽ ഏഴര പതിറ്റാണ്ടായി വിശ്വകർമ്മ സമൂഹം പരിഗണിക്കപ്പെടേണ്ടവരുടെ പട്ടികയിൽ വന്നിരുന്നില്ല . അവർ ചെയ്തു കൂട്ടിയ സൃഷ്ടികളൊന്നും അംഗീകരിക്കുവാൻ ജനാധിപത്യ ഇന്ത്യ തയ്യാറായില്ല . ഭാരത സംസ്കാരത്തിൻറെ ഉടമകളായ വിശ്വകർമ്മ സമൂഹം. അവർ പണിതുയർത്തിയ മഹാക്ഷേത്രങ്ങളും നഗരങ്ങളും . ദൈവ സങ്കൽപ്പങ്ങളുടെ പ്രതീകങ്ങളായ വിഗ്രഹങ്ങളും വിളക്കുകളും. ആഭരണങ്ങളും പണിയായുധങ്ങളും. പാത്രങ്ങൾ, ഇരിപ്പിടങ്ങൾ. ഗുഹാജീവിയായിരുന്ന മനുഷ്യന് വീട്  എന്ന സകൽപ്പം യാഥാർഥ്യമാക്കിയത് . ഇവയൊക്കെയും മനസ്സിൽ കാണുകയും അവക്ക്  മൂർത്ത രൂപം നൽകുകയും ചെയ്ത വിശ്വകർമ്മ സമൂഹം ആധുനിക ലോകത്തിൻറെ അസാധാരണ വളർച്ചയിൽ പുറംതള്ളപ്പെട്ടു. അവർ പാർശ്വവൽക്കരിക്കപ്പെടുകയല്ല , പരിത്യജിക്കപ്പെടുകയാണ് ചെയ്തിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇന്ത്യയിലെ ഏറ്റവും ശക്തമായ ദൈവസങ്കല്പം തൊഴിലിൻറെ അധിപതിയായ വിശ്വകർമ്മ ദേവനാണെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് , പി എം വികാസ് പദ്ധതിയും വിശ്വകർമ്മ ഗ്രാമവും നമുക്ക് മുന്നിൽ തുറന്നുവെക്കുന്നത്. ഭാരത്തിൻറെ ടൂറിസം, വിശ്വകർമ്മജരുടെ സൃഷ്ടികൾ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് തിരിച്ചറിയുന്ന ഒരു പ്രധാന മന്ത്രി നമുക്കുണ്ടായിരിക്കുന്നു . അവരുടെ കൈത്തൊഴിലുകൾക്ക് ലോക വിപണി തുറന്നുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നു. അവർക്ക് വിദ്യാഭ്യാസവും പുതിയ സാങ്കേതികഞ്ജാനവും പകർന്ന് നൽകിയാൽ ലോകത്തിനു മുന്നിൽ ഉയർന്നു നില്ക്കാൻ ഭാരതത്തിനാകുമെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഇന്നേവരെ അവഗണിക്കപ്പെട്ടുകിടന്ന ഒരു സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാൻ ഭാരതം തയ്യാറാകുന്നത്.

വിദ്യാഭ്യാസവും തൊഴിലും

വിദ്യാഭ്യാസ പരമായി ഉയർന്നു വന്നാൽ മാത്രമേ ഈ സമൂഹത്തിന് മുൻനിരയിൽ എത്താൻ കഴിയു എന്ന് ഇനിയെങ്കിലും നാം മനസ്സിലാക്കണം. പി എം വികാസ് പദ്ധതിയിലൂടെ  വിശ്വകർമ്മജരെ തൊഴിലാളി എന്ന നിലയിൽനിന്ന് തൊഴിലുടമകളാക്കും എന്ന് പ്രധാനമന്ത്രി പറയുമ്പോൾ അത് മാനസികമായി ഉൾക്കൊള്ളാനും ഏറ്റെടുക്കാനും വിശ്വകർമ്മ സമൂഹം തയ്യാറാകണം.അതിനു ശക്തമായ ബോധവൽക്കരണ പരിപാടികൾ , വിദ്യാഭ്യാസ പരമായും തൊഴിൽ പരമായും രാഷ്ട്രീയമായും ഉണ്ടാകേണ്ടിയിരിക്കുന്നു. “വിദ്യ അഭ്യസിച്ചവർ അത് മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്തില്ലെങ്കിൽ ഞാനവരെ രാജ്യദ്രോഹികൾ എന്ന് വിളിക്കും” എന്ന സ്വാമി വിവേകാനന്ദൻറെ വാക്കുകൾ ഇവിടെ പ്രസക്തമാകുന്നു. കാര്യങ്ങൾ മനസ്സിലാക്കിയവർ അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കണം.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ യാതൊരു വിധമായ പുരോഗതിയും ഉണ്ടാകാതെ പോയ സമൂഹമാണ് ഇന്ത്യയിലെ പതിനഞ്ചു കോടിയിലധികം വരുന്ന വിശ്വകർമ്മജർ. ഏതു തരത്തിലുള്ള മുന്നേറ്റമാണു വിശ്വകർമ്മജർക്ക് ഉണ്ടായിട്ടുള്ളത്? വിദ്യാഭ്യാസപരമായി? തൊഴിൽപരമായി? രാഷ്ട്രീയമായി? സ്വതന്ത്ര ഭാരതത്തിൽ മറ്റു സമൂഹങ്ങൾക്കുണ്ടായതുപോലുള്ള ഒരു മുന്നേറ്റവും വിശ്വകർമ്മ സമൂഹത്തിനുണ്ടായിട്ടില്ല. അധികാരവർഗം നമ്മെ അടിച്ചമർത്താൻ ശ്രമിക്കുകയായിരുന്നു. യന്ത്രവൽക്കരണവും ആധുനികവൽക്കരണവും കമ്പ്യൂട്ടർവൽക്കരണവും അത് സ്വാഭാവികമായ അനിവാര്യതയാണെന്നു വരുത്തിതീർത്തെങ്കിലും , അധികാരവർഗ്ഗത്തിന്റെ മനഃപൂർവ്വമായ ഗൂഡാലോചനകളും ഉണ്ടായിരുന്നുവെന്ന് നാം മനസ്സിലാക്കണം.

അധികാര രാഷ്ട്രീയത്തിൽ നിന്നും നമ്മെ മാറ്റിനിർത്തിയത്, സ്വർണ്ണ നിയന്ത്രണം പോലെയുള്ള ‘തുഗ്ലക് ‘ പദ്ധതികളിലൂടെ അത് മറ്റു വർഗ്ഗങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. ഇതൊക്കെ ഗൂഡാലോചനകളാണ്. സ്വതന്ത്ര ഇന്ത്യയുടെ 77  വർഷങ്ങൾ. ഇതുവരെ നമുക്ക് കേരളത്തിൽനിന്നും ഒരു എം പി ഇല്ല. ഒരു മന്ത്രിയില്ല. ജനാധിപത്യം ഉറപ്പു നൽകുന്ന എന്ത് ആനുകൂല്യമാണ്, എന്ത് പരിഗണനയാണ്, എന്ത് സംരക്ഷണമാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. നാം വിദ്യാഭ്യാസപരമായി  ചിന്തിക്കണം. രാഷ്ട്രീയമായി ഉയരണം. തൊഴിൽപരമായി  വളരണം. എങ്കിൽ മാത്രമേ ജനാധിപത്യം ഉറപ്പുനൽകുന്ന ആനുകൂല്യങ്ങൾ അനുഭവിക്കാൻ കഴിയു. അതിനു നാം ഒന്നായി നിൽക്കണം.

ഒരുപക്ഷെ സമകാലിക ജീവിത ക്രമത്തിൽ വിശ്വകർമ്മ സമൂഹത്തിനുണ്ടായ അപചയമാകാം വിദ്യാഭ്യാസ പരമായി പിന്നിലാക്കാൻ കാരണം. ‘ഞാൻ വിശ്വകർമ്മജൻ ‘ എന്ന് അഭിമാനപൂർവം പറയാൻ ഒരുപാട് കാര്യങ്ങൾ നമുക്കുണ്ട്. ഇന്ത്യയിലേക്ക് ലോകത്തെ മുഴുവൻ ആകർഷിക്കുന്ന അസാധാരണ സൃഷ്ഷ്ഠികൾ . സംസ്കൃതിയുടെ പാരമ്പര്യം. പക്ഷേ, രാഷ്ട്രീയമായി, വിദ്യാഭ്യാസ പരമായി, തൊഴിൽ പരമായി നാം വളരെ പിന്നിലായിരിക്കുന്നു. വിശ്വകർമ്മജനായി പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല – എനിക്കൊരു മന്ത്രിയില്ല , എം പി യില്ല , വിദ്യാഭ്യാസ സ്ഥാപനമില്ല , ആശുപത്രിയില്ല , എന്നെ അധികാര കേന്ദ്രങ്ങൾ പരിഗണിക്കുന്നില്ല- അതുകൊണ്ട്  ഞാൻ വിശ്വകർമ്മജനായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല, എന്ന് ചിന്തിച്ചു പുറം തിരിഞ്ഞു നിൽക്കുന്നതിന്  പകരം , ജാതി – മത വ്യവസ്ഥകൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ , ഒരിക്കൽ പിറന്നുപോയാൽ അതിൽനിന്നു മോചനമില്ലെന്നു മനസ്സിലാക്കി സമൂഹത്തിന്റെ ഉയർച്ചക്കായി മുന്നിട്ടിറങ്ങുകയാണ്  വിദ്യാഭ്യാസം നേടിയവർ ചെയ്യേണ്ടത്.

പുതിയ സാധ്യതകൾ നമുക്കുമുന്നിൽ തുറന്നുവെക്കുമ്പോൾ അതിനു പുറംതിരിഞ്ഞു നില്ക്കാൻ പ്രേരിപ്പിക്കുന്ന ഒരു ശക്തിയുടെയും ഗൂഢ തന്ത്രങ്ങളിൽ വീണു പോകരുത്.

നമ്മുടെ കഴിവുകൾ വിനിയോഗിക്കാൻ ലഭിക്കുന്ന ഒരവസരവും നഷ്ടപ്പെടുത്തരുത്.

( ഗ്ലോബൽ വിശ്വകർമ്മ ഫൗണ്ടേഷൻ സ്ഥാപകനും   രാരീരം ഇൻഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ( www.rarirem.com ) ചെയർമാനും   ആണ് ലേഖകൻ )

Share: